Follow KVARTHA on Google news Follow Us!
ad

പ്രളയം തീര്‍ത്ത ദുരിതങ്ങള്‍ക്കിടെ കേരളം ഓണം ആഘോഷിച്ചു, കനകക്കുന്നില്‍ ഉത്സവമേളം

പ്രളയം തീര്‍ത്ത ദുരിതങ്ങള്‍ക്കിടെ കേരളം ഓണം ആഘോഷിച്ചു. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് ദുരിതം പെയ്ത പേമാരിയില്‍ തകര്‍ന്ന കേരളം ആഘോഷങ്ങളെല്ലാം മാറ്റിവെച്ചിരുന്നുവെKerala, Thiruvananthapuram, News, Flood, Onam, Celebration, Onam celebrated in Keralam
തിരുവനന്തപുരം: (www.kvartha.com 12.09.2019) പ്രളയം തീര്‍ത്ത ദുരിതങ്ങള്‍ക്കിടെ കേരളം ഓണം ആഘോഷിച്ചു. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് ദുരിതം പെയ്ത പേമാരിയില്‍ തകര്‍ന്ന കേരളം ആഘോഷങ്ങളെല്ലാം മാറ്റിവെച്ചിരുന്നുവെങ്കിലും ഇത്തവണ വീണ്ടും വന്ന പ്രളയത്തെ അതിജീവിച്ചാണ് മലയാളികള്‍ മാവേലിയെ വരവേറ്റത്. മഹാപ്രളയത്തില്‍ തകര്‍ന്ന് കണ്ണീര്‍ വാര്‍ത്തുകൊണ്ടിരുന്ന മലയാളികളെ കണ്ട് മടങ്ങിയ മാവേലി ഇത്തവണ അതിജീവനത്തിന്റെ പുതുനാമ്പുകള്‍ ദര്‍ശിച്ചാണ് മടങ്ങുക.

സംസ്ഥാന സര്‍ക്കാരിന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഔദ്യോഗിക ഓണാഘോഷ പരിപാടി കനകക്കുന്നില്‍ തുടരുകയാണ്. തിരുവോണ സന്ധ്യ ആഘോഷമാക്കാന്‍ കനകക്കുന്നിലേക്ക് ജനപ്രവാഹമായിരുന്നു ബുധനാഴ്ച. രാവിലെ മുതല്‍ ഇടയ്ക്കിടെ പെയ്ത മഴ വൈകുന്നേരം മാറിനിന്നതോടെ ഓണാഘോഷക്കാഴ്ച കാണാന്‍ കൂട്ടമായും കുടുംബമായും ആളുകള്‍ നഗരത്തിലേക്ക് ഒഴുകിയെത്തി. ടൂറിസം വകുപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളിലൊരുക്കിയ 29 വേദികളും ആസ്വാദകരെക്കൊണ്ട് സമ്പന്നമായതോടെ അനന്തപുരി അക്ഷരാര്‍ഥത്തില്‍ ഉത്സവമേളത്തിന്റെ ഓണപ്പുടവയുടുത്തു.

മഹാപ്രളയത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്ന കേരളത്തിന് നവകേരളം സൃഷ്ടിക്കാനുള്ള ഊർജമാകണം ഇത്തവണത്തെ ഓണാഘോഷമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നല്ല നാളെ എന്ന സങ്കൽപ്പം മലയാളി മനസിൽ മുൻപെന്നെത്തേക്കാളുമേറെ ഉയർന്നുവരുന്ന കാഴ്ചയാണ് അതിജീവനത്തിന്റെ നാളുകളിൽ കേരളം കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷത്തെ ഓണാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗര നിരത്തുകളില്‍ പൊന്‍നിറച്ചാര്‍ത്തൊരുക്കിയ വൈദ്യുതി ദീപാലങ്കാരങ്ങളും കനകക്കുന്ന് കേന്ദ്രീകരിച്ചു നടന്ന മേളവാദ്യഘോഷങ്ങളും മതിവരുവോളം ആസ്വദിക്കാനുറപ്പിച്ചായിരുന്നു ജനപ്രവാഹം. സര്‍ക്കാര്‍ ഒരുക്കുന്ന ഓണക്കാഴ്ച കാണാന്‍ നാടൊന്നാകെ നഗരത്തിലേക്കെത്തുന്ന പതിവിന് ഇക്കൊല്ലവും കോട്ടമുണ്ടായിട്ടില്ലെന്നതാണ് ഈ ഉത്രാടം, തിരുവോണം നാളുകളില്‍ അനന്തപുരി കണ്ടത്. കാഴ്ചകാണാനെത്തുന്നവര്‍ക്ക് കലാവിരുന്നിന്റെ ഓണസദ്യ വിളമ്പാന്‍ ടൂറിസം വകുപ്പ് ഒരുക്കിയ വേദികളിലെല്ലാം ഇന്നലെ വൈകുന്നേരം മുതല്‍ നല്ല ജനത്തിരക്കായിരുന്നു.

