Follow KVARTHA on Google news Follow Us!
ad

സ്ത്രീകള്‍ക്കുള്ള സ്വയംതൊഴില്‍ വായ്പ 10 ലക്ഷം; പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷാ പദ്ധതി

കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷനു 45 കോടി രൂപ കേന്ദ്ര ധനകാര്യ കോര്‍പറേഷനുകളില്‍ നിന്നു വായ്പ എടുക്കാന്‍ സംസ്ഥാന Kerala state women development corporation, S.M. Arif, KSWDC, Women Project,
തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷനു 45 കോടി രൂപ കേന്ദ്ര ധനകാര്യ കോര്‍പറേഷനുകളില്‍ നിന്നു വായ്പ എടുക്കാന്‍  സംസ്ഥാന സര്‍ക്കാര്‍ ഗാരന്റി നില്‍ക്കുന്നതിനു മന്ത്രിസഭാ യോഗം ബുധനാഴ്ച തീരുമാനിച്ചത് കോര്‍പറേഷന്റെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ വലിയ കുതിച്ചുചാട്ടത്തിനു കളമൊരുക്കും.

സ്ത്രീകള്‍ക്കുള്ള സ്വയംതൊഴില്‍ വായ്പ ഒരു ലക്ഷം രൂപയില്‍ നിന്നു 10 ലക്ഷമാക്കി ഉയര്‍ത്തും. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കു നല്‍കുന്ന വായ്പക്കു പുറമേ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള പൊതുവിഭാഗത്തിലെ സ്ത്രീകള്‍ക്കും വായ്പ നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ പി. കുല്‍സുവും, മാനേജിംഗ് ഡയറക്ടര്‍ എസ്.എം. ആരിഫും അറിയിച്ചു. സ്ത്രീശാക്തീകരണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. കോഴിക്കോട്ട് ഈ വര്‍ഷം തന്നെ വനിതാ ഹോസ്റ്റല്‍ ആരംഭിക്കാനും ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തും.

സംസ്ഥാനത്തെ മുഴുവന്‍ വനിതാ, മിക്‌സഡ് കോളജുകളിലും വിമന്‍സ് സെല്‍ ആരംഭിക്കും. അതിനു മുന്നോടിയായി 40 കോളജുകളില്‍ സെല്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പെണ്‍കുട്ടികള്‍ക്കു സ്വയരക്ഷയ്ക്കുള്ള പരിശീലനം നല്‍കുന്ന ബൃഹദ് പദ്ധതിയാണു മറ്റൊന്ന്. ഇതും ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പെടുത്തി നടപ്പാക്കും. 1988ല്‍ ആരംഭിച്ച വനിതാ വികസന കോര്‍പറേഷന് ഇതുവരെ ആകെ സര്‍ക്കാര്‍ ഗാരന്റി നിന്നിട്ടുള്ളത് 45 കോടി രൂപയ്ക്കാണ്. അതിനു തുല്യമായ തുകയ്ക്കാണ് ഈ വര്‍ഷം മാത്രം ഗാരന്റി നില്‍ക്കുന്നത് എന്ന പ്രത്യേകതയുണ്ട്.

സ്വയം സംരംഭകത്വ വായ്പ ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ഗ്രാമീണ മേഖലയില്‍ 40,000 രൂപയില്‍ നിന്ന് 81,000 രൂപയായും നഗര പ്രദേശങ്ങളില്‍ 55,000 രൂപയായിരുന്നത് ഒരു ലക്ഷത്തി മൂവായിരം ആയും വര്‍ധിപ്പിക്കും. ഇതും സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള കൂടുതല്‍ സ്ത്രീകള്‍ക്ക് ഗുണകരമാകും. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ സ്ത്രീകള്‍ക്കു വായ്പ നല്‍കുന്നത് വനിതാ വികസന കോര്‍പറേഷനാണ്.

ദേശീയ ധനകാര്യ കോര്‍പറേഷനുകളും പ്ലാന്‍ ഫണ്ട് വിഹിതമായി സംസ്ഥാന സര്‍ക്കാരും നല്‍കുന്ന തുക ഉപയോഗിച്ച് സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കു സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് വായ്പ നല്‍കുകയാണ് വനിതാ വികസന കോര്‍പ്പറേഷന്‍ ചെയ്യുന്നത്. ഈ വര്‍ഷം 5,000 വനിതകള്‍ക്ക് ഈ പദ്ധതിയുടെ നേട്ടം ലഭിക്കുമെന്ന് കണക്കാക്കുന്നു. പിന്നാക്ക, ന്യൂനപക്ഷ, പിന്നാക്ക പട്ടിക വിഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് വിദേശ പഠനത്തിന് 20 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പുതിയ പദ്ധതിയും നടപ്പാക്കും.

സ്ത്രീകള്‍ക്കു വരുമാനം ലഭിക്കുന്നതും നിയമവിധേയവുമായ ഏതു പദ്ധതിക്കും വായ്പ നല്‍കും എന്നതാണു വനിതാ വികസന കോര്‍പറേഷന്റെ സവിശേഷത എന്ന് ചെയര്‍പേഴ്‌സണും എം.ഡിയും അറിയിച്ചു.

Keywords: Kerala state women development corporation, S.M. Arif, KSWDC, Women Project, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment