Follow KVARTHA on Google news Follow Us!
ad

മീന്‍കുരുതിപ്പാടത്തെ ചിറകാട്ടങ്ങള്‍

പാടവരമ്പത്തെ തോട്ടില്‍ കാല്‍ കഴുകാനിറങ്ങുമ്പോള്‍ ചിറുരുമ്മിയെത്തുന്ന കല്ലേമുട്ടി മീനുകളെ കണ്ടിട്ടിട്ടില്ലേ. ഉടലില്‍ വരകളുള്ള വാഴക്കവരയനെ. രുചിയുള്ള മഞ്ഞക്കൂരിയെ, കുറുവയെ.? ഒരുകാലത്ത് Article, fish, Rain,
ഏഴിലംപാതകള്‍-07/ സതീഷ് ഗോപി


(www.kvartha.com 03.09.2019) പാടവരമ്പത്തെ തോട്ടില്‍ കാല്‍ കഴുകാനിറങ്ങുമ്പോള്‍ ചിറുരുമ്മിയെത്തുന്ന കല്ലേമുട്ടി മീനുകളെ കണ്ടിട്ടിട്ടില്ലേ. ഉടലില്‍ വരകളുള്ള വാഴക്കവരയനെ. രുചിയുള്ള മഞ്ഞക്കൂരിയെ, കുറുവയെ.? ഒരുകാലത്ത് ഗ്രാമ്യജീവിതത്തിനൊപ്പം നീന്തിക്കളിച്ചിരുന്ന ഈ നാട്ടുമീനുകള്‍ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. ജലാശയങ്ങളില്‍ രാസവളവും മാലിന്യങ്ങളും കലര്‍ന്നതും പ്രജനനകാലത്തെ വേട്ടയുമാണ് നാട്ടുമത്സ്യങ്ങളുടെ കുലം മുടിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിക്കുന്ന മണ്‍സൂണ്‍ മഴയത്താണ് മീനുകള്‍ മുട്ടയിടുന്നത്.


പ്രജനനദേശാടനം എന്ന് അറിയപ്പെടുന്ന ഈ ജൈവപ്രകിയയുടെ ഭാഗമായി അവ അപ്പോള്‍ ജലാശയങ്ങളില്‍നിന്നും വയലുകളിലെ ചെറിയ കുഴികളിലേക്ക് ചേക്കേറും. അവിടെ മുട്ടയിട്ട് പെരുകി കുഞ്ഞുങ്ങളുമായി അവ പുഴകളിലേക്ക് മടങ്ങിപ്പോകും. എന്നാല്‍, ദുര മൂത്ത മനുഷ്യര്‍ പ്രജനനസഞ്ചാരത്തിനിടെ അവയെ പിടിച്ചു ഭക്ഷണമാക്കും. മുട്ടയിടാനെത്തുന്ന മീനുകളെ പിടികൂടുന്നതിലൂടെ മത്സ്യസമ്പത്തില്‍ ഗണ്യമായ കുറവാണ് സംഭവിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഉള്‍നാടാന്‍ മത്സ്യസംരക്ഷണനിയമം ഫിഷറീസ് വകുപ്പ് കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുന്നത് ഈ പശ്ചാത്തലത്തിലാണ്.


മണ്‍സൂണ്‍കാലത്തെ പ്രജനനസഞ്ചാരം ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത് ഫ്‌ളഡ് പ്ലയിന്‍ പ്രതിഭാസം എന്ന പേരിലാണ്. ഇക്കാലത്ത് കുത്തൂട്, വീശുവല, അടിച്ചില്‍, കത്തി, ചൂണ്ട എന്നിവയുമായാണ് മീനുകളെ വേട്ടയാടുന്നത്. ഊത്തപിടുത്തം എന്ന പേരില്‍ ഗ്രാമപ്രദേശങ്ങളില്‍ ആഘോഷമായാണ് ഇത് നടത്തിയിരുന്നത്. നിയമത്തെക്കുറിച്ച് ബോധമില്ലാത്ത തദ്ദേശസ്ഥാപനങ്ങള്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഊത്തപിടുത്തം നടത്തിയത് മുന്‍കാലത്ത് വിവാദമായിരുന്നു. വിഷപ്രയോഗം നടത്തിയും വൈദ്യുതാഘാതമേല്‍പ്പിച്ചും മീന്‍പിടിക്കുന്ന രീതിയും ചിലയിടങ്ങളിലുണ്ട്.

കേരളത്തിലെ 44 നദികളിലും 127 ഉള്‍നാടന്‍ ജലാശയങ്ങളിലുമായി 210 മത്സ്യജനുസുകള്‍ ഉണ്ടായിരുന്നതായി ഈ മേഖലയിലെ ഗവേഷകനായ തൃശൂര്‍ സ്വദേശി ഡോ. സി പി ഷാജി കണ്ടെത്തിയിട്ടുണ്ട്. വളപ്രയോഗം, മണലെടുപ്പ്, തണ്ണീര്‍തടങ്ങളുടെ നാശം എന്നിങ്ങനെ പല കാരണങ്ങളാണ് മത്സ്യങ്ങളുടെ വംശനാശത്തിന് വഴിയൊരുക്കുന്നത്. ചാലക്കുടിപ്പുഴയില്‍ നടത്തിയ പഠനം അവിടെ സര്‍വസാധാരണമായ നാട്ടുമത്സ്യങ്ങളുടെ നാശം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. നാടന്‍ മുഷിയുടെ എണ്ണം മലപ്പുറത്ത് കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. മീനുകളെ വേട്ടയാടുന്നത് നിയമപ്രകാരം കുറ്റകരമാണ്. 15000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. കുറ്റം ആവര്‍ത്തിച്ചാല്‍ ആറുമാസം വരെ തടവും ലഭിക്കാം. എന്നാല്‍, ജനങ്ങള്‍ക്ക് ഈ നിയമത്തെക്കുറിച്ച് വലിയ അവബോധമില്ല.

കഴിഞ്ഞവേനലില്‍ കാസര്‍കോട് നെയ്യന്‍കയത്ത് വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തിയിരുന്നു. കാലാവസ്ഥാവ്യതിയാനമാണ് കാരണം. ചന്ദ്രഗിരിപ്പുഴയില്‍ കണ്ടിരുന്ന കുയില്‍മീന്‍ അഥവാ കുറുവനും ഇങ്ങനെ നശിച്ചവയില്‍പ്പെടുന്നു. ആറ്റുവാളയും കാരിയും കൂരിയും പള്ളത്തിയുമൊക്കെ കാണാമറയത്താകാതിരിക്കണമെങ്കില്‍ പൊതുജനങ്ങളുടെ അവബോധം ഉയര്‍ത്തുകയും ഉള്‍നാടന്‍ മത്സ്യസംരക്ഷണനിയമം കര്‍ശനമായി നടപ്പാക്കുകയുമാണ് വേണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, fish, Rain, Article about extinction of countless fish