Follow KVARTHA on Google news Follow Us!
ad

രാഷ്ട്രീയ പ്രബുദ്ധതയുടെ പൊറാട്ടുനാടകം

മലയാളികള്‍ രാഷ്ട്രീയ പ്രബുദ്ധരാണ്-ഓരോ രാഷ്ട്രീയനേതാവും ഉപചാരം പോലെ പ്രയോഗിക്കുന്ന വാചകമാണിത്. ഈയൊരു വാചകം കേള്‍ക്കാത്ത രാഷ്ട്രീയ ചാനല്‍ ചര്‍ച്ചയോ പൊതുയോഗമോ കാണുക പ്രയാസമായിരിക്കും Thiruvananthapuram, Kerala, Congress, Ganesh Kumar, Minister, Politics, Muslim-League, Cabinet, R.Balakrishna Pillai, Kerala Congress (B)
ബ്രഹത്

ലയാളികള്‍ രാഷ്ട്രീയ പ്രബുദ്ധരാണ്. ഓരോ രാഷ്ട്രീയനേതാവും ഉപചാരം പോലെ പ്രയോഗിക്കുന്ന വാചകമാണിത്. ഈയൊരു വാചകം കേള്‍ക്കാത്ത രാഷ്ട്രീയ ചാനല്‍ ചര്‍ച്ചയോ പൊതുയോഗമോ കാണുക പ്രയാസമായിരിക്കും. ഈ പ്രബുദ്ധ മഹാന്‍മാര്‍ക്കിടയിലാണ് ആര്‍. ബാലകൃഷ്ണപിളളയും കെ.ബി ഗണേഷ് കുമാറും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ പൊറാട്ടുനാടകങ്ങള്‍ തുടരുന്നത്. അപ്പോള്‍ ഇതായിരിക്കാം രാഷ്ട്രീയ പ്രബുദ്ധതയുടെ പൊറാട്ടുനാടകം.

മലയാളികള്‍ക്ക് മുന്നില്‍ ഇങ്ങനെ ഉളുപ്പില്ലാതെ നുണപറയാനും പറഞ്ഞത് വിഴുങ്ങാനും ഇക്കൂട്ടര്‍ക്ക് മാത്രമേ സാധിക്കൂ. അല്ലെങ്കില്‍ ഓന്തിനെപ്പോലെ നിറംമാറാന്‍ ബാലകൃഷ്ണപിളളയ്ക്കും ഗണേഷ് കുമാറിനും കഴിയുമോ?. ഗണേഷ് കുമാറിനെതിരെ പിളള നേതാവ് പറഞ്ഞ വാക്കുകള്‍ ആരും മറന്നിട്ടുണ്ടാവില്ല. അഴിമതി, സ്വജനപക്ഷപാതം, സ്ത്രീവിഷയം, പാര്‍ട്ടി അച്ചടക്കമില്ലായ്മ അങ്ങനെ നൂറായിരം കുറ്റമായിരുന്നു ഗണേഷിന്. മാത്രമല്ല, ഗണേഷിന്റെ മന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും പിളള ആക്രോശിച്ചു.

ഇതേപിളളയാണിപ്പോള്‍, ഗണേഷ് എന്റെ മകനാണ്, മിടുക്കനാണ് മന്ത്രിസഭയില്‍ തിരിച്ചെടുക്കണം എന്ന ആവശ്യവുമായി മുഖ്യന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. അച്ഛനും മകനും അധികാരത്തിന് വേണ്ടി ഒന്നായപ്പോള്‍ ഊളകളായത് അവര്‍ക്ക് വേണ്ടി പൊരുതിനിന്ന അനുയായികളാണ്. നാട്ടുകാരെ കാണുകയും മുഖത്തുനോക്കുകയും ചെയ്യുന്നത് അവരാണല്ലോ. അതിന്റെ ഉളുപ്പ് അവര്‍ക്ക് ഉണ്ടാവുകയും ചെയ്യും. അതുകൊണ്ടുതന്നെ തളളണോ അതോ കൊളളണോ എന്ന വിഷമവൃത്തത്തിലാണ് അണികള്‍. ചിലരാവട്ടെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ ഇപ്പോഴത്തെ നിലപാടുകളില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലാ സെക്രട്ടറി കരിക്കോട് ദിലീപും സംസ്ഥാന കമ്മിറ്റിയംഗം ഷാജിയും രാജിവച്ചു. വരും ദിവസങ്ങളില്‍ നിരവധി പേര്‍ പാര്‍ട്ടി വിടുമെന്നാണ് ഇവര്‍ പറയുന്നത്. ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കാന്‍ രൂപീകരിച്ച  ഗണേഷ്‌കുമാര്‍ ജനകീയ വേദിയും ഇരുവരെയും പിന്തുണയ്ക്കാത്ത സ്ഥിതിയാണിപ്പോള്‍. പാര്‍ട്ടി കൈവിട്ടപ്പോള്‍ സംരക്ഷിച്ച പ്രവര്‍ത്തകരെ തള്ളിപ്പറഞ്ഞ ഗണേഷിനെതിരെ ശക്തമായി നീങ്ങാനാണ് ഇവരുടെ നീക്കം. മാത്രമല്ല, കേരള ജനകീയവേദി എന്ന സ്വതന്ത്ര സംഘടന രൂപീകരിച്ച് പൊതുരംഗത്ത് തുടരാനാണ് ഇവരുടെ തീരുമാനം.

