Follow KVARTHA on Google news Follow Us!
ad

പ്രത്യയ ശാസ്ത്രങ്ങള്‍ ഒളിച്ചു കളിക്കരുത്

മതമൗലിക വാദത്തിന്റെ ഇരുട്ടറ കൂത്തി തുറന്ന് അതിനകത്ത് മതേതരത്വത്തെ പ്രതിഷ്ടഠിക്കാന്‍ ബാദ്ധ്യതപ്പെട്ട പാര്‍ട്ടിയാണ് സിപിഎം. വള്ളി പുള്ളി തെറ്റാതെ സിപിഎം അക്കാര്യം തങ്ങളുടെ 20ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരടു പ്രമേയത്തിലും ആണയിടുന്നുണ്ട്. ഈ മുഹൂര്‍ത്തത്തിലാണ് തസ്ലീമാ നസ്‌റീനെ വീണ്ടും ഓര്‍ത്തെടുക്കേണ്ടി വരുന്നത്. മത മൗലിക വാദത്തിനും തീവ്രവാദത്തിനുമെതിരെ മനുഷ്യ പക്ഷത്തു നിന്നു കൊണ്ട് ചിന്തിക്കുകയും എഴുതുകയും ചെയ്തുവെന്ന കുറ്റത്തിന് ബംഗ്ലാദേശ് സര്‍ക്കാര്‍ തലക്ക് വില പറഞ്ഞ എഴുത്തുകാരിയാണ് തസ്ലീമ. താന്‍ എഴുതിയ നിര്‍ബാസന്‍ (രാജ്യഭ്രഷ്ട്) എന്ന കൃതി പ്രകാശനം ചെയ്യാനും തനിക്ക് മതമൗലിക വാദികളുടെ തോക്കിന്‍ കുഴലില്‍ നിന്നും സംരക്ഷണം നേടിത്തരാനും അവര്‍ ആദ്യം കേണത് ഇന്ത്യയോട്. പ്രത്യേകിച്ച് പശ്ചിമ ബംഗാളിനോട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്നിടമെന്ന് ധരിച്ചാണ് അതുണ്ടായതെങ്കിലും, തസ്ലീമയെ സംരക്ഷിക്കാന്‍ പാര്‍ട്ടി തയ്യാറായില്ല. തസ്ലീമക്കെതിരെ ബംഗ്ലാദേശ് പുറപ്പെടുവിപ്പിച്ച മൂന്ന് ഫത്വവകള്‍ കേട്ട് ഞെട്ടിയത് തസ്ലീമയയായിരുന്നില്ല, മറിച്ച് കമ്യൂണിസ്റ്റുകാരായിരുന്നു. രാജ്യത്ത് ഭീകര വാദം ക്ഷണിച്ചു വരുത്തുമെന്നായിരുന്നു അതിനുള്ള പേടി. പാര്‍ട്ടി പതറിയിടത്ത് നിരാലംബയായ ആ സ്ത്രീ പതറിയില്ല. പിന്നിട് തന്റെ ജീവന്‍ ഒളിച്ചു വെക്കാന്‍ അവരെ സഹായിച്ചത് ഫ്രാന്‍സായിരുന്നു. കാലം മാറി കഥ മാറി . പ. ബംഗാള്‍ മതേതര വാദികളുടെ കൈകളില്‍ നിന്നും പെണ്‍പുലി മമത മാന്തി പൊളിച്ചെടുത്തു കൊണ്ടു പോയി. 2007ല്‍ ഫ്രാന്‍സില്‍ അഭയം പ്രാപിച്ച തസ്ലിമ മറ്റൊരു പുലിയായ മമതയോട് തന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ പുതിയ ബംഗാളില്‍ സൗകര്യമേര്‍പ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടു വെച്ചപ്പോള്‍ വീണ്ടും ബംഗ്ലാദേശ് ഇളകി. പക്ഷെ മമത ഇളകിയില്ല. തന്റെ ആത്മകഥ ഡേയ്‌സ് പബ്ലിഷിങ്ങ് പ്രകാശനം ചെയ്തത് പോയ വാരത്തിലായിരുന്നു.
മാര്‍ക്‌സിയന്‍ ചിന്ത നടപ്പിലാക്കാന്‍ കരുത്തരായവര്‍ ചെങ്കോടിയേന്തുമ്പോള്‍ അവ നടപ്പിലാക്കാന്‍ അവശ്യം വേണ്ടുന്ന പുരോഗമന മതനിരപേക്ഷ പ്രത്യയശാസ്ത്രങ്ങള്‍ ഭയത്തിന്റെ വല്‍മീകത്തില്‍ ഒളിച്ചിരിക്കരുത്.

