Follow KVARTHA on Google news Follow Us!
ad

മരുന്നുവിലക്കയറ്റം തടയാന്‍ മറുമരുന്നില്ല

കോഴിക്കോട്: ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുത്തനെ ഉയര്‍ന്നിട്ടും അതു തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ല. Price of Medicines, Hike, Generic Medicines, Gen Oushadi,, Kerala, Kozhikode
കോഴിക്കോട്: ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുത്തനെ ഉയര്‍ന്നിട്ടും അതു തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ല. ഇതു സംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകളെല്ലാം വഴിതിരിച്ചു വിടാനുള്ള ഗൂഢനീക്കങ്ങളില്‍ മരുന്നു കമ്പനികള്‍ വിജയിക്കുന്നുമുണ്ട്. ഇതോടൊപ്പം മരുന്നു വിലവര്‍ദ്ധന തടയാനുള്ള നടപടികള്‍ എവിടെയുമെത്താതെ സര്‍ക്കാര്‍ ഫയലില്‍ ഉറങ്ങുകയാണ്.

മരുന്നു കമ്പനികളുടെ ചരടുവലിക്കൊത്ത് മരുന്നുകളുടെയെല്ലാം വില കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കൂടുതല്‍ മരുന്നുകളെ വില നിയന്ത്രണപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന രീതിയിലാണ് ചര്‍ച്ചകളേറെയും നടക്കുന്നത്. 1995 ലെ ലിസ്റ്റ് അനുസരിച്ച് വെറും 70 ഓളം മരുന്നുകള്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ വില നിയന്ത്രണപ്പട്ടികയിലുള്ളത്. ജനങ്ങള്‍ക്ക് അത്യാവശ്യം വേണ്ടതായ 200 ഓളം മരുന്നുകളെയെങ്കിലും വില നിയന്ത്രണപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ ആവശ്യപ്പെടുന്നു. ഇത് ഒട്ടും ഫലപ്രദമല്ലത്രേ. ഇതു മറികടക്കാന്‍ മരുന്നു കമ്പനികള്‍ക്ക് എളുപ്പം സാധിക്കും. ഏതെങ്കിലും ഒരു മൂലകത്തിന്റെ പേരിലുള്ള മരുന്നിനെ വില നിയന്ത്രണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ആ മൂലകത്തോടൊപ്പം മറ്റെന്തെങ്കിലും ചേര്‍ത്ത് കോമ്പിനേഷനാക്കി വില നിയന്ത്രണപ്പട്ടികയില്‍ നിന്നു പുറത്തു ചാടും. പിന്നെ കോമ്പിനേഷന്‍ മരുന്നുമാത്രമേ വിപണിയില്‍ ലഭിക്കുകയുള്ളൂ.

കമ്പനികള്‍ ഉണ്ടാക്കുന്ന ബ്രാന്റ് മരുന്നുകള്‍ക്കാണ് വിപണിയില്‍ വില നിയന്ത്രണാതീതമായി വര്‍ധിക്കുന്നത്. ഈ മരുന്നുകളാവട്ടെ രോഗത്തെ നേരിടാന്‍ ആവശ്യമുള്ളതിനേക്കാളേറെ മൂലകങ്ങളും രാസവസ്തുക്കളും അടങ്ങിയവയാണ്. കോമ്പിനേഷന്‍ മരുന്നുകള്‍ വിപണിയിലിറക്കി ജനങ്ങളെക്കൊണ്ട് തീറ്റിപ്പിച്ചാണ് മരുന്നു കമ്പനികള്‍ തടിച്ചുകൊഴുക്കുന്നത്. വാസ്തവത്തില്‍ 'ജനറിക്' മരുന്നുകളെ പ്രോത്സാഹിപ്പിക്കുകയേ ഇതിനു പ്രതിവിധിയുള്ളൂ എന്നു ഫാര്‍മസി രംഗത്തുള്ളവര്‍ പറയുന്നു.

ഉദാഹരണമായി 'പാരസെറ്റമോള്‍' ഒരു ജനറിക് ആണ്. എന്നാല്‍ പാരസെറ്റമോള്‍ എന്നു ഡോക്ടര്‍മാര്‍ കുറിപ്പ് കൊടുക്കാറില്ല. വിവിധ കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന 'കാല്‍പോള്‍', 'ഡോളോ' തുടങ്ങിയ പേരുകളാണ് ഡോക്ടര്‍മാര്‍ എഴുതുക. പാരസെറ്റമോളിനോട് മറ്റു മൂലകങ്ങള്‍ ചേര്‍ത്ത കോമ്പിനേഷനാണ് ഇവ. പലപ്പോഴും ഈ കോമ്പിനേഷന്‍ രോഗികള്‍ക്ക് ആവശ്യമില്ലാത്തതുമാണ്. ശുദ്ധ പാരസെറ്റമോള്‍ വിപണിയില്‍ വളരെ ദുര്‍ലഭവുമാണ്. കോമ്പിനേഷന്‍ മരുന്നുകളാവുമ്പോള്‍ വില നിയന്ത്രണപ്പട്ടികയില്‍ നിന്നു പുറത്തു ചാടുകയും വില കമ്പനികള്‍ക്ക് യഥേഷ്ടം നിശ്ചയിക്കുകയുമാവാം.

