Follow KVARTHA on Google news Follow Us!
ad

പേടിപ്പെടുത്തുന്ന ഓര്‍മയാണെങ്കിലും ഓര്‍മയ്ക്ക് മധുരമുണ്ട്.. 40 വര്‍ഷങ്ങള്‍ക്കപ്പുറം രോഷ്‌നയുമൊത്തുള്ള ഒരു ദിവസം

യാത്രകള്‍ പല അനുഭവങ്ങളും സമ്മാനിക്കാറുണ്ട്. അതില്‍ സന്തോഷം നിറഞ്ഞതുണ്ട്, ഭയപ്പെടുത്തുന്നതുണ്ട്, ദുഖം ജനിപ്പിക്കുന്നതുമുണ്ട്. അനുഭവങ്ങള്‍ ഡയറി താളുകളില്‍ കുറിച്ചുവെക്കുന്ന സ്വഭാArticle, Kookanam-Rahman, Love, Friendship, Memories, Memories from 40 years ago.
കൂക്കാനം റഹ് മാന്‍

(www.kvartha.com 14.01.2020) യാത്രകള്‍ പല അനുഭവങ്ങളും സമ്മാനിക്കാറുണ്ട്. അതില്‍ സന്തോഷം നിറഞ്ഞതുണ്ട്, ഭയപ്പെടുത്തുന്നതുണ്ട്, ദുഖം ജനിപ്പിക്കുന്നതുമുണ്ട്. അനുഭവങ്ങള്‍ ഡയറി താളുകളില്‍ കുറിച്ചുവെക്കുന്ന സ്വഭാവം എനിക്കുണ്ട്. ഒമ്പതാം ക്ലാസ്സില്‍ തുടങ്ങിയ ഡയറി എഴുത്ത് ഇന്നും തുടരുന്നു. ചില യാത്രാനുഭവങ്ങള്‍ പുറത്തു പറയാന്‍ കൊള്ളാത്തവയാണ്. പക്ഷേ ഞാന്‍ അത്തരം കാര്യങ്ങളും എഴുത്തിലൂടെയോ, സംഭാഷണത്തിലൂടെയോ മറ്റുള്ളവരുമായി പങ്കുവെക്കാറുണ്ട്.

ഇക്കഴിഞ്ഞാഴ്ച (2020 ജനുവരി 6) മലയാളം വാരികയില്‍ പി കൃഷ്ണനുണ്ണി എഴുതിയ വിഷാദഗണിത പുസ്തകത്തില്‍ നിന്നും ഒരേട് എന്ന അനുഭവകുറിപ്പ് എന്നെ പഴയൊരു യാത്രാനുഭവ ഓര്‍മ്മയിലേക്ക് കൊണ്ടുപോയി. 1980 ലാണ് സംഭവം. കര്‍ണ്ണാടകയിലെ ഒരു കോളജില്‍ മൈസൂര്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന ഒരു പരീക്ഷയെഴുതാന്‍ ചെന്നതായിരുന്നു ഞാന്‍. രാവിലെ ഒമ്പത് മണിക്ക് പരീക്ഷ തുടങ്ങും. അതിരാവിലെ വീട്ടില്‍ നിന്നിറങ്ങി. ആദ്യത്തെ ട്രെയിനിന് തന്നെ മംഗളൂരുവിലെത്തി. പിന്നെ ബസ്സിലാണ് യാത്ര. പരീക്ഷാകേന്ദ്രമായ കോളജ് ഒരു കുന്നിന്‍ പുറത്താണ്. മനോഹരമാണ് ആ കുന്നിന്‍ പുറവും ചുറ്റുപാടും. തിരക്കൊഴിഞ്ഞ ഒരു ഗ്രാമീണാന്തരീക്ഷം.

ബസ്സിറങ്ങി റോഡിലൂടെ മുകളിലോട്ട് നടന്നു കയറണം. അന്ന് കോളേജ് അവധിയായതിനാല്‍ കോളേജ് വിദ്യാര്‍ത്ഥികളൊന്നുമുണ്ടായിരുന്നില്ല. പരീക്ഷയ്ക്ക് വരുന്ന ഏതാനും പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപരിചിതമായ പ്രദേശമായതിനാല്‍ ഞാന്‍ കൂട്ടുകാരൊന്നുമില്ലാതെ ഒറ്റയ്ക്ക് റോഡ് കയറി പോവുകയായിരുന്നു. പരീക്ഷയ്ക്ക് വേണ്ടി പഠിച്ച കാര്യങ്ങളെല്ലാം ഒന്നോര്‍മ്മയിലേക്ക് കൊണ്ടുവരാന്‍ ഏകാന്ത പഥികനായ എന്റെ നടത്തം സഹായകമായി.

