Follow KVARTHA on Google news Follow Us!
ad

'കിട്ടാത്ത മുന്തിരിയാണ് പുളിക്കുന്നതെന്ന്' ഉമ്മന്‍ ചാണ്ടിക്ക് മാത്രം അറിയാം

യു.ഡി.എഫ് വിടാനില്ലെന്നും ഇപ്പോള്‍ ഇടതുമുന്നണിയിലേയ്ക്കില്ലെന്നുമൊക്കെ മന്ത്രി കെ.എം. മാണി K.M. Mani, P.C. George, Leaders, P.J. Joseph, Minister, Jose, , Kvartha, Malayalm News,
യു.ഡി.എഫ് വിടാനില്ലെന്നും ഇപ്പോള്‍ ഇടതുമുന്നണിയിലേയ്ക്കില്ലെന്നുമൊക്കെ മന്ത്രി കെ.എം. മാണി പറയുകയുണ്ടായി. മുന്നണി ബന്ധം എന്നത് എപ്പോഴും ഒരുപോലെ ആയിരിക്കില്ലെന്നു പറഞ്ഞ കെ.എം.മാണിയാണ് ഇപ്പോള്‍ ഇങ്ങനെ മലക്കം മറിഞ്ഞത്. ആരാണ് മാണിയോട് യു.ഡി.എഫ് വിടാന്‍ പറഞ്ഞത്. ഇപ്പോള്‍ എല്‍.ഡി.എഫിലേയ്ക്കില്ലെന്നു പറയാന്‍ അവിടെ ആരെങ്കിലും കാത്തിരിപ്പുണ്ടോ?. മാണിസാറിന്റെ ജീവിതാഭിലാഷമായ മുഖ്യമന്ത്രി സ്ഥാനം നേടാന്‍ ഏറ്റവും അനുയോജ്യമായ സമയമല്ലേ ഇത്. പിന്നെ എന്തിന് എല്‍.ഡി.എഫിനൊപ്പം പോകാന്‍ മടിക്കുന്നു.

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറയുന്നു വ്യത്യസ്ത പാര്‍ട്ടികളില്‍പ്പെട്ട നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത് വലിയ കാര്യമല്ലെന്ന്. ഈ വ്യത്യസ്ത പാര്‍ട്ടികള്‍ ആര്. ഒരുകാര്യം ഊഹിക്കാം, എവിടെയോ എന്തോ ചീഞ്ഞ് നാറുന്നുണ്ട്. രാമചന്ദ്രന്‍ പിള്ള ഒരുകാര്യം കൂടി വ്യക്തമാക്കുകയുണ്ടായി. യു.ഡി.എഫില്‍ അസംതൃപ്തരായ കക്ഷികള്‍ ഉണ്ടെന്ന് . അത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നു കഴിഞ്ഞതായും ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും. പക്ഷേ കാത്തിരിപ്പ് തുടരുന്നതുമാത്രമാണ് മിച്ചം.

കെ.എം. മാണിയ്ക്ക് യു.ഡി.എഫിനോടുള്ള വിരോധം ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ തുടങ്ങിയതാണ് മാണിസാറിന്റെ ഈ യു.ഡി.എഫ് വിരോധം. പ്രിയ പുത്രന്‍ ജോസ്.കെ.മാണി എം.പിക്ക് ഒരു കേന്ദ്രമന്ത്രി സ്ഥാനം അദ്ദേഹം സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായല്ലോ. പണ്ട് മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ മാണിസാറിന്റെ രാഷ്ട്രീയഗുരുവായ പി.സി. ചാക്കോയുടെ പുത്രന്‍, നിലവിലെ എം.പിയായിരുന്ന പി.സി. തോമസിനെ രായ്ക്കുരാമാനം ഒതുക്കിയല്ലേ സ്വന്തം പുത്രന്‍ ജോസ് കെ. മാണിക്ക് മൂവാറ്റുപുഴയില്‍ സീറ്റ് തരപ്പെടുത്തിക്കൊടുത്തത്.
K.M. Mani, P.C. George, Leaders, P.J. Joseph, Minister, Jose, , Kvartha,