മന്ത്രി സ്ഥാനം വീണ്ടെടുക്കാന്‍  ഗണേഷ് കുമാര്‍  എ.കെ. ആന്റണി, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുമൊക്കെയായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. ഇതിന് മുന്നോടിയായി പാര്‍ട്ടിക്ക് വിധേയനാവാമെന്ന ഏറ്റുപറച്ചിലും നടത്തിക്കഴിഞ്ഞു. ഇതോടെയാണ് പിളള അയഞ്ഞത്. ബാലകൃഷ്ണ പിള്ളയെ അനുനയിപ്പിച്ച തനിക്ക് വരുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ഇടം ലഭ്യമാക്കണമെന്നാണ് ഗണേശിന്റെ ആവശ്യം. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തനാണ്. മന്ത്രിസ്ഥാനം തിരികെ ലഭിക്കാന്‍ യോഗ്യനുമാണ്. എന്നിട്ടും തന്നെ തഴഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജിവച്ച് വീണ്ടും ജനവിധി തേടാന്‍ തയാറാണെന്നും ഗണേഷ് നയം വ്യക്തമാക്കുന്നു.

Thiruvananthapuram, Kerala, Congress, Ganesh Kumar, Minister, Politics, Muslim-League, Cabinet, R.Balakrishna Pillai, Kerala Congress (B), Cabinet berth , KC (B),  Kannur, Finance Minister, Kerala Congress
എന്നാല്‍, ഗണേഷിനെതിരെ വന്‍മതിലുമായി നില്‍ക്കുകയാണ് പി.സി ജോര്‍ജ്. തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിക്കുന്ന പി.സി ജോര്‍ജ് ഗണേഷ് പാപിയാണെന്നും ആരോപിക്കുന്നു. മാത്രമല്ല, ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിലും ഭേദം കായംകുളം കൊച്ചുണ്ണിയെ മന്ത്രിയാക്കുന്നതാണെന്ന് ജോര്‍ജ് പറയുന്നു. ഗണേഷിനെ മാത്രമല്ല, മുന്‍മന്ത്രിയെ പിന്തുണയ്ക്കുന്നവരെയും ജോര്‍ജ് വെറുതെ വിടുന്നില്ല. ഗണേഷിന് വേണ്ടി സംസാരിച്ച പ്രിയദര്‍ശന്‍ തറ സിനിമാക്കാരനാണെന്നും പ്രിയദര്‍ശനെ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കണമെന്നും ജോര്‍ജ് തുറന്നടിക്കുന്നു.

പിളളയും ഗണേഷും മാത്രമല്ല, ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വെളളപ്പളളി നടേശനും സുകുമാരന്‍ നായരുമെല്ലാം നേരത്തേ പറഞ്ഞത് വിഴുങ്ങിയും വിഴുങ്ങാതെയും അരങ്ങു തകര്‍ക്കുകയാണ്. ഇവരും പറയുന്നു, മലയാളികള്‍ രാഷ്ട്രീയ പ്രബുദ്ധരാണെന്ന്. എന്ത് വന്നാലും ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുകയും കോപ്രായങ്ങളെല്ലാം സഹിക്കുകയും ചെയ്യുന്നതാണോ ഇവര്‍ കരുതുന്ന രാഷ്ട്രീയ പ്രബുദ്ധത.

Keywords: Thiruvananthapuram, Kerala, Congress, Ganesh Kumar, Minister, Politics, Muslim-League, Cabinet, R.Balakrishna Pillai, Kerala Congress (B), Cabinet berth , KC (B),  Kannur, Finance Minister, Kerala Congress , K M Mani. 

Post a Comment