Follow KVARTHA on Google news Follow Us!
ad

ഹജ്ജ് സബ്‌സിഡി-ഹാജിമാര്‍ വഞ്ചിക്കപ്പെട്ടു

Hajj
ഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഹജ്ജ് സബ്‌സിഡിയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചിലവഴിച്ചത് 3,400 കോടിയോളം രൂപയാണ്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി വിദേശകാര്യ മന്ത്രാലയം ഈയടുത്ത് സപ്രിം കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകരമാണിത്.   കഴിഞ്ഞ വര്‍ഷത്തെ മാത്രം ഹജ് സബ്‌സിഡി 685 കോടി രൂപയാണ്.

അടിച്ചേല്‍പ്പിക്കപ്പെട്ട ഈ സബ്‌സിഡി ആവശ്യമില്ലെന്ന് മുസ്ലിം സംഘടനകള്‍ പലതവണ വ്യക്തമാക്കിയതാണ്. എന്നാല്‍ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ഹാജിമാരെ സര്‍ക്കാര്‍ സഹായിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് നഷ്ടത്തിലോടുന്ന എയര്‍ഇന്ത്യ വിമാന കമ്പനിയെ രക്ഷിക്കുകയെന്ന വഞ്ചനാത്മകമായ ഇരട്ടത്താപ്പാണ് സര്‍ക്കാര്‍ കാലങ്ങളായി സ്വീകരിച്ചു പോന്നത്. രാജ്യത്ത് മുസ്ലിം പ്രീണനം നടക്കുന്നുവെന്ന പ്രചരണം നടത്താന്‍ വര്‍ഗീയ ശക്തികള്‍ക്ക് ഇത് അവസരമൊരുക്കി. സ്വന്തമായി പണമുള്ളവര്‍ക്ക് മാത്രം നിര്‍ബന്ധമാക്കിയിട്ടുള്ള കര്‍മമാണ് ഹജ്ജ്. നാട്ടില്‍ വര്‍ഗീയ പ്രചരണത്തിന് നിമിത്തമുണ്ടാക്കി, സര്‍ക്കാറിന്റെ സൗജന്യത്തില്‍ ചെയ്യേണ്ട കര്‍മമല്ല ഇത്. ഇക്കാര്യമാണ് വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ച് കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കിയതും അടുത്ത പത്ത് വര്‍ഷത്തിനകം ഹജ്ജ് സബ്‌സിഡി പൂര്‍ണമായി നിര്‍ത്ത ലാക്കണമെന്ന് വിധിച്ചതും. എല്ലാ അര്‍ത്ഥത്തിലും സ്വാഗതാര്‍ഹമായ വിധിയില്‍, എന്നാല്‍ വിശ്വാസികളുടെ വിശ്വാസ പരമായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുന്നത് തെറ്റല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്ത് മറ്റൊരു മുസ്ലിം രാജ്യത്ത് കേട്ടറിവ് പോലുമില്ലാത്ത ഹജ് സബ്‌സിഡിയെന്ന ഈ ഏര്‍പാട് ഇവിടത്തെ ഹാജിമാരോടുള്ള സ്‌നേഹം കൊണ്ടാണെന്ന് ആരും ധരിക്കരുത്. ഞെട്ടിക്കുന്ന കണക്കുകളാണ് ഹജ്ജ് സബ്‌സിഡിയുമായി ദിനംപ്രതി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. വിദേശ കാര്യ മന്ത്രാലയം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ അവസാനത്തെ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ചുവടെ ചേര്‍ക്കുന്നു.
Hajj Table

ആകെ സബ്‌സിഡിയില്‍ വൈരുദ്ധ്യമുണ്ട്. ഒരു ഹാജിക്ക് അനുവദിച്ച സബ്‌സിഡി തുക ഹാജിമാരുടെ എണ്ണവുമായി ഗുണിക്കുമ്പോള്‍ കിട്ടേണ്ടതാണ് ആകെ സബ്‌സിഡി എങ്കില്‍ 387, 747, 540, 398, 485 എന്ന ക്രമത്തിലായിരിക്കണം ആകെ സബ്‌സിഡി. എന്നാല്‍ ഈ വ്യത്യാസം എങ്ങിനെ സംഭവിച്ചുവെന്ന് സംശയത്തിനിടമില്ലാത്ത വിധം വ്യക്തമാക്കപ്പെട്ടിട്ടില്ല.

