Follow KVARTHA on Google news Follow Us!
ad

അമേരിക്കയില്‍ മോദി തരംഗമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; 'ഹൗഡി മോദി'യില്‍ അരങ്ങേറിയത് രാജ്യത്തിന്റെ വൈവിധ്യവും സാംസ്‌കാരികത്തനിമയും വിളിച്ചോതുന്ന കലാപ്രകടനങ്ങള്‍

അമേരിക്കയില്‍ മോഡി തരംഗമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിAmerica, News, Narendra Modi, Prime Minister, Donald-Trump, World
ഹൂസ്റ്റണ്‍: (www.kvartha.com 23.09.2019) അമേരിക്കയില്‍ മോഡി തരംഗമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മോദി, ഹൂസ്റ്റണില്‍ വച്ച് നടന്ന 'ഹൗഡി മോദി ' എന്ന ഒറ്റ പരിപാടിയിലൂടെ തന്നെ തന്റെ അമേരിക്കന്‍ സന്ദര്‍ശനം വന്‍ വിജയമാക്കിത്തീര്‍ത്തു. ഭീകരവാദത്തെ മുന്‍നിര്‍ത്തി പാകിസ്ഥാനെതിരെ അന്താരാഷ്ട്രാ സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാനും അതുവഴി കശ്മീരിലെ നിലവിലെ സ്ഥിതിയേക്കുറിച്ചുള്ള ചോദ്യങ്ങളെ അവഗണിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

അങ്ങനെ, ഒരിക്കല്‍ പ്രവേശനാനുമതി നിഷേധിച്ച രാജ്യത്തെ വേദിയില്‍ പ്രസംഗിച്ച് അന്താരാഷ്ട്രാ സമൂഹത്തെ വരെ കൈയിലെടുക്കാനും പ്രധാനമന്ത്രിക്ക് കഴിഞ്ഞു. ഹൂസ്റ്റണിലെ വേദിയിലെത്തിയ മോദിക്ക് നഗരത്തിന്റെ സ്‌നേഹാദരമായി മേയര്‍ സില്‍വസ്റ്റര്‍ ടെര്‍ണര്‍ ഹ്യൂസ്റ്റണ്‍ നഗരത്തിന്റെ താക്കോല്‍ പ്രതീകാത്മകമായി സമ്മാനിച്ചത് ചരിത്രത്തിന്റെ കാവ്യനീതിയായി. ഗുജറാത്ത് വംശഹത്യയേ തുടര്‍ന്ന് നരേന്ദ്ര മോദിക്ക് ഒരിക്കല്‍ പ്രവേശനാനുമതി നിഷേധിച്ച രാജ്യമാണ് അമേരിക്ക.

 Howdy Modi Highlights | With Trump Listening, PM Says Conspirators of 9/11 and 26/11 Found in Same Country, America, News, Narendra Modi, Prime Minister, Donald-Trump, World

' സുഹൃത്തിനൊപ്പം ചേരാന്‍ ഹൂസ്റ്റണില്‍ ' എന്നായിരുന്നു ഹൂസ്റ്റണിലേക്ക് ഇറങ്ങും മുമ്പ് ട്രംപിന്റെ ട്വീറ്റ്. ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോഡി അമേരിക്കയിലെ ഹൂസ്റ്റണിലെത്തിയത്. ലക്ഷ്യം 'ഹൗഡി മോദി ' പരിപാടി. മോദി അമേരിക്കയില്‍ എത്തിച്ചേരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ 'ഹൗഡി മോദി' പരിപാടിക്കായി പരസ്യപരിപാടികള്‍ ആരംഭിച്ചിരുന്നു.

Howdy Modi Highlights | With Trump Listening, PM Says Conspirators of 9/11 and 26/11 Found in Same Country, America, News, Narendra Modi, Prime Minister, Donald-Trump, World

ഏതാണ്ട് മുപ്പത് ലക്ഷത്തോളം ഇന്ത്യക്കാര്‍ അമേരിക്കയിലുണ്ട്. ഈ ഇന്ത്യന്‍ - അമേരിക്കന്‍ സമൂഹമായിരുന്നു 'ഹൗഡി മോദി' പരിപാടി സംഘടിപ്പിച്ചത്. ഹൂസ്റ്റണില്‍ ഏതാണ്ട് 50,000 പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന എന്‍ആര്‍ജി സ്റ്റേഡിയത്തിലായിരുന്നു 'ഹൗഡി മോദി' പരിപാടി നടന്നത്. രാജ്യത്തിന്റെ വൈവിധ്യവും സാംസ്‌കാരികത്തനിമയും വിളിച്ചോതുന്ന കലാപ്രകടനങ്ങളാണ് ഹൗഡി മോദിയില്‍ അരങ്ങേറിയത്.

