ബാലവേല ജനാധിപത്യത്തിന്റെ തിളക്കമോ?

ബാലവേല രാജ്യത്ത് നിരോധിച്ചിട്ടഉണ്ടെങ്കിലും ഇന്നും പഴയപടി തുടരുകയാണ്. വിദ്യാഭ്യാസവും കളിയും വിശ്രമവും ആരോഗ്യകരമായ വളര്‍ച്ചയും കുട്ടിക്കാലവും എന്താണെന്നറിയാതെ ലക്ഷക്കണക്കിനു കുട്ടികളാണ് ഇപ്പോഴും ഫാക്ടറികളിലും കൃഷിയിടങ്ങളിലും നിര്‍മാണക്കളങ്ങളിലും ഖനികളിലും വീടുകളിലും മറ്റും ജോലിചെയ്യുന്നത്. ബാലവേല, ജീവിതകാലം മുഴുവനും തിരുത്താനാവാത്ത മാനസിക-ശാരീരിക പരിക്കുകള്‍ കുട്ടികളുടെമേല്‍ ഏല്‍പ്പിക്കുന്നു. കുട്ടികളുടെ ശരീരവും മനസ്സും വിധിനിര്‍ണയവും കൗമാരപ്രായത്തിന്റെ അന്ത്യംവരെ വളര്‍ന്നുകൊണ്ടിരിക്കും. അതിനാല്‍ ചെറുപ്രായത്തില്‍ പണിയെടുക്കാന്‍പോവുന്നതുമൂലം പെട്ടന്ന് പ്രായംചെന്നവരായിത്തീരുകയും അവരുടെ ഊര്‍ജം കുറയുകയും വളര്‍ച്ച മുരടിക്കുകയും അവര്‍ക്ക് രോഗങ്ങള്‍ ബാധിക്കുകയും ചെയ്യുന്നു.


ബാലവേല നിയമം അനുവദിക്കുന്നില്ലെങ്കിലും നിയമപാലകര്‍ കണ്ണുചിമ്മുകയാണ്. 2006ലാണ് കുട്ടികളെക്കൊണ്ട് വീട്ടുപണിയെടുപ്പിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടത്. അഞ്ചു വര്‍ഷം മുമ്പാണ് കുട്ടികള്‍ ചവറുപെറുക്കുന്നത് നിരോധിച്ചത്. എന്നാല്‍ 14 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഏതു വലിയ ജോലി ചെയ്യാനും ഇവിടെ ഒരു നിയമവും ഇല്ല. ഭാരതത്തില്‍ ഒരു വ്യക്തിയ്ക്ക് പൗരവകാശം നല്‍കുന്നത് 18 വയസ് തികഞ്ഞാലാണ്. അതിനര്‍ത്ഥം അതിന്റെ മുമ്പ് അവന്‍ കുട്ടിയാണ്. സ്വന്തമായി തീരുമാനങ്ങളെടുക്കാനായിട്ടില്ലെന്നാണ്. എന്നാല്‍ 14 വയസ് തികഞ്ഞ കുട്ടികളെ കൊണ്ട് ഏത് ജോലി ചെയ്യിപ്പിക്കാം എന്നാണ് ഇപ്പോഴുള്ളത്. ഇതു പറയുമ്പോള്‍ 14 വയസു വരെയുള്ള കുട്ടികളെ കൊണ്ട് ഇപ്പോള്‍ ജോലിയൊന്നും ചെയ്യിക്കുന്നില്ലെന്ന് തെറ്റിദ്ധരിക്കരുത്. ഏകദേശം 50 ലക്ഷം കുട്ടികള്‍ ഇപ്പോഴും തൊഴില്‍ രംഗത്ത് സജീവമാണെന്നാണ് ഒടിവിലത്തെ കണക്കുകള്‍ പറയുന്നത്. എന്നാല്‍ ബാലവേലയില്‍ ഏര്‍പ്പെട്ടിട്ടുള്ള കുട്ടികളുടെ കണക്ക് ഇതിനേക്കാള്‍ കൂടുതലാണെന്നാണ് കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവര്‍ പറയുന്നത്. സ്‌കൂളില്‍ പോവാത്ത കുട്ടികളെല്ലാവരും തന്നെ ആരും കാണാത്ത ബാലവേലക്കാരാണെന്നാണ്. ബാലവേലക്കാരുടെ കണക്കില്‍പ്പെട്ട കുട്ടികളുടെ എണ്ണത്തിന്റെ നാലിരട്ടിയായിരിക്കും ഇത്തരം കുട്ടികള്‍. നാലും അഞ്ചും വയസു മുതല്‍ ബാലവേല തുടങ്ങുന്നുവെന്നാണ് പുതിയ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


