Follow KVARTHA on Google news Follow Us!
ad

ഷഹലയുടെ മരണം ഒരു പാഠപുസ്തകമാണ്; ഭാവിയുടെ പ്രതീക്ഷകള്‍ക്കായി രക്ഷിതാക്കളും അധ്യാപകരും കൈകോര്‍ക്കുക; സുരക്ഷിതമായ സ്‌കൂളും പരിസരവും കുട്ടികളുടെ സ്വപ്നങ്ങള്‍ക്കൊപ്പം പാറികളിക്കാനുള്ള ഇടമാകട്ടെ

കഴിഞ്ഞ ദിവസങ്ങളിലായി നമ്മെ വേദനിപ്പക്കുന്ന ഒരു കുഞ്ഞു മുഖമുണ്ട്, ഷഹല ഷെറിന്‍ എന്ന ബത്തേരി സര്‍വജന സ്‌കൂളിലെ അഞ്ചാം Article, Kerala, Wayanad, kasaragod, school, Malayalam, Students, Girl, Dies, Article about role of PTA and safety of students
ഹർഷ എച്ച് എം

(www.kvartha.com 25.11.2019)
കഴിഞ്ഞ ദിവസങ്ങളിലായി നമ്മെ വേദനിപ്പക്കുന്ന ഒരു കുഞ്ഞു മുഖമുണ്ട്, ഷഹല ഷെറിന്‍ എന്ന ബത്തേരി സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം കേരളക്കരയെ ആകെ ദുഖത്തിലാഴ്ത്തി. പാമ്പ് കടിയേറ്റു മരിച്ച ഷഹലയുടെ ഓര്‍മകള്‍ എന്നും നമ്മെ വേദനിപ്പിക്കും. ജീവന്‍ അപകടത്തിലാണെന്നറിഞ്ഞപ്പോഴും വേദന അസഹനീയമായപ്പോഴും എത്ര നേരമാണവള്‍ കരഞ്ഞത്. കുഞ്ഞിന്റെ നിലവിളി കേള്‍ക്കാനാവാത്ത കാതുകള്‍ ആയിരുന്നോ സ്‌കൂള്‍ അധികൃതരുടേത്? ആ കുഞ്ഞുമുഖം വേദന കൊണ്ടു ചുവന്നപ്പോഴും അലിയാത്ത കല്ലായിരുന്നോ അവരുടെ മനസ്സ്? കൃത്യസമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ ഇന്നും ഷഹലയുടെ ജീവന്‍ ഈ ഭൂമിയില്‍ അവളുടെ സ്വപ്നങ്ങള്‍ക്ക് ഒപ്പം സഞ്ചരിച്ചേനെ. അവളുടെ മാതാപിതാക്കളുടെ ആഗ്രഹത്തിനൊപ്പം കളിച്ചിരിയുടെ ലോകത്ത് അവളും പാറി നടന്നേനെ.

ഈ ദാരുണ മരണത്തിനു മുന്നില്‍ കേരളം തലകുനിക്കേണ്ടി വന്നിരിക്കുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ രംഗവും സ്‌കൂളുകളും ലോക നിലവാരത്തിലുള്ളതാണ്. അധ്യാപകരും മികച്ച നിലവാരത്തിലുള്ളവര്‍ തന്നെ. എന്നിരുന്നാലും സഹജീവികളോട് ദയ കാണിക്കാത്ത ചിലരുടെ സ്വാര്‍ത്ഥ ചിന്ത കാരണം പൊതു സമൂഹത്തിന് തല താഴ്‌ത്തേണ്ടി വന്നിരിക്കുകയാണ്. ഷഹല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ ദാരുണമായ മരണം മക്കളെ ജീവനു തുല്യം സ്‌നേഹിക്കുന്ന മാതാപിതാക്കളുടെ മനസ്സിനെ വേദനിപ്പിച്ച സംഭവമായിരിക്കും. ഞെട്ടലോടെ ആയിരിക്കും പലരുമിത് അറിഞ്ഞത്. അറിവ് നല്‍കുന്ന അധ്യാപകരുടെ കയ്യില്‍ തങ്ങളുടെ മക്കള്‍ സുരക്ഷിതാണ് എന്ന വിശ്വാസമാണ് രക്ഷിതാക്കള്‍ക്കുള്ളത്. ഇതിന് കോട്ടം വന്നു കൂടാ. നല്ലത് പറഞ്ഞു കൊടുത്തു വഴി കാട്ടേണ്ടവരുടെ കയ്യില്‍ മക്കള്‍ സുരക്ഷിതരല്ലെന്നു മാതാപിതാക്കള്‍ കരുതുമ്പോള്‍ നല്ലത് പറഞ്ഞു വഴി കാട്ടിയ അക്ഷരങ്ങള്‍ പറഞ്ഞു കൊടുത്തു കുട്ടികളുടെ സ്വപ്നങ്ങളെ വളര്‍ത്തിയെടുത്ത നല്ല അധ്യാപകര്‍ക്കും തല കുനിക്കേണ്ടി വന്നിട്ടുണ്ടാകാം.