പ്രധാനവേദിയായ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ജാസി ഗിഫ്റ്റ്, ലക്ഷ്മി നായര്‍, സൗമ്യ, അമൃത ജയകുമാര്‍ എന്നിവര്‍ അവതരിപ്പിച്ച ഗാനമേളയും ഡി ഫോര്‍ ഡാന്‍സ് ടീം അവതരിപ്പിച്ച നൃത്തവും കാണാന്‍ നിരവധിപേരെത്തി. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന തിരുവോണ നിലാവ് മെഗാഷോയ്ക്കും പൂജപ്പുര മൈതാനത്ത് കെ.ജി. മര്‍ക്കോസും സംഘവും അവതരിപ്പിച്ച ഗാനമേളയ്ക്കും ജനത്തിരക്കേറെ. സാംസ്‌കാരികപ്പെരുമ വിളിച്ചോതി കനകക്കുന്നിലെ വിവിധ വേദികളിലായി നടന്ന അഷ്ടപദി, വില്‍പ്പാട്ട്, കാക്കാരിശി നാടകം, ചാറ്റുപാട്ട്, മുടിയേറ്റ്, വേലകളി, നാദസ്വരം എന്നിവയ്ക്കും ആസ്വാദകര്‍ ഏറെയുണ്ടായിരുന്നു.

തീര്‍ഥപാദ മണ്ഡപത്തില്‍ അരങ്ങേറിയ കീചകവധം കഥകളി, ഗാന്ധി പാര്‍ക്കില്‍ നടന്ന കഥാപ്രസംഗം, കനകക്കുന്നിന്റെ പ്രധാന കവാടത്തില്‍ അവതരിപ്പിച്ച തായമ്പക, ചെണ്ടമേളം, മ്യൂസിയം വളപ്പിലെ കളരിപ്പയറ്റ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ അരങ്ങേറിയ മോഹിനിയാട്ടം, കേരള നടനം, ഭരതനാട്യകച്ചേരി, തൈക്കാട് ഭാരത് ഭവനില്‍ നടന്ന ശാസ്ത്രീയ നൃത്തം എന്നിവയ്ക്കും പ്രേക്ഷകര്‍ ഏറെയുായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലൊരുക്കിയ മറ്റു വേദികളിലേക്കും വൈകുന്നേരം മുതല്‍ നിരവധി ആളുകളെത്തി. നഗരത്തിലേതിനു സമാനമായി പ്രാദേശികമായും ഉത്സവവേദികളൊരുക്കിയത് ജില്ലയെ മുഴുവനോടെ ഉത്സവത്തിമിര്‍പ്പിലാക്കി.

അവിട്ടം ദിനമായ വ്യാഴാഴ്ചയും വന്‍ ജനത്തിരക്കുണ്ടാകുമെന്നാണ് കരുതുന്നത്. കണ്ണിനും കാതിനും മനസിനും ഇമ്പമേകുന്ന നിരവധി പരിപാടികളാണ് വ്യാഴാഴ്ച 29 വേദികളിലായി അരങ്ങേറാനിരിക്കുന്നത്. വിവിധ വേദികളിലായി നാടന്‍ കലകള്‍ അരങ്ങേറും. വൈകിട്ട് അഞ്ചു മുതല്‍ കനകക്കുന്ന് കവാടത്തില്‍ നാദം കലാസമിതിയും മൈലേന്തിക്കാവും നയിക്കുന്ന ചെണ്ടമേളമാകും സന്ദര്‍ശകരെ വരവേല്‍ക്കുക. തിരുവരങ്ങില്‍ വൈകിട്ട് ആറിന് കരിയം രാജന്‍ അവതരിപ്പിക്കുന്ന ഭദ്രകാളിപ്പാട്ടും 6.30ന് കെ വിശ്വനാഥ പുലവര്‍ തോല്‍പ്പാവക്കൂത്ത് സംഘം അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്തും 7.30ന് കേരള പൂരക്കളി കലാ അക്കാദമി അവതരിപ്പിക്കുന്ന പൂരക്കളിയുമാകും അരങ്ങേറുക.

സോപാനം വേദിയില്‍ വൈകിട്ട് ആറിന് സുധീര്‍ മല്ലൂര്‍ക്കര അവതരിപ്പിക്കുന്ന പുള്ളുവന്‍പാട്ടും തിരിയുഴിച്ചിലും ആസ്വദിക്കാം. 6.30ന് കണ്ണൂര്‍ നാട്ടു പൊലിക അവതരിപ്പിക്കുന്ന ഗന്ധര്‍വന്‍പാട്ട്, തെയ്യം എന്നിവയുണ്ടാകും. ശേഷം കാരപ്പുറം കലാകേന്ദ്രം അവവതരിപ്പിക്കുന്ന ഗരുഡന്‍ പറവയും അരങ്ങിലെത്തും.