എന്റെ മുമ്പില്‍ കുറച്ചകലെയായി ഒരു പെണ്‍കുട്ടി നടന്നു പോകുന്നുണ്ട്. കയ്യില്‍ കുടയുമുണ്ട്. വളരെ മെല്ലെയാണ് നടത്തം. ഞാന്‍ അവളുടെ അടുത്തെത്താറായി. മുട്ടോളം എത്തുന്ന വെള്ളയ്ക്ക് പുള്ളികളുള്ള മിഡിയാണ് ധരിച്ചിട്ടുളളത്. വെറുതെയൊന്ന് കണ്ണോടിച്ചപ്പോള്‍ അവളുടെ ഉടുപ്പില്‍ രക്തപാടുകള്‍ കണ്ടു. ഇപ്പോള്‍ റോഡില്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേയുള്ളൂ. അവള്‍ ഏതു ഭാഷക്കാരിയാണെന്നറിയില്ല. എങ്കിലും ആ കുട്ടിയുടെ ശ്രദ്ധ തിരിക്കാന്‍ 'ലുക്ക് ദി ബാക്ക് സൈഡ് ഓഫ് യുവര്‍ ഡ്രസ്സ് 'എന്ന് പറഞ്ഞു. അവള്‍ ഡ്രസ്സ് തിരിച്ചു പിടിച്ചു നോക്കി. നാണമൊന്നും കാണിച്ചില്ല. ഒരു ചിരി ചിരിച്ചു എന്നു മാത്രം.

ആ നാട്ടുകാരിയാണെന്നു തോന്നി. കുന്നിന്‍ ചെരുവിലുളള വീട്ടിലേക്ക് അവള്‍ ഓടി പോവുന്നതു കണ്ടു. ഇടയ്ക്ക് അവള്‍ താങ്ക് യൂ... താങ്ക് യൂ... എന്ന് പറയുന്നുണ്ടായിരുന്നു. ഞാന്‍ കോളജ് ഗ്രൗണ്ടിലെത്തി. നിറയെ തണല്‍ മരങ്ങള്‍ വെച്ചു പിടിപ്പിച്ചിട്ടുണ്ടവിടെ. എട്ടര മണി ആയതേയുള്ളൂ. കിഴക്കു നിന്ന് സൂര്യപ്രകാശം നേരിട്ട് കണ്ണിലേക്ക് അടിച്ചുകയറുന്നുണ്ട്. ഒരു തണല്‍ മരത്തിനടില്‍ ഞാന്‍ ഇരിപ്പുറപ്പിച്ചു. അപ്പോഴേക്കും പരീക്ഷാര്‍ത്ഥികള്‍ വന്നു കൊണ്ടേയിരുന്നു. കിട്ടിയ ഒന്നര മണിക്കൂര്‍ പ്രയോജനപ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചു. ഒന്നുകൂടി നോട്ടുബുക്ക് മിറച്ചു നോക്കാന്‍ ആരംഭിച്ചതേയുളളൂ.

അപ്പോഴേക്കതാ ആ പെണ്‍കുട്ടി ചിരിച്ചുകൊണ്ട് എന്റെ മുമ്പില്‍ നില്‍ക്കുന്നു. ഞാന്‍ നന്ദി അറിയിക്കാന്‍ വന്നതാണ്. പേരും സ്ഥലവും പരീക്ഷയും ഒക്കെ അവള്‍ എന്നോട് ചോദിച്ചറിഞ്ഞു. പരീക്ഷ കഴിഞ്ഞിറങ്ങുമ്പോള്‍ തമ്മില്‍ കാണണമെന്ന് അവള്‍ ആവശ്യപ്പെട്ടു. ഇതാ ഇവിടെ തന്നെ കാണണം എന്നാവശ്യപ്പെട്ടപ്പോള്‍ ഞാന്‍ തലയാട്ടി.

