Follow KVARTHA on Google news Follow Us!
ad

ആരായിരുന്നു സുഷമ സ്വരാജ്; ഇന്ത്യയുടെ കരുത്തുറ്റ വനിതയായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞത് നിശ്ചയ ദാര്‍ഢ്യം കൊണ്ടുമാത്രം

ഹരിയാനയിലെ പാല്‍വാല്‍ എന്ന സ്ഥലത്ത് 1953 ഫെബ്രുവരി 14ന് Article, Lifestyle & Fashion, Politics, Dead, Lawyers,
ന്യൂഡെല്‍ഹി: (www.kvartha.com 07.08.2019) ആരായിരുന്നു സുഷമ സ്വരാജ്? ഹരിയാനയിലെ പാല്‍വാല്‍ എന്ന സ്ഥലത്ത് 1953 ഫെബ്രുവരി 14ന് ഹര്‍ദേവ് ശര്‍മയുടേയും ലക്ഷ്മി ദേവിയുടേയും മകളായാണ് സുഷമയുടെ ജനനം. അറിയപ്പെടുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു പിതാവ് ഹര്‍ദേവ് ശര്‍മ . കുട്ടിക്കാലത്തു തന്നെ അസാമാന്യ ഓര്‍മശക്തി പ്രകടിപ്പിച്ചിരുന്ന സുഷമ സംസ്‌കൃതവും, രാഷ്ട്രശാസ്ത്രവും ഐഛിക വിഷയമായെടുത്ത് ബിരുദം കരസ്ഥമാക്കി.


പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും നിയബിരുദം നേടിയശേഷം സുപ്രീംകോടതിയില്‍ അഭിഭാകയായി ജോലി നോക്കാന്‍ തുടങ്ങി . 1970 ല്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് എന്ന വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ അറിയപ്പെടുന്ന ഒരു പ്രാസംഗികയായി ശ്രദ്ധേയയായിരുന്നു സുഷമ .

 Who is Sushma Swaraj, Article, Lifestyle & Fashion, Politics, Dead, Lawyers

1975 ലെ അടിയന്തരാവസ്ഥക്കെതിരെ ശക്തമായ പ്രചാരണം നടത്തിയതിലൂടെ സുഷമ രാഷ്ട്രീയ രംഗത്ത് ഉയര്‍ന്നുവന്നു. 1977 മുതല്‍ 1982 വരേയും, 1987 മുതല്‍ 90 വരേയും ഹരിയാന നിയമസഭയില്‍ അംഗമായിരുന്നു. ഹരിയാനയില്‍ ബി.ജെ.പി-ലോക്ദള്‍ സഖ്യത്തിലൂടെ അധികാരത്തില്‍ വന്ന മന്ത്രിസഭയില്‍ സുഷമാസ്വരാജ് വിദ്യാഭ്യാസ മന്ത്രിയായി പ്രവര്‍ത്തിച്ചു.

ദേവിലാല്‍ ആയിരുന്നു മുഖ്യമന്ത്രി. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അവരുടെ നേതൃത്വപാടവം, ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് സുഷമയെ ഉയര്‍ത്തി. പാകിസ്ഥാനില്‍ നിന്നുള്ള ബാലന് ഇന്ത്യയില്‍ ചികിത്സ ലഭ്യമാക്കിയത് വിവിധ മേഖലകളില്‍ നിന്നുള്ള പ്രശംസ പിടിച്ചു പറ്റി.

Who is Sushma Swaraj, Article, Lifestyle & Fashion, Politics, Dead, Lawyers

2014 മെയ് 26 മുതല്‍ 2019 മെയ് 30 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചു. ഇന്ദിരാഗാന്ധിക്ക് ശേഷം രണ്ടാമത്തെ സ്ഥാനം വഹിച്ച വനിതയാണ് സുഷമ. ലോക് സഭയിലെ വളരെ മുതിര്‍ന്ന നേതാവുകൂടിയായ സുഷമ പത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. ഡെല്‍ഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിന് സ്വന്തമാണ് ( 1998 ഒക്ടോബര്‍ 12 മുതല്‍ 1998 ഡിസംബര്‍ 3വരെ).

ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന സ്ഥാനവും സുഷമാ സ്വരാജിനുള്ളതാണ്. 1977 ല്‍ സുഷമ ഹരിയാന നിയമസഭയില്‍, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വെറും 25 വയസ്സായിരുന്നു സുഷയ്ക്കുണ്ടായിരുന്നത്. ഇന്ത്യയിലെ ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോഡും സുഷമക്ക് സ്വന്തം.

1990 ഏപ്രിലില്‍ സുഷമാ സ്വരാജ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1990 മുതല്‍ 1996 വരെയുള്ള കാലഘട്ടത്തിലേക്കായിരുന്നു ഇത്. 1996 ല്‍ പതിനൊന്നാം ലോക്‌സഭയിലേക്ക് ദക്ഷിണ ഡെല്‍ഹിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു . കോണ്‍ഗ്രസ്സിലെ പ്രബലനായിരുന്ന കപില്‍ സിബലിനെയായിരുന്നു അന്ന് സുഷമ പരാജയപ്പെടുത്തിയത്.

