Follow KVARTHA on Google news Follow Us!
ad
Posts

സ്മിത വധകേസില്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി

Kochi, Murder, Court, Accused
മാവേലിക്കര: കൊയ്പ്പള്ളി കാരാഴ്മ ആര്‍.കെ. നിവാസില്‍ സ്മിതയെ (34) മാനഭംഗപ്പെടുത്തി പാടത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഓച്ചിറ വയനകം സന്തോഷ് ഭവനില്‍ വിശ്വരാജിനെയാണ്(22) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.

മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചെയ്തതായി കോടതിക്ക് ബോധ്യപ്പെട്ടു. ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന സ്മിതയെ വിശ്വരാജ് മാനഭംഗപ്പെടുത്തി പടത്തിട്ട് കൊല്ലുകയായിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്) ജഡ്ജി എ. ബദറുദീനാണ് പ്രതിയെ കുറ്റക്കാരനാണെന്ന് വിധിച്ചത്.

പ്രതിക്കുള്ള ശിക്ഷ കോടതി പിന്നീട് പ്രഖ്യാപിക്കും. കായംകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുകയും അഞ്ചു മാസത്തിനുള്ളില്‍ വിചാരണ ആരംഭിക്കുകയും ചെയ്തുവെന്ന പ്രത്യേകതയും ഇതിനുണ്ട്. കേസില്‍ സ്മിതയുടെ രക്ഷകര്‍ത്താക്കളുടെ അപേക്ഷപ്രകാരം അഡിഷനല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. രമണന്‍പിള്ളയെ പ്രത്യേക പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. മൊത്തം 48 സാക്ഷികളുള്ള കേസില്‍ പ്രതിക്കുവേണ്ടി അഭിഭാഷകരാരും ഹാജരാകാത്തതിനെ തുടര്‍ന്ന് അഡ്വ. ജി. മധുവിനെ പ്രതിക്കുവേണ്ടി ഹാജരാകാന്‍ കോടതി ചുമതലപ്പെടുത്തുകയായിരുന്നു.

2011 ഒക്‌ടോബര്‍ 24നു രാത്രി ഏഴുമണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിറങ്ങി വീട്ടിലേക്കു പോകുകയായിരുന്ന സ്മിതയെ വിശ്വരാജന്‍ വലിച്ചിഴച്ചു സമീപത്തെ കുളക്കരയില്‍വച്ചു മാനഭംഗപ്പെടുത്തി പാടശേഖരത്തിലെ വെള്ളത്തിലേക്കു തള്ളിയിടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ പോലീസിന്റെ സഹായത്തോടെ സ്മിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധചികില്‍സക്കായി കൊണ്ടുപോകുമ്പോള്‍ വഴിയില്‍വെച്ചാണ് മരണം സംഭവിച്ചത്. സൗമ്യ വധത്തിനുശേഷം കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊലകേസിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

Keywords: Kochi, Murder, Court, Accused

Post a Comment