ഇനി എയര്‍ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് നോക്കാം. സാധാരണ സീസണില്‍ മറ്റു വിമാന കമ്പനികള്‍ കോഴിക്കോട്-ജിദ്ദ-കോഴിക്കോട് യാത്രക്ക് ഈടാക്കുന്നത് ശരാശരി 20,000 രൂപയാണ്. പിന്നെയെന്തിനാണ് കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് വേളയില്‍ ഇതേ റൂട്ടില്‍ 54,800 രൂപ (ടേബിള്‍-1 കാണുക) ഈടാക്കിയത്? ഹാജിമാരെ കൊണ്ട് പോകാനും തിരിച്ചുമായി രണ്ട് പ്രാവശ്യം വിമാനം പറക്കേണ്ടി വരുമെന്നത് ഇവിടെ വിസ്മരിക്കുന്നില്ല. എങ്കിലും പരമാവധി 40,000 രൂപ വേണ്ടിടത്താണ് 15,000 രൂപ അധികം ഈടാക്കിയിരി ക്കുന്നത്. ഒന്നേകാല്‍ ലക്ഷം പേര്‍ ഹജ്ജിനായി യാത്ര ചെയ്യുമെന്ന് മുന്‍കൂട്ടി അറിവുള്ള സ്ഥിതിക്ക്, ഓപണ്‍ ടെന്‍ഡര്‍ വഴി സ്വകാര്യ കമ്പനികളില്‍ നിന്നും വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്താന്‍ 25,000-30,000 രൂപക്ക് ഹാജിമാര്‍ക്ക് പോയി വരാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 2008ല്‍ എയര്‍ ഇന്ത്യയുടെ നിരക്ക് 72,640 (ടേബള്‍-1 കാണുക) രൂപയായിരുന്നു. ഇതിന്റെ കാരണവും ആര്‍ക്കുമിറിയില്ല. ഹജ്ജ് സീസണില്‍ വിമാന നിരക്ക് അടിസ്ഥാനമില്ലാതെ കൂട്ടി വലിയൊരു തുക ഹജ്ജ് സബ്‌സിഡിയെന്ന നിലക്ക് എയര്‍ഇന്ത്യക്ക് നല്‍കിയെന്നത് ഇതിന്റെ ഒരു വശം. മറു വശത്ത് ഹജ്ജ് സബ്‌സിഡി പെരുപ്പിച്ച് കാണിച്ച് പല ഉന്നതര്‍ക്കും വിഹിതം പറ്റാനുള്ള വഴിയുമൊരുക്കി. ഇത് വിശ്വാസികളോടുള്ള കൊടും വഞ്ചനയാണ്.

