Follow KVARTHA on Google news Follow Us!
ad

തന്റെ കുഞ്ഞിന്റെ പിതൃത്വം ചോദ്യംചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടിവേണം: സരിതയുടെ രഹസ്യമൊഴി

തന്റെ കുഞ്ഞിന്റെ പിതൃത്വം ചോദ്യംചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടിവേണമെന്ന് സരിത എസ് നായര്‍ രഹസ്യമൊഴിയില്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. സരിത എസ്. Saritha S. Nair, Solar Cheating Case, Complaint, Child, Court, National
തിരുവനന്തപുരം: തന്റെ കുഞ്ഞിന്റെ പിതൃത്വം ചോദ്യംചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടിവേണമെന്ന് സരിത എസ് നായര്‍ രഹസ്യമൊഴിയില്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. സരിത എസ്. നായര്‍ കോടതിക്ക് എഴുതിനല്‍കിയ രഹസ്യമൊഴിയുടെ പൂര്‍ണരൂപം.

ബഹുമാനപ്പെട്ട അഡീഷനല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എറണാകുളം മുമ്പാകെ ബഹുമാനപ്പെട്ട അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ട് മുഖേന യുടി നമ്പര്‍ 3721 ആയ സരിത എസ് നായര്‍.

സര്‍,
ഞാന്‍ 3-6-2013 ല്‍ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയാല്‍ അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്‍ഡില്‍ കഴിയുകയാണ്. എനിക്കെതിരെ വിവിധ കോടതികളില്‍ കേസുകള്‍ ഉണ്ട്. മിക്ക കേസുകളിലും എന്റെ കസ്റ്റഡി തീര്‍ന്നിട്ടുള്ളതും ആകുന്നു. ഞാന്‍ ചില കേസുകളില്‍ എ2 ആണ്. എനിക്ക് മനസ്സറിവില്ലാത്ത കേസുകളില്‍ പോലും എന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. ടീം സോളാര്‍ റിന്യുവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എറണാകുളം ചിറ്റൂര്‍ റോഡിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

എന്റെ ഭര്‍ത്താവായിരുന്ന ബിജു രാധാകൃഷ്ണന്‍ എന്റെ പേരും കൂടെ ചേര്‍ത്ത് രണ്ട് ഡയറക്‌ടേഴ്‌സിന്റെ പേരില്‍ തുടങ്ങിയ സ്ഥാപനം ആദ്യം നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. എനിക്ക് മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സിന്റെ ചുമതലയായിരുന്നു. കമ്പനിയുടെ ഫിനാന്‍സ് ആന്‍ഡ് അഡ് മിനിസ്‌ട്രേഷന്‍ ബാങ്കിങ് ഉള്‍പെടെ നടത്തിയിരുന്നത് ബിജുവായിരുന്നു. ചെക്കുകള്‍ കസ്റ്റമറുടെ കൈയില്‍ നിന്ന് സ്വീകരിച്ചിരുന്നത് ബിജുവിനും ബിജു നിര്‍ദ്ദേശിച്ചിരുന്ന ആള്‍ എന്ന നിലയ്ക്ക് രാജന്‍ നായര്‍ക്കും ഞാന്‍ കൊടുത്തിരുന്നു.

ഇപ്പോള്‍ കമ്പനിയുടെ മേല്‍ കേസുകള്‍ വന്നപ്പോള്‍ മുതല്‍ ബിജു രാധാകൃഷ്ണന്‍, ശാലുമേനോന്‍ എന്നിവര്‍ എന്നെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

കമ്പനിയുടെ പണം ബിജുവും ശാലുവും ചേര്‍ന്നാണു ചെലവാക്കിയിരുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി അവര്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഇതു കണ്ടുപിടിച്ചപ്പോള്‍ എന്നെ മാനസികമായും ശാരീരികമായും തളര്‍ത്താന്‍ അവര്‍ ശ്രമിച്ചിരുന്നു. കസ്റ്റമേഴ്‌സിനു പണം തിരികെ നല്‍കണമെന്ന് പലപ്രാവശ്യം ആവശ്യപ്പെട്ടപ്പോഴും അവര്‍ എന്നെ ഭീഷണിപ്പെടുത്തുകയാണുണ്ടായത്.

ഒരു രൂപ പോലും ഞാന്‍ ഈ പരാതിക്കാരില്‍ നിന്നു നേടിയ പണത്തില്‍ സ്വീകരിച്ചിട്ടില്ല. ശാലു മേനോന്റെ കഴിഞ്ഞ കാലത്തെ സാമ്പത്തികമായുണ്ടായിട്ടുള്ള മാറ്റം അന്വേഷിച്ചാല്‍ ഈ പണത്തിന്റെ ഉറവിടം മനസ്സിലാക്കുവാന്‍ ബഹുമാനപ്പെട്ട കോടതിക്കു സാധിക്കും.

പണവും വസ്തുവകകളും നേടിയവരെയോ അതിനു കാരണക്കാരായവരെയോ (ബിജു, ശാലുമേനോന്‍) മാധ്യമങ്ങള്‍ അവഹേളിക്കുന്നില്ല. എന്നെ മാത്രം ബലിയാടാക്കി പത്രമാധ്യമങ്ങള്‍ സത്യം കാണാതെ വസ്തുതയ്ക്കു നിരക്കാത്ത കഥകള്‍ മെനഞ്ഞ് എന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.

