Follow KVARTHA on Google news Follow Us!
ad

പാവങ്ങളുടെ പടത്തലവന്‍ പാര്‍ട്ടി കോണ്‍ഗ്‌സിന് വര്‍ഗ വഞ്ചകന്‍

മാര്‍ക്‌സും എംഗല്‍സും കൂടിയിരുന്നെഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിന്റെ അവസാന ഭാഗങ്ങളിലേക്ക് സിപിഎം പാര്‍ട്ടി സമ്മേളന ചര്‍ച്ചകളെ വാര്‍ത്താവാരം ക്ഷണിക്കുകയാണ്. അത് ഇങ്ങനെ പറയുന്നു. സ്വന്തം അഭിപ്രായങ്ങള്‍ക്കും, ലക്ഷ്യങ്ങളിലേക്കുമുള്ള പ്രയാണത്തിനടയില്‍ ഏതു പ്രതിബന്ധങ്ങള്‍ ഉരുത്തിരിഞ്ഞു വന്നാലും,സ്ഥാപിത താല്‍പര്യക്കാര്‍ വഴി തടഞ്ഞാല്‍ പോലും അവ തട്ടിത്തെറിപ്പിച്ച് സമൂഹത്തില്‍ ഇരുട്ടു പരത്തുന്നവരെ ഉന്മൂലനം ചെയ്യാന്‍ വിപ്ലവത്തെ ഉപയോഗിക്കുന്നവരാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ . അല്ലാത്തവര്‍ കമ്യൂണിറ്റുകളാല്‍ വെറുക്കപ്പെട്ടവരാണ് .(അത്തരക്കാരാണ് വിഎസിന്റെ വെറുക്കപ്പെട്ടവന്‍ പട്ടികയിലുള്ളത്) അവരെ തിരുത്തണം. കമ്യൂണിസ്റ്റ് വിപ്ലവം ഏതു വഴിയിലൂടെ പടര്‍ന്നു കയറിയാലും, തൊഴിലാളി-കര്‍ഷക വര്‍ഗത്തിന്റെ കാലിലെ ചങ്ങലകള്‍ അഴിച്ചു മാറ്റപ്പെടാനായി സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിപ്പിക്കാനാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരന്‍ മുതിരേണ്ടത്. തൊഴിലാളി വര്‍ഗത്തിന് നഷ്ടപ്പെടാന്‍ ഈ ചങ്ങലകള്‍ മാത്രമാണെന്ന് മാര്‍ക്‌സ് പറയുന്നു.
തൊഴിലാളി-കര്‍ഷക വിഭാഗത്തിനു മാത്രം മനസിലാകുന്ന മാര്‍ക്‌സിയന്‍ മതത്തിന്റെ ഈ ഉണര്‍ത്തു പാട്ട് കേരളം മുഴുവന്‍ പാടി നടക്കുന്ന പാവപ്പെട്ടവന്റെ പടത്തലവനായ വിഎസിന് പലതും നഷ്ടപ്പെട്ടു. പിബി അംഗത്വം പോലും. അതിലൊന്നും തന്നെ കൂസലാക്കാതെ കാട്ടുതീ പോലെ കേരളമെമ്പാടും പടര്‍ന്നു കയറിയ വിഎസിനെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് നെറി കെട്ടവനെന്നും, വര്‍ഗവഞ്ചകനെന്നും, മരണമാണ് ഇതിന് പ്രതിവിധിയെന്നും പറഞ്ഞാക്ഷേപിച്ചു. കേരളത്തിലെ തൊഴിലാളി വര്‍ഗം രോഷാഗ്നിയുടെ ടൈംബോംമ്പുകള്‍ കരളിലൊളിപ്പിച്ചു വെച്ച് എവിടെ നിന്നെങ്കിലും ഒരു തീപ്പൊരി പാറി വീഴുന്നതും കാത്തു നില്‍ക്കുന്നതിനിടയിലാണ് പ്രകാശ് കാരാട്ട് തന്റെ പ്രസ്താവനയിലൂടെ വിഎസ് ഇഫക്റ്റിനു ആളിപ്പിടിച്ച തീക്കനലില്‍ വെള്ളമൊഴിച്ച് നിര്‍വീര്യമാക്കിയത്. പ്രകാശ് കാരാട്ട് പറഞ്ഞു. വിഎസ് വര്‍ഗ വഞ്ചകനല്ല. കേരളത്തിലെ സഖാക്കള്‍ നെഞ്ചിലേറ്റുന്ന നേതാവാണ്.

