Follow KVARTHA on Google news Follow Us!
ad

ഹജ്ജ്: എയര്‍ ഇന്ത്യാ വിമാനം കൊച്ചില്‍ ഇറക്കി; ജനകൂട്ടം എയര്‍ ഇന്ത്യാ ഓഫീസ് കയ്യേറി

കരിപ്പൂര്‍: ഹജ്ജ് തീര്‍ത്ഥാടകരേയും കൊണ്ട് വന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 962 നമ്പര്‍ ജിദ്ദ-കരിപ്പൂര്‍ വിമാനം കരിപ്പൂരിലിറക്കാതെ കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയതിനെ തുടര്‍ന്ന് തീര്‍ത്ഥാടകരെ കൂട്ടി കൊണ്ടുപോകാനെത്തിയ ജനകൂട്ടം പ്രകോപിതരാകുകയും എയര്‍ ഇന്ത്യാ ഓഫീസ് കയ്യേറി തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

മൂന്നുറോളം യാത്രക്കാരുമായി പുലര്‍ച്ചെ 6.30 നാണ് വിമാനം കരിപ്പൂരിലെത്തേണ്ടിയിരുന്നത് എന്നാല്‍ വിമാനം 11 മണിക്കും പിന്നീട് 12.30 നും എത്തുമെന്നറിയിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനം കരിപ്പൂരിലിറക്കാതെ കൊച്ചിയില്‍ ഇറക്കുകയായിരുന്നു. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം കൊച്ചിയില്‍ ഇറക്കേണ്ടി വന്നതെന്നാണ് എയര്‍ ഇന്ത്യാ അധികൃതരുടെ വിശദീകരണം. എന്നാല്‍ ജനകൂട്ടം പ്രകോപിതരായതോടെ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥര്‍ ഓഫീസ് പൂട്ടി സ്ഥലം വിടുകയായിരുന്നു. ഇതെ തുടര്‍ന്നാണ് ജനകൂട്ടം ഓഫീസ് കയ്യേറിയത്. ഹജ്ജ് യാത്രക്കാരുമായി വരുന്ന വിമാനങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളിലും ഇത്തരത്തില്‍ വട്ടം കറക്കി മറ്റ് വിമാനത്താവളങ്ങളില്‍ ഇറക്കിയിരുന്നതായി ജനകൂട്ടം ആരോപിച്ചു. രാവിലെ മറ്റൊരു വിമാനം കരിപ്പൂരില്‍ 10 മണിക്ക് യാത്രക്കാരുമായി എത്തിയിരുന്നു. പുലര്‍ച്ചെയായിരുന്നു ഈ വിമാനം എത്തേണ്ടിയിരുന്നത്. രോക്ഷാകുലരായ ജനകൂട്ടത്തെ വിവരമറിഞ്ഞെത്തിയ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് സമാധാനിപ്പിച്ചത്. നെടുമ്പാശേരിയിലിറക്കിയ വിമാനത്തില്‍ നിന്നും യാത്രക്കാര്‍ ഇറങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. ഇവരെ കരിപ്പൂരില്‍ തന്നെ എത്തിക്കുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. വിമാനത്താവളത്തിന് പുറത്ത് ഇപ്പോഴും ജനകൂട്ടം പ്രതിഷേധവുമായി കാത്തുകെട്ടികിടക്കുകയാണ്.

Keywords: Hajj, Air India, Cochin, Karipur, Airport

Post a Comment