Follow KVARTHA on Google news Follow Us!
ad

എന്‍ഡോസള്‍ഫാന്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധമിരമ്പുന്നു

കാസര്‍കോട്: കാസര്‍കോട്ടെ കശുമാവിന്‍ തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച കോഴിക്കോട് മെഡിക്കല്‍ Endosulfan, Protest, Kerala, Kasaragod
കാസര്‍കോട്: കാസര്‍കോട്ടെ കശുമാവിന്‍ തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധമിരമ്പുന്നു.

കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങള്‍ക്കരികിലെ ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്നാണ് കമ്പനിയുടെ വാദം. ഈ വാദത്തെ അംഗീകരിക്കുന്നതിന് തുല്യമാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കമെന്ന് കേരളീയ സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ പറയുന്നു.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സുപ്രീംകോടതി ഇടപെടലിന് വഴിവെച്ച നടപടികളുമായി മുന്നോട്ട് നീങ്ങിയ ഡി.വൈ.എഫ്.ഐ, ഈ കേസ് അട്ടിമറിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. എന്‍ഡോള്‍ഫാന്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്‍ഡോസള്‍ഫാന്‍ കമ്പനിക്കുവേണ്ടി ജനങ്ങളെ ഒറ്റുകൊടക്കാനാണ് യു.ഡി.എഫ് സര്‍ക്കാറിന്റെ ശ്രമം. ഇതിനെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തും. ഇതിന്റെ ഭാഗമായാണ് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത 11 പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടത്തുന്നത്. മെയ് 11നാണ് ഹര്‍ത്താലെന്നും ഈ ഹര്‍ത്താലോടെ എന്‍ഡോസള്‍ഫാനെതിരെയുള്ള പോരാട്ടം പതിന്മടങ്ങ് ശക്തമാകുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് ശനിയാഴ്ച കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതരെയും കേരളത്തിലെ ജനങ്ങളേയും സര്‍ക്കാര്‍ വഞ്ചിച്ചതായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ. ശ്രീമതി ആരോപിച്ചു. എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിച്ചതിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പഠന റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും, കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു നോഡല്‍ ഓഫീസറെ നിയോഗിച്ച് ത്വരിതപ്പെടുത്തിയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ യു.ഡി.ഫ് സര്‍ക്കാര്‍ അട്ടിമറിച്ചതായും മുന്‍മന്ത്രി പറഞ്ഞു.


സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ കമ്പനിക്ക് കീഴടങ്ങിയതായി സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പ്രതിനിധി സ്റ്റോക്‌ഹോം കണ്‍വന്‍ഷനില്‍ ഇന്ത്യയെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണ്. കടല്‍ക്കൊലയ്ക്ക് ഇറ്റലിക്ക് വഴങ്ങിയ സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സ്വദേശ-വിദേശ കുത്തകള്‍ക്ക് വഴങ്ങിയെന്നും സോളിഡാരിറ്റി നേതാവ് ആരോപിച്ചു.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നിലവില്‍ കോടതിയിലുള്ള രേഖ തിരുത്താനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്നും ഇത് ഇരകളോടുള്ള അനീതിയാണെന്നും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാളിയും സാഹിത്യ-ചലചിത്രകാരനുമായ എം.എ. റഹ്മാന്‍ പറഞ്ഞു. സര്‍ക്കാറിന്റെ ഈ ജനവിരുദ്ധ നയം ഉദ്യോഗസ്ഥരാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടെന്ന് തുറന്നടിച്ച കൃഷിമന്ത്രിയുടെ പ്രസ്താവനയും സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നീക്കങ്ങളും കൂട്ടിവായിക്കപ്പെടേണ്ടതാണെന്നും എം.എ. റഹ്മാന്‍ ഓര്‍മ്മിപ്പിച്ചു. സര്‍ക്കാറിന്റെ ഈ നീക്കത്തിനെതിരെ മെയ് 10ന് കാസര്‍കോട്ട പുതിയ ബസ്സ്റ്റാന്‍ഡിലെ ഒപ്പുമരച്ചുവട്ടില്‍ ജനങ്ങള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തുമെന്നും എം.എ. റഹ്മാന്‍ അറിയിച്ചു.

Keywords: Endosulfan, Protest, Kerala, Kasaragod

Post a Comment