രേഖപ്പെടുത്തിയിട്ടുള്ള ബാലവേലക്കാരില്‍ മൂന്നിലൊന്നുപേര്‍ വ്യവസായമേഖലകളിലാണ് ജോലിചെയ്യുന്നത്. വിഷമകരമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ള മൊത്തം കുട്ടികളില്‍ നല്ലൊരു വിഭാഗം പാന്‍, ബീഡി, സിഗരറ്റ് വ്യവസായങ്ങളിലും നിര്‍മാണമേഖലയിലും വീട്ടുവേലക്കാരായുമാണു പണിയെടുക്കുന്നത്. രേഖപ്പെടുത്തിയിട്ടുള്ള മൊത്തം ബാലവേലക്കാരില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷികമേഖലയിലാണ്. ഈ കുട്ടികള്‍ കൃഷിയിടങ്ങളില്‍ നീണ്ട മണിക്കൂറുകള്‍ ചെലവഴിക്കുകയും കീടനാശിനികളും മറ്റു രാസപദാര്‍ഥങ്ങളും ഉള്ളിലേക്കു വലിച്ചെടുക്കുന്നതിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. ഇതുമൂലം പെണ്‍കുട്ടികളും 10 വയസിനും 12 വയസിനുമിടയ്ക്കുള്ള ഇളംപ്രായത്തില്‍ ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങള്‍ക്കു വിധേയരാവുക പോലും ചെയ്യുന്നു.

ദാരിദ്ര്യം ബാലവേലയ്ക്കു കാരണമാവുകയാണോ അതോ മറിച്ചോ? ദാരിദ്ര്യത്തെപ്പറ്റി പഠനം നടത്തിയ പല വിദഗ്ധരും വാദിക്കുന്നത് ദരിദ്ര കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം കുട്ടികളെ പണിയെടുക്കാന്‍ പറഞ്ഞയക്കുക മാത്രമാണ് അതിജീവിക്കാനുള്ള ഒരേയൊരു വഴി എന്നാണ്. എന്നാല്‍ ധാരാളം കുട്ടികള്‍ കൂലിയൊന്നും കിട്ടാനിടയില്ലാത്ത വീട്ടുപണികളില്‍ ഏര്‍പ്പെടുന്നവരാണ്. തദ്ഫലമായി അവര്‍ക്ക് സ്‌കൂളില്‍ പോവാന്‍ കഴിയുന്നില്ല. അവര്‍ കൃഷിസ്ഥലങ്ങളില്‍ പണിയെടുക്കുന്നു, കന്നുകാലികളെ മേയ്ക്കുന്നു, വീടു വൃത്തിയാക്കുന്നു, ഭക്ഷണം പാകംചെയ്യുന്നു, വെള്ളവും വിറകും കൊണ്ടുവരുന്നു.
കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാതെ ജോലി വിടുന്ന രക്ഷിതാക്കള്‍ തന്നെയാണ് അവരുടെ തുച്ഛമായ വരുമാനം ഉപയോഗിക്കുന്നത്. അവര്‍ ജോലിക്കപോകുന്ന ഫാക്ടറികളിലും കൃഷിയിടങ്ങളിലും കുട്ടികളേയും കൊണ്ടു പോകും. അങ്ങനെ അവര്‍ ജോലി ചെയ്തു തുടങ്ങും. പിന്നെ അവര്‍ ഇളം പ്രയാത്തിലെ സ്വന്തമായി മറ്റുള്ളവരുടെ കൂടെ ജോലിചെയ്യാന്‍ തുടങ്ങും. പീഡനങ്ങള്‍ക്കിരയാവുന്നതില്‍ കൂടുതലും ഇത്തരം കുട്ടികളാണ്. ഇതെല്ലാം കണ്ടിട്ടും അറിഞ്ഞിട്ടും വേണ്ട രൂപത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നുള്ളതാണ് വാസ്തവം. ജനാധിപത്യത്തിന്റെ തിളക്കമായി ബാലവേലയെ കാണുന്നരുമുണ്ട്. ചെറുപ്രായത്തിലെ കുട്ടികള്‍ അധ്വാനിച്ചു വളര്‍ന്നാല്‍ അവര്‍ വലിയ കരുത്തുള്ളവരാകുമെന്നും അത് രാജ്യത്തിന് വലിയ സമ്പത്താണെന്നും വാദിക്കുന്നവരുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസവും കളിയും കുട്ടിപ്രായവും എല്ലാം നഷ്ടപ്പെടുത്തി ഇവിടെ ജനാധിപത്യം തിളങ്ങണോ?

-ഹന്ന സിതാര

Keywords: child-labour, Article

Post a Comment

Previous Post Next Post