Follow KVARTHA on Google news Follow Us!
ad

പ്രമുഖ ജ്വല്ലറിയുടെ സ്വര്‍ണ്ണത്തിന് ജ്വല്ലറികളില്‍ വിലക്ക്

കാസര്‍കോട്: കോഴിക്കോട് ആസ്ഥാനമായുള്ള പ്രമുഖ ജ്വല്ലറിയുടെ സ്വര്‍ണ്ണത്തിന് കേരളത്തിലെ മുഴുവന്‍ ജ്വല്ലറികളും വിലക്കേര്‍പ്പെടുത്തി. ഈ ജ്വല്ലറിയില്‍ നിന്നും വാങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍ വിലയ്‌ക്കോ മാറ്റത്തിനോ എടുക്കില്ലെന്ന അറിയിപ്പ് മുഴുവന്‍ ജ്വല്ലറികളിലും പ്രദര്‍ശിപ്പിചിട്ടുണ്ട്. മാരകമായ ക്യാന്‍സര്‍ ഉണ്ടാക്കുന്ന റുഥേനിയം, ഇറീഡിയം എന്നിവ കലര്‍ത്തിയാണ് പ്രമുഖ ജ്വല്ലറി സ്വര്‍ണാഭരണം വില്‍പന നടത്തുന്നതെന്ന് ഓള്‍കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആരോപിക്കുന്നു.
വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പൊതുജനങ്ങളില്‍ നിന്ന് പണം സ്വീകരിച്ചാണ് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. മറ്റ് ജ്വല്ലറികളില്‍ നിന്നും വിറ്റ സ്വര്‍ണ്ണത്തിന് കൂടുതല്‍ തുക നല്‍കിയാണ് പ്രമുഖ ജ്വല്ലറി ഉപഭോക്താക്കളില്‍ നിന്നും സ്വര്‍ണ്ണം വാങ്ങുന്നത്. അതേ സമയം പ്രമുഖ ജ്വല്ലറിയില്‍ നിന്നും വില്‍ക്കുന്ന സ്വര്‍ണ്ണത്തിന് കുറഞ്ഞ നിരക്ക് ഈടാക്കുന്നത് സ്വര്‍ണ്ണത്തില്‍ മായം കലര്‍ത്തുന്നതുകൊണ്ടുമാത്രമാണെന്ന് ഗോള്‍ഡ് മര്‍ച്ചന്റസ് അസോസിയേഷന്‍ ഭാരവാഹി കെവാര്‍ത്തയോട് പറഞ്ഞു.
ലോകത്തുള്ള ഒരു ജ്വല്ലറിയും സ്വര്‍ണ്ണത്തിന് ഓഫര്‍ കൊടുക്കാതിരിക്കുന്ന സാഹചര്യത്തില്‍ പ്രമുഖ ജ്വല്ലറി മാത്രം ഓഫറുമായി രംഗത്തിറങ്ങിയതും സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ആരോപണ വിധേയമായ ജ്വല്ലറി അഞ്ച് ശതമാനം പണിക്കൂലിയും, പഴയ സ്വര്‍ണാഭരണങ്ങള്‍ മാര്‍ക്കറ്റ് വിലയില്‍ നിന്നും 30 രൂപ കൂടുതല്‍ നല്‍കികൊണ്ടാണ് വ്യാപാരം നടത്തുന്നത്. വില്‍ക്കുന്ന സ്വര്‍ണത്തേക്കാള്‍ വാങ്ങുന്ന സ്വര്‍ണത്തിന് 30 രൂപ കൂടുതല്‍ നല്‍കുന്നത് വില്‍ക്കപ്പെടുന്ന സ്വര്‍ണ്ണത്തേക്കാള്‍ പരിശുദ്ധി പുറമേ വാങ്ങുന്ന സ്വര്‍ണ്ണത്തിന് ഉള്ളതുകൊണ്ടാണെന്ന് ഭാരവാഹി ചൂണ്ടിക്കാട്ടുന്നു.
ഇതിലൂടെ തന്നെ ഈ ജ്വല്ലറിയുടെ കള്ളത്തരം വ്യക്തമായിരിക്കയാണ്. സ്വര്‍ണത്തിന് അന്താരാഷ്ട്ര വിലയും ഇന്ത്യയിലെ വിലയും തമ്മില്‍ ഡ്യൂട്ടിയും നികുതിയും മാറ്റി നിര്‍ത്തിയാല്‍ ഗ്രാമിന് 10 രൂപയില്‍ താഴെ വ്യത്യാസം മാത്രം ഉള്ളൂവെന്നിരിക്കേ ആഭരണ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നാല് ശതമാനം മുതല്‍ 14 ശതമാനം വരെ കൂലിയും മറ്റ് ചിലവുകളും നല്‍കേണ്ടിവരുമ്പോള്‍ എങ്ങനെ അഞ്ച് ശതമാനം മാത്രം പണിക്കൂലി ഈടാക്കി വ്യാപാരം നടത്താന്‍ സാധിക്കുമെന്ന് അസോസിയേഷന്‍ ചോദിക്കുന്നു.
ഇന്ത്യയില്‍ ലഭ്യമല്ലാത്തതും സാധാരണ വ്യാപാരികള്‍ക്ക് കേട്ട് കേള്‍വിപോലുമില്ലാത്തതും മാരക രോഗങ്ങള്‍ക്ക് ഇടയാക്കുന്നതുമായ വിഷാംശമുള്ള റുഥേനിയം, ഇറീഡിയം എന്നീ ലോഹങ്ങള്‍ കൊണ്ട് ഉണ്ടാക്കുന്ന ആഭരണങ്ങള്‍ സ്വര്‍ണ പരിശുദ്ധി അളക്കുന്ന യന്ത്രത്തിന് പോലും കണ്ടുപിടിക്കാന്‍ സാധിക്കില്ല. കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് പഞ്ചനക്ഷത്ര ഹോട്ടലില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ജനങ്ങളോട് യാതൊരു പ്രതിബദ്ധതയില്ലെന്നും മര്‍ച്ചന്റസ് അസോസിയേഷന്‍ ആരോപിക്കുന്നു.
പത്ര-ദൃശ്യമാധ്യമങ്ങളില്‍ കോടികളുടെ പരസ്യവും കോടികള്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ താരങ്ങളുടെ വാചക കസര്‍ത്തുകളും സ്വര്‍ണ പരിശുദ്ധിയുടെ അവസാന വാക്കല്ല. ഏത് മേഖലയിലും ഉയര്‍ന്ന പണിക്കൂലി നല്‍കേണ്ടി വരുമ്പോള്‍ സ്വര്‍ണാഭരണ വിപണമേഖലയില്‍ ഇത്തരക്കാര്‍ കൂലി കുറുച്ചുകൊണ്ടുവരുന്നത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതുകൊണ്ടാണ്. സത്യസന്ധമായി വ്യാപാരം നടത്തിയാല്‍ അതിനെ അനുകൂലിക്കുമെന്നും മറിച്ച് ഇത്തരം സ്വര്‍ണ വ്യാപാരതട്ടിപ്പില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്നും അസോസിയേഷന്‍ ഭാരവാഹി പറഞ്ഞു.


Keywords: kasaragod, Gold, Kozhikode, Kerala, 

Post a Comment