Follow KVARTHA on Google news Follow Us!
ad
Posts

ജബ്ബാര്‍ വധം; CPM മുന്‍ ഏരിയാ സെക്രട്ടറിയടക്കം ഏഴ്‌പേര്‍ക്ക് ജീവപര്യന്തം

Jabbar
കൊച്ചി: കാസര്‍കോട് പെര്‍ളയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ ജബ്ബാറിനെ വധിച്ചക്കേസില്‍ സി.പി.എം മുന്‍ കുമ്പള ഏരിയാസെക്രട്ടറി എസ്. സുധാകര  റാവു (സുധാകരന്‍ മാസ്റ്റര്‍)വടക്കം ഏഴുപ്രതികളെ എറണാകുളം സി.ബി.ഐ സ്‌പെഷ്യല്‍ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കേസില്‍ പ്രതികളായ അഞ്ച് പേരെ വെറുതെ വിട്ടയച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയവരുടെ ശിക്ഷയിന്‍മേലുള്ള വാദം വെള്ളിയാഴ്ച രാവിലെ പൂര്‍ത്തിയാക്കിയുടനാണ് വിധി പ്രസ്താവിച്ചത്.

പ്രതികള്‍ 14 വര്‍ഷം ശിക്ഷ അനുഭവിക്കണമെന്നും സര്‍ക്കാര്‍ ശിക്ഷ ഇളവ് ചെയ്ത് കൊടുക്കരുതെന്നും വിധി  പ്രസ്താവത്തിലുണ്ട്. ഏഴ്‌പേരും 25,000 രൂപ വീതം പിഴയടക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാറാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.

അതിക്രൂരവും നിഷ്ടൂരവുമായ കുറ്റം കണക്കിലെടുത്ത് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ അനില്‍കുമാര്‍ വാദിച്ചു. പ്രതിഭാഗം അഭിഭാഷകര്‍ പ്രോസിക്യൂട്ടറുടെ വാദത്തെ എതിര്‍ത്തു.
Sudhakaran Master
Nadubayal Abdulla

പ്രതികള്‍ ഏഴുപേരും ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് ശിക്ഷാര്‍ഹരാണെന്നാണ് വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതി മൊയ്തീന്‍കുഞ്ഞി എന്ന മോയിഞ്ഞി, സുധാകരന്‍മാസ്റ്റര്‍(നാല്), നടുബയല്‍ അബ്ദുല്ല എന്ന അബ്ദുല്ലക്കുഞ്ഞി(ആറ്), രവി പഞ്ചംപള്ള(എട്ട്), ബാഡൂര്‍ അബ്ദുല്‍ ബഷീര്‍(10), പൈവളിഗെ മീഞ്ചാല്‍ കടികെ മഹേഷ്(12), പൈവളിഗെ യശ്വന്ത് കുമാര്‍ എന്ന യശ്വന്ത്(13) എന്നിവരെയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. കേസിലെ മറ്റ് പ്രതികളായ പൈവളിഗെ അബ്ദുല്‍ അസീസ്, സുബ്ബയ്യകട്ട ഉമര്‍ ഫാറൂഖ്(ഫാറൂഖ് മുന്നൂര്‍), പൈവളിഗെ ഗോപാല(രാജഗോപാല), പൈവളിഗെ രാധാകൃഷ്ണന്‍(കിട്ടു), പെര്‍ള പി. ശബീര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. കേസില്‍ പ്രതികളായിരുന്ന അഷ്‌റഫ് ഹസൈനാര്‍, അബ്ദുല്‍ റസാഖ് എന്നിവരെ സി.ബി.ഐ മാപ്പ് സാക്ഷികളാക്കിയിരുന്നു.കേസില്‍ മൊത്തം 14 പ്രതികളാണുണ്ടായിരുന്നത്.

Mahesh
Abdul Basheer
Neelagiri Moidu
2009 നവംബര്‍ മൂന്നിന് രാത്രി 10 മണിയോടെയാണ് ജബ്ബാറിനെ രാഷ്ട്രീയ വിരോധം മൂലം പ്രതികള്‍ പെര്‍ളയ്ക്ക് സമീപം ഉക്കിനടുക്കയില്‍ വെച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് ജബ്ബാറിന്റെ പിതാവ് അസൈനാറിന്റെ അപേക്ഷയെ തുടര്‍ന്ന് ഹൈക്കോടതി സി.ബി.ഐയെ ഏല്‍പ്പിക്കുകയായിരുന്നു. സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ കെ.ജെ ഡാര്‍വിനും സംഘവുമാണ് കേസ് അന്വേഷിച്ചത്.

ജബ്ബാറിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ തീരുമാനിച്ചതായും അതിനായി വാടക ഗുണ്ടകളെ ഏര്‍പ്പെടുത്തിയതും സംശയതീതമായി സിബിഐക്ക് തെളിയിക്കാനായിട്ടുണ്ടെന്ന് വ്യാഴാഴ്ച പുറപ്പെടുവിച്ച വിധിയില്‍ കോടതി പറഞ്ഞിരുന്നു. പ്രത്യക്ഷമായ നിരവധി തെളിവുകളും ഉണ്ട്. സുധാകരന്‍ മാസ്റ്ററുടെയും അബ്ദുല്ല കുഞ്ഞിയുടെയും പങ്കിനെ കുറിച്ച് വിശ്വാസയോഗ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്ക് സാധിച്ചതായി കോടതി പറഞ്ഞു. ജബ്ബാറും സുഹൃത്ത് സുബൈറും രാത്രി കാറില്‍ വരുമ്പോഴാണ് ആക്രമണം നടന്നത്. വെട്ടേറ്റ ജബ്ബാറിന്റെ ദേഹത്ത് 25ഓളം മുറിവുകള്‍ ഉണ്ടായിരുന്നു. രംഗം കണ്ട് സുബൈര്‍ ഓടി രക്ഷപ്പെട്ടു.
Ravi
Yashvanth

കേസ് സമര്‍ത്ഥമായി നടത്തിയതിന് സിബിഐ പ്രോസിക്യൂട്ടര്‍ അനില്‍ കുമാറിനെ കോടതി പ്രത്യേകം പ്രശംസിച്ചു. സാക്ഷി മൊഴികളില്‍ നിന്ന് പ്രതികള്‍ക്കെതിരായ കുറ്റം പൂര്‍ണ്ണമായും സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ ജഡ്ജി നീതിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രതികള്‍ ശിക്ഷിക്കപ്പെടേണ്ടതാണെന്നും കൂട്ടിച്ചേര്‍ത്തു. കുറ്റകൃത്യത്തില്‍ സുധാകരന്‍ മാസ്റ്റര്‍ക്ക് പങ്കുണ്ടെന്ന് ലോക്കല്‍ പോലീസിന് ബോധ്യമുണ്ടായിട്ടും അദ്ദേഹത്തെ പ്രതിയാക്കാതെ ഒഴിവാക്കി നിര്‍ത്തിയതായും കോടതി കണ്ടെത്തി.


You might also read 

ജബ്ബാര്‍ വധക്കേസ്: ഏഴ് പേര്‍ കുറ്റക്കാര്‍; അഞ്ചുപേരെ വെറുതെ വിട്ടു

ജബ്ബാര്‍ വധക്കേസ്: സി.പി.എമ്മില്‍ നടുക്കം



Keywords: Kochi, Murder case, Court, Jabbar, Sudharakaran Master, 

Post a Comment