ഭരണത്തിലിരിക്കുന്നവരെയും എന്നെയും ചേര്‍ത്ത് വാസ്തവരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് ലാഭം കൊയ്യാന്‍ മറ്റു പാര്‍ട്ടിക്കാരും ഉണ്ട്. അവരുടെ ഭീഷണി വേറെയുണ്ട്. എന്റെ കുഞ്ഞിന്റെ പിതൃത്വത്തെപ്പോലും ചോദ്യം ചെയ്യുന്ന വാര്‍ത്തകള്‍ കാരണം എന്റെയും എന്റെ പിഞ്ചു മക്കളുടെയും ഭാവി ഇല്ലാതായിരിക്കുന്നു. എന്റെ ഭര്‍ത്താവായിരുന്ന ബിജു രാധാകൃഷ്ണന്‍ ഒരു വര്‍ഷം മുന്‍പ് തുടങ്ങി വെച്ച കള്ളക്കഥകള്‍ ഇപ്പോള്‍ എന്നെക്കുറിച്ചുള്ള പത്രവാര്‍ത്തകളായി പുറത്തുവരുന്നു.

ആയതിനാല്‍ ബഹുമാനപ്പെട്ട കോടതിയോട് ഞാന്‍ എന്റെ അപേക്ഷ വിനീതമായി ബോധിപ്പിക്കുന്നു.

1. എന്റെ ജീവന് ബിജു രാധാകൃഷ്ണന്‍, ശാലുമേനോന്‍, മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ (ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയെയും പ്രമുഖരെയും കുടുക്കാന്‍ ശ്രമിക്കുന്നവര്‍) എന്നിവരില്‍ നിന്നു ഭീഷണിയുണ്ട്. അവര്‍ പല വിധത്തില്‍ എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നെന്ന് ബഹുമാനപ്പെട്ട കോടതിയെ അറിയിക്കുകയാണ്. ആയതില്‍ നിന്നും എനിക്ക് രക്ഷ തരണമെന്ന് അപേക്ഷിക്കുന്നു.

2. സരിതയുടെ കുഞ്ഞിന്റെ അച്ഛനാര് എന്ന തലക്കെട്ടില്‍ കലാകൗമുദി ബിഗ് ന്യൂസ് ജൂലൈ 22 ന് സംസ്ഥാനമൊട്ടാകെ ഒരു പത്രവാര്‍ത്ത നല്‍കിയിരുന്നു. ആയതിനാല്‍ എന്റെ മകളുടെ ഭാവിജീവിതം തീര്‍ത്തും ഇല്ലാതാകുമോ എന്ന് ഞാന്‍ ആശങ്കപ്പെടുന്നു. ആയതിനാല്‍ ടി പത്രത്തിന്റെ പേരില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുവാനുള്ള അനുവാദം അങ്ങ് തരണമെന്ന് അപേക്ഷിക്കുന്നു.

3. എന്നെ അനുദിനം വേട്ടയാടുന്ന പത്രമാധ്യമങ്ങളില്‍ നിന്ന് എന്നെ സംരക്ഷിക്കുവാനും കോടതികളില്‍ നിന്നു കോടതികളിലേക്കു പോകുന്ന എന്നെ ഒരു പ്രദര്‍ശനവസ്തുവെന്ന താഴ്ന്ന നിലയില്‍ നിന്ന് മാറ്റുവാനുമായി ' വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഉപയോഗിക്കുവാനുള്ള അനുവാദം താഴ്മയായി അപേക്ഷിക്കുന്നു.

4. എന്റെ പേര് ചേര്‍ത്ത് പല രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും കഥകള്‍ മെനയുന്നുണ്ട്. ആ കഥകളും വാര്‍ത്തകളും എല്ലാം തന്നെ വാസ്തവവിരുദ്ധമാണെന്ന് ഞാന്‍ ബഹുമാനപ്പെട്ട കോടതിയെ ബോധിപ്പിച്ചുകൊള്ളുന്നു.

5. എന്റെ പേരില്‍ ഇപ്പോള്‍ ഉള്ള കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായവയ്ക്ക് ജാമ്യം നല്‍കണമെന്നും പരാതികളില്‍ അറസ്‌റ്റോ ഫോര്‍മല്‍ അറസ്‌റ്റോ രേഖപ്പെടുത്താത്ത കേസുകളില്‍ ആ നടപടികള്‍ പെട്ടെന്നുതന്നെ പൂര്‍ത്തീകരിക്കുവാന്‍ സത്വര നടപടി കൈക്കൊള്ളണമെന്നും ബഹുമാനപ്പെട്ട കോടതിയോട് അപേക്ഷിക്കുന്നു.

ഭര്‍ത്താവില്‍ നിന്നും ഉഭയകക്ഷി കരാര്‍ മുഖേന ബന്ധം വേര്‍പ്പെടുത്തിയ എനിക്ക് 65 വയസ്സായ ഒരു അമ്മയും 10 വയസ്സും മൂന്നു വയസ്സും ഉള്ള രണ്ടു കുഞ്ഞുങ്ങളും മാത്രമാണുള്ളത്. ആയതിനാല്‍ ഒരു സ്ത്രീയെന്ന പരിഗണന പോലും കാണിക്കാതെ, എന്നെ മാത്രം ബലിയാടാക്കുന്ന ഈ ദുരവസ്ഥയില്‍ നിന്നു കരകയറുന്നതിനാവശ്യമായ നടപടികള്‍ എടുക്കണമേയെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.

എന്ന് വിധേയപൂര്‍വം, സരിത എസ്. നായര്‍
28-7-2013

Also read:

Keywords: Saritha S. Nair, Solar Cheating Case, Complaint, Child, Court, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment