മുംബൈ ഭീകരാക്രമണക്കേസില്‍ നീതിയുക്തമായ വിചാരണ ലഭിച്ചില്ലെന്ന്‌ അജ്മല്‍ കസബ്

മുംബൈ: മുംബൈ നഗരത്തെ നടുക്കിയ ഭീകരാക്രമണക്കേസില്‍ തനിക്ക് നീതിയുക്തമായ വിചാരണ ലഭിച്ചില്ലെന്ന്‌ ഭീകരന്‍ അജ്മല്‍ കസബ്. കസബിനുവേണ്ടി സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും സീനിയര്‍ അഭിഭാഷകനുമായ രാജു രാമചന്ദ്രനാണ് ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കാനുള്ള ഭീകരരുടെ ഗൂഢാലോചനയില്‍ കസബ് പങ്കാളി ആയിരുന്നില്ലെന്നും ജസ്റ്റീസ് അഫ്താബ് ആലം അടങ്ങിയ ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെ രാജു രാമചന്ദ്രന്‍ ബോധിപ്പിച്ചു. 302-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ പോലും അത് രാജ്യത്തിനെതിരെ നടന്ന യുദ്ധത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ട് എന്നതിന്റെ തെളിവല്ലെന്നും രാമചന്ദ്രന്‍ പറഞ്ഞു. കസബിനെതിരായ കുറ്റങ്ങള്‍ സംശയാതീതമായി തെളിയുക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. വിചാരണ സമയത്ത് തന്റെ ഭാഗം വാദിക്കുന്നതിന് അഭിഭാഷകനെ ഏര്‍പ്പെടുത്തി നല്‍കിയില്ലെന്ന കസബിന്റെ പരാതി നിലനില്‍ക്കുന്നതാണെന്നും അമിക്കസ് ക്യൂറി പറഞ്ഞു.

2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജീവനോടെ പിടികൂടിയ കസബിനെതിരെ രാജ്യത്തിനെതിരായ യുദ്ധപ്രഖ്യാപനം അടക്കം 80 കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ചുമത്തിയിട്ടുള്ളത്. 2010 മെയ് 6ന് വിചാരണ കോടതി കസബിന് വിധിച്ച വധശിക്ഷ 2011 ഫെബ്രുവരിയില്‍ മുംബൈ ഹൈകോടതിയും ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് കസബ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.Post a Comment

Previous Post Next Post