Follow KVARTHA on Google news Follow Us!
ad

കാറിലെ രഹസ്യ അറയില്‍ നിന്ന് കണ്ടെത്തിയ പഴ്‌സില്‍ വെളുത്ത നിറത്തിലുള്ള പൊടി; സയനൈഡ് എന്ന് സംശയം; ജോളിയുടെ കാര്‍ കസ്റ്റഡിയില്‍

കൂടത്തായി കൊലപാതക പരമ്പരാ കേസിലെ മുഖ്യപ്രതി ജോളിയുടെ കാറില്‍ Kozhikode, News, Trending, Car, Custody, Police, Murder, Kerala,
കോഴിക്കോട്: (www.kvartha.com 23.10.2019) കൂടത്തായി കൊലപാതക പരമ്പരാ കേസിലെ മുഖ്യപ്രതി ജോളിയുടെ കാറില്‍ നിന്നും സയനൈഡ് എന്ന് സംശയിക്കുന്ന വസ്തു കണ്ടെടുത്തു. സൂക്ഷ്മതയോടെ കാറിന്റെ രഹസ്യ അറയിലെ പേഴ്‌സില്‍ നിരവധി കവറുകള്‍ക്കുള്ളിലായാണ് ഈ വിഷവസ്തു സൂക്ഷിച്ചിരുന്നത്. നേരത്തെ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ കാറിനുള്ളിലാണ് സയനൈഡ് വച്ചതെന്ന് ജോളി മൊഴി നല്‍കിയിരുന്നു.

ജോളിയുടെ വീടിനു തൊട്ടടുത്ത വീട്ടില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. പൊടി കണ്ടെത്തിയ സ്ഥിതിക്ക് വിശദമായ പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം ഇപ്പോള്‍. കൊടുവള്ളി സി ഐ ചന്ദ്രമോഹന്റെ നേതൃത്വത്തിലാണ് പരിശോധന. കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയ എല്ലാ വസ്തുക്കളും വിശദമായ ഫോറന്‍സിക് പരിശോധനയ്ക്കായി പോലീസ് അയക്കും.

Jolly's car taken police custody, Kozhikode, News, Trending, Car, Custody, Police, Murder, Kerala

അതേസമയം, കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളി നടത്തിയ ക്രൂരതകളെക്കുറിച്ച് രണ്ടാം ഭര്‍ത്താവ് ഷാജുവിന് നേരത്തെ അറിവുണ്ടായിരുന്നുവെന്ന സംശയത്തിലാണ് അന്വേഷണ സംഘം. ഇക്കാര്യത്തില്‍ ജോളി നല്കിയ മൊഴി വിശ്വാസ്യ യോഗ്യമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയെന്നാണ് അറിയുന്നത്.

ആദ്യം ഷാജു, ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഷാജുവിനെ ചോദ്യം ചെയ്തപ്പോള്‍ ഏറെക്കുറേ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നുവെന്നാണ് മനസിലാകുന്നത്. ജോളിയും ഷാജുവും പരസ്പര വിരുദ്ധമായ മൊഴി നല്‍കിയത് ചോദ്യം ചെയ്യലിന് വിധേയനായ ഷാജുവിനോട് തിരിച്ചും മറിച്ചും ചോദിച്ചപ്പോള്‍ ഷാജു കുറ്റസമ്മതം നടത്തിയെന്ന സൂചനയുമുണ്ട്.

ബുധനാഴ്ച ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും ഇയാളുടെ പിതാവ് സഖറിയാസിനെയും പോലീസ് ചോദ്യം ചെയ്യുന്നതിനു വിളിപ്പിച്ചിരുന്നു. ഇരുവരെയും ജോളിക്കൊപ്പമിരുത്തിയും പോലീസ് ചോദ്യം ചെയ്യും.

ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താന്‍ ഷാജു ജോളിയെ സഹായിച്ചതായി സംശയമുണ്ടെന്ന് സിലിയുടെ ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുതെന്ന് ഒപ്പിട്ട് നല്‍കിയത് ഷാജുവാണ്. സിലിയുടെ സഹോദരന്‍ സിജോയോട് ഒപ്പിടാന്‍ ഷാജുവും ജോളിയും നിര്‍ബന്ധിച്ചെങ്കിലും സിജോ തയ്യാറായില്ല.

സിലിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ കാര്‍ ഓടിച്ചിരുന്നത് ജോളിയായിരുന്നു. താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ കുഴഞ്ഞുവീണ സിലിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ സഹോദരന്‍ സിജോ ഉള്‍പ്പെടെ ശ്രമിച്ചെങ്കിലും ജോളി തന്ത്രപൂര്‍വം വൈകിച്ചെന്നും ആരോപണമുണ്ട്.

അപസ്മാരമാകാമെന്നു പറഞ്ഞ് ഭര്‍ത്താവ് ഷാജു പുറത്തുപോയി ഗുളിക വാങ്ങിക്കൊണ്ടു വരുന്നതുവരെ സിലി അതേ അവസ്ഥയില്‍ തന്നെ കിടന്നു. ജോളി സ്വന്തം കാറില്‍ ഡ്രൈവ് ചെയ്താണ് ഓമശ്ശേരിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലോ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലോ കൊണ്ടുപോകാമെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞിട്ടും അത് കൂട്ടാക്കിയില്ല.

സംസ്ഥാന പാതയിലൂടെ പോയാല്‍ ഏഴു കിലോമീറ്റര്‍ കൊണ്ട് എത്തേണ്ട ഓമശ്ശേരിയിലേക്ക് വളഞ്ഞ വഴി ചുറ്റി 10 കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് എത്തിച്ചത്. ആശുപത്രിയില്‍വച്ച് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കിയതും ജോളിയുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് സിലിയുടെ ബന്ധു സേവ്യര്‍ പറഞ്ഞിരുന്നു.

മരിച്ച അന്നമ്മയുടെയും സിലിയുടെയും സ്വര്‍ണാഭരണങ്ങള്‍ ബി എസ് എന്‍ എല്‍ ജീവനക്കാരനായിരുന്ന ജോണ്‍സണ്‍ വഴി പണയം വച്ചെന്നും ജോളി പോലീസിനോടു സമ്മതിച്ചു. സിലി മരിച്ച ശേഷം ഷാജുവിന് മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ചതായും ജോളി വ്യക്തമാക്കി. സിലിയുടെയും മകള്‍ ആല്‍ഫൈനിന്റെയും മരണത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു നേരത്തേ ഷാജു പോലീസിനോടു പറഞ്ഞത്. സംശയം തോന്നിയതോടെ ഷാജുവിനെ പോലീസ് വീണ്ടും വിളിപ്പിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jolly's car taken police custody, Kozhikode, News, Trending, Car, Custody, Police, Murder, Kerala.