Who is Sushma Swaraj, Article, Lifestyle & Fashion, Politics, Dead, Lawyers

1,14,006 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു ലോകസഭയിലേക്കുള്ള സുഷമയുടെ കന്നി വിജയം . 13 ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന ആ മന്ത്രിസഭയില്‍ സുഷമ, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിംഗ് വകുപ്പ് മന്ത്രിയായിരുന്നു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ സുഷമ വീണ്ടും അതേ മണ്ഡലത്തില്‍ നിന്നും 12-ാം ലോകസഭയിലേക്കു തിരിച്ചെത്തി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ അജയ് മാക്കനെയാണ് 1,16,713 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സുഷമ പരാജയപ്പെടുത്തിയത് . വാജ്‌പേയി മന്ത്രി സഭയില്‍ വീണ്ടും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്റെ നേതൃത്വം ഏറ്റെടുത്തു. ഇത്തവണ ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ അധിക ചുമതല കൂടിയുണ്ടായിരുന്നു.

1999 ല്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നും സോണിയാ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ ബി ജെ പി നിയോഗിച്ചത് സുഷമാ സ്വരാജിനെയായിരുന്നു. പാരമ്പര്യമായി കോണ്‍ഗ്രസ്സിനെ മാത്രം തുണയ്ക്കുന്ന ഒരു മണ്ഡലമാണ് ബെല്ലാരി. വളരെ ചുരുങ്ങിയ ദിവസത്തെ തെരഞ്ഞെടുപ്പു പര്യടനം കൊണ്ടു മാത്രം ബി.ജെ.പിക്ക് യാതൊരു അടിത്തറയുമില്ലാത്ത ബെല്ലാരി മണ്ഡലത്തില്‍ സുഷമ 3,58,550 വോട്ടുകള്‍ നേടി . 56,100 വോട്ടുകള്‍ക്കാണ് സുഷമ അന്ന് പരാജയപ്പെട്ടത്.

2000 ഏപ്രിലില്‍ ഉത്തര്‍പ്രദേശില്‍ നിന്നും സുഷമ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഉത്തര്‍പ്രദേശില്‍ നിന്നും, ഉത്തരാഖണ്ഡ് വേര്‍പെടുത്തിയപ്പോള്‍ സുഷമ ഉത്തരാഖണ്ഡ് മണ്ഡലത്തില്‍ നിന്നുള്ള രാജ്യസഭാംഗം ആയി . സുഷമാ സ്വരാജിന്റെ കഴിവും രാഷ്ട്രീയ പക്വതയും അവരെ കേന്ദ്ര മന്ത്രി സഭയിലെത്തിച്ചു.

സെപ്തംബര്‍ 2000 മുതല്‍ ജനുവരി 2003 വരെ സുഷമ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്റെ മന്ത്രി ആയിരുന്നു. പിന്നീട്, ജനുവരി 2003 മുതല്‍ മെയ് 2004 വരെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയുമായി.

2009 ഡിസംബര്‍ മുതല്‍ സുഷമാ സ്വരാജ് പതിനഞ്ചാം ലോകസഭയില്‍ പ്രതിപക്ഷനേതാവിന്റെ പദവി അലങ്കരിച്ചിരുന്നു.

1975ല്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന വക്കീലായ സ്വരാജ് കൗശലിനെ വിവാഹം കഴിച്ചു. 1990-1993 കാലഘട്ടത്തില്‍ മിസോറാം സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ആയിരുന്നു സ്വരാജ് കൗശല്‍. തന്റെ മുപ്പത്തി ഏഴാമത്തെ വയസ്സിലാണ് സ്വരാജ് ആദ്യമായി ഗവര്‍ണര്‍ പദം അലങ്കരിക്കുന്നത്. 1998 മുതല്‍ 2004 വരെ സ്വരാജ് കൗശല്‍ പാര്‍ലമെന്റംഗമായിരുന്നു.

1998 ല്‍ സ്വരാജ് രാജ്യസഭാംഗമായിരുന്നു, അതേസമയം തന്നെ സുഷമ ലോകസഭാംഗവും ആയിരുന്നു. 2000-2004 കാലഘട്ടത്തല്‍ ഇരുവരും രാജ്യസഭാംഗങ്ങളായിരുന്നു. ഏക മകള്‍ ഭാന്‍സുരി സ്വരാജ്, ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും നിയമബിരുദം കരസ്ഥമാക്കിയശേഷം സുപ്രീംകോടതിയില്‍ അഭിഭാഷകയായി സേവനം അനുഷ്ഠിക്കുന്നു.

