Follow KVARTHA on Google news Follow Us!
ad

നല്ല അധ്യാപകര്‍ അറിയാന്‍

വികാരം എന്തെന്ന് വ്യക്തമായി നിര്‍വ്വചിക്കാന്‍ സാധ്യമല്ല. ശക്തിമത്തായ വിചാരങ്ങളും പ്രക്ഷോഭങ്ങളും ആകുന്നു വികാരങ്ങള്‍. Article, Voice to good Teachers, K.Raveendran

വികാരം എന്തെന്ന് വ്യക്തമായി നിര്‍വ്വചിക്കാന്‍ സാധ്യമല്ല. ശക്തിമത്തായ വിചാരങ്ങളും പ്രക്ഷോഭങ്ങളും ആകുന്നു വികാരങ്ങള്‍. ഒരു വ്യക്തിയുടെ ജീവിതത്തില്‍ വികാരം പ്രത്യേകിച്ച് ശക്തിജനകമായ പങ്കുവഹിക്കുന്നുണ്ട്. അനേകം തരത്തിലുള്ള പ്രേരണകളെന്നപോലെ വികാരവും വ്യക്തിയുടെ പ്രവര്‍ത്തനത്തെ ഉണര്‍ത്തുന്നു, നിലനിര്‍ത്തുന്നു, നിയന്ത്രിക്കുന്നു. എന്നാല്‍, അത് മറ്റുള്ള തരത്തിലുള്ള പ്രേരണകളില്‍ നിന്നും വ്യത്യസ്ഥമാണ്. ഏതായാലും പ്രത്യേകമായ ചില വികാരങ്ങളെ കുറിച്ച് പരിശോധിക്കാം

കോപം: കോപം എന്ന പദം അനേകം തരത്തിലുള്ള വൈകാരിക അവസ്ഥകളെ കുറിക്കുന്നു. അക്ഷുപ്തമായ കോപം മുതല്‍ വെറുപ്പ്, ശല്യം, മുഷിപ്പ് എന്നിവ വരെയുള്ള വികാരങ്ങളെല്ലാം കോപത്തിന്റെ ഇനത്തില്‍പ്പെടുന്നവയാകുന്നു. അസൂയയാല്‍ കോപത്തിന്റെ അംശങ്ങളും ഭയത്തിന്റെ അംശങ്ങളും കൂടി ചേര്‍ന്നുകാണുന്നു. മറ്റൊരാളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ സാധിക്കാതെയും വികാരങ്ങളെ അടക്കി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരിക്കുമ്പോഴുമാണ് കോപമുണ്ടാകുന്നത്. യഥാര്‍ത്ഥത്തില്‍ കോപം ഒരുതരം ബലഹീനതയുടെ ഫലമാണ്. എന്നാല്‍ മനപൂര്‍വ്വമായും ഫലപ്രദമായും മറ്റുള്ളവരെ വിരട്ടുവാന്‍ ഉപയോഗിക്കുന്ന കോപം ബലഹീനതയുടെ ഫലമല്ല. ഒരു വ്യക്തിയുടെ കഴിവിനും ആഗ്രഹത്തിനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുമ്പോഴും അവന് കോപമുണ്ടാകുന്ന സന്ദര്‍ഭങ്ങളും വര്‍ദ്ധിക്കുന്നു. അതേപ്രകാരം, ഒരു കുട്ടിയുടെ യഥാര്‍ത്ഥ വൈദഗ്ധ്യത്തിനും മറ്റുള്ളവര്‍ അവനില്‍ നിന്നും പ്രതീക്ഷിക്കുന്ന വൈദഗ്ധ്യത്തിനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുമ്പോഴും കോപമുണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ അധികമാകുന്നു.