1500 ലധികം വോളണ്ടിയര്‍മാര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. സിഖ്, കശ്മീരി പണ്ഡിറ്റുകള്‍, ദാവൂദി ബൊഹ്‌റ സമൂദായാംഗങ്ങള്‍ മോദിയെ സന്ദര്‍ശിക്കാനും തങ്ങളുടെ ആശങ്കകള്‍ പങ്കുവെക്കാനുമെത്തിയിരുന്നു. ഇവരുമായി മോദി കൂടിക്കാഴ്ചയും നടത്തി.

'ഹൗഡി മോദി' പരിപാടിക്കാനായെത്തിയ മോദി, ആദ്യമേ തന്നെ തന്റെ എളിമ വെളിപ്പെടുത്തിയത് ഏറെ പ്രശംസ പിടിച്ച് പറ്റി. തനിക്ക് സമ്മാനമായി ലഭിച്ച പൂച്ചെണ്ടില്‍ നിന്നും വീണുപോയ പൂവ് കുനിഞ്ഞെടുത്ത് അത് തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. സ്വച്ഛഭാരത് പരിപാടി ഇന്ത്യയില്‍ വന്‍ വിജയമാക്കിയ നരേന്ദ്രമോദിയുടെ സുചിത്വബോധത്തെ ഇതോടെ സമൂഹ മാധ്യമങ്ങള്‍ പുകഴ്ത്തി.

ഇതിനിടെ 'ഹൗഡി മോദി' പരിപാടി നടക്കാനിരുന്ന ഹൂസ്റ്റണില്‍ കഴിഞ്ഞ ദിവസം ഇമെല്‍ഡ കൊടുങ്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായി. പരിപാടി നടക്കുമെന്ന കാര്യത്തില്‍ ഇത് ഏറെ ആശങ്കയ്ക്കിടയാക്കുകയും ചെയ്തു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ടെക്‌സസ് ഗവര്‍ണര്‍ പ്രദേശത്ത് അടിയന്തരാവസ്ഥ വരെ പ്രഖ്യാപിച്ചു. എന്നാല്‍ ആശങ്കകളെല്ലാം അകറ്റി പരിപാടി നിശ്ചിതസമയത്ത് തന്നെ നടന്നു.

ഹ്യൂസ്റ്റണില്‍ ട്രംപിന്റെ സാന്നിധ്യത്തില്‍, പാകിസ്ഥാന്റെ ഭീകരവാദത്തെ മുന്‍നിര്‍ത്തി ജമ്മുകശ്മീര്‍ പരാമര്‍ശിക്കാന്‍ മോദി തയ്യാറായത് അന്താരാഷ്ട്രാ സമൂഹത്തെ പാകിസ്ഥാനെതിരെയാക്കാനും ജമ്മുകശ്മീരിലെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യങ്ങളെ ഒഴിവാക്കാനും സാധിച്ചു. അപ്രതീക്ഷിതമായ ഈ നീക്കത്തിലൂടെ അന്താരാഷ്ട്രാ പിന്തുണ ഇന്ത്യയ്ക്ക് അനുകൂലമാക്കാനും അത് വഴി ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനും മോദിക്ക് കഴിഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിനായി ബിജെപി പറയുന്ന കാരണങ്ങള്‍ അവതരിപ്പിച്ച് കൊണ്ട് തന്നെ അത് ഇന്ത്യയുടെ പൊതുനിലപാടായി അമേരിക്കയോട് പറയാനുള്ള അവസരമാക്കിമാറ്റാനും 'ഹൗഡി മോദി'യിലൂടെ മോദിക്ക് കഴിഞ്ഞു.

'അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍' , വീണ്ടും ട്രംപ് സര്‍ക്കാരുണ്ടാകട്ടെയെന്നായിരുന്നു മോദിയുടെ ആദ്യ ആശംസ. ട്രംപിന്റെ നേതൃപാടവത്തോട് ആദരവെന്നും മോദി പറഞ്ഞു. മാത്രമല്ല രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദം പുതിയ ഉയരങ്ങളിലെത്തിയെന്നും മോദി അവകാശപ്പെട്ടു. പാകിസ്ഥാനെ കടന്നാക്രമിച്ച് സംസാരിച്ച മോദിക്ക്, ചര്‍ച്ച ഭീകരവാദത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ കഴിഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനില്ക്കുമെന്ന് ട്രംപും വ്യക്തമാക്കി.