സര്‍ക്കാര്‍ ജോലി ജനത്തെ
വലക്കാനായി വഴിതിരിച്ചു വിടരുത്

കേരള ഹൈക്കോടതി ജസ്റ്റീസ് എസ് സിരിജഗന്റെ വിലയിരുത്തല്‍ പോയ വാരം ശിരസാ വഹിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്രമരഹിതമായി കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ശുഷ്‌കാന്തി കാണിക്കുകയും, തൊടുന്യായങ്ങള്‍ പറഞ്ഞു നേരെ ചൊവ്വേ കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതില്‍ നിന്നും മിക്കവരും വിലങ്ങു തടിയാവുകയും, തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ നിന്നും പിറകോട്ടു പോവുകയുമാണെന്നുമാണ് കോടതി പരാമര്‍ശം . വസ്തു നികുതി, ഭൂ നികുതി തുടങ്ങിയ ചെറിയ കാര്യങ്ങള്‍, ഭുമിയുടെ പോക്കുവരവിനു വരെ കോടതി കയറ്റുന്നു. ഹരജികളും പരാതികളും ദിനം പ്രതി കുന്നു കൂടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്കിത് ഭൂഷണമല്ല. നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പിഴയടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ ജനപക്ഷത്തു നിന്നും ചിന്തിക്കണം . നിയമങ്ങളും ചട്ടങ്ങളും ജനങ്ങളില്‍ കൂച്ചു വിലങ്ങാനാണ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നതെന്ന കോടതിയുടെ കണ്ടെത്തല്‍ ജനങ്ങളില്‍ പ്രതികരണ ശേഷിയുടെ പുതു നാമ്പുകള്‍ മുളപ്പിച്ചിരിക്കുകയാണ്.

സിപിഎം സമ്മേളനം പടിപ്പുറത്ത്
പിണറായി ഇറങ്ങില്ല, വിഎസ് കേറില്ല

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ കേളി കൊട്ടു മുഴങ്ങി കഴിഞ്ഞു. സമ്മേളനം അരങ്ങു തകര്‍ക്കുകയാണ്. തലസ്ഥാന നഗരി ഉല്‍സവ തിമിര്‍പ്പിലാണ്. സെക്രട്ടറി സ്ഥാനത്തു നിന്നും പിണറായി ഇറങ്ങാതെയും, പിബിയിലേക്ക് വിഎസ് കയറാതെയും സമ്മേളനം കേരളത്തില്‍ നിന്നും ദില്ലിയിലേക്ക് യാത്രയായേക്കും. 83 അംഗ സംസ്ഥാന കമ്മറ്റിയെയായിരുന്നു കോട്ടയം സമ്മേളനം തെരെഞ്ഞെടുത്തത്. അതില്‍ ആര്‍. പരമേശ്വരന്‍ പിള്ളയും, കാസര്‍കോട് മുന്‍ എംപി ടി ഗോവിന്ദനും അന്തരിച്ചു.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി കഴുത്തുളുക്കിയതു കാരണം തലശേരി കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. സികെ പത്മനാഭനെ ഒളി ക്യാമറ പിടികൂടി വീട്ടിലേക്ക് തിരിച്ചയച്ചു. ഇത്തവണ 85 അംഗ സംസ്ഥാന കമ്മറ്റി വന്നേക്കും. ഡിവൈഎഫ്‌ഐയുടെ ടിവി രാജേഷ് എംഎല്‍എ, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് പികെ ബിജു കര്‍ഷക സംഘം നേതാവ് പി കൃഷ്ണദാസ് എന്നിവരുടെ പ്രവേശനത്തിന് തിരി തെളിഞ്ഞേക്കും