കഴിഞ്ഞ കൊല്ലത്തെ (2011) ഹജ്ജ് യാത്രക്ക് ഒരു ഹാജിക്ക് ആവശ്യമായ വിദേശ നാണ്യമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചത് ഗ്രീന്‍ കാറ്റഗറിയില്‍ 8,291-50 സൗദി റിയാലും വൈറ്റ് കാറ്റഗറിയില്‍ 7,491-50 സൗദി റിയാലും അസീസിയ കാറ്റഗറിയില്‍ 6,911-50 സൗദി റിയാലുമാണ്. (ഹറമില്‍ നിന്നും താമസ സ്ഥലത്തേക്കുള്ള ദൂരത്തിന്റെ അടിസ്ഥാനത്തിലാണ് കാറ്റഗറികള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. 1,200 മീറ്റര്‍ വരെ ഗ്രീനും 1201 മുതല്‍ 2000 മീറ്റര്‍ വരെ വൈറ്റും ശേഷം അസീസിയയുമാണ്. എന്നാല്‍ ഇക്കൊല്ലം (2012) മുതല്‍ രണ്ട് കാറ്റഗറി മാത്രമാണുള്ളത്. 1,500 മീറ്റര്‍ വരെ ഗ്രീനും ശേഷം അസീസിയയും). മേല്‍ പറഞ്ഞ സൗദി റിയാലിന് തുല്യമായ രൂപയാണ് ഓരോ കാറ്റഗറിയിലും പെട്ട ഹാജിമാര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് നല്‍കേണ്ടത്. ഇതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിക്കുന്ന രൂപ-സൗദി റിയാല്‍ വിനിമയ നിരക്കാണ് ഉപയോഗിക്കുന്നത്. 2011 ജൂലൈയില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കുമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉണ്ടാക്കിയ കരാര്‍ പ്രകാരം രൂപ-സൗദി റിയാല്‍ വിനിമയ നിരക്കായി നിശ്ചയിച്ചത് 12.1935 എന്നാണ്. എന്നാല്‍ ഫോറക്‌സ് ഇടപാടുകള്‍ നടത്തുന്ന വിവിധ ഇന്റര്‍നെറ്റ് സൈറ്റുകള്‍ പരിശോധിച്ചപ്പോള്‍ ഇക്കാലയളവിലെ മാസാന്തര ശരാശരി രൂപ-സൗദി റിയാല്‍ വിനിമയ നിരക്ക് തികച്ചും വ്യത്യസ്തമാണ്. സൈറ്റുകളില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 2011 ജൂലൈയില്‍ 11.83, 2011 ജൂണില്‍ 11.95 2011 മെയില്‍ 11.94 എന്നിങ്ങനെയാണ്. ഏകദേശം മുപ്പതോളം പൈസയുടെ വ്യത്യാസം. വിനിമയ നിരക്കില്‍ ഒരു പൈസയുടെ വ്യത്യാസം ഉണ്ടാകുമ്പോള്‍ ഒന്നേകാല്‍ ലക്ഷം ഹാജിമാരില്‍ നിന്ന് ഒരു കോടിയോളം രൂപയാണ് സര്‍ക്കാര്‍ അടിച്ചു മാറ്റുന്നത്. അപ്പോള്‍ മുപ്പത് പൈസയുടെ വ്യത്യാസം എത്രയാണെന്ന് ആലോചിക്കാവുന്നതേ യുള്ളൂ. ഇക്കൊല്ലത്തെ (2012) വിനിമയ നിരക്ക് ഇതെഴുതുന്നത് വരെ ലഭ്യമല്ല. 2012 ജൂലൈ 19 ആണ് തുക അടക്കാനുള്ള അവസാന തീയ്യതി.

വിവിധ കാറ്റഗറികളില്‍ കണക്കാക്കിയിരിക്കുന്ന ചിലവുകള്‍, ഹജ്ജ് കമ്മിറ്റി തന്നെ വിശദീകരിച്ചിരിക്കുന്നത് ചുവടെ ചേര്‍ക്കുന്നു.
hajj tabl

