Follow KVARTHA on Google news Follow Us!
ad

18 മലകളിലും ജ്യോതി തെളിയിക്കണം

ഇത്തവണ ശബരിമലയില്‍ ഇരട്ട ജ്യോതി പ്രകാശിച്ചത് വീണ്ടും വിവാദത്തിന് തിരി കൊളുത്തപ്പെട്ടു. രണ്ടുദിവസവും കൃഷ്ണ പരുന്ത് പറന്നോ എന്ന് ആരും മേലോട്ടു നോക്കാതിരുന്നതിനാല്‍ അത്രയും സമാധാനം. ഏതു നേരത്ത് നോക്കിയാലും കാട്ടില്‍ പരുന്ത് പറക്കുന്നത് കാണാമെന്നും മകര കാലത്ത് മാത്രം ആകാശത്ത് നോക്കുന്നത് കൊണ്ടു മാത്രമാണ് അതിന് പ്രത്യേക പ്രാധാന്യമെന്നും ഇടമറുക് പറഞ്ഞപ്പോള്‍ വാളെടുത്തവര്‍ ഇപ്പോള്‍ ചിന്തിച്ചു തുടങ്ങി. 18ാം പടിയെ അന്വര്‍ത്ഥമാക്കുന്ന 18 മലകളിലും ദൈവ സാന്നിദ്ധ്യമുണ്ടെന്ന് 2000ത്തിലെ ദേവ പ്രശ്‌നത്തില്‍ കണ്ടിരുന്നു. ജ്യോതി മനുഷ്യ നിര്‍മിതമാണെന്ന് കണ്ഠരര് മഹേശ്വരര് കോടതിയില്‍ പറഞ്ഞു കഴിഞ്ഞു. പിന്നെ ഇനിയെന്തിന് ഒളി സേവ? പൊന്നമ്പല മേടില്‍ മാത്രം ജ്യോതി തെളിയിക്കുന്നതിനു പകരം 18 മലകളിലും തെളിയിച്ചാല്‍ തിരക്കു കുറയില്ലെ? 

സ്വന്തം രക്തത്തില്‍ ബീജമലിയിക്കുന്നവര്‍
ഒരിക്കലെങ്കിലും നീ ആ വാക്കിന്റെ വാതില്‍ കൊട്ടി തുറന്നിരുന്നെങ്കില്‍ നിന്റെ രണ്ടു സഹേദരങ്ങളെങ്കിലും രക്ഷപ്പെടുമായിരുന്നില്ലെയെന്ന് മുഹമ്മദിന്റെ മുത്ത മകന്‍ 19 വയസുകാരനായ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥിയോട് വിലപിക്കുകയാണ് കേരളം. തേഞ്ഞിപ്പാലത്തിനടുത്തുള്ള പെരുവള്ളുര്‍ അമ്പായി വളപ്പില്‍ മുഹമ്മദ് (45) കേരളിയ സംസ്‌കാരത്തിലെ ബാപ്പ-മക്കള്‍ ബന്ധത്തിന്റെ ഉടുതുണ അഴിച്ചു മാറ്റപ്പെട്ടത് ഓര്‍ത്തെടുക്കാന്‍ വാര്‍ത്താ വാരത്തിന് കെല്‍പ്പില്ല. 19കാരനായ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥി, 17 കാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, 11 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എന്നിവരേയാണ് സ്വന്തം ബാപ്പയായ മുഹമ്മദ് തന്റെ ലൈംഗിക സംതൃപ്തിക്കു വേണ്ടി ഉപയോഗിച്ചത്. മുഹമ്മതിന് കണ്ണൂരിലടക്കം രണ്ട് ഭാര്യമാരും 4 കുട്ടികളുമുണ്ട്. മൂന്നു മക്കളേയും കാമാര്‍ത്ഥിക്ക് വേണ്ടി പ്രാപിച്ച മുഹമ്മദിന്റെ ഇളയ കൈകുഞ്ഞിനേയും ബാക്കി വെക്കില്ലെന്ന് മനസിലാക്കിയപ്പോഴാണ് ഭാര്യ പോലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്.

