Follow KVARTHA on Google news Follow Us!
ad

ഗ്രേഡിങ്ങ് എന്ന കീറാമുട്ടി-1

സ്വാതന്ത്ര്യം ലഭിച്ച കാലത്ത് ഇന്ത്യയില്‍ 500ല്‍ താഴെ കലാലയങ്ങളും 18 സര്‍വ്വകലാശാലകളും അഞ്ച് കല്പിത സര്‍വ്വകലാശാലകളുമാണുണ്ടായത്. എന്നാല്‍ 2000-മാണ്ടോടെ സര്‍വ്വകലാശാലകളുടെ എണ്ണം 300-ല്‍ കൂടുതലായി. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ദ്രുത വേഗത്തിലുള്ള വളര്‍ച്ചയാണ് ഈ കണക്കുകള്‍ രേഖപ്പെടുത്തുന്നത്.  ശ്രീ ചിത്തിര തിരുനാളിന്റെ കാലത്താണ് കേരളത്തില്‍ യൂണിവേഴ്‌സിറ്റികള്‍ രൂപം കൊണ്ടത്. എന്നാല്‍ ഇന്നത്തെ യൂണിവേഴ്‌സിറ്റികളിലെ ഉന്നതവിദ്യാഭ്യാസം ഇന്നിന്റെ ആവശ്യങ്ങളെ പോലും പൂര്‍ണ്ണമായി തൃപ്തിപ്പടുത്തുന്നില്ല എന്ന കണ്ടെത്തലില്‍ യുനെസ്‌കോയുടെ പൊതു വിദ്യാഭ്യാസ തത്വങ്ങളേയും കോത്താരി കമ്മീഷന്‍ റിപോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ രൂപം കൊടുത്താണ് പുതിയ സെമസ്റ്റര്‍ സമ്പ്രദായവും ഗ്രേഗിങ്ങും.


ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2005ന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിലെ സവിശേഷതകള്‍ കണക്കിലെടുത്ത് രൂപം കൊടുത്ത കെ.സി.എഫ് 2007 പാഠ്യപദ്ധതിയില്‍ പ്രീപ്രൈമറി മുതല്‍ 12-ാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ വ്യക്തിപരവും, സാമൂഹ്യവും ദേശീയവുമായ ലക്ഷ്യങ്ങളെ കൃത്യമായി നിര്‍ണ്ണയിച്ചു. ആ ലക്ഷത്തില്‍ കുട്ടികളെ എത്തിക്കാനുള്ള പ്രായോഗിക പദ്ധതിയുടെ ഭാഗമായി 12-ാം തരം പാസാകുന്ന കുട്ടികളില്‍ ചെറിയൊരു വിഭാഗം പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് പോകുകയും, മറ്റൊരു വിഭാഗം ബി.എ, ബി.എസ്.സി തുടങ്ങിയ കോഴ്‌സുകള്‍ക്ക് ചേരുകയും മഹാഭൂരിപക്ഷം പേരും കേവലം തൊഴിലന്വേഷകരായി മാറുന്ന പ്രവണതയുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.