അനാരോഗ്യം ഉറക്കമില്ലായ്മ, ക്ഷീണം, ബുദ്ധിമുട്ടുകള്‍ ഇവയെല്ലാം എളുപ്പത്തില്‍ ഒരു കുട്ടിയെ കോപ ബാധിതനാകുവാന്‍ സഹായിക്കുന്നു. പരസ്പരവിരുദ്ധമായ പ്രവര്‍ത്തികള്‍ ചെയ്യിക്കുമ്പോഴും ദൃശ്യമായ യാതോരു പുരോഗതിയും കൂടാതെ ഒരേ പ്രവര്‍ത്തി തന്നെ ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുമ്പോഴും അവനില്‍ മുഷിപ്പ് വര്‍ദ്ധിക്കുകയും തന്മൂലം കോപമുണ്ടാവുകയും ചെയ്യുന്നു. ക്ലാസുമുറികളില്‍ ആവര്‍ത്തിച്ച് ഒരുവിടാന്‍ കുട്ടികളെ നിര്‍ബന്ധിക്കുമ്പോഴും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാകാവുന്നതാണ്. അതുപോലെ തന്നെ ഒരുവന്റെ പ്രവര്‍ത്തനങ്ങളെ അനാവശ്യവും കര്‍ശനവുമായ മേല്‍നോട്ടത്തിനു വിധേയമാകുമ്പോള്‍ കോപമുണ്ടാകാന്‍ ഇടയുണ്ട്. ഒരു വിദ്യാര്‍ത്ഥി ഒരു പ്രവര്‍ത്തനത്തില്‍ പരാജയപ്പെട്ട് മുഷിഞ്ഞിരിക്കുമ്പോള്‍ അധ്യാപകന്‍ അവനെ ശകാരിച്ചാല്‍ അവനില്‍ കോപമുണ്ടാകും. അവന്‍ അധ്യാപകനെ എതിര്‍ക്കുകയും ചെയ്തുവെന്നുവരാം. അത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാകതെ സൂക്ഷിക്കേണ്ടത് അധ്യാപകന്റെ കടമയാണ്.

ഭയം: ആസന്നമായ അപായത്തെ സ്വ ശക്തികൊണ്ട് തരണം ചെയ്യുവാന്‍ സാധ്യമല്ലെന്ന് തോന്നുന്ന സന്ദര്‍ഭങ്ങലിലാണ് ഒരു വ്യക്തിയില്‍ ഭയമുണ്ടാകുന്നത്. ശിശുക്കളില്‍ അര്‍ത്ഥശൂന്യവും അനാവശ്യവുമായ ഭയങ്ങള്‍ ധാരാളം കണ്ടു വരുന്നുണ്ട്. ഈ അവസ്ഥ ഗൃഹത്തിലോ വിദ്യാലയത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ശിശുവിദ്യാഭ്യാസത്തില്‍ പങ്കെടുക്കുന്ന എല്ലാവരെയും വെല്ലുവിളിക്കുന്നു. വിദ്യാലയത്തിലെ പ്രവര്‍ത്തന പദ്ധതിയെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ നാം ശ്രദ്ധ ചെലുത്തി കാണുന്നില്ല. എല്ലാവര്‍ക്കും സ്വ അനുഭവത്തില്‍ നിന്നും തന്നെ ഭയം വരുത്തികൂട്ടുന്നു. അപായങ്ങളെ കുറിച്ച് അറിവ് ലഭിക്കും. എന്നിട്ടും, പാഠ്യപദ്ധതിയിലും വിഷയത്തിലും കുട്ടികളുടെ ജീവിതത്തില്‍ ഭയത്തിനുള്ള സ്ഥാനത്തെപ്പറ്റി ഒരു വാക്കുപോലും പറഞ്ഞുകാണുന്നില്ല. കുട്ടികളുടെ വൈകാരിക പ്രവര്‍ത്തനങ്ങളില്‍ വിദ്യാലയത്തിനുള്ളിലെ സ്വാധീന ശക്തി പരിമിതമാണെങ്കിലും, പ്രധാനമാണ്. അധിക കുട്ടികളും പരാജയം, അപമാനം, ത്യാഗം എന്നിവ രൂക്ഷമായി അുഭവിക്കുന്നുണ്ട്. വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് പഠിക്കേണ്ടത് ഏതെന്ന് തീര്‍ച്ചയാക്കേണ്ടത് ചില ആചാരങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടാകുന്നു. കുട്ടികള്‍ക്ക് വൈകാരികപരമായ ഗുണങ്ങള്‍ നല്‍കുവാന്‍ പറ്റിയ വിഷയങ്ങളെന്താല്ലാമാണെന്ന് മനസ്സിലാക്കാന്‍ പറ്റിയ ഗവേഷണങ്ങള്‍ വേണ്ടപോലെ നടത്തിയിട്ടില്ലെന്നു തന്നെ പറയാം.

