Follow KVARTHA on Google news Follow Us!
ad

ഇത് വലിയ വിജയമോ, ഭരണത്തിന് അനുകൂലമായ വിധിയോ ?

തെരഞ്ഞെടുപ്പുഫലങ്ങള്‍ക്ക് തുടര്‍ച്ചയായ ക്രമം ഇല്ല. അടിയന്തരാവസ്ഥക്കു ശേഷവും പിന്നെ ഇപ്പോഴും രാജ്യമാകെ കോണ്‍ഗ്രസ് Election, Lok Sabha, CPM, BJP, Congress, Narendra Modi, Oommen Chandy, Kollam, NK Premachandran
പാര്‍ട്ട് 4

എം.ജി രാധാകൃഷ്ണന്‍ ( മാധ്യമ പ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍)

തെരഞ്ഞെടുപ്പുഫലങ്ങള്‍ക്ക് തുടര്‍ച്ചയായ ക്രമം ഇല്ല. അടിയന്തരാവസ്ഥക്കു ശേഷവും പിന്നെ ഇപ്പോഴും രാജ്യമാകെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തിലെ ഫലം തിരിച്ചായത് യാദൃശ്ചികം മാത്രമാണ്. സമാനമായാണ് സംഭവിച്ചത് എന്നു പറയാമെന്നു മാത്രം.

ഇടതുമുന്നണിക്കും കേരളത്തിലെ സി.പി.എമ്മിനും വലിയ തിരിച്ചടി ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ല എന്നാണ് ഞാന്‍ വിലയിരുത്തുന്നത്. കാരണം, 2004ലെ അസാധാരണ ഫലം ഒഴികെ എല്ലാക്കാലത്തും ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന് യു.ഡി.എഫിനെപ്പോലെ സീറ്റുകള്‍ ലഭിക്കാറില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ മാത്രം കണക്കെടുത്തു നോക്കിയാല്‍തന്നെ ഇതു വ്യക്തമാകും. അതേസമയം, സംസ്ഥാനത്ത് ഇടതുമുന്നണി ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോഴും തുടര്‍ച്ചയായി അധികാരത്തിലെത്താറുമുണ്ട്. ഇതിന്റെ അര്‍ത്ഥം, അവര്‍ക്ക് അനുകൂലമായ കാലഘട്ടങ്ങളില്‍ പോലും ഇതുപോലെതന്നെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിധി എന്നാണ്.

ഇപ്പോഴത്തെ 12 - 8 എന്ന ഫലം പോലും കേരളത്തില്‍ അവര്‍ നേടിയതില്‍വച്ച് മൂന്നാമത്തെ മികച്ച ഫലവുമാണ്. തെരഞ്ഞെടുപ്പുകാലത്ത് സ്വാഭാവികമായും എല്ലാവരും വലിയ അവകാശവാദങ്ങളുയര്‍ത്താറുണ്ട്.17 സീറ്റ് യു.ഡി.എഫിനു കിട്ടുമെന്നാണ് എ.കെ ആന്റണി പറഞ്ഞത്. ഉമ്മന്‍ ചാണ്ടി പറഞ്ഞത് 15.

സി.പി.എമ്മിന് വി.എസ് അച്യുതാനന്ദന്റെ സഹകരണം ഗുണം ചെയ്തു എന്നതു ശരിതന്നെ. പക്ഷേ, അത് ഒരു വലിയ തരംഗമായി മാറാനോ യു.ഡി.എഫിനെ മറികടക്കാനോ കെല്‍പുള്ള ഉള്ള വലിയ മാറ്റമായി മാറിയില്ല.

എല്‍.ഡി.എഫിന്റെ (യുഡിഎഫിന്റെയും) വലിയ പ്രശ്‌നം, മറുപക്ഷത്തോടുള്ള പ്രതിഷേധംകൊണ്ട് ലഭിക്കുന്ന നിഷേധ വോട്ടുകളുടെ ഗുണഭോക്താക്കളാണ് അവര്‍ എന്നതാണ്. സ്വന്തം മികവുകൊണ്ട് ഇവര്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കിയിട്ട് കുറച്ചുകാലമായി. മറ്റുള്ളവരെ മടുത്തിട്ട് ഇവര്‍ക്ക് വോട്ട് ചെയ്യുന്നുവെന്നു മാത്രം. ഇവരെത്തന്നെ വീണ്ടും തെരഞ്ഞെടുക്കണം എന്നു ജനത്തിനു തോന്നുന്ന വിധമുള്ള പോസിറ്റീവ് അജന്‍ഡ രണ്ടു മുന്നണികള്‍ക്കും ഇല്ലാതായി. നിഷേധ വോട്ടുകളുടെ നിഷ്‌ക്രിയ ഗുണഭോക്താക്കളായി തുടരുകയാണ് രണ്ടുകൂട്ടരും.
Election, Lok Sabha, CPM, BJP, Congress, Narendra Modi, Oommen Chandy, Kollam, NK Premachandran,
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇത്രയധികം വിവാദങ്ങളില്‍പെടുകയും പ്രതിഛായയ്ക്ക് തകരാര്‍ ഉണ്ടാവുകയും ധാര്‍മിക പ്രതിഛായയ്ക്ക് മങ്ങല്‍ ഏല്‍ക്കുകയും ചെയ്തിട്ടും ഭരണവിരുദ്ധ വികാരം സൃഷ്ടിക്കാനോ രാഷ്ട്രീയ നേട്ടമുണ്ടാക്കാനോ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. അതു കഴിഞ്ഞിരുന്നെങ്കില്‍ സാധാരണ ഗുണഭോക്താവ് എന്നതിനപ്പുറം 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടായതുപോലുള്ള മികച്ച ഫലം ഇത്തവണയും ഉണ്ടാകുമായിരുന്നു.