ഈ സാഹചര്യത്തില്‍ പുതിയ പാഠ്യപദ്ധതിയില്‍ പ്ലസ്ടു വരെ പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് നിലവിലുള്ള ക്ലാസ് മുറികളില്‍ നിന്നും ഒന്നും ലഭിക്കുന്നില്ലെന്നാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ കണ്ടെത്തല്‍. മാറി വരുന്ന ഹൈടെക് യുഗത്തില്‍ ആധുനിക സാങ്കേതിക രീതികള്‍ അധ്യാപകരെ പഠിപ്പിച്ച് ഓരോ അധ്യാപകനും പഠിക്കാന്‍ പഠിപ്പിക്കുക എന്ന ആശയം ഉള്‍ക്കൊണ്ട് ഒരു സഹപഠിതാവായി മാറുകയും ഇതിലൂടെ നല്ല അധ്യാപകനായി മാറി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുക എന്നതാണ് പുതിയ സമ്പ്രദായത്തിലൂടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. പുതിയ രീതി പ്രാവര്‍ത്തികമാക്കുമ്പോള്‍ അന്തര്‍ വൈജ്ഞാനിക സമീപനവും മൂല്യ നിര്‍ണ്ണയത്തില്‍ ശാസ്ത്രീയ സമീപനവും അനിവാര്യമാണ്. മുന്‍കാലങ്ങളില്‍ അധ്യാപകര്‍ക്ക് നല്‍കി വരുന്ന റിഫേഷന്‍ കോഴ്‌സുകള്‍ എത്രമാത്രം ഗുണകരമായി ഭവിക്കുന്നുണ്ടെന്ന് ഇതിലൂടെ മനസ്സിലാക്കാവുന്നതാണ്. മാത്രമല്ല ഒരു വര്‍ഷം മുഴുവന്‍ പഠിപ്പിച്ച കാര്യങ്ങള്‍ മൂന്നു മണിക്കൂര്‍ കൊണ്ട് വിലയിരുത്തുന്ന പ്രവണത ശരിയാണോ എന്ന് ഓരോ അധ്യാപകനും ചിന്തിക്കേണ്ടിയിരിക്കുന്നു. കൂടാതെ ഓരോ കോളജുകളും ദ്വീപുകളായി പ്രവര്‍ത്തിക്കുന്ന സമീപനം മാറ്റി പരാശ്രിതങ്ങളായി വര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്നു.

സെമസ്റ്ററൈസേഷനും ഗ്രേഡിങ്ങും
ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ ഗ്രേഡിങ്ങ് സംവിധാനത്തില്‍ ബിരുദതലത്തില്‍ നിലവിലുള്ള മൂന്നു വര്‍ഷത്തെ കോഴ്‌സുകളെ ഓരോ കോഴ്‌സിന്റേയും പഠന വ്യാപ്തിക്കനുസൃതമായി സെമസ്റ്ററുകളാക്കുകയെന്നതാണ് സെമസ്റ്ററൈസേഷന്‍.  പരമ്പരാഗത രീതിയില്‍ ഒരു ഐച്ഛിക വിശയവും ഒരു ഉപ വിഷയവുമെന്ന് രീതി മാറ്റി ഇവയെ സയന്‍സ്, ആര്‍ട്‌സ്, കൊമേഴ്‌സ് സോഷ്യല്‍ സയന്‍സ് എന്നിങ്ങനെ നാല് മേഖലകളാക്കി തിരിക്കും. ഓരോ ബിരുദ കോഴ്‌സും ആറ് സെമസ്റ്ററുകളിലുള്ള 10 പേപ്പറുകള്‍. എല്ലാ വിഭാഗക്കാര്‍ക്കും പൊതുവായുള്ളതും മൂന്നാം സെമസ്റ്റര്‍ മുതല്‍ ഐച്ഛിക വിഷയം പഠിപ്പിക്കുകയും വേണം. ഡിഗ്രിക്ക് ആറു സെമസ്റ്ററുകളിലുമായി 30 പേപ്പറുകളുണ്ടാകും. ഐച്ഛിക വിഷയങ്ങളുടെ വിഭാഗത്തില്‍ 13 കോര്‍ പേപ്പറുകളാണ്. ഇതില്‍ 10 എണ്ണം വിഷയവുമായി നേരിട്ട് ബന്ധമുള്ളവയും മൂന്നെണ്ണം അവയെക്കുറിച്ച് പഠിക്കാനുള്ള മെത്തഡോളജിയെക്കുറിച്ചുമാണ്. ഇതിനു പുറമെ ഉപവിഷയങ്ങളില്‍ മൂന്ന് പേപ്പറുകളും ബാക്കിയുള്ളവ ഇഷ്ടമുള്ളവ വിദ്യാര്‍ത്ഥിക്ക് തിരഞ്ഞെടുക്കാം. ബോര്‍ഡ് ഓഫ് സ്റ്റഡീസാണ് സിലബസും ക്രഡിറ്റും നിശ്ചയിക്കുന്നത്. ഡിഗ്രി വിജയത്തിന്ന് 120 രൂപ മുതല്‍ 150 വരെ ക്രഡിറ്റുകള്‍ വേണം.