വിദ്യാലയത്തില്‍ ഒരു ക്ലാസിലുള്ള മറ്റ് വിദ്യാര്‍ത്ഥികളോടൊപ്പം പുരോഗതിയില്ലായ്മ നിമിത്തം ചില വിദ്യാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തനങ്ങളില്‍ സന്തോഷം നല്‍കുന്നില്ല. മറ്റു ചില വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തി ആവശ്യമുള്ളിടത്തോളം കാഠിന്യമില്ലാത്തതുകൊണ്ട് മുഷിയുകയോ ദിവാസ്വപ്‌നം കാണുകയോ, വികൃതികാണിക്കുകയോ ചെയ്യുന്നത് സാധാരണയാണ്. ഒരു ക്ലാസിലുള്ള ഓരോ കുട്ടിക്കും അനുയോജ്യമായ പ്രയോജനങ്ങള്‍ നല്‍കുകയും അവന്റെ കഴിവിന് ഒതുങ്ങുന്നവയുമായ പദ്ധതികള്‍ തയ്യാറാക്കുന്നതിന് സാധ്യമല്ല. എന്നാല്‍, ഏതു പദ്ധതിയിലും കഴിവ് കുറഞ്ഞ കുട്ടികളുടെ ആവശ്യമനുസരിച്ച് മാറ്റങ്ങള്‍ വരുത്തി അവരേയും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുകയെന്നത് സാധ്യമാണ്. ഗണിത ശാസ്ത്രത്തില്‍ മോശമായ ഒരു കുട്ടി ചിത്രം വരയ്ക്കുന്നതിലോ സംഗീതത്തിലോ പ്രത്യേക പാടവമുള്ളവനായി കാണപ്പെട്ടാല്‍ അവന് ആ വിഷയങ്ങളുടെ പഠനത്തില്‍ കൂടുതല്‍ ആനുകൂല്യങ്ങളും സ്വാതന്ത്ര്യവും കൊടുക്കുന്നതും നല്ലതാണ്. കൂടുതല്‍ കഴിവുകള്‍ കാണിക്കുന്ന ഒരു കുട്ടിക്ക് പ്രത്യേക തരത്തിലുള്ള അഭ്യാസങ്ങള്‍ കൊടുക്കുന്നതും പദ്ധതിയില്‍ വരുത്താവുന്ന ഗുണകരമായ മാറ്റങ്ങളാണ്.

സ്‌നേഹം: സ്‌നേഹത്തിന്റെ ആവശ്യവും ഫലങ്ങളും ഒരു ദിശയിലായി മാത്രമല്ല പ്രവര്‍ത്തിക്കുന്നത് ജനിച്ചു വളരെ കഴിയുന്നതിന് മുമ്പു തന്നെ മാതാപിതാക്കന്മാരാല്‍ സ്‌നേഹിക്കപ്പെടുന്ന ശിശു അവരേയും സ്‌നേഹിക്കുവാന്‍ തുടങ്ങുന്നു. കുട്ടികളോട് മുതിര്‍ന്നവര്‍ കാണിക്കുന്ന സ്‌നേഹവും, ശ്രദ്ധയും എത്രതന്നെ കുറവായിരുന്നാലും കുട്ടികള്‍ക്ക് അവരോടുള്ള സ്‌നേഹം വ്യക്തമായികാണുന്നു. ഒരു വ്യക്തിയുടെ ജീവിതകാലം മുഴുവനും സ്‌നേഹത്തിന് പ്രധാനമായ ഒരു സ്ഥാനമുണ്ട്. കുട്ടികള്‍ അധ്യാപകന്മാരില്‍ നിന്നും സംഘതലവന്മാരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും സ്‌നേഹാദരങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഒരു നല്ല പിതാവിലും, നല്ല അധ്യാപകനിലും പൊതുവായി കാണുന്ന ലക്ഷണങ്ങള്‍ ധാരളമുണ്ട്. ജീവിതത്തിലെ ഏത് തുറകളിലും അത്യന്താപേക്ഷിതമായ സല്‍സ്വഭാവമുള്ള അധ്യാപകനെയാണ് കുട്ടികള്‍ ഏറ്റവും സ്‌നേഹിക്കുന്നതെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. ഒരു അധ്യാപകനില്‍ പ്രത്യേകിച്ച് ആര്‍ദ്രമായ അലിവ് സഹതാപം എന്നിവ കുട്ടികളോടുണ്ടാകണം. സ്‌നേഹം കൊണ്ടുമാത്രം എല്ലാ പ്രശ്‌നങ്ങളേയും അഭിമുഖീകരിക്കുവാന്‍ സാധ്യമല്ല. സ്‌നേഹ സമ്പന്നനായ അധ്യാപകന് അധ്യാപന കൗശലം ഉള്ളവനായിരിക്കണം. അധ്യാപകന് കുട്ടികളോടുള്ള സ്‌നേഹം പഠന പ്രവര്‍ത്തനത്തിന് സഹായകരമായിരിക്കും. അത് അവനെ സ്‌നേഹസമ്പന്നനാക്കുന്നില്ല. സ്‌നേഹത്തിനുള്ള പ്രാധാന്യത്തെ ലാക്കാക്കി കുട്ടികളെ സ്‌നേഹിക്കുന്നതായി നടിക്കേണ്ടതില്ല. കുട്ടികളുടെ പഠനാന്തരീക്ഷത്തെ കൃത്യമായി സന്തോഷഭരിതവും രക്ഷാബോധഭരിതവും ആക്കുന്നതിലോ യാതൊരു പ്രയോജനവുമില്ല. കുട്ടികളെ അവന്റെ താല്‍പര്യങ്ങളെ സ്‌നേഹത്തിന്റെ പേരില്‍ അധ്യാപകന്‍ കുട്ടിക്കുവേണ്ടി ചെയ്തു തീര്‍ക്കുന്നത് അക്ഷന്തവ്യമായ മഹാ അപരാധമായിരിക്കും.

