Follow KVARTHA on Google news Follow Us!
ad

ടി.പി.രാമകൃഷ്ണനെ നോക്കുകുത്തിയാക്കി എളമരം കരീം സൂപ്പറാവുന്നു

കോഴിക്കോട്: സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണനെ നോക്കുകുത്തിയാക്കി എളമരം കരീം സൂപ്പര്‍സ്റ്റാര്‍ ചമയുന്നു. Elamaram Kareem, T.P.Ramakrishnan, CPIM, Kozhikode, Kerala
കോഴിക്കോട്: സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണനെ നോക്കുകുത്തിയാക്കി എളമരം കരീം സൂപ്പര്‍സ്റ്റാര്‍ ചമയുന്നു. എളമരത്തിന്റെ അമിതാവേശം അദ്ദേഹത്തിനു തന്നെ വിനയാകുന്നുമുണ്ട്. എന്നാല്‍ ടി.പി.രാമകൃഷ്ണന്റെ നിസ്സഹകരണ നിലപാടിനെത്തുടര്‍ന്ന് എളമരം കരീം വേഷമണിയാന്‍ നിര്‍ബന്ധിതനാവുകയാണെന്നാണ് സി.പി.ഐ.(എം) അണിയറ വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.

ആര്‍.എം.പി.നേതാവ് ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ അടുത്ത നാളുകളില്‍ തന്നെ സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണന്‍ ചൈനാ സന്ദര്‍ശനത്തിനു പോയത് വിവാദമായിരുന്നു. അല്‍പ ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം തിരിച്ചു വന്നിട്ടും ടി.പി.ചന്ദ്രശേഖരന്‍ സംഭവത്തില്‍ നിശബ്ദത പുലര്‍ത്തുകയായിരുന്നു. പ്രതിക്കൂട്ടില്‍ നിന്നു പാര്‍ട്ടിയെ രക്ഷിക്കുന്നതിനും പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നതിനും ആവശ്യമായ കര്‍മ്മപരിപാടികള്‍ക്കൊന്നും നേതൃത്വം നല്‍കാന്‍ ഉത്തരവാദപ്പെട്ട ജില്ലാ സെക്രട്ടറിയെന്ന നിലക്ക് ടി.പി.രാമകൃഷ്ണന്‍ തയ്യാറായിരുന്നില്ല. എളമരം കരീം തന്നയായിരുന്നു ഈ ദൗത്യം നിര്‍വഹിച്ചു വന്നത്.

വാളെടുത്തവനെല്ലാം വെളിച്ചപ്പാടെന്ന നിലയില്‍ പലരും പലതും വിളിച്ചു പറയുന്ന കോണ്‍ഗ്രസ്സിലായിരുന്നുവെങ്കില്‍ ഇതൊരു വിഷയമല്ല. തികഞ്ഞ കേഡര്‍ സ്വഭാവം വെച്ചു പുലര്‍ത്തുന്ന സി.പി.ഐ.(എം) നെ സംബന്ധിച്ചിടത്തോളം ഇതു ലാഘവത്തോടെ കാണേണ്ട കാര്യവുമല്ല. കാരണം ഓരോരുത്തരും എവിടെ എന്തു പറയണം, എന്തു ചെയ്യണം എന്നൊക്കെ കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണ് പാര്‍ട്ടി സംവിധാനം. അതുകൊണ്ടാണല്ലോ ഒരു ഘട്ടത്തില്‍ ''ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല'' എന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പത്രക്കാരോട് പ്രതികരിച്ചത്.