ആലുവാലിയ മേഘം നോക്കിയിരിക്കുന്നു;
മഴ പെയ്യുന്നത് ചൈനയില്‍

ഒരു ലോക റെക്കോര്‍ഡോടെ 2012 ലെ റെക്കാര്‍ഡ് വാരഫലത്തിലേക്ക് പ്രവേശിക്കാം. 2012 മുത്തമിട്ട ലോക റെക്കോര്‍ഡ് പിറന്നത് ചൈനയില്‍. ഹുനാന്‍ പ്രവിശ്യയിലെ ഡോങ് ടിങ് തടാകത്തിനടുത്ത് കേവലം 15 ദിവസം കൊണ്ട് പണി പൂര്‍ത്തീകരിച്ച് ചൈനാക്കാര്‍ അതില്‍ കുടി കൂടി. ഇത് ഒരു സാധാരണ കെട്ടിടമെങ്കില്‍അത്ഭുതപ്പെടാനില്ല. ഇതിന് 30 നിലകളുണ്ട്. ലോകോത്തര നിലവാരമുള്ള പഞ്ച നക്ഷത്ര ഹോട്ടല്‍ കൂടിയാണിത്. 200 തൊഴിലാളികള്‍ 360 മണിക്കൂര്‍ പണിതിട്ടാണിത് നിര്‍മ്മിച്ചത്. അവിടെയാണ് റെക്കാര്‍ഡിന്റെ ജനനം. ഇത് ചീട്ടു കൊട്ടാരമായിരിക്കുമെന്ന് കരുതിയാല്‍ വീണ്ടും പിഴക്കും. 1,83,000 ചതുരശ്ര മീറ്റര്‍ ചുറ്റളവുണ്ടിതിന്. സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ റെക്കോര്‍ഡ്. അയല്‍ രാജ്യങ്ങളില്‍ സമ്പത്ത് തിമിര്‍ത്ത് പെയ്യുന്നു. ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ ആലൂവാലിയ മാനം നോക്കിയിരിക്കുന്നു, പെരുമഴയും കാത്ത്.

മുമ്പേ പറക്കുന്ന വിജിലന്‍സുകള്‍
റേഷന്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധനക്ക് തീരുമാനിക്കുന്നതിനു മുമ്പേ തന്നെ തീരുമാന വിവരം പുറത്തു വന്നു. സര്‍ക്കാരിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ കഴിവ് ഒന്നു വേറെ തന്നെ. ഏതൊക്കെ റേഷന്‍ കടകളിലാണ് പരിശോധന എന്നു വരെ പുറത്തു വന്നു കഴിഞ്ഞതായാണ് അറിയുന്നത്. ഭക്ഷ്യ വകുപ്പിന്റെ കീഴിലുള്ള സിവില്‍ സപ്ലെസ് അധികൃതരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. റേഷന്‍ കൃത്യമായി വിതരണം ചെയ്യുന്നുണ്ടോ, ബില്ല് കൊടുക്കുന്നുണ്ടോ, ബില്ലില്‍ ഒപ്പു വാങ്ങുന്നുണ്ടോ, അളവ് കൃത്യമാണോ, തുടങ്ങയവയൊക്കെ പരിശോധിക്കും. കൃത്രിമം നടത്തുന്നവര്‍ ശ്രദ്ധിക്കുക മിന്നല്‍ പരിശോധനയുടെ തിയ്യതി പൊതു വിതരണ ഓഫിസില്‍ ചെന്ന് ഏത്രയും വേഗം മനസിലാക്കുക. പിന്നെ ഇന്റലിജന്റ് വിഭാഗത്തെ കുറ്റം പറയേണ്ട.