ലോകത്തിലെ എറ്റവും പ്രസിദ്ധനായ രാഷ്ട്രീയക്കാരനാണ് ട്രംപെന്നും കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവിനെ വേദിയിലേക്ക് സ്വാഗതം ചെയ്യാനായതില്‍ തനിക്ക് അഭിമാനവും സന്തോഷവുമുണ്ടെന്നും പറഞ്ഞു കൊണ്ടായിരുന്നു മോദി, ട്രംപിനെ സദസിലേക്ക് ക്ഷണിച്ചത്.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ഓര്‍മ്മിപ്പിച്ച് ഇമ്രാന്‍ ഖാന്റെ നീക്കം വിശ്വസിക്കരുതെന്നും മോദി ലോകത്തോട് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി ട്രംപ് പ്രസംഗ മധ്യേ, ഇന്ത്യയ്ക്കും അമേരിക്കയ്ക്കും അതിര്‍ത്തി സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് വ്യക്തമാക്കി.

ജമ്മുകശ്മീരിലെ ജനങ്ങളെ 370 -ാം അനുച്ഛേദം വഞ്ചിക്കുകയായിരുന്നുവെന്ന് പറഞ്ഞ നരേന്ദ്ര മോദി, ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുള്ള അധികാരം ജമ്മുകശ്മീരിനും നല്‍കിയെന്ന് അവകാശപ്പെട്ടു. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനായെന്നും മോദി അവകാശപ്പെട്ടു.

ഇന്ത്യയുടെ നേട്ടങ്ങള്‍ ചിലരെ അസൂയപ്പെടുത്തുന്നുവെന്ന് മോദി അവകാശപ്പെട്ടു. ഇന്ത്യ ഇപ്പോള്‍ നേടുന്ന പുരോഗതി സ്വന്തം രാജ്യം നന്നായി കൈകാര്യം ചെയ്യാന്‍ കഴിയാത്തവരെ ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു മോദി അഭിപ്രായപ്പെട്ടത്.

ഇത്തരത്തിലുള്ളവരുടെ അജണ്ട പ്രധാനമായും ഇന്ത്യയോടുള്ള വെറുപ്പാണ്, ഇവര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്നു, ലോകത്തിന് മുഴുവന്‍ അറിയാം ഇവരാരാണെന്ന് പറഞ്ഞ് കൊണ്ടാണ് മോദി പാകിസ്ഥാനെതിരെ സംസാരിച്ച് തുടങ്ങിയത്.

രാജ്യത്തിന്റെ വൈവിധ്യത്തെ പുകഴ്ത്തിയ പ്രധാനമന്ത്രി, നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ പ്രത്യേകതയെന്ന് അവകാശപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയും പ്രചോദനവും ഈ വൈവിധ്യമാണ്. ഇന്നിവിടെ എത്തിയിരിക്കുന്ന 50,000 ഇന്ത്യക്കാരും ഈ വൈവിധ്യത്തിന്റെ പ്രതീകമാണെന്നും മോദി അവകാശപ്പെട്ടു.

മലയാളമടക്കം വിവിധ ഭാഷകളില്‍ 'ഇന്ത്യയില്‍ എല്ലാം നന്നായിരിക്കുന്നു'വെന്നും മോദി സദസിനോടായി പറഞ്ഞു. ഇത്തരമൊരു പ്രകടനത്തിലൂടെ അടുത്തകാലത്ത് രാഷ്ട്രഭാഷയുമായി ബന്ധപ്പെട്ട് ഹിന്ദി ഭാഷയ്‌ക്കെതിരെ ഇന്ത്യയില്‍ ഉയര്‍ന്ന അസ്വാരസ്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളെ ഇല്ലാതാക്കാനും മോദിക്ക് കഴിഞ്ഞു.

'ഹൗഡി മോദി' പരിപാടിയില്‍ ഏതാനും നിമിഷങ്ങള്‍ പങ്കെടുക്കുമെന്ന് മാത്രമാണ് ട്രംപ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ വേദിയിലേക്ക് ട്രംപ് എത്തിചേര്‍ന്നപ്പോള്‍, അങ്ങോട്ട് പോയി ട്രംപിനെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ച മോദിയുടെ നയതന്ത്രം വിജയിച്ചു. തുടര്‍ന്ന് ഏതാണ്ട് ഒന്നര മണിക്കൂറോളം സമയം ചെലവിട്ടാണ് ട്രംപ് വേദി വിട്ടത്.

പ്രസംഗത്തിലുടനീളം ട്രംപ് തന്റെ ഭരണ നേട്ടങ്ങളെക്കുറിച്ചാണ് ഏറെയും സംസാരിച്ചത്. തുടര്‍ന്ന് അമേരിക്കയില്‍ ഒന്നര വര്‍ഷത്തിന് ശേഷം നടക്കുന്ന അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് ജയിക്കട്ടെയെന്ന് ആശംസിക്കാനും മോദി മറന്നില്ല.

