Follow KVARTHA on Google news Follow Us!
ad

ഉമ്മന്‍ചാണ്ടി രാജി ഭീഷണി മുഴക്കി; പിണറായി ബൂത്ത് കമ്മിറ്റിക്കെത്തി


കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് തോറ്റാല്‍ തത്സമയം താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് ഉമ്മാന്‍ചാണ്ടി. കഴിഞ്ഞ ദിവസം പിറവം മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കവെയാണ് വികാരാധീനനായി മുഖ്യമന്ത്രി രാജി ഭീഷണി മുഴക്കിയത്. യു.ഡി.എഫ് നേതൃത്വത്തേയും സംസ്ഥാന ഭരണസിരാകേന്ദ്രത്തെയും അങ്കലാപ്പിലാഴ്ത്തിയ മുഖ്യമന്ത്രിയുടെ പ്രസംഗം സംസ്ഥാന-കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആറുമാസം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി.എം ജേക്കബ് വെറും 157 വോട്ടിന് വിജയിച്ച് മുഖം രക്ഷിക്കേണ്ടി വന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിസ്സഹകരണം കൊണ്ടാണെന്ന് പറയാതിരിക്കാന്‍ വയ്യ. ടി.എം ജേക്കബ് ഇടക്കാലത്ത് കാണിച്ച കോണ്‍ഗ്രസ് വിരോധത്തിനുള്ള തിരിച്ചടിയായിരുന്നു അത്. എന്നാല്‍ ഇക്കുറി എന്ത് വിലകൊടുത്തും അനൂപിനെ ജയിപ്പിക്കണം. ഇത് മണ്ഡലത്തിലെ ഓരോ കോണ്‍ഗ്രസുകാരന്റെയും കടമയാണ്. ഇതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണം. മുഖ്യമന്ത്രി തുടര്‍ന്നു.

അതേസമയം പിറവം മണ്ഡലം യു.ഡി.എഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫ് പതിനെട്ടടവും പയറ്റുകയാണ്. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ ചോറ്റാനിക്കര പഞ്ചായത്തില്‍ ബൂത്ത് കമ്മിറ്റി യോഗങ്ങളില്‍ മുന്നറിയിപ്പില്ലാതെ എത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയാണ്. കുതിരക്കച്ചവടത്തിലൂടെ ഉമ്മന്‍ചാണ്ടി ഭരണം മറിച്ചിടാനില്ലെങ്കിലും സാങ്കേതിക ഭൂരിപക്ഷ പ്രശ്‌നം സൃഷ്ടിച്ച് സര്‍ക്കാറിനെ ശ്വാസം മുട്ടിക്കാനാണ് സിപിഎം ശ്രമം. ഇതിനുള്ള കരുനീക്കങ്ങളാണ് ലെനിന്‍ സെന്ററില്‍ പിണറായി ക്യാമ്പ് ചെയ്ത് നടത്തുന്നത്.

അതിനിടെ കണ്ണൂരില്‍ നിന്ന് ജയരാജന്മാര്‍ പിറവത്തിറങ്ങിയതും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വന്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു. പുലി ഇറങ്ങിയേയെന്ന മട്ടിലാണ് ഇ.പി ജയരാജന്റെ വരവിനെ യു.ഡി.എഫും കോണ്‍ഗ്രസും പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളത്ത് പത്രസമ്മേളനം നടത്തിയ മന്ത്രി കെ ബാബു പറഞ്ഞത് പിറവത്തേക്കുള്ള ജയരാജന്റെ വരവ് കണ്ണൂര്‍ മോഡല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാണെന്നാണ്. ഇ.പി ജയരാജനു പുറമേ കണ്ണൂരിലെ സിപിഎം തീപ്പൊരികളായ എം.വി ജയരാജനും ജെയിംസ് മാത്യു എം.എല്‍.എയും മുന്‍ എം.എ പ്രകാശന്‍ മാസ്റ്ററും പിറവത്തെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

മണ്ഡലത്തിലെ 10 പഞ്ചായത്തുകളുടെ ചുമതല ഓരോ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കാണ്. എല്‍.ഡി.എഫ് കണ്‍വീനര്‍ കൂടിയായ വൈക്കം വിശ്വന്‍, എം.എ ബേബി, എളമരം കരീം, എ.കെ ബാലന്‍, തോമസ് ഐസക്, എം.സി ജോസഫൈന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മണ്ഡലത്തിലെ പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. കണ്ണൂരുകാരനായ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദനാണിപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറിയെന്നതും മറ്റൊരു പ്രത്യേകതയാണ്. ചുരുക്കി പറഞ്ഞാല്‍ പിറവത്താകെ ഒരു കണ്ണൂര്‍ സ്പര്‍ശം.

Post a Comment