ബെല്‍ മുഴങ്ങി ഞങ്ങള്‍ പിരിഞ്ഞു. പരീക്ഷാ ഹാളിലെത്തി. പരീക്ഷ എഴുതി കൊണ്ടിരിക്കുമ്പോള്‍ എന്റെ മനസ് അവളില്‍ തങ്ങിനില്‍ക്കുകയായിരുന്നു. എന്തിനാണ് കാണാന്‍ പറഞ്ഞതെന്നും, അവളുടെ പ്രതികരണമെന്തായിരിക്കുമെന്നും ആയിരുന്നു എന്റെ ചിന്ത.

ഉച്ചയ്ക്ക് 12 മണിയോടെ പരീക്ഷാഹാളില്‍ നിന്ന് പുറത്തിറങ്ങി. സൂചിപ്പിച്ച മരത്തിന്‍ ചുവട്ടില്‍ അവളുണ്ട്. അടുത്തെത്തിയപ്പോള്‍ സങ്കോചമില്ലാതെ അവള്‍ പറയുകയാണ് നമ്മുക്ക് വീട്ടിലേക്ക് പോകാം. കുന്നിന്റെ പടിഞ്ഞാറു ഭാഗത്തേക്കു ചൂണ്ടി അവള്‍ പറഞ്ഞു. അതാ ആ കാണുന്ന വയലില്ലേ ആ വയല്‍ക്കരയിലാണ് എന്റെ വീട്. ഇംഗ്ലീഷിലും കണ്ണടയിലുമാണ് അവളുടെ സംസാരം.

'നാളെയും കൂടി പരീക്ഷയുള്ളതുകൊണ്ട് ഞാന്‍ ടൗണില്‍ മുറിയെടുത്തിട്ടുണ്ട്. ഞാന്‍ അവിടേക്കു പൊയ്‌ക്കോളാം'. പക്ഷേ അവള്‍ വിടുന്ന മട്ടില്ല. സ്‌നേഹത്തോടെയുള്ള അവളുടെ ആഗ്രഹത്തിനു ഞാന്‍ വഴങ്ങി കൊടുത്തു. നടന്നു പോകാനേയുള്ളൂ എന്ന് സൂചിപ്പിച്ചുകൊണ്ട് അവള്‍ മുന്നിലും ഞാന്‍ പിറകിലുമായി നടക്കാന്‍ തുടങ്ങി. കുന്നിറങ്ങി വയലിലെത്തിയപ്പോള്‍ നല്ല വെയില്‍, അവള്‍ എന്നെ കുടയില്‍ കൂട്ടി ഒന്നിച്ചു നടക്കാന്‍ തുടങ്ങി. എനിക്കു ഭയം തോന്നി. പരിചയമില്ലാത്ത പെണ്‍കുട്ടി, പരിചയമില്ലാത്ത പ്രദേശം പക്ഷേ അവള്‍ക്കൊരു കൂസലുമില്ല. എന്റെ കൈ പിടിച്ചുകൊണ്ട് അവള്‍ നടക്കുകയാണ്.

ഒരു അര മണിക്കൂര്‍ നടന്നു കാണും വീടെത്തി. ചെറിയൊരു വീട്, അവള്‍ അമ്മയ്ക്ക് എന്നെ പരിചയപ്പെടുത്തികൊടുത്തു. അമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ജ്യേഷ്ഠന്‍ ചില കന്നട ഫിലിമിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ഇന്നും ഷൂട്ടിങ്ങിന് പോയിരിക്കുകയാണ്. ഇത്രയും പറഞ്ഞപ്പോഴേക്കും അമ്മ ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഭക്ഷണം വിളമ്പി തയ്യാറാക്കി വെച്ചു വിളിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അവള്‍ പറഞ്ഞു..  നമ്മുക്ക് വൃന്ദാവന്‍ ഗാര്‍ഡന്‍ വരെ പോകാം.. ഇവിടെ അടുത്താണ്. അമ്മയും തല കുലുക്കി പൊയ്‌ക്കോളാന്‍ അനുവാദം തന്നു.

ഇത്രയുമായപ്പോഴേക്കും ഞങ്ങള്‍ വളരെ അടുത്തു. സമയം മൂന്നു മണി ആയികാണും. അവളുടെ പേരു പോലും ഇതേവരെ ചോദിച്ചില്ല. വീട്ടില്‍ നിന്ന് അമ്മ അളുടെ പേര് വിളിക്കുന്നതു കേട്ടു... രോഷ്‌ന. രോഷ്‌നയും ഞാനും വീട്ടില്‍ നിന്നിറങ്ങാന്‍ നേരം അമ്മ പറഞ്ഞു.. അധികം വൈകാതെ തിരിച്ചെത്തണം.. രോഷ്‌നയെ ശ്രദ്ധിക്കണം സാര്‍.

