Follow KVARTHA on Google news Follow Us!
ad

മന്ത്‌രോഗ ചികിത്സയില്‍ ലോകപ്രശസ്തിയാര്‍ജിച്ച ഐ.എ.ഡിയുടെ വെബ്‌സൈറ്റ് തകര്‍ത്ത് രഹസ്യം ചോര്‍ത്തി

Kasaragod, Website, Secret, Email
കാസര്‍കോട്: സംയോജിത മന്ത് രോഗ ചികിത്സയില്‍ ഇതിനകം തന്നെ ലോകപ്രശസ്തിയാര്‍ജിച്ച ഉളിയത്തടുക്കയിലെ എ.എ.ഡി(ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോജി)യുടെ വെബ് സൈറ്റ് ഹാര്‍ക്കര്‍മാര്‍ തകര്‍ത്ത് രഹസ്യങ്ങള്‍ ചോര്‍ത്തി. ഡോ. നരഹരിയുടെ സ്വകാര്യ മെയില്‍ അക്കൗണ്ടില്‍ നിന്നുള്ള വിവരങ്ങളും ഗൂഢസംഘം ചോര്‍ത്തിയെടുത്തിട്ടുണ്ട്. 2008ലും ഡോക്ടറുടെ മെയില്‍ അക്കൗണ്ട് അജ്ഞാതസംഘം ചോര്‍ത്തിയിരുന്നു. ഇത് സംബന്ധിച്ച് നേരത്തേ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നു. വെബ്‌സൈറ്റ് തകര്‍ത്തതിനും വിവരങ്ങള്‍ ചോര്‍ത്തിയതിനും ഐ.ടി ആക്ട് സെക്ഷന്‍ 66 പ്രകാരം വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കേസന്വേഷണം കാസര്‍കോട് സി.ഐ ഏറ്റെടുത്തിട്ടുണ്ട്.

www.iad.org.in എന്ന വെബ്‌സൈറ്റാണ് ഹാര്‍ക്കര്‍മാര്‍ തകര്‍ത്ത് വിവരങ്ങള്‍ ചോര്‍ത്തിയത്. മന്ത് രോഗ ചികിത്സയില്‍ ലോകപ്രശസ്തമായ നിരവധി നേട്ടങ്ങളാണ് ഐ.എ.ഡി കൈവരിച്ചിരുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് ഐ.എ.ഡിയുടെ പുതിയ ആശുപത്രി കെട്ടിടം ഉളിയത്തടുക്കയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. തീര്‍ത്തും വ്യത്യസ്ഥമായ രീതിയിലാണ് ഐ.എ.ഡിയില്‍ മന്ത് രോഗ ചികിത്സ നടത്തി വന്നത്.

വിദേശത്തെ നിരവധി പ്രമുഖ ഡോക്ടര്‍മാര്‍ കാസര്‍കോട്ടെത്തി ചികിത്സാരീതിയെ കുറിച്ച് പഠനക്ലാസും മറ്റും നടത്തിയിരുന്നു. നൂറ് കണക്കിന് മന്ത് രോഗികളെ ഇതിനകം തന്നെ ചികിത്സിച്ച് രോഗം പൂര്‍ണ്ണമായും ഭേദപ്പെടുത്താന്‍ ഐ.എ.ഡിക്ക് സാധിച്ചിട്ടുണ്ട്. ത്വക്ക് രോഗ സംബന്ധമായ നിരവധി ചികിത്സകളും ഇവിടെ നടത്തിവരുന്നുണ്ട്. വെബ് സൈറ്റ് തകര്‍ത്തതിനും വിവരങ്ങള്‍ ചോര്‍ത്തിയതിനും പിന്നില്‍ അന്താരാഷ്ട്ര തലത്തിലുള്ള ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്നും ഡോ. നരഹരി പറഞ്ഞു. സൈറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ഡോക്ടര്‍ അറിയിച്ചു. ചികിത്സാരീതിയെ കുറിച്ചും സംവിധാനങ്ങളെകുറിച്ചും ഇതുവരെ നടത്തിവന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും പഴയ കാല ചികിത്സാരീതിയും പുതിയ ചികിത്സാരീതിയും വ്യക്തമാക്കുന്ന വിവരങ്ങളുമാണ് വെബ്‌സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. ഡോക്ടറുടെ സ്വകാര്യ മെയില്‍ അക്കൗണ്ട് കൂടി ചോര്‍ത്തിയതിനു പിന്നില്‍ ചികിത്സയുടെ രഹസ്യം ചോര്‍ത്തുകയെന്ന ലക്ഷ്യമാണ് ഉള്ളതെന്ന് സംശയിക്കുന്നു.



Keywords: Kasaragod, Website, Secret, Email, Elephantiasis

Post a Comment