അതിന്റെ വൈരാഗ്യത്തിലാണല്ലോ പി.സി. തോമസ് മൂവാറ്റുപുഴയില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചത്. അന്ന് അവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജോസ് കെ. മാണിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നു. ഇപ്പോള്‍ മാണിസാറിന്റെ നീക്കം മുഖ്യമന്ത്രിപദമാണെന്ന് കരുതുന്നില്ല. മൂന്നു പേരുടെ പിന്‍ബലത്തില്‍ നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തി മകന്റെ രാഷ്ട്രീയ ഭാവി ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കുക. അല്ലാതെ ഇതിനു പിന്നില്‍ മറ്റെന്ത് രാഷ്ട്രീയ ലക്ഷ്യമാണ് കെ.എം. മാണിക്കുള്ളത്? മുഖ്യമന്ത്രി സ്ഥാനമാണ് മാണിസാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അദ്ദേഹത്തെപ്പോലുള്ള ഒരു രാഷ്ട്രീയ ചാണക്യന്‍ ഇങ്ങനെ തേങ്ങി നില്‍ക്കുമെന്ന് അദ്ദേഹത്തെ അറിയാവുന്ന ആരും കരുതുമെന്ന് തോന്നുന്നില്ല.

ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം അവര്‍ മനസുവെച്ചാല്‍ അട്ടിമറിക്കാന്‍ സാധിക്കുന്ന ഒരു സര്‍ക്കാരാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. അങ്ങനെ അവര്‍ ഈ സര്‍ക്കാരിനെ അട്ടിമറിച്ചാല്‍ കയ്പ്പുനീര് കുടിക്കാന്‍ പോകുന്നതും സി.പി.എമ്മിലെ വലിയൊരു വിഭാഗമാണ്. കാരണം വി.എസ്. അച്യുതാനന്ദന്‍ തന്നെ. ഇപ്പോഴത്തെ സര്‍ക്കാരിനെ താഴെയിറക്കി ഇടതുമുന്നണി ഒരു സര്‍ക്കാര്‍ തല്ലിക്കൂട്ടാനിടയായാല്‍ സ്വാഭാവികമായും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയരുന്ന പേര്‍ അച്യുതാനന്ദന്റെ തന്നെയാകും. അപ്പോള്‍ അച്യുതാനന്ദനെ ഒഴിവാക്കാന്‍ തുനിഞ്ഞാല്‍ ജനവികാരം വി.എസിന് അനുകൂലമാകുമെന്ന് ബുദ്ധിമാന്മാരായ സി.പി.എം. നേതാക്കള്‍ക്ക് നന്നായി അറിയാം.

പണ്ട് അവര്‍ ഒന്ന് അനുഭവിച്ചതാണ്. ഒരിക്കല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വി.എസിന് സീറ്റ് നിക്ഷേധിക്കപ്പെടുകയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പാലോളി മുഹമ്മദ് കുട്ടിയെ സി.പി.എം. ഉയര്‍ത്തിക്കാട്ടുകയും ചെയ്തപ്പോള്‍ ജനപിന്തുണ ഒന്നുകൊണ്ട് മാത്രമാണ് അച്യുതാനന്ദന് സീറ്റ് ലഭിക്കാനും പിന്നീട് മുഖ്യമന്ത്രിയാകാനും സാഹചര്യമൊരുങ്ങിയത്. അതുതന്നെയാണ് ഇപ്പോള്‍ ഇടതുമുന്നണി അഭിമുഖീകരിക്കുന്ന പ്രശ്‌നവും. കക്ഷത്തിലിരിക്കുന്നത് പോകുകയും ചെയ്യരുത് ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കണമെന്നുള്ള അവസ്ഥ.

ഇപ്പോള്‍ കെ.എം. മാണിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ നിര്‍ത്തിയിട്ട് ഇടതുമുന്നണി കളിക്കുന്ന കളി ആ വഴിയിലേയ്ക്കാണ് നീങ്ങുന്നത്. ഇടതുമുന്നണിയുടെ പിന്തുണയോടുകൂടി മാണി മുഖ്യമന്ത്രിയായാല്‍ ഭരിക്കാതെ ഭരിക്കുന്നത് സി.പി.എം. തന്നെയായിരിക്കും. വരാന്‍ പോകുന്ന പാര്‍ലന്റ് തിരഞ്ഞടൂപ്പില്‍ കുറെ സീറ്റുകള്‍ സഖ്യത്തിന്റെ പേരില്‍  ജയിപ്പിച്ചെടുക്കാനും സാധിക്കും. ബാംഗാളിലെയും ത്രിപുരയിലെയുമൊക്കെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുമ്പോള്‍ സി.പി.എമ്മിനെ സംബന്ധിച്ചുള്ള ഏക പ്രതീക്ഷ കേരളമാണ്. അതോടൊപ്പം നമ്മുടെ അച്യുതാനന്ദനെ ഒരു മൂലയ്ക്കിരുത്തി അവസാനം വന്ദ്യവയോധികനാക്കി വീട്ടിലേയ്ക്ക് പറഞ്ഞുവിടുകയും ചെയ്യാം.

