Follow KVARTHA on Google news Follow Us!
ad
Posts

ഉത്പാദനം കൂടിയിട്ടും വിലക്കയറ്റം: നേരെന്ത്?

കടുത്ത വിലക്കയറ്റം ചര്‍ച്ച ചെയ്യാതെ വയ്യ. ഇടയ്‌ക്കൊന്ന് 1957 ബാക്കി വെച്ച ചരിത്രശേഷിപ്പിലേക്ക് തിരിഞ്ഞു നോക്കാം. Prathibha-Rajan, Article, Hike, Price, Election, Lok Sabha, Controversy
പ്രതിഭാ രാജന്‍

(www.kvartha.com 29.06.2014) കടുത്ത വിലക്കയറ്റം ചര്‍ച്ച ചെയ്യാതെ വയ്യ. ഇടയ്‌ക്കൊന്ന് 1957 ബാക്കി വെച്ച ചരിത്രശേഷിപ്പിലേക്ക് തിരിഞ്ഞു നോക്കാം. അന്ന് ലോകത്തിലാദ്യമായി വോട്ടെടുപ്പിലൂടെ ഒരു മന്ത്രി സഭ ഉണ്ടായി. വിപ്ലവത്തിന്റെ പാര്‍ട്ടിക്ക് ബാലറ്റിലൂടെ വെന്നിക്കൊടി. എ.കെ.ആന്റണി കെ.എസ്. യു. വിനോടൊപ്പം യൂത്ത് നേതാവ്. കോണ്‍ഗ്രസിന്റെ വിമോചന സമരം വന്നു . രാഷ്ട്രപതിയുടെ പ്രത്യേക അധികാരമുപയോഗിച്ച് ജനം തെരെഞ്ഞെടുക്കപ്പെട്ട ഇടതു സര്‍ക്കാരിനെ തള്ളിത്താഴെയിട്ടത് എന്നും ഇന്ത്യന്‍ ചരിത്രത്തില്‍ വീണ കറുത്ത പാട് തന്നെ.

അന്ന് കടുത്ത ക്ഷാമമുണ്ടായിരുന്നു നാട്ടില്‍. ഉത്പാദനം തുലോം കുറഞ്ഞു. പുതിയ സര്‍ക്കാരില്‍ ജന്മിമാര്‍ ഭീതിയിലായി. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വര്‍ധിച്ചു. ക്ഷാമം പട്ടിണിയുടെ അതിര്‍വരമ്പും പിന്നിട്ടു. വിമോചന സമരം വരാനൊരു കാരണം പട്ടിണിയായിരുന്നു. അതിനുള്ള കാരണങ്ങളില്‍ പ്രധാനമാണ് ഭക്ഷ്യ കമ്മിയെന്നും വിലയിരുത്തപ്പെട്ടു. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രിസഭയും നിയമസഭ ആകെത്തന്നെയും പിരിച്ചു വിട്ടു. വര്‍ഷം പെയ്തും വരണ്ടും  അഞ്ചു പതിറ്റാണ്ടുകള്‍ പെയ്‌തൊഴിഞ്ഞു. ഇന്ന് നാം എത്തിനില്‍ക്കുന്നു  14ാമത് തെരഞ്ഞെടുപ്പ് സഭക്കു മുമ്പില്‍ . അവിടെ, സഭയില്‍ മന്ത്രി അനൂപ് സമ്മതിച്ചു. അതെ. ഉത്പാദനം കൂടിയിട്ടും, വിലക്കയറ്റമുണ്ട്. തൊട്ടാല്‍ പൊള്ളുന്നു.

ശരിയാണ്. യു.ഡി.എഫ്. വീണ്ടുമെത്തിയിട്ട് വര്‍ഷം മൂന്നായി. വിലവര്‍ധന 87 ശതമാനത്തില്‍ അധികരിച്ചു നില്‍ക്കുന്നു. കൂലിയെത്ര കിട്ടിയിട്ടെന്തു കാര്യം? ആയിരം രൂപ പൊടിച്ചാല്‍ മടിശീല നിറയില്ല സാധനങ്ങള്‍.

പഴംപച്ചക്കറി വില വാനം മുട്ടി നില്‍ക്കുന്നു. ചെറുപയറിനു എല്‍.ഡി.എഫിന്റെ കാലത്ത് രൂപ അമ്പതായിരുന്നു. അന്ന്  യു.ഡി.എഫ് വിലപിച്ചിട്ടുണ്ട് . പയര്‍ കണികാണാന്‍ പോലും ഭയമെന്നതെങ്കില്‍ ഇന്ന് വില 94 രൂപ. 20 രൂപയുണ്ടായിരുന്ന ജയ അരിക്ക് 34രൂപ. മട്ടയ്ക്ക് 36 രൂപ. 53 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് 152 രൂപ. ഉള്ളം പുകയുന്നു, വിലക്കയറ്റത്താല്‍.