കുട്ടികള്‍ക്ക് ലഭിച്ച ആന്തരീക ബാഹ്യ മൂല്യ നിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ വിഷയങ്ങള്‍ക്കും കിട്ടിയ മാര്‍ക്കുകളെ ഗ്രേഡ് പൊയിന്റുകളായി തിരിച്ചാണ് വിവിധ ഗ്രേഡുകള്‍ നല്‍കുന്നത്. ഇതില്‍ പ്രാധാന വിഷയങ്ങളുടേയും ഉപവിഷയങ്ങളുടേയും സബ്ജക്ട് ഗ്രേഡ് പോയന്റ് ആവറേജ് എസ്.ജി.പി.എ വെച്ചേറെ കണക്കാക്കി അവയുടെ കടുമലേറ്റീവ് ഗ്രേഡ് പോയന്റ് ആവറേജ് സി.ജി.പി.എ കണ്ടാണ് ഗ്രേഡ് നിര്‍ണ്ണയിക്കുന്നത്.  40 മുതല്‍ 55 മാര്‍ക്ക് വരെ ലഭിക്കുന്നവര്‍ക്ക് 2.00-2.50 വരെ ഗ്രേഡ് പോയന്റ് ലഭിക്കുമ്പോള്‍ സി പ്ലസ് ഗ്രേഡും, 55- 70 മാര്‍ക്ക് റേഞ്ചില്‍ 2.50- 3.00 വരെ ബി. ഗ്രേഡ്, 70- 85 റേഞ്ചില്‍ 3.00- 3.50 വരെ ബി. പ്ലസ്, 85- 94 ല്‍ 3.50- 3.80 വരെ എ ഗ്രേഡ്, 94- 100 3.80- 4.00 വരെ എ. പ്ലസും ലഭിക്കും. ബാഹ്യ മൂല്യനിര്‍ണ്ണയത്തിന് ഒരേ പേപ്പറിന് ഡിഗ്രേഡ് ലഭിച്ച് പാര്‍ട്ട് മൂന്ന് വിഷയങ്ങള്‍ക്ക് 2.00 ഗ്രേഡ് പോയന്റ് കിട്ടിയാല്‍ മാത്രമെ സിപ്ലസ് ഗ്രേഡ് ലഭിച്ച് വിജയിക്കുകയുള്ളൂ.


ആന്തരീക മൂല്യ നിര്‍ണ്ണയത്തില്‍ ഉത്തരത്തിന് പകരം സെമിനാറുകളും, ടെസ്റ്റ് പേപ്പറും അസൈന്‍മെന്റും നടത്തുന്നു. ബാഹ്യ മൂല്യ നിര്‍ണ്ണയത്തില്‍ ലഭിച്ച ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി,ഇ എന്നിങ്ങനെ ഗ്രേഡും ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് പോയന്റും നല്‍കുന്നു. ചോദ്യങ്ങള്‍ക്ക് അവയുടെ രീതി അനുസരിച്ച് പ്രാധാന്യം നല്‍കി ഓരോ ഉത്തരത്തിനും ലഭിച്ച ഗ്രേഡ് പോയന്റിനെ ചോദ്യത്തിന്റെ പ്രാധാന്യം കൊണ്ട് ഗുണിച്ച് വെയ്റ്റഡ് ഗ്രേഡ് പോയന്റ് കണക്കാക്കുന്നു.

തുടരും...

-സുനില്‍കുമാര്‍ ചെറുവത്തൂര്‍


Keywords: Article, Grading-system,Sunilkumar-Cheruvathur

Post a Comment