ടി.പി.ചന്ദ്രശേഖരന്‍ വധം നടന്നയുടന്‍ വി.എസ്.അച്ചുതാനന്ദന്‍ ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണനുമായി ബന്ധപ്പെട്ടിരുന്നു. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തില്‍ രാമകൃഷ്ണന് അറിവുണ്ടായിരുന്നില്ല. ഈ വികാരമാണ് അദ്ദേഹം വി.എസ്സുമായി പങ്കുവെച്ചതും വി.എസ്. അതേ രീതിയില്‍ ആദ്യം പ്രതികരിച്ചതും. എന്നാല്‍ ഇക്കാര്യത്തില്‍ വി.എസ്സിന് ചില സംശയങ്ങള്‍ പ്രബലപ്പെട്ടപ്പോള്‍ ''പാര്‍ട്ടിക്ക് പങ്കില്ലെന്ന'' തന്റെ ആദ്യ പ്രതികരണം കോഴിക്കോട് ജില്ലാ സെക്രട്ടറിയില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നു വെളിപ്പെടുത്തേണ്ടി വന്നു. ടി.പി.രാമകൃഷ്ണനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ നിലപാട് ശരിയുമായിരുന്നു. അദ്ദേഹത്തിന് വി.എസ്സിനെ തെറ്റിദ്ധരിപ്പിക്കേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല. കണ്ണൂരിലെ ചില പാര്‍ട്ടി നേതാക്കള്‍ പ്രതികളായി അറസ്റ്റു ചെയ്യപ്പെട്ട കൊലപപാതക്കേസിനെക്കുറിച്ച് കോഴിക്കോട് ജില്ലാ സെക്രട്ടറിക്ക് യാതൊരു മുന്നറിയിപ്പുമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. അത്രയും ഗൂഢമായിരുന്നു നീക്കങ്ങളെല്ലാം എന്നു വ്യക്തം.
ഏതായാലും കാര്യങ്ങളുടെ പോക്കില്‍ ടി.പി.രാമകൃഷ്ണന്‍ അസംതൃപ്തനാണ്. പാര്‍ട്ടിയെ ന്യായീകരിച്ച് സമരരംഗത്തു സജീവമാകുവാന്‍ പോലും കഴിയാത്ത വിധത്തില്‍ ആ അസംതൃപ്തി വളര്‍ന്നിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ റോള്‍ മുഴുവന്‍ ഔദ്യോഗിക പക്ഷത്തിന്റെ അതിവിശ്വസ്തനായ എളമരം കരീം ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് അന്യായമായി വേട്ടയാടുന്നു എന്നാരോപിച്ച് സി.പി.ഐ.(എം) പ്രവര്‍ത്തകര്‍ വടകരയില്‍ നടത്തിയ റൂറല്‍ എസ്.പി മാര്‍ച്ചില്‍ പോലീസിനെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചു എന്ന കുറ്റത്തിന് കരീമിനെതിരെ പോലീസ് കേസ്സെടുത്തു.
ഭീഷണിപ്പെടുത്തിയ അവിവേകവും ഹുങ്കും മാറ്റി നിര്‍ത്തിയാല്‍ എളമരം പറയുന്നതില്‍ ചില വാസ്തവങ്ങളുണ്ടെന്നാണ് നിഷ്പക്ഷാഭിപ്രായം. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പോലീസും പത്രമാധ്യമങ്ങളും ചേര്‍ന്നുള്ള ഒരു കൂട്ടുകെട്ടാണ് നയിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ ചില നിക്ഷിപ്ത താത്പര്യങ്ങള്‍ ഇതിനു പിറകിലുണ്ടെന്നു വ്യക്തം. കേസന്വേഷണത്തിന്റെ ഓരോ ചലനങ്ങളും പത്രക്കാര്‍ക്ക് വെളിപ്പെടുത്താന്‍ പോലീസിലെ ചില തത്പര കക്ഷികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇതിനെതിരെ പാര്‍ട്ടി ഹൈക്കോടതിയില്‍ കേസു കൊടുത്തിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തിന്റെ ദിശ സി.പി.ഐ.(എം) ന് ചോര്‍ത്തിക്കൊടുക്കാന്‍ ചിലര്‍ പോലീസിലുമുണ്ടെന്നത് ആശങ്കയുളവാക്കുന്നതാണെന്നു പറയാതെ വയ്യ.

-ജെഫ്രി റെജിനോള്‍ഡ്.എം

Keywords: Elamaram Kareem, T.P.Ramakrishnan, CPIM, Kozhikode, Kerala

Post a Comment