കടബാധ്യത തീര്‍ക്കാന്‍ സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: കടബാധ്യത തീര്‍ക്കാനായി സ്വന്തം വീട്ടില്‍ നിന്നും സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊഴിയൂര്‍ കാരോട് പുതുവല്‍വീട്ടില്‍ റെജി(28)ആണ് അറസ്റ്റിലായത്. ഏറെ നാളായി വിദേശത്തായിരുന്ന റെജി ഒരു മാസം മുന്‍പാണ്‌ വിവാഹിതനായത്. വിദേശത്തായിരിക്കെ കടബാധ്യതയുണ്ടായിരുന്ന റെജിയെ കടക്കാര്‍ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നു. ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വയ്ക്കാനോ വില്‍പ്പന നടത്താനോ ഭാര്യാ ബന്ധുക്കള്‍ അനുവദിക്കില്ലെന്ന് മനസിലാക്കിയ റെജി സ്വന്തം വീട്ടില്‍ തന്നെ മോഷണം നടത്തി സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ അപഹരിക്കാന്‍ പദ്ധതി തയ്യാറാക്കി. സംഭവ ദിവസം ഉച്ചയോടെ റെജി വീട്ടിലെത്തി. ഈ സമയം വീട്ടില്‍ ആരുമില്ലായിരുന്നു. ഈ അവസരം മുതലാക്കി വീട് തുറന്ന് അകത്ത് കയറിയ റെജി സഹോദരിയുടെ മുറിക്കകത്ത് കയറി സ്വര്‍ണാഭരണങ്ങള്‍ അപഹരിച്ചു. അതിനുശേഷം നേരത്തെ കയ്യില്‍ കരുതിയിരുന്ന ആക്സാ ബ്ളേഡുകൊണ്ട് തടിയില്‍ തീര്‍ത്ത ജനലിന്റെ അഴി മുറിച്ച് പുറത്തിട്ടു. മോഷണം നടന്നതായി വരുത്തി തീര്‍ക്കാനായി ഇയാളുടെ മുറിക്കകത്തും കടന്ന് സാധനങ്ങള്‍ വലിച്ചു വാരിയിട്ടു. അലമാരയും കുത്തിതുറന്നു. ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ വച്ചിരുന്ന ഡ്രോ തുറന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മൊഴിയില്‍ വിരുദ്ധത വന്നതിനെ തുടര്‍ന്നാണ് കളളി വെളിച്ചത്തായത്.

English Summery
Thiruvananthapuram: Youth arrested for gold robbery from his own house. 

Post a Comment

Previous Post Next Post