ഇപ്രകാരം ഒന്നേകാല്‍ ലക്ഷം ഹാജിമാരില്‍ നിന്നായി നൂറ് കോടിയോളം രൂപയാണ് കഴിഞ്ഞ കൊല്ലം (2011) അധികമായി ഈടാക്കിയത്. എന്നാല്‍ സൗദിയില്‍ ഹാജിമാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയുള്ള കൂട്ടായ്മയായ 'സൗത്ത് ഏഷ്യന്‍ മൊസാസ'ക്ക് 600 റിയാല്‍ വീതം ഓരോ ഹാജിമാര്‍ക്കും വേണ്ടി ചിലവായിട്ടുണ്ടെന്നാണ് പത്രക്കാരുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ. അറിയിച്ചത്. അതേ സമയം, സൗത്ത് ഏഷ്യന്‍ മൊസാസയിലെ മറ്റു മെമ്പര്‍മാരായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, നേപാള്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരാരും ഇത്തരത്തില്‍ പണം ചിലവാക്കിയിതായി അറിവില്ല. മാത്രമല്ല, ഇത്തരമൊരു ചിലവിനെകുറിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ ഗൈഡ്‌ലൈന്‍സില്‍ പ്രതിപാദിച്ചിട്ടുമില്ല. ആയതിനാല്‍ മൊസാസക്ക് പണമടച്ചിട്ടുണ്ടെങ്കില്‍ അത് ചട്ടലംഘനമാണ്. മക്കയിലെ താമസ യാത്ര സൗകര്യങ്ങള്‍ക്കായി ആവശ്യത്തിലധികം തുകയാണ് ഹാജിമാരില്‍ നിന്ന് ഈടാക്കിയിരിക്കുന്നത്. ഒരാള്‍ക്ക് 45 സ്‌ക്വയര്‍ ഫീറ്റ് (ഒരു മുറിയില്‍ ആറോ എട്ടോ പേര്‍) എന്നതാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ച താമസ സൗകര്യം. സ്വകാര്യ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ പലരും 1500-2000 സൗദി റിയാലിന് അസീസിയ കാറ്റഗറിക്കാര്‍ക്ക് മക്കയില്‍ താമസവും യാത്രയും ഒരുക്കിയപ്പോള്‍ സര്‍ക്കാറിന്റേത് 2,620 സൗദി റിയാലായിരുന്നു. ഈ വ്യത്യാസം മറ്റു കാറ്റഗറികളിലുമുണ്ട്. ഇവിടെയും കോടികളാണ് ഹാജിമാരില്‍ നിന്നും പിടിച്ചു പറിച്ചിരിക്കുന്നത്.

ഇതിനൊക്കെ പുറമെയാണ് ഹജ്ജ് സൗഹൃദ പ്രതിനിധി സംഘമെന്ന പേരില്‍ സര്‍ക്കാര്‍ ചിലവില്‍ പഞ്ചനക്ഷത്ര സൗകര്യത്തില്‍ ഹജ്ജ് നിര്‍വ്വഹിക്കുന്ന അമ്പതോളം വരുന്ന രാഷ്ട്രീയക്കാരുടെയും മത നേതാക്കളുടെയും സില്‍ബന്തികളുടെയും ചിലവുകള്‍. ഈ സംഘത്തില്‍ ഉള്‍പ്പെടാന്‍ മത നേതാക്കളടക്കമുള്ളവര്‍ നടത്തുന്ന പേക്കുത്തുകള്‍ രഹസ്യമല്ല. എന്നാല്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇവര്‍ എന്തൊക്കെ ചെയ്തുവെന്ന് ആര്‍ക്കുമറിയില്ല. ഏതായാലും സുപ്രിംകോടതി വിധിയോടെ ഇതും ഇല്ലാതാവുകയാണ്. അത്യാവശ്യമെങ്കില്‍ മാത്രം ഒരു നേതാവും ഉപനേതാവുമടങ്ങുന്ന സംഘം മതിയെന്നും സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഒന്നേകാല്‍ ലക്ഷം വരുന്ന സര്‍ക്കാര്‍ ഹജ്ജ് ക്വാട്ടയില്‍ അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത അയ്യായിരത്തോളം പേരടങ്ങുന്ന ഒരു ഉപക്വാട്ടയുണ്ട്. ഗവണ്‍മെന്റ് ക്വാട്ടയെന്നറിയപ്പെടുന്ന ഈ വിഭാഗം, എം.പി.മാരുടെ ശുപാര്‍ശക്കത്തിലൂടെയാണ് ഹജ്ജ് ബര്‍ത്ത് ഉറപ്പിക്കുന്നത്. ഹജ്ജ് നിര്‍വ്വഹണത്തിന് ഇസ്ലാം നിഷ്‌കര്‍ശിച്ച അടിസ്ഥാന യോഗ്യതകളില്‍ വെള്ളം ചേര്‍ത്ത് ഉപജാപങ്ങളെ സൃഷ്ടിക്കാന്‍ അവസരമൊരുക്കുന്ന ഇത്തരം പ്രവണതകള്‍ അവസാനിപ്പിച്ചേ മതിയാവൂ.