കാമം: കാമം അധിപ്രധാനമായ ഒരു വികാരമാണ്. കാമത്തെ പ്രത്യക്ഷമായി തൃപ്തിപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ സമദായത്തിന് സ്വീകാര്യമല്ല. അതിനെ പരോക്ഷമായി തൃപ്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അനേകമുണ്ട്. തല്‍ഫലമായി കാല്‍പനിക സാഹിത്യങ്ങള്‍ സ്‌നേഹ ഗാനങ്ങള്‍ ഭാവപ്രധാനമായ ലേഖനങ്ങള്‍, ഇവയെല്ലാം കാമ പ്രധാനമാണെങ്കിലും കൂടി സമൂഹത്തിന് സ്വീകാര്യവുമാണ്. ചിത്രം, കല, സംഗീതം, നാട്യം എന്നിവ വാസ്തവത്തില്‍ കാമ പ്രധാനമായിതോന്നുന്നില്ലെങ്കിലും യഥാര്‍ത്ഥത്തില്‍ അവ കാമംശം ധാരാളമായുള്ള പ്രവര്‍ത്തനങ്ങളാണ്. ഒരു വ്യക്തിക്ക് നേരിടുന്ന പ്രശ്‌നത്തിന്റെ സ്വഭാവത്തെ മനസിലാക്കുന്നതില്‍ ഏര്‍പ്പെടുന്ന ചിന്താഗതികളുടെ സംയുക്തഫലങ്ങളാണ് അവന്റെ വൈകാരിക പ്രവര്‍ത്തനം. ഒരു വിദ്യാര്‍ത്ഥി ചോദിച്ച ചോദ്യം അസംഗതമോ, അസംകൃതമോ അര്‍ത്ഥശൂന്യമോ ആണെന്ന കാര്യത്തിന്മേല്‍ ഒരു അധ്യാപകന്‍ അതിനെ അവഗണിക്കുമ്പോള്‍ വിദ്യാര്‍ത്ഥി തനിക്ക് മാനഹാനിവന്നതായി വിചാരിച്ചേക്കാം. അവന്റെ ചോദ്യം മറ്റൊരു തരത്തില്‍ ഉന്നയിക്കാന്‍ പ്രേരിപ്പിക്കണം. അതിന് അധ്യാപകന്‍ ശരിയായ ഉത്തരവും നല്‍കേണ്ടിവരും. അധ്യാപകനും പല വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. ഉത്തരം പറയാന്‍ കഴിയാത്ത ഒരു ചോദ്യം ഒരു കുട്ടി ചോദിക്കുന്നത് തനിക്ക് അപമാനകരമാണെന്ന് അധ്യാപകന്‍ ഭയപ്പെട്ടേക്കും. ആ ഒരു ചോദ്യം ഒരു പക്ഷേ, അധ്യാപന രീതിയിലുള്ള ദൂഷ്യത്തെ സൂചിപ്പിക്കുന്നതായിരിക്കും. അതുകൊണ്ടാവാം അധ്യപകന്‍ അതിനെ അവഗണിച്ചതെന്നുള്ള വസ്തുത വിദ്യാര്‍ത്ഥി മനസിലാക്കുന്നു. വിഷയങ്ങള്‍ രസിച്ച് മനസ്സിലാക്കുവാനും ചോദ്യം ചോദിക്കുവാനുള്ള താല്‍പര്യം കുട്ടികളില്‍ വളര്‍ത്തുന്നതില്‍ വൈദഗ്ദ്ധ്യം നേടുന്നതുകൊണ്ട് ഒരു അധ്യാപകന് വിജയവും പ്രശസ്തിയും ഉണ്ടാകുമെന്ന് അധ്യാപകന്‍ മനസിലാക്കേതുണ്ട്. വിദ്യാര്‍ത്ഥിയും അധ്യാപകനും പരസ്പരം മനസ്സിലാക്കുകയും പ്രശ്‌നങ്ങളെ പുനര്‍ വ്യാഖാനിക്കുകയും ചെയ്യുന്നതായാല്‍ അനേകം തരത്തിലുള്ള വൈകാരിക പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുന്നതേയില്ല. ന്യായ ധൈരങ്ങളോടുകൂടി പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചാല്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.