ഒരേ മരുന്നിന് വിവിധ കമ്പനികള്‍ തങ്ങള്‍ക്ക് തോന്നിയ വിലയാണ് ഈടാക്കുന്നത്. ദോഷവശങ്ങള്‍ കണ്ടുപിടിക്കുന്നതിന് ആവശ്യമായ പരീക്ഷണങ്ങള്‍ നടത്തിയെന്നും മറ്റുമാണ് തോന്നിയ പോലെ വില ഈടാക്കുന്നതിന് കമ്പനികള്‍ പറയുന്ന ന്യായം. എന്നാല്‍ കുടില്‍ വ്യവസായം പോലെ മരുന്നു ഉദ്പാദിപ്പിക്കുന്നിടങ്ങളില്‍ നിന്ന് വാങ്ങുന്ന മരുന്നുകള്‍ക്ക് സ്വന്തം പേരുള്ള കവര്‍ ഇടുന്നതേയുള്ളൂ എന്നതാണ് വാസ്തവം. അതായത് ഒരേ കേന്ദ്രത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന മരുന്നുകള്‍ വ്യത്യസ്ത കമ്പനികളുടെ ലേബലൊട്ടിക്കുമ്പോഴാണ് വില വ്യത്യാസം വരുന്നത്. ലേബല്‍ വന്‍കിട കമ്പനികളുടേതാകുമ്പോള്‍ വിലയും വലുതാകും. വിവിധ തന്ത്രങ്ങളിലൂട ഡോക്ടര്‍മാരെ സ്വാധീനിച്ച് തങ്ങളുടെ വിലകൂടിയ മരുന്ന് എഴുതിക്കുവാന്‍ അവര്‍ക്കു കഴിയും. കോമ്പിനേഷന്‍ മരുന്നുകള്‍ക്ക്് ഇല്ലാത്ത ഗുണഗണങ്ങള്‍ പറഞ്ഞ് ഡോക്ടര്‍മാരെ ബോധവത്ക്കരിക്കാന്‍ വലിയ ശമ്പളത്തില്‍ കമ്പനികള്‍ മെഡിക്കല്‍ റപ്രസന്റേറ്റീവുകളെ നിയമിക്കുന്നു. കൂടാതെ വിലകൂടിയ ഉപഹാരങ്ങള്‍ കൊടുത്തും കമ്പനികള്‍ ഡോക്ടര്‍മാരെ സ്വാധീനിക്കുന്നു. എല്ലാം കൂടിയ വിലക്ക് അനാവശ്യ മരുന്നുകള്‍ പൊതുജനങ്ങളെ തീറ്റിക്കാന്‍.

ലോകാരോഗ്യ സംഘടന ജനറിക് മരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്. ലോകരാഷ്ട്രങ്ങളെ ഇക്കാര്യത്തില്‍ ബോധവത്ക്കരിക്കാനുള്ള നടപടികള്‍ ലോകാരോഗ്യ സംഘടന കൈക്കൊണ്ടിട്ടുമുണ്ട്. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ 'ജന്‍ ഔഷധി' എന്ന പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഓരോ ജില്ലാ ആസ്ഥാനത്തും ജനറിക് മരുന്നുകള്‍ മാത്രം ലഭ്യമാവുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആരംഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പൊതുജനത്തിന്റെ ദേഹത്തിനും കീശക്കും ഒരുപോലെ ആരോഗ്യദായകമായ ഈ പദ്ധതി ഇപ്പോഴും കടലാസ്സിലൊതുങ്ങുകയാണ്. ഇതിനു പിറകിലും ആരോഗ്യരംഗം നിയന്ത്രിക്കുന്ന വന്‍കിട മരുന്നു കമ്പനികളാണ്. മരുന്നു കമ്പനികളുടെ മോഹവലയത്തില്‍ നിന്ന് അധികൃതരും ഡോക്ടര്‍മാരും മോചനം പ്രാപിച്ചാല്‍ മാത്രമേ നാട്ടുകാരുടെ ആരോഗ്യം മെച്ചപ്പെടുകയുള്ളൂ.

ശാരീരിക ആരോഗ്യത്തോടുള്ള നമ്മുടെ അത്യുത്ക്കണ്ഠയും മരുന്നു കമ്പനികളുടെ ചൂഷണം എളുപ്പമാവാന്‍ സഹായിക്കുന്നുണ്ട്. ആവശ്യത്തിലേറെ മരുന്നു പ്രയോഗത്തിന് വിട്ടുകൊടുക്കാതെ സ്വന്തം ശരീരത്തിന്റെ സഹജമായ പ്രതിരോധശേഷി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും അത്യാവശ്യത്തിനു മാത്രം മരുന്നു സേവിക്കുകയും ചെയ്യുന്ന ആരോഗ്യകരമായ മനോനില പൊതുജനം വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്.

Reported by Jeffrey Rejinold

English Summary
Recently medicine's prices are too high. There is no effective actions to prevent it. In this context, there are demand from some corner to include more medicines in price controle list. Realy it is not an effective method. Companies will escape from this list easily by making compinations. Promote generic medicines is one of the best method to prevent this type of looting of pharmaseutical companies. W.H.O. is also for the use of generic mediceine. Cenral government have a policy as 'Gen Oushadi' to promote generic medicines. This plan propose to open a generic medical shop in all district head quaters. But authorities did nothing for this project. Under the influence of pharmasuetical companies, doctors often prescribe the costly compinations to patients.

Post a Comment