ഇടതുമുന്നണിയുടെ അന്തസിനും അഭിമാനത്തിനും അടിയേല്‍ക്കുന്ന വിധത്തില്‍ കൊല്ലത്ത് ഉണ്ടായ തോല്‍വിയുടെ യഥാര്‍ത്ഥ കാരണം അവര്‍ അന്വേഷിക്കണം. ഏറ്റവും അവസരവാദപരമായി എന്‍ കെ പ്രേമചന്ദ്രന്‍ മറുകണ്ടം ചാടിയിട്ടും അതിനെതിരേ ജനങ്ങളെ അണിനിരത്തുന്നതില്‍ പരാജയപ്പെടുകയാണ് ചെയ്തത്.
സ്വതന്ത്രരായ കുറേ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനപ്പുറം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കുന്നതില്‍ ഉണ്ടായ ആവര്‍ത്തിച്ചുള്ള പരാജയവും കരകയറാനുള്ള മാര്‍ഗ്ഗങ്ങളുടെ അഭാവവും ഇടതുപക്ഷത്തിനു തിരിച്ചടിയായി. മറ്റൊന്ന്, ദളിത്, ആദിവാസി, മല്‍സ്യത്തൊഴിലാളികള്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങള്‍ ഇപ്പോഴും നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളെ കാണാനോ അവ പ്രധാനമായി ഉയര്‍ത്താനോ കഴിയുന്നില്ല എന്നതാണ്. ഇവര്‍ക്കൊപ്പം നിന്ന് രാഷ്ട്രീയ മുന്നേറ്റം നടത്താനുള്ള രാഷ്ട്രീയം അകന്നു നില്‍ക്കുകയാണ്. ചെയ്യുന്നതൊന്നും വേണ്ടത്ര ഫലപ്രദമാകുന്നുമില്ല.

കേരളീയ സമൂഹത്തിലെ പുതിയ മധ്യവര്‍ഗത്തിന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും മനസിലാക്കി അവരുടെ അനുഭാവം നേടാന്‍ ഉതകുന്ന രാഷ്ട്രീയവും പെരുമാറ്റ രീതിയും സ്വീകരിക്കാതെ പറ്റില്ല. പക്ഷേ, അതിനു പകരം തുടര്‍ന്നുപോരുന്ന ധാര്‍ഷ്ട്യവും ധിക്കാരവും അവരെ അകറ്റുകയാണു ചെയ്യുക. പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ബൗദ്ധികമായ പ്രാപ്തിയില്ലായ്മയുണ്ട്. അതു മറികടക്കുന്ന പുതിയ ഒരു സാംസ്‌കാരിക രാഷ്ട്രീയ നയം സ്വീകരിച്ചിട്ടില്ല.

കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിയുടെ ശക്തി വര്‍ധിച്ചു. കാര്യങ്ങളെല്ലാം അദ്ദേഹത്തിന് അനുകൂലമായി വരാന്‍ പോകുന്നു. ഇത് വലിയ വിജയമോ ഭരണത്തിന് അനുകൂലമായ വിധിയോ അല്ലെങ്കിലും 2009ലേക്കാള്‍ സീറ്റുകള്‍ കുറഞ്ഞെങ്കിലും ഉമ്മന്‍ ചാണ്ടിയുട സ്ഥിതി മെച്ചപ്പെടും. 2004ല്‍ കോണ്‍ഗ്രസിന്റെ പതനം വലുതായിരുന്നു. ദേശീയതലത്തില്‍ യുപിഎ വിജയിക്കുകയും ചെയ്തു. പക്ഷേ, ഇപ്പോള്‍ ഹൈക്കമാന്‍ഡ് തകര്‍ന്നടിഞ്ഞരിക്കുന്നു. അതുകൊണ്ട് അവിടെനിന്ന് അദ്ദേഹത്തിനു ഭീഷണിയില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള മേധാവിത്വം വലുതാണ്. മറ്റു ഗ്രൂപ്പുകളില്‍ നിന്ന്, ഐ ഗ്രൂപ്പില്‍ നിന്നു വെല്ലുവിളി കുറവുമാണ്.  ഉമ്മന്‍ ചാണ്ടിയുടെ മേധാവിത്വം ചോദ്യം ചെയ്യാനുള്ള ശക്തിയും ധൈര്യവും രമശ് ചെന്നിത്തലയ്ക്ക് ഇല്ലതാനും. രമേശിനെ മന്ത്രിയാക്കിയ പിന്നാലെ പരസ്യമായി ഉമ്മന്‍ ചാണ്ടിക്ക് എതിരായ വി എം സുധീരനെ കെപിസിസി പ്രസിഡന്റാക്കുകയാണ് ഹൈക്കമാന്‍ഡ് ചെയ്തത്. രമേശില്‍ നിന്നു വ്യത്യസ്ഥമായി ഉമ്മന്‍ ചാണ്ടിക്ക് ധാര്‍മിക കടിഞ്ഞാണിടാന്‍ ബാര്‍ ലൈസന്‍സ് പ്രശ്‌നത്തിലൂടെ സുധീരന്‍ ശ്രമം തുടങ്ങിവച്ചതുമാണ്. പക്ഷേ, മാറിയ സാഹചര്യത്തില്‍ അദ്ദേഹം കുറച്ചു ദുര്‍ബലനാകും. ഹൈക്കമാന്‍ഡ് ദുര്‍ബലമായതാണു കാരണം. ഉമ്മന്‍ ചാണ്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നും തല്‍ക്കാലം ഹൈക്കമാന്‍ഡ് പിന്തുണയ്ക്കില്ല.

