Follow KVARTHA on Google news Follow Us!
ad

സ്വകാര്യ കമ്പനികള്‍ ഇടപെട്ട് ഇന്‍ഡക്ഷന്‍ കുക്കര്‍ നിയന്ത്രണ പദ്ധതി അട്ടിമറിച്ചു

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് ഇന്‍ഡക്ഷന്‍ കുക്കര്‍ നിയന്ത്രണത്തിന് Induction cooker, Thiruvananthapuram, Electricity, KSEB, Kerala, Private Company, Government, Kerala Vartha, Malayalam News.

Induction cooker, Thiruvananthapuram, Electricity, KSEB, Kerala, Private Company, Government, Kerala Vartha, Malayalam News.
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് ഇന്‍ഡക്ഷന്‍ കുക്കര്‍ നിയന്ത്രണത്തിന് കെ എസ് ഇ ബി തയ്യാറാക്കിയ മൂന്നിന പദ്ധതി ഫ്രീസറില്‍. ഇന്‍ഡക്ഷന്‍ കുക്കര്‍ നിര്‍മാണ, വിതരണ മേഖലയിലെ സ്വകാര്യ കമ്പനികളുടെ ശക്തമായ ഇടപെടലാണ് ഇതിനു പിന്നിലെന്ന ആരോപണം വൈദ്യുതി ബോര്‍ഡിലും കോണ്‍ഗ്രസിലും സജീവം. ഇത് വൈകാതെ ബോര്‍ഡിന്റെയും പാര്‍ട്ടിയുടെയും പുറത്തേയ്ക്ക് വരും. എന്നാല്‍ അഴിമതി ആരോപണം തടയാന്‍ ചില കേന്ദ്രങ്ങളില്‍ തിരക്കിട്ട നീക്കങ്ങളുമുണ്ട്. ഭരണ പക്ഷത്തെ തന്നെ ചില നേതാക്കള്‍ ഇതുസംബന്ധിച്ച വിവര ശേഖരണം നടത്തിക്കഴിഞ്ഞു. നേരിട്ട് ഉന്നയിക്കാനുള്ള തടസം മൂലം വിവരങ്ങള്‍ പ്രതിപക്ഷത്തിനോ മാധ്യമങ്ങള്‍ക്കോ നല്‍കി പുറത്തുകൊണ്ടുവരാനും ആലോചനയുണ്ട്.

ഇന്‍ഡക്ഷന്‍ കുക്കറിന് വില്പന നികുതി ഇരട്ടിയാക്കാനും ഇന്‍ഡക്ഷന്‍ കുക്കര്‍ പതിവായി ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യാപകമായി പ്രചരിപ്പിക്കാനും ഉള്‍പ്പെടെയുള്ള പദ്ധതിയാണ് സ്വകാര്യ കമ്പനികള്‍ അട്ടിമറിച്ചത്. മന്ത്രിസഭാ യോഗത്തില്‍ വരെ ചര്‍ച്ച ചെയ്ത പദ്ധതിയെക്കുറിച്ച് സര്‍ക്കാരോ വൈദ്യുതി ബോര്‍ഡോ ഇപ്പോള്‍ മിണ്ടുന്നില്ല. ഇതെത്തുടര്‍ന്നു കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് കേന്ദ്രങ്ങളും ബോര്‍ഡിലെ കോണ്‍ഗ്രസ് യൂണിയനിലെ ചലരും നടത്തിയ അന്വേഷണമാണ് സ്വകാര്യ കമ്പനികളുടെ ഇടപെടലിനെക്കുറിച്ചുള്ള വിവരങ്ങളില്‍ എത്തിനില്‍ക്കുന്നത്.

വൈദ്യുതി ബോര്‍ഡിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ (ഇഎംസി) സെപ്റ്റംബര്‍ ഒടുവില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് ഇന്‍ഡക്ഷന്‍ കുക്കര്‍ നിയന്ത്രണ പദ്ധതി തയ്യാറാക്കി സര്‍ക്കാരിനു നല്‍കിയത്.