വൈകാരിക നിയന്ത്രണത്തിന് പ്രായോഗികമായ ഉപായങ്ങള്‍

വൈകാരിക നിയന്ത്രണത്തിന് പറ്റിയ മൗലീക നിര്‍ദ്ദേശങ്ങളെ ആരാഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ എല്ലാ സന്ദര്‍ഭങ്ങളിലും സാധ്യമാവുകയില്ല. പ്രത്യേകിച്ച് അത്യാസന്നമായ അപായങ്ങളെ തരണം ചെയ്യേണ്ട ഘട്ടത്തില്‍ അത് പ്രായോഗികമാവുന്നില്ല. അത്തരം സന്ദര്‍ഭത്തില്‍ സഹായിക്കുന്ന ചില ഉപായങ്ങള്‍.

ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുക: നിയന്ത്രണാതീതമായ അപായം ആസന്നമായിരിക്കുമ്പോള്‍ വല്ല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നതായാല്‍ വൈകാരിക പ്രശ്‌നങ്ങള്‍ കുറായാനിടയുണ്ട്. മനോ മാന്ദ്യത്തെയും, ഭയത്തേയും, കോപത്തേയും കുറയ്ക്കുന്നതിന് പ്രവര്‍ത്തി വളരെ സഹായിക്കും. ദേഷ്യപ്പെടുമ്പോള്‍ വീടിന് ചുറ്റും ഓടുക തുടങ്ങിയ മനശാസ്ത്രപരമായി യുക്തമായ പ്രവര്‍ത്തനങ്ങളാണ് പ്രവത്തിമൂലം അനേകം മനോമാലിന്യങ്ങളേയും വികാരങ്ങളേയും തരണം ചെയ്യാം. പ്രവര്‍ത്തനം വികാരങ്ങളെ ശമിപ്പിച്ച് അതിന് നിയന്ത്രിക്കാനും വികാരജനകമായ സന്ദര്‍ഭത്തെ തരണം ചെയ്യുവാനുമുള്ള വഴികള്‍ ആരായുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നു.

അതുപോലെ തന്നെ വികാര നിയന്ത്രണം അത്യന്താപേക്ഷിതമാണ്. കളി ഒരു കുട്ടിയുടെ ശക്തിയേയും ഓര്‍മ്മയേയും ഉണര്‍ത്തുന്നു. അത് അവന്റെ കല്‍പ്പനാ ശക്തിയെ പ്രോത്സാഹിപ്പിക്കുന്നു. കായികവും മാനസികവുമായ കഴിവുകളെ വളര്‍ത്തുന്നു. മറ്റുള്ളവരെ മനസിലാക്കുവാനും അവനില്‍ സ്‌നേഹവും സഹതാപവും ഉണ്ടാക്കുവാനും കളി അവനെ സാഹായിക്കുന്നു. ഏതായാലും വികാരങ്ങള്‍ക്കും വിദ്യഭ്യാസത്തിനും അഭേദ്യമായ ബന്ധമുണ്ട്. അതിനാല്‍ വികാരങ്ങളെ ശരിയായ വിധം മനസ്സിലാക്കി അതിനെ ശരിയായി നിയന്ത്രിച്ച് വിദ്യഭ്യാസത്തിനനുയോജ്യമായ വിധത്തില്‍ വളര്‍ത്തികൊണ്ടുവരേണ്ടത് വിദ്യാഭ്യാസ പുരോഗതിയെ ലാക്കാക്കി പ്രവര്‍ത്തിക്കുന്ന ഏതൊരു അധ്യാപകന്റേയും പ്രഥമവും പ്രധാനവുമായ കടമയും കര്‍ത്തവ്യവുമാണ്.


-കെ.രവീന്ദ്രന്‍ 
(പിലിക്കോട്ടെ പരേതനായ എ.കുഞ്ഞമ്പു മാസ്റ്ററുടെ ഡയറി കുറിപ്പില്‍ നിന്നും തയ്യാറാക്കിയ ലേഖനം)

Keywords: Article, Voice to good Teachers, K.Raveendran

Post a Comment