സമയമാകുമ്പോള്‍ പ്രതിച്ഛായയുടെയും മറ്റുമൊക്കെ പേരുപറഞ്ഞ് മാണിസര്‍ക്കാരിനെ അട്ടിമറിച്ച് ഒറ്റയ്ക്കുനിന്ന് പൊരുതി അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്യാം. ഇങ്ങനെയൊക്കെ സി.പി.എം. നേതാ!ക്കള്‍ മനസ്സില്‍ സ്വപ്നം കാണുമ്പോള്‍ മാനത്ത് കാണുന്നവനാണ് കെ.എം. മാണിസാറെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. 24 മണിക്കൂറും മാണിസാറിനെ പാല മെബര്‍ എന്നു വിളിച്ച പി.സി.ജോര്‍ജിനെക്കൊണ്ട് പെട്ടെന്ന് മാണിസാര്‍ എന്ന് വിളിപ്പിക്കാന്‍  കഴിഞ്ഞത് അത്ര നിസാരകാര്യമാണോ. കേരള കോണ്‍ഗ്രസ് (എം) ന് ബദലായി ഇടതുമുന്നണിയിലും ഒരു കേരള കോണ്‍ഗ്രസ് ഉണ്ടായിരുന്നു. അതായിരുന്നല്ലോ നമ്മുടെ ജോസഫ് ഗ്രൂപ്പ്. ആ ജോസഫ് ഗ്രൂപ്പിനെ ഒരു നിമിഷം കൊണ്ട് വലിച്ചെടുത്ത് തന്റെ തൊഴുത്തില്‍ കെട്ടി കോണ്‍ഗ്രസിന്റെ എതിര്‍പിനെ മറികടന്ന്  പി.ജെ. ജോസഫിന് തൊടുപുഴയില്‍ സീറ്റ് മേടിച്ചു കൊടുക്കാന്‍ മന്ത്രി കെ.എം. മാണിക്ക് അല്ലാതെ ആര്‍ക്കാണ് സാധിക്കുക.

ഇപ്പോള്‍ മാണിസാറിന്റെ ലക്ഷ്യം മുഖ്യമന്ത്രി പദമൊന്നുമല്ല. ഒന്നാമതായി അദ്ദേഹത്തെ അലട്ടുന്നത് ജോസ് കെ. മാണിയുടെ കേന്ദ്രമന്ത്രിസ്ഥാനംതന്നെ. തന്റെ പാര്‍ട്ടിയുടെ അത്രയും ജനങ്ങളുടെ ഇടയില്‍ വേരുകളില്ലാത്ത മറ്റ് കേരള കോണ്‍ഗ്രസ് നേതാക്കളുടെ മക്കളായ അനൂപ് ജേക്കബും, കെ.ബി. ഗണേശ് കുമാറുമൊക്കെ മന്ത്രിമാരായി വിലസുമ്പോള്‍ വലിയ അച്ഛന്റെ വലിയ മകനെന്ന് അറിയപ്പെടുന്ന ജോസ് കെ. മാണി കേവലം ഒരു എം.പി. മാത്രമായിരിക്കുന്നത് കാണാന്‍ അഭിമാനമുള്ള ഒരച്ഛനും സാധിക്കില്ല. എന്തിനേറെപ്പറയുന്നു, പാര്‍ലമെന്റിലെ തുടക്കക്കാരന്‍ കെ.സി. വേണുഗോപാലിനു പോലും നമ്മുടെ സുകുമാരന്‍ നായരുടെ ശുപാര്‍ശമൂലം ഒരു കേന്ദ്രമന്ത്രിസ്ഥാനം തരപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞു.

അങ്ങനെ നോക്കുമ്പോള്‍ മകനെ മന്ത്രിയാക്കണമെന്ന് പറഞ്ഞ് അഖിലേന്ത്യ കോണ്‍ഗ്രസ് നേതാക്കന്മാരുടെ കാലില്‍ മാണിസാര്‍ വീഴുക എന്നതില്‍പരം നാണക്കേടുണ്ടോ. പിന്നെ മന്ത്രി സ്ഥാനം മോഹിച്ച് മാണിസാറിനൊപ്പം കൂടിയ പി.സി. ജോര്‍ജിന് ആര്‍ക്കും വേണ്ടാത്ത ചീഫ് വിപ്പ് പദവി വാങ്ങിക്കൊടുക്കുവാനാണ് മാണി സാറിന് സാധിച്ചത്. അതിന്റെ ഓരോ ഷോക്കും പരസ്യമായും രഹസ്യമായും ജോര്‍ജ് മാണിസാറിന് നല്‍കുന്നുമുണ്ട്. പേരിന് എതെങ്കിലും ഒരു വകുപ്പും മേടിച്ച് ജോര്‍ജിനെ മന്ത്രിയാക്കി ഒരു വശത്ത് കെട്ടിയിട്ടാല്‍ കുറച്ചുനാള്‍ ആ മഹാശല്യത്തില്‍ നിന്ന് രക്ഷപെടുകയും ചെയ്യാം. പിന്നെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് രണ്ട് സീറ്റെങ്കിലും ലഭിക്കണം. ഇതൊക്കെയല്ലെ മാണിസാറിന്റെ സമ്മര്‍ദ്ധത്തിനുപിന്നിലുള്ള രഹസ്യം!

ഇതൊക്കെ മനസിലാക്കികൊണ്ടുതന്നെയാണ് നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കിട്ടാത്ത മുന്തിരി പുളിക്കുമെന്നും, യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും ഒരു ഇലപോലും അവിടെ അനങ്ങുകയില്ലെന്നും ഒക്കെ പറഞ്ഞത്. ഇത് കേള്‍ക്കുമ്പോള്‍ ഓര്‍മ്മവരുന്നത് പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ലെന്ന് പണ്ട് സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞതാണ്. നമ്മുടെ ഉമ്മന്‍ ചാണ്ടിയും അത്രമോശം മുഖ്യനല്ലെന്നാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവനയില്‍ നിന്ന് നാം മനസിലാക്കേണ്ടത്. മാണിസാറിനെപ്പോലുള്ള ഒരാളുടെ ഇത്രയും ഗൗരവകരമായ  വിഷയത്തില്‍ ഇങ്ങനെ വളരെ ശാന്തമായി മറുപടി പറയാന്‍ ഉമ്മന്‍ ചാണ്ടിക്കല്ലാതെ മറ്റ് ഏത് മുഖ്യമന്ത്രിക്കാണ് കഴിയുക. അതും കേവല ഭൂരിപക്ഷത്തില്‍ ഭരണം നടത്തുമ്പോള്‍.

അദ്ദേഹത്തിനറിയാം, അച്യുതാനന്ദനും സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കളും തമ്മിലുള്ള പോര്. വേരൊരിടത്ത് മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും തമ്മിലുള്ള സൗന്ദര്യപിണക്കം. മറ്റൊരിടത്ത് സുകുമാരന്‍ നായരും, വെള്ളാപ്പള്ളിയും, രമേശ് ചെന്നിത്തലയും മുസ്ലിംലീഗും, ഭൂരിപക്ഷവും ന്യൂനപക്ഷവും, തള്ളയും പിള്ളയും, കോണ്‍ഗ്രസിലെ എ തൊട്ട് ഇസെഡ് വരെയുള്ള ഗ്രൂപ്പുകള്‍ അടക്കം എല്ലാവരും കൂടി അങ്കം വെട്ടുമ്പോള്‍  ഇതിന്റെ ഇടയിലൂടെ ഒരു കുഴപ്പവുമില്ലാതെ മൂന്ന് പേരുടെ പിന്‍ബലത്താല്‍ അഞ്ച് വര്‍ഷം തികയ്ക്കാമെന്ന്. 'കിട്ടാത്ത മുന്തിരിയാണ് പുളിക്കുന്നതെന്ന്' നമ്മുടെ മുഖ്യനു മാത്രമേ നന്നായി അറിയു.

K.M. Mani, P.C. George, Leaders, P.J. Joseph, Minister, Jose, , Kvartha, Malayalm News,
-സോണി കെ. ജോസഫ്, കല്ലറയ്ക്കല്‍

Keywords: K.M. Mani, P.C. George, Leaders, P.J. Joseph, Minister, Jose, , Kvartha, Malayalm News, Kerala Vartha, Article, V.S Achuthanandan, Congress, CPM, Ramesh Chennithala, Muslim-League.

Post a Comment