ബിജെപിയുടേത് വലിയ പ്രകടനമാണ്. 2004ലേക്കാള്‍ കാര്യമായ വോട്ടുവര്‍ധന ഇല്ലെങ്കിലും 2009ലേക്കാള്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മോദിയുടെ വലിയ പ്രകടനം കേരളത്തിലും ബിജെപയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും. എസ്എന്‍ഡിപി, കെപിഎംഎസ് എന്നിവയുമായും അമൃതാനന്ദമയീ മഠവുമായും മോദി നേരിട്ടുവന്ന് ഉണ്ടാക്കിയെടുത്ത അടുപ്പം കേരളത്തിലെ ബിജെപി എങ്ങനെ മുന്നോട്ടു നിലനിര്‍ത്തുന്നു എന്നതു പ്രധാനമാണ്. അത് മോദി അനുകൂല രാഷ്ട്രീയ സമവാക്യമായി മാറാന്‍ സാധ്യതയുണ്ട്.

ക്രിസ്ത്യന്‍ സമുദായ നേതാക്കള്‍ ഒലീവ് ഇലയുമായി മോദിയുടെ അടുത്ത് എത്തിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ്- ബിജെപി ബാന്ധവത്തിന് കത്തോലിക്കാ സഭതന്നെ മുന്‍കൈ എടുത്തുകൂടെന്നുമില്ല. അധികാരവുമായി അടുപ്പം ആഗ്രഹിക്കുന്നതാണ് എല്ലാ മത, സാമുദായിക നേതാക്കളുടെയും ശൈലി. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സും ബിഷപ്പ് സൂസൈപാക്യവും ഉള്‍പ്പെടെ പലരില്‍ നിന്നും പല തലങ്ങളില്‍ നിന്നും മോദി അനുകൂല പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു. മുസ്ലിംകളും മോദിയും തമ്മിലുള്ള പരസ്പര വിശ്വാസക്കുറവ് ക്രിസ്ത്യന്‍ സംഘടനകളും മോദിയുമായി ഇല്ല. പി സി തോമസ് മുമ്പ് സ്ഥാപിച്ചതുപോലുള്ളതോ അതിലും കുറേക്കൂടി അടുപ്പമുള്ളതോ ആയ ബന്ധം രൂപപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല.

കടപ്പാട്: സമകാലിക മലയാളം വാരിക

പാര്‍ട്ട് 1: തിരഞ്ഞെടുപ്പ് 2014: കേരളത്തില്‍ സംഭവിച്ചതെന്ത് ?

 പാര്‍ട്ട് 2: വി. മുരളീധരന്‍ തുറന്നുപറയുന്നു

 പാര്‍ട്ട് 3 : നേട്ടമുണ്ടാക്കിയത് ആര്, ഇടതോ, വലതോ ?

 പാര്‍ട്ട് 5 : കേരളത്തിലെ ' സ്പ്ലിറ്റ് ട്രെന്‍ഡ്'

 പാര്‍ട്ട് 6 : കേരളത്തില്‍ തന്ത്രങ്ങള്‍ മെനയാന്‍ ബി.ജെ.പി

 പാര്‍ട്ട് 7 : അന്ന് അല്‍ഫോണ്‍സ് കണ്ണന്താനം, ഇന്ന് ജോസ് കെ മാണി ? മെനയുമോ ബി.ജെ.പി പുതിയ തന്ത്രം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Election, Lok Sabha, CPM, BJP, Congress, Narendra Modi, Oommen Chandy, Kollam, NK Premachandran, V Muraleedharan, MG Radhakrishnan, C Goureedasan, K Venu, J. Prabash.

Post a Comment