ക്ലാസില്‍ ഇരിക്കുന്നത് തന്റെ മക്കളാണെന്നും അവരുടെ നന്മയാണ് ലക്ഷ്യമെന്നും പല അധ്യാപകരും പറയുന്നത് കേട്ടിട്ടില്ലേ. നാളെയുടെ പ്രതീക്ഷകളാണ് മുന്നിലിരിക്കുന്ന ഓരോ കുട്ടിയെന്നും അവര്‍ക്ക് വഴി കാട്ടേണ്ടത് താനാണെന്നുമുള്ള ബോധ്യം ഉണ്ടായാല്‍ തന്നെ അത് സമൂഹത്തിന്റെ വിജയമാണ്. കേരളത്തില്‍ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥമൂലം പൊലിഞ്ഞുപോയ കുട്ടിക്ക് അവസാന ഉദാഹരണമായിരിക്കണം ഷഹല ഷറിന്‍. ആ കുഞ്ഞു മോള്‍ക്ക് വേണ്ടി ചെയ്യാന്‍ സാധിക്കുന്നത് ഇനിയുള്ള കുട്ടികള്‍ക്ക് നല്‍കാവുന്ന സുരക്ഷയാണ്. എന്നാല്‍ പൊതു സമൂഹത്തിന് മുന്നില്‍ ആ അധ്യാപകന്‍ മാത്രമല്ല കുറ്റക്കാരന്‍. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാത്ത പിടിഎ. അതിനെ കുറിച്ച് ഇത്രയും കാലം പ്രതികരിക്കാത്ത മറ്റു രക്ഷിതാക്കള്‍, വകുപ്പ് അധികൃതര്‍, ജന പ്രതിനിധികള്‍... ഇവരെല്ലാം എവിടെയായിരുന്നു ഇത്രയും കാലം.

സ്‌കൂള്‍ പരിസരം വൃത്തിയായി സൂക്ഷിക്കുക എന്ന പതിവ് ചൊല്ല് ചാര്‍ട്ടു പേപ്പറുകളില്‍ മാത്രമായി ഒതുങ്ങി പോവുകയാണോ? സുരക്ഷയ്ക്കാണ് പ്രാഥമിക പരിഗണന. പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തില്‍. ഇഴജന്തുക്കള്‍ കടക്കാത്ത വിധം ഓരോ സ്‌കൂളുകളും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക എന്നത് അധ്യാപകരുടെയും പിടിഎ നേതൃത്വത്തിന്റേയും ചുമതലയാണ്. സ്‌കൂളുകളും പരിസരവും വൃത്തിയാക്കി സൂക്ഷിച്ച് ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ ഇതിനോടകം ഉത്തരവിട്ടു. കാസര്‍കോട് ജില്ലയിലെ ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പരിസരവും വൃത്തിയാക്കി. സ്‌കൂളിന്റെ പത്ത് എ ക്ലാസിനു തൊട്ടടുത്തുള്ള പെണ്‍കുട്ടികളുടെ ടോയ്ലറ്റിനു സമീപത്തുള്ള പുറ്റും ഓഫീസിനു മുന്നിലുള്ള മരത്തണലിലെ പുറ്റും പിടിഎയുടെ നേതൃത്വത്തില്‍ നീക്കം ചെയ്തതും ഓരോ സ്‌കൂളിനും മാതൃകയാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിവിദ ഇടങ്ങളില്‍ തുടരുകയാണ്.

കുട്ടികളുടെ സുരക്ഷിതത്വം സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് വരുത്തണം. കുട്ടികളുടെ നിസാരമെന്നു കരുതുന്ന പ്രശ്‌നങ്ങള്‍ക്കും ഉടനെ പരിഹാരം കണ്ടെത്തി അവര്‍ക്കൊപ്പം നില്‍ക്കാന്‍ ഓരോ അധ്യാപകര്‍ക്കും സാധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് കരുത്ത് പകരേണ്ടത് അധ്യാപകര്‍ ആണെങ്കില്‍ അധ്യാപകര്‍ക്ക് കരുത്ത് പകരേണ്ടത് രക്ഷിതാക്കളാണ്. കുട്ടികളെ സ്‌കൂളിലേക്ക് വിട്ടാല്‍ എല്ലാം ആയി എന്ന് ധരിക്കരുത്. പകരം ഇടയ്ക്കിടക്കെങ്കിലും അവരുടെ പഠന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ വിലയിരുത്താനും കഴിയണം. കാരണം കുട്ടികള്‍ ഭാവിയുടെ പ്രതീക്ഷകളാണ്. പുതിയ കാലത്തേക്കുള്ള ചുവടുകള്‍ പിഴയ്ക്കാതിരിക്കട്ടെ. ഷഹലയുടെ മരണം ഒരു പാഠപുസ്തകമായി നമുക്കിടയില്‍ എന്നും ഉണ്ടാവണം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Kerala, Wayanad, kasaragod, school, Malayalam, Students, Girl, Dies, Article about role of PTA and safety of students