ആന്റണി തോറ്റിടത്ത് മമത ജയിക്കുമോ
മുതലാളിത്ത രാജ്യമായ ജപ്പാനില്‍ നടന്ന ഒരു സമരം പ്രസിദ്ധമാണ്. ശമ്പളം കൂട്ടാന്‍ പണിമുടക്കാന്‍ വധിക്കപ്പെട്ടിട്ടില്ലാത്ത ചെരുപ്പ് കമ്പനിയിലെ തൊഴിലാളികള്‍ ഒരു കാലിനു മാത്രമുള്ള ഷൂ നിര്‍മിച്ചണ് സമരം നടത്തിയത്. ഫ്രാന്‍സില്‍ അമിത വേഗത്തില്‍ പണിത് പ്രതിഷേധം രേഖപ്പെടുത്തിയ ചരിത്രവും ലോകത്തിനു മുന്നിലുണ്ട്. കിട്ടിയ വേതനം കൊണ്ട് തൃപ്തിപ്പെടുകയെന്ന മുതലാളിത്ത വേദാന്തത്തിനെതിരെ ലോകത്താദ്യമായി പ്രതികരിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. സംഘടിച്ച് അവകാശങ്ങള്‍ ആവശ്യപ്പെടാനും, വിലപേശാനും തൊഴിലാളികളെ പഠിപ്പിച്ചത് അവരാണ്. ഇന്ത്യയില്‍ ആ പാര്‍ട്ടി പിറന്ന തറവാടായ ബംഗാളിലടക്കം കര്‍ഷകരും തൊഴിലാളിവര്‍ഗത്തേക്കാളുമേറെ അത് മുതലെടുത്തത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. അവര്‍ ജീവിതം സുരക്ഷിതമാക്കി. വാഴുന്നോരുടേയും, ജന്മിമാരുടേയും,തന്ത്രിമാുരുടേയും കൈകകളില്‍ നിന്നും സ്വത്തും സമ്പത്തും പിടിച്ചെടുത്ത് കര്‍ഷകര്‍ക്കും പാവങ്ങള്‍ക്കും വീതിച്ചു കൊടുത്ത പാര്‍ട്ടിയിടെ പിന്‍പറ്റി പിന്നീട് അധികാര ജന്മിമാരും വാഴുന്നവരുമായത് സര്‍ക്കാര്‍ ജീവനക്കാരായിരുന്നു. ജനം വീണ്ടും അടിമകള്‍ . അതിനെതിരെ ആദ്യം ത്രീവര്‍ണ പതാക പാറിച്ചത് 2001ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എകെ ആന്റണിയായിരുന്നു, ആന്റണിക്ക് ഉദ്യോഗസ്ഥരോട് നേരിടാനായില്ലെന്ന് മാത്രമല്ല, തോറ്റ് കേന്ദ്രത്തിലേക്ക് ഓടി ഒളിക്കുകയാണുണ്ടായത്. ഇന്ന് ആ ദൗത്വം ബംഗാളില്‍ മമത ഏറ്റെടുത്തിരിക്കുന്നു. അവിടെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയെ മമത നിരോധിച്ചിരിക്കുന്നു. ശരിയും തെറ്റും എവിടെയാണെന്ന് വായനക്കാര്‍ വിധി കല്‍പ്പിക്കട്ടെ.

തലശേരിയിലെ സ്ഥാനാര്‍ത്ഥിയായിരുന്ന മാക്കുറ്റിയെവിടെ
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോടിയേരിക്കെതിരെ തലശേരിയില്‍ വീറൊടെ മല്‍സരിച്ച യുവ കോണ്‍ഗ്രസ് നേതാവിനെ മഷിയിട്ടു നോക്കിയിട്ടു പോലും കാണാനില്ലെന്ന് പോലീസ് മൊഴി. തെളിനീരിലെ മീനിനേപ്പോലെ ജനങ്ങള്‍ക്കിടയില്‍ ഒഴുകി നടക്കേണ്ട പൊതു പ്രവര്‍ത്തകനെ കാണാനില്ലെന്ന് കേട്ടാല്‍ ഏത് ജനത്തിനാണ് ആശങ്കയില്ലാതിരിക്കുക. ഏതായാലും ഒരു കാര്യം സത്യം. കെഎസ്‌യു സംസ്ഥാന പ്രസിഡണ്ടും, തലശേരിയിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന റിജില്‍ മാക്കുറ്റിയെ കാണാനില്ല. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയ്യാളെ പയ്യന്നൂര്‍ കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോടതിക്കിതിലെന്തു കാര്യമെന്ന് ചോദിച്ചാല്‍ കാര്യമുണ്ട്. പരിയാരം മെഡിക്കല്‍ കോളജിലേക്ക് കെ എസ് യുക്കാരേയു കൂട്ടി മാര്‍ച്ചു ചെയ്തു. മാര്‍ച്ചു മാത്രമല്ല, കല്ലേറും നടത്തി. ആക്രമം പോലീസിനോടു പോലുമായി. 150 പരെ പ്രതി ചേര്‍ത്ത് കേസും വന്നു. പ്രതികളില്‍ മിക്കവരും കോടതിക്കു മുമ്പില്‍ കീഴടങ്ങിയെങ്കിലും മാക്കുറ്റിക്ക് ഒളിപ്പോരിലാണ് കമ്പം. രാഷ്ട്രീയ പ്രവര്‍ത്തകനല്ലെ നീക്കിയിരിപ്പു വല്ലതും കാണുമെന്ന് കരുതി കോടതി റവന്യു വകുപ്പിനോട് സ്വത്ത് വല്ലതുമുണ്ടോ എന്ന് അന്യേഷിപ്പിച്ചു. കോണ്‍ഗ്രസുകാര്‍ പഠിച്ച പരീക്ഷണ ശാലയില്‍ നിന്നുമല്ല മാക്കുറ്റി രാഷ്ട്രീയം പഠിച്ചത്. സ്വന്തം അകൗണ്ടില്‍ ഒന്നും സമ്പാദിച്ചിട്ടില്ല.


-പ്രതിഭാ രാജന്‍

Keywords: Varthavaram, Prathibha-Rajan

Post a Comment