പാക്ക് ജനാധിപത്യത്തില്‍ ബൂട്ടിന്റെ ഇടര്‍ച്ച
പാക്കിസ്ഥാന്‍ ഭരണത്തില്‍ ജനാധിപത്യത്തിന് വീണ്ടും വ്രണം ബാധിച്ചു തുടങ്ങി. പാക്ക് ഭരണഘടനയില്‍ നാറ്റം വമിക്കുന്നു. പട്ടാളം ജനാധിപത്യത്തിന്റെ ബൂട്ടടി ശബ്ദം ശ്രികോവിലിനടുത്ത് വരെ എത്തിക്കഴിഞ്ഞു. ദിവസങ്ങള്‍ വാടി കരിയുകയാണ്. ഇനി എന്ത് എന്ന ചോദ്യവുമായി ജനം മേലോട്ടു നോക്കി ഇരിക്കുന്നു. ഇപ്പോള്‍ ഭരണവും പട്ടാളവും സുപ്രീം കോടതിക്കരികിലെത്തി നില്‍ക്കുന്നു. നാമ മാത്ര ജനാധിപത്യത്തിന്റെ സന്തതിയായ പാക്കിസ്ഥാന്‍ ജനാധിപത്യ രാജ്യങ്ങള്‍ക്ക് അപമാനമാണ്.

സ്വകാര്യ പങ്കാളിത്വമില്ലെങ്കില്‍ പിന്നെന്തു വികസനം?
മെട്രോ റെയലിനു വേണ്ടിയുള്ള സ്ഥലമെടുപ്പ് ആരംഭിച്ചതായി ജില്ലാ കളക്റ്റര്‍ പിഎ ഷേക്ക് പരീത് പറഞ്ഞു. സ്ഥലമെടുപ്പ് ചുമതലയുള്ള ഡിസ്റ്റിക്ക് ലെവല്‍ പര്‍ച്ചേസിങ്ങ് കമ്മറ്റി 10.5 ലക്ഷം രൂപയാണ് സെന്റിന് വില നിശ്ചയിച്ചതെങ്കിലും മെട്രോക്കാര്‍ ഇത് 31 ലക്ഷം വരെ കൊടുക്കാന്‍ തീരുമാനിച്ച് കച്ചവടക്കാരുടെ കണ്ണ് പുറത്തേക്ക് തള്ളിച്ചിരിക്കുകയാണ്. മെട്രോ പദ്ധതി തുടങ്ങുന്നുവെന്ന് പറയുന്നതല്ലാതെ ഔദ്യോഗികമായി ഒരു നീക്കങ്ങളും ഇതുവരെ നടന്നു കാണുന്നില്ല. കേന്ദ്രം പദ്ധതി ഇതുവരെ അംഗീകരിച്ചിട്ടില്ല. സംസ്ഥാനം ആവശ്യമായ ഫണ്ട് കണ്ടെത്തിയിട്ടില്ല. ജപ്പാന്‍ ബാങ്ക് 7500 കോടി തരാമെന്ന് പറഞ്ഞു കേള്‍ക്കുന്നതല്ലാതെ അവരുടെ ഒരു പ്രതിനിധി പോലും ഇതുവരെ കേരളം സന്ദര്‍ശിച്ചിട്ടില്ല. സാധനങ്ങള്‍ക്ക് 20 ശതമാനം നികുതി ഇളവു അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. ആകെ ഒരു തീരൂമാനം മാത്രം ഉണ്ടായി. അതും രഹസ്യമായി . ഒരു കാരണവശാലും പൊതു മേഘലയെ അടുപ്പിക്കരുത്. പണം സ്വകാര്യ മേഘലയെ കൊണ്ട് ചിലവഴിപ്പിക്കണം. അതാണല്ലോ വികസനം.