വന്ന വയലിലൂടെ തിരുച്ചു നടന്നു. അവള്‍ കഥ പറയാന്‍ തുടങ്ങി. 'ഞാന്‍ പെട്ടന്ന് ബോധമില്ലാതെ വീഴും ... അച്ഛന്‍ ആത്മഹത്യ ചെയ്തു. അമ്മയുടെ വഴിവിട്ട പോക്കാണ് അച്ഛനെ അതിന് പ്രേരിപ്പിച്ചത്. അന്നു മുതലാണ് എനിക്കീ അസുഖം പിടിപെട്ടത്. നിങ്ങള്‍ ഭയപ്പെടുകയൊന്നും വേണ്ടാട്ടോ.'

ബസ്സിന് ഞങ്ങള്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ എത്തി. ടിക്കറ്റെടുത്ത് അകത്തുകയറി. പുല്‍തകിടിയില്‍ അടുത്തടുത്തായി ഇരുന്നു. അവള്‍ അമ്മയെ കുറിച്ചും ജ്യേഷ്ഠനെ കുറിച്ചും പറയാന്‍ തുടങ്ങി. ഇടയ്ക്ക് ഞാന്‍ ചോദിച്ചു. 'രോഷ്‌നയെ അപരിചിതനായ എന്റെ കൂടെ പറഞ്ഞയച്ചതെന്തേ'.. 'എന്നെ അമ്മയ്ക്ക് വിശ്വാസമാണ്. തെറ്റിലേക്ക് നീങ്ങില്ലെന്ന് ഉറപ്പുണ്ട്'..'എന്തോ എനിക്ക് താങ്കളോട് വല്ലാത്ത ബഹുമാനം തോന്നി.. ആദരവ് തോന്നി. എന്റെ അശ്രദ്ധ താങ്കള്‍ ചൂണ്ടികാണിച്ചില്ലേ?

പറഞ്ഞുകൊണ്ടിരിക്കേ അവള്‍ ബോധം കെട്ടുവീണു. ഞാന്‍ വെപ്രാളപെട്ടു. പക്ഷേ ആദ്യമേ പറഞ്ഞതുകൊണ്ട് അല്പം സമാധാനം തോന്നി. തൊട്ടടുത്തിരിക്കുന്നവരെ വിളിച്ചുവരുത്തി. അല്പം വെള്ളം കുടിക്കാന്‍ കൊടുത്തു. മുഖത്ത് വെള്ളമൊഴിച്ച് തടവികൊടുത്തപ്പോള്‍ ബോധം തെളിഞ്ഞു കണ്ണു തുറന്നു. എന്റെ ശ്വാസം നേരെ വീണത് അപ്പോഴാണ്.

പിന്നെ ഒട്ടും താമസിച്ചില്ല. സമയം ആറു മണിയോടടുത്തു കാണും. അവിടെ കാണികളുടെ തിരക്കാരംഭിച്ചുകൊണ്ടിരുന്നു. വീട്ടിലേക്ക് തിരിച്ചു പോകാമെന്ന് പറഞ്ഞപ്പോള്‍ രോഷ്‌ന മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. രാത്രി എട്ടു മണിയായി കാണും.. അവളുടെ വീട്ടിലെത്തി. അന്നവിടെ താമസിക്കാന്‍ അവള്‍ നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ വഴങ്ങിയില്ല. രോഷ്‌ന കൂറേ കാലം കത്തയക്കാറുണ്ടായിരുന്നു. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കപ്പുറം നടന്നൊരു സംഭവം ഓര്‍ത്തുപോയി. രോഷ്‌ന ഇപ്പോള്‍ എന്തുചെയ്യുന്നെന്നറിയില്ല. വിവാഹിതയായി കുഞ്ഞുകുട്ടികളുമായി ജീവിച്ചുവരുന്നുണ്ടാവാം... അത് പേടിപ്പെടുത്തുന്ന ഓര്‍മയാണെങ്കിലും ഓര്‍മയ്ക്ക് മധുരമുണ്ട്.

Article, Kookanam-Rahman, Love, Friendship, Memories, Memories from 40 years ago.

Keywords: Article, Kookanam-Rahman, Love, Friendship, Memories, Memories from 40 years ago.