ബി.ജെ.പി.യുടെ കേന്ദ്രഭരണ മാറ്റം 1957ല്‍ തെരെഞ്ഞെടുത്ത കമ്യൂണിസ്റ്റ് സര്‍ക്കാറിനെ അട്ടിമറിച്ച സാഹചര്യം ഇന്ന് ഇവിടെ നില നില്‍ക്കുന്നു. അതിന്റെ സമ്മതിക്കലാണ് ഭരണപക്ഷ രാഷ്ട്രീയവും, ജനപ്രതിനിധികളും, മന്ത്രിയടെ ഏറ്റുപറച്ചിലും.

അന്നത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ റേഷന്‍ സംവിധാനം കൊണ്ടു വന്നു പോയ വലിയ മനുഷ്യരുടെ നിറചിത്രങ്ങള്‍ ഇന്നും ജനത്തിന്റെ മനസില്‍ തൂങ്ങിക്കിടക്കുന്നു .സിമന്റ്ടക്കം കിട്ടും റേഷനില്‍.10 ലിറ്റര്‍ ചിമ്മിനി. അത് പിന്നീട് അഞ്ചായി, ഇന്ന് ഒരു ലിറ്ററില്‍ പാതിയായി. റേഷന്‍ ഷോപ്പുകളില്‍ കാലിച്ചാക്ക് മാത്രം, മാവേലിയിലും, ലാഭം മാര്‍ക്കറ്റിലും സ്‌റ്റോക്കില്ല. ആകെ സബ്‌സിഡി അരിക്കും ,മുളകിനും, കടലക്കും ,പയറിനും പഞ്ചസാരയ്ക്കും മറ്റുമായി ചുരുങ്ങി. അതും കിട്ടാനില്ല. ഒരു പ്ലാസ്റ്റിക്ക് കൂടു പോലും ചോദിച്ചാല്‍ തരില്ല. ഉപഭോക്താക്കളെ ഇത്രത്തോളം പീഡിപ്പിക്കുന്ന മറ്റൊരു വ്യാപാര സ്ഥാപനവും മഷിയിട്ടു നോക്കിയാല്‍ പോലും അണ്ഡകടാഹത്തിലെവിടെയും കാണില്ല. ഇതിനിടെയിലെ ഒരു കാഴ്ചഅത്ഭുതപ്പെടുത്തി . ഉദുമ മാവേലിയില്‍ നിന്നും വാങ്ങിയ സാധനങ്ങളില്‍ ചിലവ അവര്‍ കൊടുത്തില്ല. അത് കെട്ടിവെക്കുമ്പോള്‍ തന്നെ എടുത്ത് വട്ടിയിലെടുത്തിടാത്തതായിരുന്നു പറഞ്ഞ കാരണം. ആരു പോകും വഴക്കുണ്ടാക്കാന്‍.

അനൂപ് ജേക്കബ് നിയമസഭയില്‍ പറഞ്ഞു, വിലക്കയറ്റം തടയാനും, വിതരണക്കാരെയും ഉദ്യോഗസ്ഥരെയും നിയന്ത്രിക്കാനും 550 കോടി ചിലവിട്ടു. 12000 കേസുകളെടുത്തു എന്ന്.  പണം പോയത് മിച്ചം. കഠിനമായ കയറ്റം തടയാന്‍, അരവയര്‍ നിറക്കാന്‍ ഇനി എത്രവരെ മുറുക്കി മുണ്ടുടുക്കണം ജനം!

ഇതിനു മുമ്പൊക്കെ വിലക്കയറ്റത്തിനു പറയാന്‍ കാരണങ്ങളുണ്ടായിരുന്നു. പ്രകൃതിക്ഷോഭം, ആന്ധ്രയില്‍ വെള്ളപ്പൊക്കം, തമിഴ്‌നാട്ടില്‍ പേമാരി, അല്ലെങ്കില്‍ കടുത്ത വരള്‍ച്ച. ഇത്രേം ഏറെ പച്ചക്കറികള്‍, വിളവുകള്‍ ഉല്‍പ്പാദിപ്പിച്ച വര്‍ഷം ഇതിനു മുമ്പുണ്ടായിട്ടില്ലെന്ന് യു.പി.എ സര്‍ക്കാര്‍. കുട്ടനാട്ടില്‍ മരതകം കൊയ്‌തെടുത്ത വര്‍ഷം. എന്നിട്ടുമെന്തേ കുതിക്കുന്നു വില? മൂക്കുകയര്‍ പൊട്ടിച്ച കാളക്കുട്ടനെപ്പോലെ. മറുപടി പറയാന്‍ ബാദ്ധ്യതപ്പെട്ടവരില്‍ എന്തെ മൗനം?
Prathibha-Rajan, Article, Hike, Price, Election, Lok Sabha, Controversy

ഇനിയിപ്പോള്‍ റംസാന്‍ വരാനിരിക്കുന്നു. പഴച്ചാറകളുടേയും ഉണക്ക് , പഴുത്ത പഴങ്ങളുടെയും  ആവശ്യം വര്‍ദ്ധിക്കുകയാണ്. റംസാനെ കാത്ത് വിലക്കയറ്റം ഇന്നേ ആഘോഷം തുടങ്ങിയിരിക്കുന്നു. കൂടെ ഓടി എത്തും ഓണം. വിഷുവിനും സംക്രാന്തിക്കും മാത്രം കൂടിയിരുന്ന വില ഇന്ന് സാര്‍വത്രികം.