ചുങ്കമില്ലാതെ പിന്നെന്തു നാലു വരി പാത
ബിഒടി എന്ന കുത്തക ഭീമന്റെ നാലുവരി പാത ഇന്ത്യയില്‍ ആകമാനം 5600 കിലോമീറ്റര്‍ റോഡ് നിര്‍മിക്കപ്പെട്ടു. 30 വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് വേണ്ടത് പിരിച്ചെടുത്തു കൊള്ളണം എന്നാണ് കരാറ്. മിക്കയിടങ്ങളിലും അവര്‍ പിരിവും തുടങ്ങി. 5600 കിമീറ്ററില്‍ കേരളത്തില്‍ നിര്‍മിച്ചത് കേവലം 60 കിമീറ്റര്‍ റോഡ മാത്രം. എറണാകുളം ജില്ലയിലെ അങ്കമാലി - മണ്ണൂത്തി റോഡ്. ഇവിടെ പിരിവ് നല്‍കാന്‍ നാട്ടുകാര്‍ തയ്യാറാകുന്നില്ല. പരിസര പ്രദേശത്തുകാര്‍ക്ക് ചുങ്കമില്ലാതെ സഞ്ചരിക്കാന്‍ അസവരം നല്‍കണമെന്നാണ് അവരുടെ വാദം. സ്ഥലമെടുപ്പും കഴിഞ്ഞു. റോഡിന്റെ പണിയും പൂര്‍ത്തിയായി. ഇപ്പോള്‍ പിരിവിന്റെ അടുത്തു എത്തുമ്പോള്‍ മാത്രമെന്തെ സമരമെന്നു ചോദിക്കുമ്പോള്‍ പറയുന്നത് ഇത് കേരളമെന്നാണ്. അവരുമായി സര്‍ക്കാര്‍ ഒപ്പിട്ടിട്ടുള്ള കരാറിലെ ഒരു ഖണ്ഡിക നാട്ടുകാര്‍ മറന്നെന്നു തോന്നുന്നു. 30 വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്ക് വേണ്ടത് കിട്ടിയില്ലെങ്കില്‍ കരാറ് നീട്ടാന്‍ വ്യവസ്ഥയുണ്ട്. യാത്രക്കാരുടെ വിരല്‍ ബിഒടിയുടെ അമ്മിക്കടിയിലാണ്. കൈ വലിച്ചാല്‍ കേരളത്തിന് വേദനിക്കും.

ചെന്നിത്തലയും വിഎസ് അഴിമതിയും
നേതാക്കള്‍ക്കെതിരെ സമ്മേളനങ്ങളില്‍ വന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കാന്‍ പോലും പിബി പ്രാപ്തനല്ലെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. മുല്ലപ്പെരിയാറിനെ കുറിച്ചും, ബന്ധുവിന്റെ സ്വത്ത് സമ്പന്ധിച്ചുമുള്ള ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ പിബി ഭയക്കുന്നതായി അദ്ദേഹം പരിതപിച്ചു.  ഒരാള്‍ക്ക് ഒരു പദവിയെന്ന എഐസിസിയുടെ തീരുമാനത്തെ മറികടന്ന് രണ്ട് കിരീടങ്ങള്‍ തലയില്‍ ചൂടി നടക്കുന്നതും, തെരെഞ്ഞെടുപ്പ് ക്രമക്കേട് സമ്പന്ധിച്ചുള്ള വര്‍ക്കല രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് ഫ്രിഡ്ജിലെടുത്ത് വെച്ച് താക്കോല്‍ കീശയിലിട്ടു നടക്കുന്നതും മറ്റും ചെന്നിത്തലക്ക് ചിലപ്പോള്‍ മതിഭ്രമം കൊണ്ട് മറന്നു പോകുന്നതായിരിക്കും.പല്ലിടക്കു കുത്തിയാല്‍ നാറുന്നത് നാവു തന്നെയല്ലെ.

-പ്രതിഭാ രാജന്‍


Keywords: Varthavaram, Prathibha-Rajan

Post a Comment