Follow KVARTHA on Google news Follow Us!
ad

ദുരൂഹതകള്‍ ഏറി കൂടത്തായി കൂട്ടമരണം; അന്വേഷണം നീളുന്നത് മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയിലേക്ക്; നുണപരിശോധനയ്ക്ക് വിധേയമാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിഷേധിച്ചതായി പോലീസ്

കൂടത്തായി കൂട്ടമരണത്തില്‍ ദുരൂഹതകള്‍ ഏറുന്നു. അന്വേഷണം മരിച്ചവരുടെKozhikode, News, Trending, Probe, Woman, Dead Body, Police, Kerala
കോഴിക്കോട്: (www.kvartha.com 04.10.2019) കൂടത്തായി കൂട്ടമരണത്തില്‍ ദുരൂഹതകള്‍ ഏറുന്നു. അന്വേഷണം മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയിലേക്ക് നീളുന്നതായി സൂചന. ബന്ധുക്കളുടെ മരണ ശേഷം പ്രസ്തുത യുവതി വ്യാജ രേഖകള്‍ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു.

അന്വേഷണം യുവതിയിലേക്ക് നീണ്ടതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചതായാണ് വിവരം. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത്. പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ യുവതി ശ്രമിച്ചതായുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Koodathai serial death mysterious presence of a woman in all occasion, Kozhikode, News, Trending, Probe, Woman, Dead Body, Police, Kerala

ദുരൂഹ സാഹചര്യത്തില്‍ ആറു പേരുടെ കല്ലറകള്‍ തുറന്നു പരിശോധിക്കുന്ന നപടികള്‍ പൂര്‍ത്തിയാക്കി പോലീസ് സാമ്പിളുകള്‍ ശേഖരിച്ചു. കോടഞ്ചേരി പള്ളിയില്‍ അടക്കിയ പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമടക്കം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വടകര റൂറല്‍ എസ് പി കെ ജി സൈമണിന്റെ നേതൃത്വത്തിലാണ് കൂടത്തായിയിലും കോടഞ്ചേരിയിലും മൃതദേഹ പരിശോധന നടന്നത്. മരണങ്ങള്‍ കൊലപാതകമാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ആറു പേരും മരിക്കുന്നതിനു തൊട്ടുമുമ്പ് ആഹാരം കഴിച്ചിരുന്നതായി റൂറല്‍ എസ് പി കെ ജി സൈമണ്‍ പറഞ്ഞു. ഇതിനു ശേഷമാണ് ഇവര്‍ കുഴഞ്ഞുവീണിരിക്കുന്നത്. ഭക്ഷണത്തിലൂടെ വിഷം അകത്തുചെന്നതാണോ മരണകാരണമെന്ന് പരിശോധിക്കാനാണ് കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ചത്. ഇതിന്റെ ഫോറന്‍സിക് പരിശോധനാഫലം വരുന്നതോടെ കൂടുതല്‍ വ്യക്തത വരുമെന്നും പോലീസ് പറഞ്ഞു.

ആറുപേരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെയും കൂടത്തായി ലൂര്‍ദ് മാതാ പള്ളിയിലെയും കല്ലറകളാണ് വ്യാഴാഴ്ച തുറന്നു പരിശോധിച്ചത്. സിലിയുടെയും രണ്ടുവയസ്സു പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ അടക്കിയ കല്ലറയാണ് ആദ്യം തുറന്നത്. പോലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.

ആറു മരണങ്ങളില്‍ ഏറ്റവും അവസാനം നടന്ന മരണങ്ങളായതുകൊണ്ടാണ് ഇവരുടെ കല്ലറകള്‍ ആദ്യം തുറന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു. കൂടത്തായി ലൂര്‍ദ് മാതാ പള്ളിയില്‍ നാലുപേരുടെ മൃതദേഹം സംസ്‌കരിച്ച രണ്ടുകല്ലറകളും തുറന്ന് പരിശോധിച്ചു.

വര്‍ഷങ്ങളുടെ ഇടവേളയില്‍ നടന്ന മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ക്രൈംബ്രാഞ്ചിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് മേധാവിയടക്കം ആറംഗ വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ( 2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68), എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്ത്.

2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടര്‍ന്ന് 2016ല്‍ സിലിയും മരിച്ചു. മരിച്ച റോയിയുടെ ഭാര്യയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഭാര്യയാണു സിലി. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത ചിലര്‍ കര്‍ശന നിരീക്ഷണത്തിലാണ്. ഒരു പ്രാദേശിക നേതാവും ഇതില്‍ ഉള്‍പ്പെടും. പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണായിരുന്നു മിക്കവരുടെയും മരണം.

ടോം തോമസിന്റെ സ്വത്തുക്കള്‍ വ്യാജ ഒസ്യത്തിന്റെ സഹായത്തോടെ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മരണം സംബന്ധിച്ച സംശയങ്ങള്‍ ഉണ്ടായത്. തുടര്‍ന്നാണ് അമേരിക്കയിലുള്ള ഇവരുടെ മകന്‍ റോജോ പരാതി നല്‍കിയത്. റോയിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Koodathai serial death mysterious presence of a woman in all occasion, Kozhikode, News, Trending, Probe, Woman, Dead Body, Police, Kerala.