സ്വകാര്യ മുതലാളിമാര്‍ പ്രതിരോധ മേഖലയിലും പിടിമുറുക്കുന്നു
മെട്രോയയിലും, വിഴിഞ്ഞം പദ്ധതിയിലും, കണ്ണൂര്‍ വിമാനത്താവളത്തിലുമുള്ള നിക്ഷേപം പൊതുമേഖലയെയും സര്‍ക്കാര്‍ സ്ഥാപനങ്ങളേയും മാത്രം ഏല്‍പ്പിക്കരുതെന്നും, സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന യുഡിഎഫിന്റെ നിഴല്‍ പറ്റി അലയുന്ന സ്വകാര്യ മുതലാളിമാരുടെ ആഗ്രഹത്തിനു കരുത്തേറുന്നു. സര്‍ക്കാരിന്റെ ഒരു സ്ഥാപനത്തിലും സ്വകാര്യ മുതലാളിമാരെ അടുപ്പിക്കരുതെന്ന ഇടതു പക്ഷ പുരോഗമന പാര്‍ട്ടികള്‍ അനുദിനം ആവശ്യപ്പെടുന്നതിനിടയിലാണ് ഇന്ത്യയുടെ ഹൃദയമായ പ്രതിരോധ മേഖല സ്വകാര്യ മേഖലക്ക് തീരെഴുതി കൊടുക്കാന്‍കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്. രാജ്യത്തിന്റെ സുരക്ഷ തന്നെ മുതലാളിമാരുടെ കോട്ടിന്റെ കീശയിലാകുമ്പോള്‍ പിന്നെ മെട്രോ റെയില്‍വേയുടെയും വിമാനത്താവളത്തിന്റെയും മുതലാളി പങ്കാളിത്തത്തെക്കുറിച്ച് പറയാനുണ്ടോ.


