Follow KVARTHA on Google news Follow Us!
ad

മോഡി വന്നശേഷം ആദ്യമായി മഅ്ദനിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീം കോടതിയില്‍

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ Thiruvananthapuram, Kerala, Abdul-Nasar-Madani, Supreme Court of India, Bail plea, Narendra Modi
തിരുവനന്തപുരം: (www.kvartha.com 29.06.2014) ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച സുപ്രീംകോടതി നിര്‍ണായക വിധി പറഞ്ഞേക്കും. കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടായ ശേഷം മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇതാദ്യമായാണ് പരിഗണിക്കുന്നത്. എന്നാല്‍ ഇത് പുതിയ ജാമ്യാപേക്ഷ അല്ലതാനും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനമെടുക്കാതെ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് മാറ്റിവെക്കുകയായിരുന്നു. മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അദ്ദേഹത്തിന് ചികിത്സ നല്‍കണമെന്ന് ജാമ്യാപേക്ഷ പരിഗണിച്ച് കോടതി ആദ്യം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത് പേരിന് മാത്രമേ കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കിയുള്ളൂ. തുടര്‍ന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിക്കുകയും കോടതി കൂടുതല്‍ ശക്തമായ നിര്‍ദേശം വീണ്ടും നല്‍കുകയുമുണ്ടായി.

വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന മഅ്ദനിയെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയുടെ വിശദാംശങ്ങള്‍ ഉള്‍പെടുന്ന റിപോര്‍ട്ട് കോടതിക്ക് നല്‍കുകയും വേണമെന്നായിരുന്നു നിര്‍ദേശം. ഇത് ഏറെക്കുറെ പാലിച്ചെങ്കിലും മഅ്ദനിയുടെ ആരോഗ്യ സ്ഥിതി കാര്യമായി മെച്ചപ്പെട്ടില്ല. അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും അദ്ദേഹത്തിന് പുറത്ത് ചികിത്സിക്കാന്‍ അവസരം നല്‍കുകയുമാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി മഅ്ദനിയുടെ അഭിഭാഷകന്‍ വീണ്ടും കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പാക്കാതിരുന്ന ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കുന്നത്.

ജസ്റ്റിസ് ജെ. ചലമേശ്വറിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് തന്നെയാണ് ഇത്തവണയും കേസ് പരിഗണിക്കുന്നത്. എന്നാല്‍ ചലമേശ്വറിനെ കൂടാതെ ബെഞ്ചില്‍ ഉണ്ടായിരുന്ന രണ്ടാമത്തെ അംഗം മാറിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന ജസ്റ്റിസ് ചൗഹാന്‍ സര്‍വീസില്‍ നിന്നും വിരമിച്ചതിനെ തുടര്‍ന്നാണിത്.

സര്‍ക്കാരിന്റെ നയനിലപാടുകള്‍ കോടതി വിധിയെ നേരിട്ട് സ്വാധീനിക്കില്ലെങ്കിലും രാജ്യത്തുണ്ടായ ഭരണമാറ്റം മഅ്ദനിയുടെ കേസില്‍ നിര്‍ണായകമായി മാറിയേക്കാം എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നവരുണ്ട്. മുന്‍ എം.പി ഡോ. സൊബാസ്റ്റിയന്‍ പോളിന്റെ നേതൃത്വത്തിലുള്ള മഅ്ദനി ജസ്റ്റിസ് ഫോറവും പി.ഡി.പിയും ഇക്കാര്യത്തില്‍ ആശങ്കാകുലരുമാണ്, ഇത് പരസ്യമായി പറയുന്നില്ലെന്ന് മാത്രം. കര്‍ണാടകയില്‍ ബി.ജെ.പി ഭരിക്കുന്ന കാലത്താണ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്. പിന്നീട് കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്ന ശേഷവും അദ്ദേഹത്തോടുള്ള സമീപനത്തില്‍ മാറ്റമുണ്ടായില്ല. മാത്രമല്ല, സുപ്രീം കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പിച്ച റിപോര്‍ട്ട് ബി.ജെ.പി ഭരണകാലത്തേക്കാള്‍ കൂടുതല്‍ രൂക്ഷവുമായിരുന്നു.

കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരിന്റെ അവസാന കാലത്ത് സമര്‍പിച്ച ജാമ്യാപേക്ഷയില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാട് മയപ്പെടുത്താന്‍ മഅ്ദനിയുടെ പാര്‍ട്ടിയും മഅ്ദനിയുടെ കേസില്‍ സഹായിക്കുന്ന മതനിരപേക്ഷ ശക്തികളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണി, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയൊക്കെ നേരില്‍ കണ്ട് മഅ്ദനിയുടെ കുടുംബവും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഫലം ഉണ്ടായില്ലെന്ന് മാത്രം.

മുസ്ലിം വിരുദ്ധ നിലപാടുകള്‍ മുഖ്യ അജണ്ടയാക്കി പ്രവര്‍ത്തിക്കുന്ന സംഘപരിവാറിന്റെ നേരിട്ടുള്ള പ്രതിനിധിയായ നരേന്ദ്രമോഡി പ്രധാനമന്ത്രിയായിരിക്കെ മഅ്ദനിക്ക് സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിക്കുമോ എന്ന ചോദ്യം കൂടുതല്‍ പ്രസക്തമാവുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കര്‍ണാടക സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്ന സത്യവാങ്മൂലത്തിന് വിരുദ്ധമായ പുതിയ റിപോര്‍ട്ട് സുപ്രീം കോടതിക്ക് നല്‍കിയിട്ടില്ല. നേരത്തെയുള്ള റിപോര്‍ട്ട് തന്നെ മഅ്ദനിക്ക് ജാമ്യാപേക്ഷ നിരസിക്കാന്‍ ശക്തമായി ആവശ്യപ്പെടുന്നതാണ്. കേന്ദ്രത്തിലെ മാറിയ സാഹചര്യത്തില്‍ കര്‍ണാടകയിലെ പ്രോസിക്യൂഷന്‍ മഅ്ദനിക്കെതിരെ കൂടുതല്‍ രൂക്ഷമായ ആരോപണങ്ങള്‍ നിരത്താന്‍ കൂടുതല്‍ സമയം ചോദിച്ചേക്കുമെന്നും സൂചനയുണ്ട്.

തിങ്കളാഴ്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കര്‍ണാടക സര്‍ക്കാരിന്റെ അഭിഭാഷകന്‍ സമയം നീട്ടിച്ചോദിക്കുകയും കോടതി അനുവദിക്കുകയും ചെയ്താല്‍ വിധി വീണ്ടും നീളും. മഅ്ദനിയാകട്ടെ ഭാഗികമായ അന്ധത ഉള്‍പെടെ രോഗങ്ങള്‍ കൊണ്ട് വലയുകയുമാണ്. അദ്ദേഹത്തെ ഇത്തവണ അറസ്റ്റ് ചെയ്തതിന് ശേഷമുള്ള നാലാമത്തെ വിശുദ്ധ റംസാന്‍ മാസമാണ് വന്നെത്തിയിരിക്കുന്നത്.

2010 ഓഗസ്റ്റ് 17ന് റംസാന്‍ നോമ്പിലായിരിക്കെയാണ് അന്‍വാറുശ്ശേരിയിലെ യതീംഖാനയില്‍ നിന്ന് കര്‍ണാടക പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിലേക്കുള്ള യാത്രാമധ്യേ തിരുവനന്തപുരം വിമാനത്താവളത്തിലായിരുന്നു മഅ്ദനി നോമ്പ് തുറന്നത്. രോഗങ്ങള്‍ രൂക്ഷമാവുകയും കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തതോടെ കഴിഞ്ഞ രണ്ട് റംസാന്‍ മാസങ്ങളില്‍ അദ്ദേഹത്തിന് വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇക്കാര്യങ്ങളൊക്കെ അഭിഭാഷകന്‍ മുഖേന അദ്ദേഹം കോടതിയെ അറിയിച്ചിട്ടുമുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Thiruvananthapuram, Kerala, Abdul-Nasar-Madani, Supreme Court of India, Bail plea, Narendra Modi


Keywords: Thiruvananthapuram, Kerala, Abdul-Nasar-Madani, Supreme Court of India, Bail plea, Narendra Modi, Central Government, Karnataka, Case, Bangalore, Jail. 

Post a Comment