ഇസ്ലാമിക ഭീകരവാദം എന്ന ട്രംപിന്റെ പരാമര്‍ശത്തെ വന്‍ ആരവത്തോടെയാണ് ഇന്ത്യന്‍ - അമേരിക്കന്‍ സമൂഹം ഏറ്റെടുത്തത്. എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ ഉയര്‍ന്ന കയ്യടി കശ്മീര്‍ ഉയര്‍ത്തിയുള്ള പ്രതിപക്ഷ നീക്കത്തെ ദുര്‍ബലമാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

ജനങ്ങളുടെ സംരക്ഷണത്തിനായി ജോലി ചെയ്യുന്ന ധീരന്‍മാരായ അമേരിക്കന്‍ ഇന്ത്യന്‍ സൈനികരെ ആദരിക്കുന്നുവെന്നും ഇന്ത്യയും അമേരിക്കയും സാധാരണക്കാരായ ജനങ്ങളെ തീവ്ര ഇസ്ലാമിക് ഭീകരവാദത്തില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരെന്നും ട്രംപ് പറഞ്ഞു.

നരേന്ദ്ര മോദിയെ നന്നായി പുകഴ്ത്താനും ട്രംപ് മറന്നില്ല. മോദി മികച്ച ജോലിയാണ് ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ 300 മില്യണ്‍ ആളുകളെ ദാരിദ്രത്തില്‍ നിന്ന് ഉയര്‍ത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. ലോക്‌സഭയിലെ മോദിയുടെ വിജയത്തെ അഭിനന്ദിക്കാനും ട്രംപ് മറന്നില്ല.

നവംബറില്‍ ടൈഗര്‍ ട്രയംഫ് എന്ന പേരില്‍ അമേരിക്കയും ഇന്ത്യയും സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് ട്രംപ് അറിയിച്ചു. മാത്രമല്ല, അടുത്ത മാസം മുംബൈയില്‍ എത്തിയേക്കുമെന്ന് സൂചന നല്‍കാനും ട്രംപ് മറന്നില്ല.

അമേരിക്കയിലെ ജനപിന്തുണയും ട്രംപിന്റെ സാന്നിധ്യവും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കവേ ഇന്ത്യയിലും വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും ഒരു വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ - അമേരിക്കന്‍ സമൂഹത്തെ സാധീനിക്കാന്‍ കഴിയുമെന്നും ഇരുനേതാക്കളും ആവര്‍ത്തിച്ചു.

അതോടൊപ്പം തന്റെ സുഹൃത്താണ് മോദിയെന്ന് ട്രംപും ഇന്ത്യയുടെ സുഹൃത്താണ് ട്രംപെന്നെ മോദിയുടെ വിശേഷണവും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തെ അരക്കിട്ടുറപ്പിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. മാത്രമല്ല, ഇരുവരുടെയും പ്രസംഗങ്ങള്‍ ഇന്ത്യ - അമേരിക്ക വ്യാപാര കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന സൂചനകളും നല്‍കി. ഇത് വ്യാപാര രംഗത്ത് വന്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതപ്പെടുന്നു. ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനം അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുമെന്ന് ഇതോടെ ഏതാണ്ട് ഉറപ്പായി.

ഇതോടെ, 'ഹൗഡി മോദി' പരിപാടിയിലൂടെ മോദിയ്ക്കും ട്രംപിനും അന്താരാഷ്ട്രാ സമൂഹത്തിന് മുന്നില്‍ തങ്ങളുടെ നയങ്ങളെ കൃത്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു. മാത്രമല്ല, പരിപാടിയുടെ വിജയത്തോടെ മോദി, ഇന്ത്യയിലെ ശക്തനായ ഭരണാധികാരിയാണെന്നും അമേരിക്കന്‍ - ഇന്ത്യന്‍ സമൂഹത്തെ സ്വാധീനിക്കണമെങ്കില്‍ മോദിയുടെ സഹായം ആവശ്യമാണെന്ന് ട്രംപിനെ ബോധ്യപ്പെടുത്താനും കഴിഞ്ഞു.

അതുവഴി പാകിസ്ഥാനെതിരെ അമേരിക്കന്‍ നയതന്ത്രത്തെ വഴിതിരിക്കാനും തന്റെ അപ്രമാധിത്വത്തെ അസന്നിഗ്ദമായി ഊട്ടിയുറപ്പിക്കാനും മോദിക്ക് കഴിഞ്ഞു. പ്രസംഗ ശേഷം ഡൊണാള്‍ഡ് ട്രംപിനൊപ്പം കൈകോര്‍ത്ത് പിടിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്ത് നടക്കാനും മോദി മറന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Howdy Modi Highlights | With Trump Listening, PM Says Conspirators of 9/11 and 26/11 Found in Same Country, America, News, Narendra Modi, Prime Minister, Donald-Trump, World.