മാനം വിറ്റു തുലക്കുന്ന ഭരണം
രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതുമാവട്ടെ. നേതാക്കള്‍ക്ക് ആദ്യം വേണ്ടത് വോട്ട്. വോട്ടിനു പിറകെ കനകം. കനകം ലഹരിയേയും, ലഹരി കാമിനിയേയും തേടി പിടിക്കും. ഇതൊക്കെ കൂടി ചേരുമ്പോഴാണ് നേതാക്കളുടെ ജനാധിപത്യ അധികാരം ഭൂമിയില്‍ സ്വര്‍ഗമായി പരിണമിക്കുന്നത്. ഇതില്‍ പ്രത്യേകിച്ച് വാര്‍ത്തയൊന്നുമില്ല. എല്ലായിടത്തും നടക്കുന്നതു തന്നെ. പക്ഷെ അല്‍പ്പ സ്വല്‍പം മറവേണമെന്ന് മാത്രം. എന്നാല്‍ ദക്ഷിണേന്ത്യയിലെ ഏക ബിജെപി ഗവണ്‍മെന്റിന്റെ സാരഥിയും കാസര്‍കോടിന്റെ അയല്‍ വാസിയുമായ സദാനന്ദ ഗൗഡയുടെ കര്‍ണാടക സര്‍ക്കാരിന് ഇതില്‍ പ്രത്യേകിച്ച് മറയൊന്നും വേണ്ട. എന്തും ഏതും തോന്നിയതു പോലെ. മംഗലാപുരത്ത് ഇത് നേരത്തെ കൂറെ കണ്ടു മടുത്തതാണ്.
ഉടുപ്പിക്കടുത്തുള്ള കോക്കനട്ട് ദ്വീപ് എന്നറിയപ്പെടുന്ന സെന്റ് മേരീസ് ദ്വീപില്‍ സര്‍ക്കാര്‍ ചെലവില്‍ ടുറിസം വകുപ്പ് സംഘടിപ്പിച്ച സംഗീത കലാമേളയില്‍ സംഗീതവും കലയും മാത്രമായിരുന്നില്ല, കാമനും, കാമിനിയും മദ്യക്കുപ്പികളില്‍ നുരഞ്ഞു പതഞ്ഞു പൊങ്ങി. അതു മാത്രമല്ല, ടൂറിസ്റ്റുകള്‍ പരപരസ്പരം ലൈംഗിക കാമകേളികളിലേര്‍പ്പെട്ടു. നേരത്തെ സൂചിപ്പിച്ച മറയൊന്നും ഇതിനുണ്ടായിരുന്നില്ല. മദ്യലഹരിയില്‍ അവര്‍ പോലുമറിയാതെ അവനും അവളും ഒന്നായി ലയിച്ചു ചേര്‍ന്നു. ഭാരതം നിധി പോലെ സൂക്ഷിച്ചു വെച്ച സ്ത്രീയുടെ പുടവക്കുള്ളിലെ പാതിവൃത്യം ദ്വീപുകളിലെ കട വരാന്തകളില്‍ അഴിച്ചു മാറ്റപ്പെട്ടു. ഇതൊക്കെ കര്‍ണ്ണാടകയിലെ സുവര്‍ണ ടിവി വിഡിയോ ചിത്രങ്ങളിലാക്കി പ്രക്ഷേപണം ചെയ്തു. അതിന്റെ പുകിലുണങ്ങുന്നതിനു മുമ്പാണ് കര്‍ണ്ണാടക നിയമസഭ ചേരുന്നത്. നിയമസഭയില്‍ നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടവര്‍ സഭക്കകത്തിരുന്ന് മൊബൈല്‍ ഫോണിലുടെ സ്ത്രീകളുടെ ലൈംഗിക വേഴ്ച്ച കണ്ടാസ്വദിക്കുകയായിരുന്നു. രാജി വെക്കപ്പട്ട മൂന്ന് മന്ത്രിമാരേയും സാംസ്‌കാരിക ഭാരതം ജനകീയ വിചാരണ ചെയ്യണം. ബിജെപി ഭരണം മതിയാക്കണം. അവര്‍ക്കുള്ള പണി ജനസേവനമല്ല, മറ്റു ചിലതാണ്.


എംവിആറിനും ഗൗരിയമ്മക്കും നേരിട്ട രാഷ്ട്രീയ വധം ചന്ദ്രപ്പന്‍ ഇരന്നു വാങ്ങരുത്
സിപിഐയെ വലതു മുന്നണിയിലേക്ക് ക്ഷണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പിടി തോമസ് എംപി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടതു രാഷ്ട്രീയ കേരളം പുതു നാമ്പുകള്‍ തേടുന്നു. കൊച്ചനുജന്‍ പാര്‍ട്ടി വല്യേട്ടനായി ഭാവിച്ചു നടക്കുന്ന സിപിഎം നിലപാടില്‍ നിന്നും വിട്ടു മാറി കോണ്‍്ഗസിനോടൊപ്പം കൂടണമെന്നാണ് തോമസ്സിന്റെ അഭ്യര്‍ത്ഥന. സി. അച്യുത മേനോനേയും പികെവിയേയും മുഖ്യമന്ത്രി കസേര കാണിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്തിനവിടെ ആട്ടും തുപ്പും സഹിച്ച് കൂനിക്കൂടി ഇരിക്കണം. എത്രയും വേഗം വണ്ടി മാറി കേറാന്‍ തോമസ് ആവശ്യപ്പെട്ടു. ഒരു തലവാചകം = ഇടതു മുന്നണിയില്‍ നിന്നും വണ്ടി മാറി കേറിയ ഗൗരി അമ്മയേയും, എംവി രാഘവനേയും ഓടുന്ന വലതു വണ്ടിയില്‍ നിന്നും 2011ല്‍ തള്ളി താഴെയിട്ടവരാണ് വെളുക്കെ ചിരിച്ച് ചന്ദ്രപ്പന്റെ പിറകെ കൂടിയിരിക്കുന്നത്.

-പ്രതിഭാ രാജന്‍

Keywords: Varthavaram, Prathibha-Rajan

Post a Comment