Follow KVARTHA on Google news Follow Us!
ad

നാളെ ലോകാവസാനമെന്ന് ഉറപ്പായാല്‍ പോലും ഇന്ന് മരം വെച്ചു പിടിപ്പിക്കാന്‍ ആഹ്വാനും ചെയ്ത പ്രവാചകനാണ് മുഹമ്മദ് നബി; ഭൂമിയെ കൊല്ലുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ കാര്യത്തില്‍ ജാഗ്രത വേണം; വന നശീകരണം സ്വന്തം നാശത്തിലേക്കു നയിക്കും: മുനീര്‍ ഹുദവി വിളയില്‍

നാളെ ലോകാവസാനമാണെന്ന് ഉറപ്പായാല്‍ പോലും തലേന്ന് മരം വെച്ചു പിടിപ്പിക്കേണ്ട ആവശ്യകത ഊന്നി പറഞ്ഞ പ്രവാചകനാണ് മുഹമ്മദ് നബി News, kasaragod, Kerala, Milad-un-Nabi, Prophet, New Delhi, Environmental problems, Inauguration, Festival, Religion, Muslim, Islam, Muneer Hudavi on environmental care
കളനാട് (കാസര്‍കോട്): (www.kvartha.com 10.11.2019) നാളെ ലോകാവസാനമാണെന്ന് ഉറപ്പായാല്‍ പോലും തലേന്ന് മരം വെച്ചു പിടിപ്പിക്കേണ്ട ആവശ്യകത ഊന്നി പറഞ്ഞ പ്രവാചകനാണ് മുഹമ്മദ് നബി, ആ നന്മ തിരിച്ചറിയുന്നവര്‍ ഭൂമിയെ കൊല്ലുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും പ്രമുഖ മത പ്രഭാഷകന്‍ മുനീര്‍ ഹുദവി വിളയില്‍. കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റിയും യുഎഇ-ഖത്തര്‍ കമ്മിറ്റികളും സംയുക്തമായി സംഘടിപ്പിച്ച റൂഹീ ഫിദാക നബിദിന പരിപാടിയുടെ പൊതുസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നബിദിനം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ അവസാനം ബാക്കിയാവുന്നത് ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. മധുര പലഹാരം നല്‍കാനും ശീതള പാനീയങ്ങള്‍ വിതരണം ചെയ്യാനുമെല്ലാം പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. അവശ്യം കഴിഞ്ഞ് ഇവ വലിച്ചെറിയുന്ന പ്രവണത കണ്ടു വരുന്നു. പരിസ്ഥിതിയെ ജീവനോളം സ്‌നേഹിച്ച പ്രവാചകന്റെ പാത പിന്തുടരേണ്ടവര്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. ആഘോഷങ്ങള്‍ക്കു മുന്നോടിയായി ജില്ലാ കലക്ടര്‍മാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കേണ്ടി വരുന്നതും ഈ സാഹചര്യത്തിലാണ്. ഹരിത പെരുമാറ്റ ചട്ടത്തെകുറിച്ച് (Green Protocol) ഏറ്റവും കൂടുതല്‍ ബോധവാന്‍മാരാകേണ്ടതും മുസ്ലീം മത വിശ്വാസികള്‍ ആണെന്നും അദ്ദേഹം വിശദീകരിച്ചു.

പരിസ്ഥിതിയെ പരിചരിക്കുകയും ആഴത്തില്‍ സംസാരിക്കുകയും ചെയ്തയാളാണ് പ്രവാചകന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മള്‍ ഇതേ പ്രകൃതിയില്‍ നിന്നും വിഷ പുക ശ്വസിക്കുന്ന സ്ഥിതിയിലെത്തി. ഇന്ത്യയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ വരുന്നവര്‍ക്കു പോലും രാജ്യ തലസ്ഥാനമായ ഡെല്‍ഹിയില്‍ വിമാനമിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. വിമാനങ്ങള്‍ അന്തരീക്ഷ മലിനീകരണം കാരണം നിലത്തിറക്കാന്‍ കഴിയാതെ മറ്റു നഗരങ്ങളിലേക്ക് വഴി തിരിച്ചുവിടുകയാണ്. വ്യവസായ ശാലകളുടെയും വാഹനങ്ങളുടെയും ആധിക്യം കാരണവും വന നശീകരണം കാരണവും ആളുകള്‍ ശുദ്ധവായു ശ്വസിക്കാന്‍ പണം നല്‍കേണ്ട അവസ്ഥയിലാണ്.

