ഭൂരഹിതരില്ലാത്ത കേരളം: സംസ്ഥാനം മാതൃകയാകുന്നു - സോണിയാഗാന്ധി

തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ സംസ്ഥാനം ഒരിക്കല്‍ക്കൂടി രാജ്യത്തിന് മാതൃകയായി മാറുകയാണെന്ന് ദേശീയ ഉപദേശകസമിതി അധ്യക്ഷ സോണിയാഗാന്ധി അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സോണിയാഗാന്ധി. എല്ലാവര്‍ക്കും ഭൂമി യാഥാര്‍ത്ഥ്യമാകുന്നതിന്റെ അടുത്ത ഘട്ടമായി എല്ലാവര്‍ക്കും പാര്‍പ്പിടം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സംസ്ഥാനത്താകെ 2,43,928 ഗുണഭോക്താക്കളെയാണ് സര്‍ക്കാര്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന്  സ്വാഗതമാശംസിച്ച റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ആദ്യഘട്ടത്തില്‍ ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് ഭൂമി വിതരണം ചെയ്യുന്നത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ഉന്നമനത്തിനായി ഇത്തരമൊരു ബൃഹത്തായ പദ്ധതി നടപ്പാക്കാന്‍ സഹകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും പൂര്‍ണമായും സുതാര്യമായാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും എന്നത് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ കേരളത്തില്‍ മുഖ്യമന്തി ഉമ്മന്‍ചാണ്ടിയുടെയും റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെയും മറ്റ് മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ സോണിയാഗാന്ധി പ്രശംസിച്ചു. കേരളം പോലൊരു സംസ്ഥാനത്ത് ഭൂമിയുടെ ലഭ്യത വളരെക്കുറവാണ്. ജനസംഖ്യയും വ്യവസായവത്കരണവും വര്‍ധിച്ചു വരുമ്പോള്‍ ഭൂമി കണ്ടെത്തുക വലിയ വെല്ലുവിളിയാണ്. വിധവകള്‍, അഗതികള്‍, മാറാരോഗം ബാധിച്ചവര്‍ എന്നിങ്ങനെ സമൂഹത്തിലെ ഏറ്റവും അര്‍ഹമായവരെത്തന്നെ കണ്ടെത്തി ഭൂമി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ വിഭാഗത്തെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള വികസനമാണ് കേന്ദ്രസര്‍ക്കാരിന്റെയും ലക്ഷ്യമെന്ന് സോണിയാഗാന്ധി പറഞ്ഞു.

മതത്തിന്റെയും ജാതിയുടെയും പ്രദേശത്തിന്റെയുമൊക്കെ ഭിന്നതകളില്ലാതെ എല്ലാവരും രാഷ്ട്രപുരോഗതിക്ക് ഒരുമിച്ച് മുന്നേറണമെന്ന നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്ന തരത്തിലേക്കുള്ള ചുവടുവെയ്പാണിത്. ഭക്ഷ്യസുരക്ഷ, വിവരാവകാശനിയമം, വിഭ്യാഭ്യാസ അവകാശനിയമം, ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ സടക് യോജന, ഇന്ദിരാ ആവാസ് യോജന, ജന്റം, ഭൂമി ഏറ്റെടുക്കലിന് മെച്ചപ്പെട്ട നഷ്ടപരിഹാരം  ഉറപ്പാക്കുന്ന പദ്ധതി തുടങ്ങിയവ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ സാമൂഹികപ്രതിബദ്ധതയുടെ അടയാളങ്ങളാണെന്ന് സോണിയാഗാന്ധി പറഞ്ഞു. ഈ ദിശയിലുള്ള കേരള സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് യു.പി.എ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കും.മാനവവികസനസൂചികകളില്‍ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനമായ കേരളത്തിന് ഇത്തരത്തില്‍ നിരവധി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് സോണിയാഗാന്ധി ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, ശശിതരൂര്‍, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, വി.എസ്.ശിവകുമാര്‍, രമേശ് ചെന്നിത്തല എം.എല്‍.എ, ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍, റവന്യൂ സെക്രട്ടറി കമലവര്‍ധന റാവു തുടങ്ങിയവര്‍ പങ്കെടുത്തു. ആറ് ജില്ലകളില്‍ നിന്നെത്തിയ ഗുണഭോക്താക്കള്‍ക്കു പുറമെ, മന്ത്രിമാര്‍, എം.പി.മാര്‍ എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സദസ്സ് പങ്കിട്ടു.
Sonia Gandhi, Oommen Chandy, Kerala, Inauguration, Malayalam News
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത ശേഷം ഒരു ഗുണഭോക്താവുമായി കുശലം പറയുന്നു.
Also read:
മുംബൈയില്‍ നിന്നും ടൂറിസ്റ്റ് ബസില്‍ വിദേശമദ്യം കടത്തിയ യുവാവ് ചെറുവത്തൂരില്‍ പിടിയില്‍
Keywords: Sonia Gandhi, Oommen Chandy, Kerala, Inauguration, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

Previous Post Next Post