കേരളത്തിലെ ഇടത്തരക്കാര്‍ വ്യാപകമായി ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിച്ചു തുടങ്ങിയതോടെ രാവിലെ 5.30 മുതല്‍ 9.30 വരെയുള്ള സമയത്തെ വൈദ്യുതി ഉപഭോഗം വന്‍തോതില്‍ വര്‍ധിച്ചുവെന്നാണ് ഇഎംസി ചൂണ്ടിക്കാണിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് മുമ്പത്തേതില്‍ നിന്നു വ്യത്യസ്ഥമായി രാവിലെയും അര മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വൈകിട്ട് ആറ് മുതല്‍ പത്ത് വരെയെന്ന 'പീക്ക് ടൈം' നിയന്ത്രണം രാവിലെയും ബാധകമാക്കണമെന്നും സാഹചര്യം അങ്ങനെയാകുന്നതിനു മുഖ്യ കാരണമായി മാറിയിരിക്കുന്ന ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കണം എന്നുമായിരു
ന്നു ശുപാര്‍ശ. ജോലിക്കു പോകുന്ന സ്ത്രീകളും കുട്ടികളെ സ്്കൂളിലും കോളജിലും അയയ്‌ക്കേണ്ടവരും വേഗത്തിലുള്ള പാചകത്തിന് ഇന്‍ഡക്ഷന്‍ കുക്കര്‍ ശീലമാക്കിയതാണ് രാവിലെ വൈദ്യുതി ഉപഭോഗം കൂടാനിടയാക്കിയത്. അതുകൊണ്ട് ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് മലയാളി വീട്ടമ്മമാരെ പിന്തിരിപ്പിക്കാനുള്ള പദ്ധതിയാണ് ഇഎംസി നിര്‍ദേശിച്ചതും വൈദ്യുതി ബോര്‍ഡ് തയ്യാറാക്കിയതും.

ഇന്‍ഡക്ഷന്‍ കുക്കറിന് നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയായിരുന്നു മൂന്നിന പദ്ധതിയില്‍ ആദ്യത്തേത്. ഇതിലൂടെ, ഇനി ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വാങ്ങുന്നവരെ നിരുല്‍സാഹപ്പെടുത്താന്‍ കഴിയുമെന്നായിരുന്നു കണക്കുകൂട്ടല്‍. നിലവില്‍ 12 ശതമാനമാണ് ഇന്‍ഡക്ഷന്‍ കുക്കറിന് വില്പന നികുതി. അത് ഇരട്ടിയോളമാക്കാനായിരുന്നു നീക്കം. അങ്ങനെ സംഭവിച്ചാല്‍ ഉപഭോക്താക്കള്‍ വന്‍തോതില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ വാങ്ങുന്നത് നിര്‍ത്തുമെന്ന് തിരിച്ചറിഞ്ഞാണ് ഉത്പാദകരും വിതരണക്കാരും ഇടപെട്ടത്. അത് ഫലം കാണുകയും ചെയ്തു.

ഇന്‍ഡക്ഷന്‍ കുക്കര്‍ വേഗത്തിലുള്ള പാചകത്തിനു സഹായകമാണെങ്കിലും വന്‍തോതില്‍ വൈദ്യുതി ബില്ല് വര്‍ധിപ്പിക്കുമെന്ന് ബോധവല്‍കരണ ക്യാംപെയ്ന്‍ നടത്തുകയാണ് രണ്ടാമത്തെ വഴിയായി നിര്‍ദേശിച്ചത്. വൈദ്യുതി ഉപഭോഗം കുറയ്ക്കണം എന്ന പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഇന്‍ഡക്ഷന്‍ കുക്കറിനെക്കുറിച്ച് ഇപ്പോള്‍ മിണ്ടുന്നേയില്ല. അതോടെ അക്കാര്യത്തിലും ബാഹ്യ ഇടപെടല്‍ വിജയിച്ചുവെന്നാണ് വ്യക്തമായിരിക്കുന്നത്.

ഇന്‍ഡക്ഷന്‍ കുക്കര്‍ ആരോഗ്യത്തിന് ഹാനികരമായ ഉപകരണമാണെന്ന പ്രചാരണമായിരുന്നു മൂന്നാമത്തെ ഇനം. ഇതിന് ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റും സേവനം ഉപയോഗപ്പെടുത്താനും ശുപാര്‍ശയുണ്ടായിരുന്നു. എന്നാല്‍ വേണ്ടത്ര പഠനങ്ങളുടെയും തെളിവുകളുടെയും പിന്‍ബലമില്ലാതെ അത്തരം പ്രചാരണം നടത്തുന്നതിനെച്ചൊല്ലി വൈദ്യുതി ബോര്‍ഡില്‍ തന്നെ ഭിന്നതയുമുണ്ടായിരുന്നു. അതിനിടെയാണ് ഇന്‍ഡക്ഷന്‍ കുക്കര്‍ കമ്പനികളുടെ ഇടപെടലുണ്ടായത്.

ഇന്‍ഡക്ഷന്‍ കുക്കര്‍ വ്യാപകമാകുന്നത് അടിയന്തരമായി നിയന്ത്രിച്ചേ പറ്റൂവെന്ന് ബോര്‍ഡിലെ ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. അല്ലാതെ വൈദ്യുതി നിയന്ത്രണത്തെക്കുറിച്ചു സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു വാദം. ആ വാദമാകട്ടെ അഴിമതിക്കുള്ള വളഞ്ഞ വഴിയായിരുന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.

Keywords: Induction cooker, Thiruvananthapuram, Electricity, KSEB, Kerala, Private Company, Government, Kerala Vartha, Malayalam News.

Post a Comment