വിശ്വാസികള്‍ ഏറ്റവും മഹത്തരമായി കരുതുന്ന ഹജ്ജിന്റെ കാര്യത്തില്‍ ദൗര്‍ഭാഗ്യവശാല്‍ വൃത്തികെട്ട കച്ചവട താല്‍പര്യങ്ങള്‍ പലതും വന്നു ചേര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ ഹജ്ജ് സംവിധാനത്തെയാകമാനം അഴിച്ചു പണിയുന്ന ബൃഹത്തായ ഒരു പ്രക്രിയ നടക്കേണ്ടതുണ്ട്. മലേഷ്യയിലെ പില്‍ഗ്രിംസ് മാനേജ്‌മെന്റ് ഫണ്ട് (തബുന്‍ഗ് ഹജ്ജ്) നമുക്കും മാതൃകയാക്കാവുന്നതാണ്. ഹജ്ജിന് പോകാനാഗ്രഹിക്കുന്നവരില്‍ നിന്ന് മാസം തോറും നിശ്ചിത തുക പലിശ രഹിത നിക്ഷേപമായി സ്വീകരിച്ച്, ഇസ്ലാമിക രീതിയില്‍ വ്യവസായിക വാണിജ്യ സേവന രംഗങ്ങളില്‍ നിക്ഷേപിച്ച് കിട്ടുന്ന ലാഭം അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ഒരു സര്‍ക്കാര്‍ സംവിധാനമാണിത്. 1963 ല്‍ തുടക്കമിട്ട ഈ സംരംഭം ഇന്ന് നൂറോളം ബ്രാഞ്ചുകളില്‍ വ്യാപിച്ച് ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക് അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നാണ്. മാസത്തില്‍ ഏറ്റവും കുറഞ്ഞത് 10 മലേഷ്യന്‍ റിന്‍ഗിറ്റ് (ഏകദേശം 175 രൂപ) മുതല്‍ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. ഇച്ഛാശക്തിയും താല്‍പര്യവുമുണ്ടെങ്കില്‍ നമ്മുടെ നാട്ടിലും നടപ്പാക്കാന്‍ പറ്റുന്നതാണ് ഇത്തരം സംവിധാനങ്ങള്‍

വിശ്വാസികളെ വഞ്ചിച്ച് ഹജ്ജിനെ കച്ചവടവല്‍ക്കരിക്കുന്നവരെ തുറന്ന് കാട്ടാനും നിലക്ക് നിറുത്താനുമുള്ള ബാധ്യത വിശ്വാസികള്‍ക്കുണ്ട്. മുസ്ലിം സംഘടനകള്‍ ഇക്കാര്യത്തില്‍ കുറെക്കൂടി ജാഗ്രത കാണിക്കണം. വര്‍ഷങ്ങളായി, സമ്പാദ്യത്തില്‍ നിന്ന് മിച്ചം പിടിച്ച് ഹജ്ജിന് പോകാന്‍ തയ്യാറെടുത്തിരിക്കുന്ന ധാരാളം വിശ്വാസികളുണ്ട്. അവരുടെ വികാരങ്ങളെ മനസ്സിലാക്കി പരമാവധി ആളുകള്‍ക്ക് ഹജ്ജിന് പോകാനുള്ള അവസരം സര്‍ക്കാര്‍ സൃഷ്ടിക്കണം. സുപ്രിം കോടതി വിധി ഇതിനൊരു നമിത്തമാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

O.M Abdulla Gurukkal
-ഒ.എം. അബ്ദുല്ല ഗുരുക്കള്‍

Keywords: Article, Hajj, O.M Abdulla Gurukkal.

Post a Comment