Follow KVARTHA on Google news Follow Us!
ad

പ്രളയത്തില്‍ എത്രപേര്‍ മരിച്ചെന്ന് അറിയില്ലേ? മരട് കേസില്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; ചീഫ് സെക്രട്ടറിക്ക് ശകാരം

മരട് ഫ്ളാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനംNew Delhi, News, Politics, Supreme Court of India, Warning, Criticism, National,
ന്യൂഡെല്‍ഹി: (www.kvartha.com 23.09.2019) മരട് ഫ്ളാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണെന്നും കോടതി കുറ്റപ്പെടുത്തി. ചീഫ് സെക്രട്ടറി ടോം ജോസിനെയും കോടതി ശാസിച്ചു. ക്രമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ ഉത്തരവാദി ചീഫ് സെക്രട്ടറി ആയിരിക്കുമെന്നും കോടതി മുന്നറിയിപ്പുനല്‍കി. കേസില്‍ അതിശക്തമായ ഭാഷയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര പ്രതികരിച്ചത്. കേസ് വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.

എത്രപേര്‍ പ്രകൃതി ദുരന്തങ്ങളില്‍ മരിക്കുന്നുണ്ടെന്ന് അറിയാമോ എന്ന് കോടതി ചീഫ് സെക്രട്ടറിയോടു ചോദിച്ചു. ദുരന്തമുണ്ടായാല്‍ ആദ്യം മരിക്കുക നാല് ഫ്ളാറ്റുകളിലെ 300 കുടുംബങ്ങളാവും. ശക്തമായ വേലിയേറ്റമുണ്ടായാല്‍ ഒന്നും അവശേഷിക്കില്ലെന്നും കോടതി പറഞ്ഞു. ആള്‍നാശത്തിനു കാരണം അനധികൃത നിര്‍മാണങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Maradu Flats Demolition : Kerala Chief Secretary Will Be Held Personally Liable For Violations, Warns SC, New Delhi, News, Politics, Supreme Court of India, Warning, Criticism, National

ഉത്തരവ് നടപ്പാക്കാന്‍ എത്ര സമയം വേണമെന്നും കോടതി ചോദിച്ചു. ഫ്ളാറ്റ് പൊളിക്കാന്‍ മൂന്നു മാസം വേണമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. മൊത്തം തീരദേശനിര്‍മാണങ്ങളെക്കുറിച്ചു പഠനം നടത്തേണ്ടിവരുമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയത്തിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു. ഇതിനിടെ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ച ഹരീഷ് സാല്‍വേയെ കോടതി പലപ്പോഴും തടഞ്ഞു. കേസിന്റെ പല വശങ്ങളും സാല്‍വേയ്ക്ക് അറിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

മരടിലെ വിവാദ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും കോടതി വിലയിരുത്തി. കേരളത്തിന്റെ നിലപാടില്‍ ഞെട്ടലുണ്ടാക്കുന്നു. അടുത്തിടെ ഉണ്ടായ പ്രളയത്തില്‍ നിരവധി പേര്‍ മരിച്ചത് രാജ്യം മുഴുവന്‍ കണ്ടതാണ്. എന്നാല്‍ ഇതില്‍ കേരളം പാഠം പഠിച്ചിട്ടില്ലെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. കേരളത്തിലെ മുഴുവന്‍ നിയമലംഘനങ്ങളും പരിശോധിക്കുമെന്നും കോടതി പറഞ്ഞു.

സര്‍ക്കാരിനു വേണ്ടി ഹരീഷ് സാല്‍വെ, മുതിര്‍ന്ന അഭിഭാഷകന്‍ വെങ്കിട്ട രമണി എന്നിവരാണ് ഹാജരാകുന്നത്. ഹരീഷ് സാല്‍വെയുടെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീം കോടതിയില്‍ ഹാജരായത്. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ടോം ജോസ് നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ കോടതിയില്‍ ഹാജരാകാന്‍ ഞായറാഴ്ച രാത്രി തന്നെ ചീഫ് സെക്രട്ടറി ഡെല്‍ഹിയിലെത്തിയിരുന്നു.

പരിസ്ഥിതി ആഘാത പഠനം നടത്തുന്നതുവരെ പൊളിക്കല്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ റിട്ട് ഹര്‍ജിയും തിങ്കളാഴ്ച കോടതിയുടെ മുന്‍പാകെയെത്തും. ഈ മാസം ഇരുപതിനകം ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാനുള്ള അന്ത്യശാസനം പാലിക്കപ്പെടാതെയാണ് മരട് കേസ് വീണ്ടും സുപ്രീംകോടതിയുടെ മുന്‍പിലെത്തുന്നത്.

അതേസമയം, വിഷയത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവ് പുറത്തുവന്നശേഷം പ്രതികരിക്കാമെന്ന് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. കോടതി അന്തിമമായി വിധിക്കുന്നത് എന്തായാലും അത് സര്‍ക്കാര്‍ നടപ്പിലാക്കും. സര്‍ക്കാരിനെതിരെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം നടത്തിയെന്ന് പറയുന്നത് ശരിയല്ല. കോടതി ചില നിരീക്ഷണങ്ങളാണ് നടത്തിയത്. പ്രളയ ദുരിതാശ്വാസം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മികച്ച രീതിയിലാണ് കേരളത്തില്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Maradu Flats Demolition : Kerala Chief Secretary Will Be Held Personally Liable For Violations, Warns SC, New Delhi, News, Politics, Supreme Court of India, Warning, Criticism, National.