Follow KVARTHA on Google news Follow Us!
ad

ശബരിമല സ്ത്രീ പ്രവേശനം: സര്‍ക്കാര്‍ റിവേഴ്‌സ് ഗിയറില്‍, നാലു വോട്ടുകള്‍ക്കായി നവോത്ഥാനം അട്ടിമറിക്കുന്നു

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ റിവേഴ്‌സ് ഗിയറില്‍ അഞ്ചിടങ്ങളില്‍ നിയമസഭാ News, Kannur, Kerala, Sabarimala, Supreme Court of India, Police, CPM,
കണ്ണൂര്‍:(www.kvartha.com 23/09/2019) ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ റിവേഴ്‌സ് ഗിയറില്‍ അഞ്ചിടങ്ങളില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ തൊട്ട് കൈപൊള്ളിക്കേണ്ട എന്ന നിലപാടിലാണ് സര്‍ക്കാരും സി പി എം. മണ്ഡലകാലം തുടങ്ങാന്‍ പോവുന്നതിനാല്‍ ഇക്കുറിയും ധാരാളം യുവതികള്‍ ശബരിമല പ്രവേശനത്തിനായി സംരക്ഷണമാവശ്യപ്പെട്ട് പോലിസിനെ സമീപിക്കുന്നുണ്ട്.സുപ്രിം കോടതി ഉത്തരവനുസരിച്ച് ശബരിമലയിലേക്ക് പോകാന്‍ തങ്ങള്‍ക്ക് സംരക്ഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.

ആക്ടിവിസ്റ്റുകളും വനിതാ വിമോചന പ്രവര്‍ത്തകരുമാണ് തങ്ങളെ സമീപിക്കുന്നതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍ യുവതി പ്രവേശനത്തിന് ഒരു കാരണവശാലും പിന്‍തുണക്കരുതെന്നാണ് പോലീസിന് ആഭ്യന്തര വകുപ്പ് നല്‍കിയ നിര്‍ദേശം നാലു വോട്ടിനു വേണ്ടി നവോത്ഥാനം അട്ടിമറിക്കില്ലെന്ന മുഖ്യമന്ത്രിയുടെ ദൃഢനിശ്ചയമാണ് ഇതോടെ അട്ടിമറിക്കപ്പെടുന്നത്. നവോത്ഥാന ശ്രമങ്ങളില്‍ നിന്നും പിന്‍ വാങ്ങില്ലെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത പരാജയം ആവര്‍ത്തിക്കാന്‍ സി.പി.എം ആഗ്രഹിക്കുന്നില്ല. അതു കൊണ്ടു തന്നെ ഇക്കുറി കോന്നി ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളില്‍ നവോത്ഥാനവും ശബരിമലയും പ്രചാരണ വിഷയമാകരുതെന്നാണ് സി.പി.എം പാര്‍ട്ടി നിലപാട്.

എന്നാല്‍ കഴിഞ്ഞ തവണത്തെപ്പോലെ സര്‍ക്കാര്‍ പിന്‍തുണ ലഭിക്കാത്തതില്‍ വനിതാ വിമോചന .ആക്ടിവിസ്റ്റു സംഘടനാ പ്രവര്‍ത്തകര്‍ക്കു പ്രതിഷേധമുണ്ട്. കഴിഞ്ഞ തവണ ശബരിമല ദര്‍ശനം നടത്തിയ ബിന്ദു, അമ്മിണി, കനക ദുര്‍ഗ എന്നിവര്‍ ഈ കാര്യത്തില്‍ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ മലക്കം മറിച്ചല്‍ വഞ്ചനാ ത്മകമാണെന്നാണ് ഇവരുടെ കുറ്റപ്പെടുത്തല്‍. ശബരിമല വിഷയത്തില്‍ തുല്യനീതി നടപ്പാക്കുന്നതില്‍ നിന്നും പിന്‍മാറരുതെന്ന് സി.പി.എം നിയന്ത്രിത സംഘടനകളായ ജനാധിപത്യ മഹിളാ അസോസിയേഷന്‍, പുരോഗമന കലാസാഹിത്യ സംഘം, പരിഷത്ത് എന്നിവ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാടല്ല മുഖ്യമന്ത്രിക്കുള്ളത്. ഈക്കാര്യത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ടു വഴിയാണ് സഞ്ചരിക്കുന്നത് എന്നാല്‍ പാര്‍ട്ടിയാലും ഭരണത്തിലും സര്‍വശക്തനായതിനാല്‍ പിണറായികെതിരെ അപ ശബ്ദങ്ങളൊന്നുമുയരാന്‍ സാധ്യതയില്ല കഴിഞ്ഞ മണ്ഡലകാലത്തു തന്നെ സുപ്രിം കോടതി വിധി പ്രകാരം ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാശി മുഖ്യമന്ത്രിക്കായിരുന്നു. ചെറുത്തു നില്‍ക്കാന്‍ സംഘപരിവാറും എത്തിയതോടെ വിഷയത്തിന് ചൂടേറി. ഇതോടെ സര്‍ക്കാരിനെ പിന്‍തുണക്കാന്‍ സി.പി.എമ്മും രംഗത്തിറങ്ങി.

നവോത്ഥാനവും വനിതാ മതിലും ലിംഗനീതിയും വിഷയങ്ങളായപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ചര്‍ച്ചകളും വിവാദങ്ങളും കൊഴുത്തു ഇതിനിടയില്‍ ശബരിമലയിലെ യുവതി പ്രവേശനം തടയാന്‍ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ പരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ ശരണംവിളി മാത്രം മുഴങ്ങിയിരുന്ന ശബരിമല സംഘര്‍ഷഭൂമിയായി മാറി. ഇതിനിടെയിലാണ് കണ്ണൂരിലെ ഒരു പാര്‍ട്ടി ഗ്രാമത്തില്‍ രഹസ്യമായി താമസിപ്പിച്ച് ബിന്ദു അമ്മിണിയെയും കനക ദുര്‍ഗയെയും ശബരിമല ദര്‍ശനം നടത്തിക്കുന്നത്. ഇടതു അനുകൂല പോലീസ് സംഘടനയുടെ സഹായത്തോടെയാണ് വനിതാ മതിലിന്റെ പിറ്റേ ദിവസം യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്.

ഇതു പിന്നീട് വന്‍കോലാഹലങ്ങള്‍ക്കിടയാക്കി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശബരിമല തെരഞ്ഞെടുപ്പ് വിഷയമാവുകയും ഇടതുമുന്നണിയുടെ പരാജയത്തില്‍ കലാശിക്കുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് ആസന്നമായ ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല വിഷയമാകരുതെന്ന് സി.പി.എം നിര്‍ബന്ധം പിടിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kannur, Kerala, Sabarimala, Supreme Court of India, Police, CPM,Sabarimala women's entry: Renaissance sabotaged for four votes