മനുഷ്യന്‍ സാധനങ്ങള്‍ വാങ്ങുന്നതേതു വിധം? 1.അത്യാവശ്യം. 2. ആവശ്യം. 3. ആര്‍ഭാടം. ആര്‍ഭാടത്തിനും ആവശ്യത്തിനും ഇത്തിരി കൂടിയാലും വിഷയമല്ല. ഇവിടെ അവശ്യ വസ്തുവായ അരിക്കും വേണുന്നവര്‍ക്ക് മാത്രം ആവശ്യമായ പെട്രോളിനും, ആര്‍ഭാടിക്കാന്‍ ഒരു കുപ്പി ബിയറിനും ഏകദേശം തുല്യ വില. ഇവിടെയാണോ മന്ത്രി അനൂപിന്റെ ഭരണ നൈപുണ്യം. ഉല്‍പ്പാദനം കൂടിയിട്ടും വില കുറയാത്തതിന് പിന്നില്‍ ജനം കടുത്ത വഞ്ചന കാണുന്നു. കോടികള്‍ തുലച്ച് റെയ്ഡുകള്‍ നടത്തിയിട്ടെന്തു നേടി. സര്‍ക്കാര്‍ വിതരണ സംവിധാനങ്ങളിലെ പീഡനങ്ങള്‍ക്ക് ഒരു അറുതിയുമില്ല. കാണുന്നവരെയെല്ലാം സ്‌നേഹിക്കുന്ന, സ്‌നേഹിക്കപ്പെടുന്ന, തുറന്ന മനസിന്റെ ഉടമ, രാഷ്ട്രീയ ഇന്ദ്രജാലം വശമുള്ള മുഖ്യമന്ത്രിയുമെന്തേ മൗനത്തില്‍?

വിലനിയന്ത്രിക്കാന്‍ ഇത്തവണ നീക്കിവെച്ചിരിക്കുന്നത് കഴിഞ്ഞ വര്‍ഷത്തെ 550 കോടിയില്‍ നിന്നും ഇടിഞ്ഞ് 65 കോടിയില്‍ മാത്രം ഒതുങ്ങി. കൂടുതല്‍ എടുത്തു കൊടുക്കാന്‍ കടം വാങ്ങി മുടിയുന്ന കേരളത്തിലെവിടെ കിടക്കുന്നു പണം!

Prathibha-Rajan, Article, Hike, Price, Election, Lok Sabha, Controversy
Prathibha Rajan
(Writer)
നിയമസഭയില്‍ വി.എസ് പറഞ്ഞു. മന്ത്രി സഭ പിരിച്ചു വിടണമെന്നല്ല, മന്ത്രി രാജിവെക്കാനല്ല, ഭക്ഷ്യ രംഗത്തും അധോലോക സംഘങ്ങള്‍ ആരുമറിയാതെ വളരുന്നുണ്ട്്. വളരെയേറെ ശ്രദ്ധിക്കണം. യു.ഡി.എഫ് രാഷ്ട്ട്രീയം, മന്ത്രിമാരടക്കം ഭരണപക്ഷ ജനപ്രതിനിധികളാകമാനം മറുപടി നല്‍കിയത് മൗനം കൊണ്ടാണ്.

പരനാറിപ്രയോഗവും, ബേബിയുടെ തോല്‍വിയും, സരിതയും സലീമും അവിടെ നില്‍ക്കട്ടെ. കേരളത്തിന്റെ പടിവാതില്‍ക്കല്‍ മുന്നാമതൊരു കക്ഷി വന്നു കാത്തു നില്‍പ്പുണ്ട് മലയാളത്തിനെ വേള്‍ക്കാന്‍. പരസ്പരം പഴിചാരി കാലം കഴിച്ചു കൂട്ടുന്നവര്‍ കരുതിയിരിക്കുക. നാളെ നിങ്ങളിലെ ജനാധിപത്യ പാര്‍ട്ടികള്‍ ഒരുമിച്ചു നില്‍ക്കേണ്ടതായിട്ടു വരും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Prathibha-Rajan, Article, Hike, Price, Election, Lok Sabha, Controversy.

Post a Comment