Follow KVARTHA on Google news Follow Us!
ad

അപൂര്‍വ്വ പുഴമത്സ്യങ്ങള്‍ വംശനാശ ഭീഷണിയില്‍

കാസര്‍കോട്: കേരളത്തിലെ നാല്‍പ്പത്തിനാല് പുഴകളില്‍ ഒരു കാലത്ത് യഥേഷ്ടം ഉണ്ടായിരുന്ന അപൂര്‍വ്വ മത്സ്യങ്ങള്‍ വംശനാശ ഭീഷണിയിലാണെന്ന് കണ്ടെത്തല്‍. തോടുകളിലും കുളങ്ങളിലും ഉണ്ടായിരുന്ന മത്സ്യങ്ങളും ഇന്ന് അപൂര്‍വ്വമായിരിക്കുകയാണ്. പുഴയിലുണ്ടായിരുന്ന കക്കുമന്‍, തിരുത, പ്രാച്ചി, കുടുകുടുപ്പാന്‍, പുള്ളിക്കച്ചായി, ഏരി, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങളാണ് പാരസ്ഥികമായ പ്രശ്‌നങ്ങള്‍മൂലം വംശനാശ ഭീഷണിയിലായത്. നെല്‍വയലുകളിലും, കൃഷിയിടങ്ങളിലും അടുത്തകാലത്തായി വ്യാപകമായ രാസവള പ്രയോഗമാണ് ഇത്തരം മീനുകളുടെ പ്രചനനത്തെ പ്രതികൂലമായി ബാധിച്ചത്. പുഴയിലെ പാതാറുകളില്‍ കല്ലിനടിയില്‍ ഉണ്ടായിരുന്ന കല്ലുമീന്‍, കക്കുമന്‍ എന്നീ മത്സ്യങ്ങള്‍ ഗുഹ്യരോഗങ്ങളും മറ്റും ഇല്ലാതാക്കാന്‍ ഉപയോഗിച്ചിരുന്നു. മാങ്ങയുമായി ചേര്‍ത്ത് കറിവയ്ക്കുന്ന മാങ്ങകുണ്ടാടി ഇന്ന് പുഴയില്‍ കുറഞ്ഞിരിക്കുകയാണെന്നാണ് മത്സ്യതൊഴിലാളികളുടെ അഭിപ്രായം. ഏറെ സ്വാദിഷ്ടമായ പുള്ളിക്കച്ചായി പുഴയില്‍ കാണാനേയില്ല. ഇതിന്റെ മുള്ളുകൊണ്ടാല്‍ കടുത്ത വേദനയുണ്ടാകുമെന്ന് അനുഭവസ്തര്‍ പറയുന്നു.


പൂവനിളമ്പക്ക, പിടച്ചിയിളമ്പക്ക, കാരിയിളമ്പക്ക(കക്കകള്‍) പലതരം നച്ചിങ്ങകള്‍ എന്നിവയും പുഴയില്‍ ഇല്ലാതായിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് പൂവനിളമ്പക്കവാരി അത് പുഴുങ്ങി പോളിത്തീന്‍ പാക്കറ്റുകളിലാക്കി ഉപജീവനം നടത്തിയ തീരദേശവാസികള്‍ക്ക് ഇന്ന് ഈ തൊഴില്‍ചെയ്യാനാകുന്നില്ല. നീറ്റുകക്കയുണ്ടാക്കുന്നതിനായി കുമ്മായ കമ്പനിക്കാര്‍ പിടച്ചിയിളമ്പക്ക പ്രത്യേക വലകളും യന്ത്ര സാമഗ്രികളും ഉപയോഗിച്ച് വ്യാപകമായി വാരിയെടുത്തത് കാരണം കക്കകള്‍ യഥേഷ്ടമുണ്ടായിരുന്ന പുഴമാടുകളില്‍ ഇന്ന് ഇവ കാണാനേയില്ല. പുഴകയ്യേറ്റവും, കുടുക്കുവല, പറ്റുവല, അരിപ്പവല, എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള മീന്‍പിടുത്തവുമാണ് മത്സ്യ സമ്പത്ത് ക്രമാതീതമായി കുറയാന്‍ കാരണമായത്. പുഴകളില്‍ കണ്ടല്‍കാടുകള്‍ വെച്ചുപിടിപ്പിച്ച് മത്സ്യ സമ്പത്ത് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ചില പഞ്ചായത്ത് അധികൃതര്‍ നടത്തിവരുന്നുണ്ട്.


പുഴയുടെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുത്തികൊണ്ടുള്ള ബണ്ടുകളും, റോഡ് പാലങ്ങളും യഥേഷ്ടം വന്നതോടെ കടലില്‍ നിന്നും വേലിയേറ്റത്തിന് മത്സ്യങ്ങള്‍ക്ക് വരാനുള്ള തടസ്സം സൃഷ്ടിക്കുന്നുണ്ട്. പുഴയില്‍ പ്ലാസ്റ്റിക്കുകളും, ഖര-ദ്രാവക മാലിന്യങ്ങളും കൊണ്ടുതള്ളുന്നതും, അറവ് മാടുകളുടെ ശരീരാവശിഷ്ടങ്ങള്‍ കൊണ്ടിടുന്നതും മത്സ്യസമ്പത്ത് കുറയാന്‍ കാരണമായതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. തോടുകളിലും കുളങ്ങളിലുമുണ്ടായിരുന്ന വരാല്‍(കൈച്ചല്‍), മുശു(മുഷി), കടു, വാളമത്സ്യങ്ങള്‍, മടമുശു, ആരല്‍ എന്നിവയും വംശനാശത്തിന്റെ വക്കിലാണ്. അര്‍ശസ് രോഗങ്ങള്‍ക്ക് മടമുശു, ആരല്‍ എന്നീമത്സ്യങ്ങള്‍ വേട്ടയാടിയതാണ് ഇത്തരം മത്സ്യങ്ങളുടെ വംശനാശത്തിന് കാരണമായത്. പുഴ മത്സ്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇവയുടെ പ്രത്യുല്‍പാദനം ത്വരിതപ്പെടുത്തുന്നതിനും ആവശ്യമായ നടപടികളും പ്രവര്‍ത്തനങ്ങളും അടിയന്തിരമായി സ്വീകരിക്കണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനായി വരുന്നവരുടെ വലകള്‍ പരിശോധന വിധേയമാക്കുകയും മത്സ്യങ്ങളുടെ മുട്ടകള്‍പോലും ഊറ്റിയെടുക്കുന്ന വലകള്‍ നിരോധിക്കുകയും ചെയ്യണമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

-സന്ദീപ് കൃഷ്ണന്‍


Keywords: Rare-fish, Threatened, Kerala

Post a Comment