Follow KVARTHA on Google news Follow Us!
ad

മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി

മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ ഹോസ്റ്റലില്‍ നിന്നും Kochi, News, Student, High Court of Kerala, Mobile, Media, Kerala,
കൊച്ചി: (www.kvartha.com 19.09.2019) മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. കോഴിക്കോട് ചേളന്നൂര്‍ എസ് എന്‍ കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഫഹീമ ഷിറിനാണ് മൊബൈല്‍ നിയന്ത്രണത്തിനെതിരെ കോടതിയെ സമീപിച്ചത്.

മൊബൈല്‍ ഫോണും ഇന്റർനെറ്റും ഉപയോഗിക്കാനുള്ള അവകാശം മൗലിക അവകാശമാണെന്നും  ഇത് വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സുപ്രധാനമായ വിധിന്യായത്തിൽ ഹെെക്കോടതി വ്യക്തമാക്കി.

കോളജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസ് പി വി ആശയുടെ സിംഗിള്‍ ബഞ്ചിന്റേതാണ് ഉത്തരവ്.

മൊബൈല്‍ ഫോണ്‍ ഉപയോഗം ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ഭാഗമാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുകയെന്ന അവകാശത്തിനുമേല്‍ ആര്‍ക്കും തടയിടാന്‍ കഴിയില്ല. ഇത് വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെയും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെയും ഭാഗമാണ്. ഇതു മൗലികാവകാശത്തിന്റെ ഭാഗമായിട്ട് വരുമെന്നു പറഞ്ഞാണ് കോടതി പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടതെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകനായ അഡ്വ. ലഗിത് മാധ്യമങ്ങളോട് പറഞ്ഞു.


വൈകുന്നേരം ആറുമണി മുതല്‍ രാത്രി പത്തുമണിവരെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നായിരുന്നു ചേളന്നൂര്‍ എസ് എന്‍ കോളജ് മാനേജ്മെന്റിന്റെ നിര്‍ദേശം. പഠന നിലവാരം ഉറപ്പാക്കാനാണിതെന്നാണ് മാനേജ്മെന്റിന്റെ വാദം.

മൊബൈല്‍ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ പെണ്‍കുട്ടി ഹോസ്റ്റലില്‍ നിന്നും മാറണമെന്നും പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കി
യിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് പെണ്‍കുട്ടിയുടെ പിതാവ് ഹക്സര്‍ കോടതിയെ സമീപിച്ചത്.

കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭയം മാറേണ്ടതുണ്ടെന്നും അതിനുവേണ്ടിയാണ് തന്റെ ശ്രമമെന്നും ഹസ്‌കര്‍ പറഞ്ഞിരുന്നു. ഈ ലോകം നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു സംവിധാനത്തെ പുതിയ തലമുറയില്‍ നിന്ന് മാറ്റുകയെന്നു പറയുന്നത് അവരെ അപൂര്‍ണരാക്കലാണ്. ഉത്തരവാദിത്ത ബോധത്തോടെ ഉപയോഗിക്കാന്‍ അവരെ പാകപ്പെടുത്തുകയാണ് വേണ്ടതെന്നും ഹക്സര്‍ പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Court says internet use is fundamental right orders to rejoin student expelled for mobile use, Kochi, News, Student, High Court of Kerala, Mobile, Media, Kerala.