കനകക്കുന്ന് പാലസ് ഓഡിറ്റോറിയത്തിലെ സംഗീതികയില്‍ വൈകിട്ട് അഞ്ചു മുതല്‍ ലളിത, എം. ലക്ഷ്മി, അമ്പലപ്പുഴ വിജയന്‍, വര്‍ക്കല സി.എസ് ജയറാം എന്നിവര്‍ നയിക്കുന്ന കച്ചേരിയുമുണ്ടാകും. സൂര്യകാന്തിയില്‍ വൈകിട്ട് ഏഴുമുതല്‍ കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ അവതരിപ്പിക്കുന്ന ഗാനമേള നടക്കും.

മ്യൂസിയം പരിസരത്ത് വൈകിട്ട് കളരിപ്പയറ്റും അമച്വര്‍ നാടകവും അരങ്ങേറും. വൈകിട്ട് ഏഴുമുതല്‍ ഒന്‍പതുവരെ നടക്കുന്ന കളരിപ്പയറ്റ് സി എം മര്‍മ തിരുമ് കളരി സംഘവും ആര്‍എസ്എന്‍ കളരി സംഘവും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. വൈകിട്ട് ആറിന് സുനില്‍ പട്ടിമറ്റം അവതരിപ്പിക്കുന്ന അമ്മ മനസ് കൈയ്യുറപാവ നാടകം, 6.30ന് തിക്കുറിശി ഫൗണ്ടേഷന്‍ അവതരിപ്പിക്കുന്ന പൗലോസിച്ചായന്റെ വിശുദ്ധ മറിയാമ്മ, 7.15ന് തമ്പ് അവതരിപ്പിക്കുന്ന മത്തായിയുടെ മരണം, 8.15ന് നാഗ്രാ ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന പാസഞ്ചര്‍ എന്നീ നാടകങ്ങളും അരങ്ങേറും.

ഓണം വാരാഘോഷത്തോടനുബന്ധിച്ച് കിഴക്കേകോട്ട തീര്‍ഥപാദ മണ്ഡപത്തില്‍ വൈകിട്ട് ആറിന് ദക്ഷയാഗം കഥകളി അരങ്ങേറും. കലാമണ്ഡലം കലാകാരന്മാരായ വിജയകുമാര്‍, ഷണ്‍മുഖന്‍, പ്രദീപ്, നീരജ്, വിനോദ്, കൃഷ്ണദാസ്, ശ്രീഹരി, കൃഷ്ണകുമാര്‍, വിനീത്, വിപിന്‍, കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍, പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം മനോജ്, ജിഷ്ണു രവി, അനന്ദു, അരുണ്‍ രാജു, യദു കൃഷ്ണന്‍, മാര്‍ഗി രവീന്ദ്രന്‍ നായര്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. തീര്‍ത്ഥപാദമണ്ഡപത്തില്‍ തന്നെ വൈകിട്ട് നാലിന് ശ്രീ വിദ്യാധിരാജ അക്ഷരശ്ലോക സമിതി നയിക്കുന്ന അക്ഷരശ്ലോകവും ഉണ്ടാകും.

കൊതിയൂറും പായസം നുകരാം.. കനകക്കുന്നിലേക്കു വാ...

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷം ആസ്വദിക്കാന്‍ കനകക്കുന്നില്‍ എത്തുന്നവരെ കാത്തിരിക്കുന്നത് കൊതിയൂറും പായസങ്ങള്‍. സൂര്യകാന്തിയില്‍ ഒരുക്കിയിരിക്കുന്ന ഭക്ഷ്യമേള ആസ്വദിക്കാന്‍ എത്തുന്നവരുടെ വയറും മനസും നിറയും വിധാണ് പായസമേളയുടെ പിന്നണി പ്രവര്‍ത്തകര്‍ ഓരോ പായസകൂട്ടും തയാറാക്കുന്നത്.

പാല്‍പ്പായസം, അടപ്രഥമന്‍, പാലടപ്രഥമന്‍, ചക്ക പായസം തുടങ്ങിയ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പായസ വിഭവങ്ങള്‍ മേളയിലുണ്ട്. ഇതിനൊപ്പം ആപ്പിള്‍ പായസം, ചോക്‌ളേറ്റ് പായസം, െ്രെഡ ഫ്രൂട്ട് പായസം, പൈനാപ്പിള്‍ പായസം, മാങ്ങാ പായസം തുടങ്ങി 20ഓളം പുതുമ നിറഞ്ഞവയും ഉണ്ട്.

ഒരു ലിറ്ററിന് 250 രൂപയും, അര ലിറ്ററിന് 130 രൂപയുമാണ് പായസങ്ങളുടെ നിരക്ക്. ഒരു ഗ്ലാസ് മതിയെങ്കില്‍ 40 രൂപ. ഡ്രൈ ഫ്രൂട്ട് പായസം ലിറ്ററിന് 270 രൂപ നല്‍കണം. സെപ്റ്റംബര്‍ 16 വരെ നീളുന്ന ഭക്ഷ്യമേള അവസാനിക്കും വരെ പായസമേളയുമുണ്ടാകും. പ്രവേശനം പൂര്‍ണമായും സൗജന്യമാണ്.



Keywords: Kerala, Thiruvananthapuram, News, Flood, Onam, Celebration, Onam celebrated in Keralam