Follow KVARTHA on Google news Follow Us!
ad

ഖാസിയുടെ മരണം: സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കിയില്ല

കാസര്‍കോട്: ചെമ്പരിക്ക- മംഗലാപുരം ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ 28ന് തിങ്കളാഴ്ച ഹാജരാക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം ലംഘിച്ചതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഡിസംബര്‍ 3ന് ഹാജരാകന്‍ ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. നവംബര്‍ 15ന് അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കാനാണ് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ ചെന്നൈയിലെ ജോയിന്റ് ഡയറക്ടര്‍ അയച്ച തപാല്‍ ലഭിക്കാത്തതിനാല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കഴിയില്ലെന്ന് സിബിഐ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്ന് നവംബര്‍ 28നുള്ളില്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച സിബിഐ വീണ്ടും റിപ്പോര്‍ട്ട് ഹാജരാക്കത്തതിനെ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥനോട് ഡിസംബര്‍ 3ന് ഹാജരാകാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഖാസിയുടെ മരുമകന്‍ മുഹമ്മദ് ഷാഫി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. സിബിഐ നടത്തുന്ന അന്വേഷണ പുരോഗതി ബന്ധുക്കള്‍ക്ക് അറിയാന്‍ കഴിയുന്നില്ലെന്നും അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 


ഈ കേസില്‍ ഖാസി സമരസമിതി തിങ്കളാഴ്ച കക്ഷിചേര്‍ന്നു. ഖാസി സമരസമിതി ചെയര്‍മാന്‍ ഇ.അബ്ദുല്ലകുഞ്ഞി, കണ്‍വീനര്‍ ഹമീദ് കുണിയ എന്നിവരാണ് കേസില്‍ കക്ഷി ചേരാന്‍ അഭിഭാഷകന്‍ മുഖേന അപേക്ഷ നല്‍കിയത്. സിബിഐ തിരുവനന്തപുരം എസ്.പി. രാകേഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി നന്ദകുമാറാണ് കേസന്വേഷണം നടത്തുന്നത്. അതേ സമയം ഖാസി സമരസമിതി മൂന്നാംഘട്ട പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി ചൊവ്വാഴ്ച വൈകുന്നേരം കാസര്‍കോട് വിക്ടോറിയ ഹോട്ടലില്‍ അടിയന്തര യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ഏറ്റെടുത്ത് ഒന്നരവര്‍ഷം പിന്നിടുമ്പോഴും കാര്യമായ തുമ്പൊന്നും ലഭിക്കാതെ സിബിഐ ഇരുട്ടില്‍ തപ്പുകയാണെന്നാണ് ആക്ഷേപം. 

ഇതിനിടയില്‍ സിബിഐ കേസ് അവസാനിപ്പിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഇത് സിബിഐ കേന്ദ്രങ്ങള്‍ തള്ളിക്കൊണ്ട് രണ്ടാംഘട്ട അന്വേഷണവും ഊര്‍ജ്ജിതമാക്കിയിരുന്നു. എന്നിട്ടും അന്വേഷണം തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ്. ഖാസിയുടെ മരണത്തിനെക്കുറിച്ചുള്ള സത്യാവസ്ഥ എന്തുതന്നെ ആയാലും അത് പുറത്ത് വരണമെന്നാണ് ഖാസിയെ സ്‌നേഹിക്കുന്നവരും ബന്ധുക്കളും സമരസമിതിയും ആഗ്രഹിക്കുന്നത്. അടുത്ത ബന്ധുക്കളെയടക്കം നുണ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും സിബിഐയുടെ അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍.

Keywords: Khazi-C.M.Abdulla-Moulavi, Death-case, CBI, High Court of Kerala, investigation-report, Kerala, Kasaragod

Post a Comment