വൃക്ഷങ്ങളാണ് ശുദ്ധവായുവിന്റെ കലവറ. അത് കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കണം. ഇന്ന് പണം കൊടുത്ത് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ വാങ്ങുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. ഡെല്‍ഹിയില്‍ ഇന്നിത് പതിവു കാഴ്ചയായിരിക്കുന്നു. ഗ്രാമങ്ങളില്‍ നിന്നും അവിടെ ഫ്‌ളാറ്റുകളിലേക്ക് കുടിയേറിയവര്‍ നിലവിളിക്കുകയാണ്. ഡെല്‍ഹിയില്‍ 40 ശതമാനം ആള്‍ക്കാരും നഗരത്തിന് പുറത്തു പോകാന്‍ ആഗ്രഹിക്കുന്നവരാണ്. ഇവര്‍ തന്നെ ചെയ്തു കൂട്ടിയ വന നശീകരണമാണ് സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമാക്കിയത്. ഓരോ മരവും അതിന്റെ ആയുസില്‍ വിലമതിക്കാനാവാത്തത്രയും ശ്വാസവായുവാണ് നമുക്ക് നല്‍കുന്നതെന്ന് മനസിലാക്കണം. ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകാനും കാര്‍ഷിക സംസ്‌കാരമുള്‍പ്പെടെ തിരിച്ചു പിടിക്കാനും ജനങ്ങള്‍ ശ്രമിക്കണം. ശുദ്ധമായ വായുവും ഭക്ഷണവും വെള്ളവും ലഭിക്കാന്‍ അത് അത്യന്താപേക്ഷിതമാണ്.

രക്ഷിതാക്കള്‍ സമയ ലാഭത്തിനായും ജോലി ലാഭത്തിനായും കുട്ടികള്‍ക്ക് ഫാസ്റ്റ് ഫുഡ് ഉണ്ടാക്കി നല്‍കുന്ന പ്രവണത കൂടി വരികയാണ്. നൂഡില്‍സ് അടക്കമുള്ള ഭക്ഷണങ്ങള്‍ ആരോഗ്യത്തെ വലിയ രീതിയില്‍ ബാധിക്കും. ബേക്കറി ഉത്പന്നങ്ങള്‍ക്ക് പകരം ഈത്തപ്പഴവും പാലും മറ്റും ശീലിക്കണം. ഈയടുത്ത് ലക്ഷദ്വീപ് സന്ദര്‍ശിച്ചിരുന്നു. അടുത്ത കാലത്താണ് അവിടെ ഭക്ഷ്യോത്പന്നങ്ങള്‍ കൂടുതലായും പുറത്തു നിന്നും എത്തിക്കാന്‍ തുടങ്ങിയത്. ഇതുവരെ പ്രയമുള്ളവര്‍ ഉള്‍പ്പെടെ നല്ല ആരോഗ്യത്തോടെയാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ പുറത്തു നിന്നും വ്യാപകമായി ഭക്ഷ്യോത്പന്നങ്ങള്‍ എത്തിതുടങ്ങിയതോടെ പരമ്പരാഗതമായി ഉപയോഗിച്ചവ ജനങ്ങള്‍ ഉപേക്ഷിച്ചു. ഇതോടെ കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് പലരും അടിമകളായെന്ന് നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയതായും മുനീര്‍ ഹുദവി വിളയില്‍ കൂട്ടച്ചേര്‍ത്തു. ചടങ്ങ് ഖാസി ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. വിവിധ പരിപാടികളാണ് നബിദിനത്തോടനുബന്ധിച്ച് നാടെങ്ങും നടന്നു വരുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, kasaragod, Kerala, Milad-un-Nabi, Prophet, New Delhi, Environmental problems, Inauguration, Festival, Religion, Muslim, Islam, Muneer Hudavi on environmental care