വിദേശത്തു വിഷമതകള്‍ നേരിടുന്ന ഇന്ത്യക്കാര്‍ക്കെല്ലാം ആശ്രയിക്കാവുന്ന അടുത്ത ബന്ധുവിന്റെ സ്ഥാനമായിരുന്നു സുഷമയ്ക്ക്. 2017 ജൂണില്‍ കരണ്‍ സായ്‌നി എന്നയാള്‍ തമാശയ്ക്ക് ട്വീറ്റ് ചെയ്തു. '987 ദിവസം മുന്‍പു ചൊവ്വയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരനാണ്. ഭക്ഷണം തീരുകയാണ്. എന്നാണ് മംഗള്‍യാന്‍ 2 പുറപ്പെടുക?' എന്ന് . ഉടന്‍ സുഷമയുടെ മറുപടിയെത്തി  'നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസി സഹായത്തിനുണ്ടാകും!'. സഹായം തേടിയ ഒരാളെപ്പോലും ഉപേക്ഷിച്ചില്ലെന്നതു സുഷമയിലെ നന്മയാണ് കാണിക്കുന്നത്.

ഒന്‍പതാം വയസ്സില്‍ ട്രെയിന്‍ മാറിക്കയറി പാകിസ്ഥാനിലെത്തിയ ബധിരയും മൂകയുമായ ഇന്ത്യക്കാരി പെണ്‍കുട്ടി 15 വര്‍ഷത്തിനുശേഷം 2015ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. രക്ഷിതാക്കളെ തേടി ഇന്ത്യയിലെത്തിയ ഗീതയെ തിരിച്ചയയ്ക്കുന്നില്ലെന്നു സുഷമ സ്വരാജ് രാജ്യത്തെ അറിയിച്ചു. ഗീത ഇന്ത്യയുടെ മകളാണ്. കുടുംബത്തെ കണ്ടുമുട്ടിയില്ലെങ്കില്‍ പോലും പാകിസ്ഥാനിലേക്ക് തിരിച്ചയയ്ക്കില്ല. കേന്ദ്ര സര്‍ക്കാര്‍ ഗീതയെ സംരക്ഷിക്കുമെന്നും സുഷമ പറഞ്ഞപ്പോള്‍ ലോകം കേട്ടതു മാനവികതയുടെ ശബ്ദമായിരുന്നു.

Who is Sushma Swaraj, Article, Lifestyle & Fashion, Politics, Dead, Lawyers


ആറു വര്‍ഷം പാക് ജയിലില്‍ കഴിഞ്ഞ മുംബൈ സ്വദേശിയായ സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍ ഹമീദ് നിഹാല്‍ അന്‍സാരി മോചിതനായതു സുഷമയുടെ മന്ത്രാലയത്തിന്റെ ഇടപെടല്‍ കൊണ്ടാണ്.  സുഷമയെ കെട്ടിപ്പിടിച്ചു ഹമീദിന്റെ ഉമ്മ ഫൗസിയ പറഞ്ഞു: 'എന്റെ രാജ്യം മഹത്തരം. എന്റെ മാഡം (സുഷമ) ഏറ്റവും മഹതി'.

Who is Sushma Swaraj, Article, Lifestyle & Fashion, Politics, Dead, Lawyers

ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ 2012 ല്‍ അഫ്ഗാനിസ്ഥാനിലൂടെ പാകിസ്ഥാനിലെത്തിയ ഹമീദിനെ ചാരവൃത്തി ആരോപിച്ചാണു പട്ടാളക്കോടതി 2015ല്‍ തടവുശിക്ഷയ്ക്കു വിധിച്ചത്. അദ്ദേഹത്തിന്റെ മോചനത്തിനായി 96 തവണയാണു പാക് സര്‍ക്കാരുമായി ബന്ധപ്പെട്ടത്.

സൗദിയില്‍ തൊഴിലുടമ തന്നെ അടിമയാക്കി വച്ചിരിക്കുകയാണെന്നും രക്ഷിക്കണമെന്നും അഭ്യര്‍ഥിച്ചു പഞ്ചാബി യുവതിയുടെ വിഡിയോ പുറത്തുവന്നപ്പോഴും സുഷമ ഇടപെട്ടു. എത്രയും വേഗം ആളെ കണ്ടെത്താന്‍ സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതിക്കു മന്ത്രി നിര്‍ദേശം നല്‍കി. ഒരു വയസ്സുള്ള പാക്ക് ബാലികയ്ക്ക് ഇന്ത്യയില്‍ ഹൃദയ ശസ്ത്രക്രിയ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ വിസ നല്‍കുമെന്നു സുഷമ വ്യക്തമാക്കിയത് 2017 ഒക്ടോബറില്‍. ഇതുസംബന്ധിച്ച് കുട്ടിയുടെ അമ്മയുടെ അഭ്യര്‍ഥന എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ വിസ അനുമതി നല്‍കിക്കൊണ്ടു മന്ത്രി ട്വിറ്ററില്‍ കുറിപ്പിട്ടത് സമൂഹമാധ്യമങ്ങളില്‍ തരംഗമായി.

കരള്‍ രോഗ ചികിത്സയ്ക്കായി ഇന്ത്യയിലേക്കു വരാന്‍ വിസ അനുവദിച്ച സുഷമ സ്വരാജിനു പാകിസ്ഥാനില്‍ നിന്നുള്ള ഹിജാബ് ആസിഫ് ഹൃദയപൂര്‍വം നന്ദി പറഞ്ഞത് 2017 ജൂലൈയില്‍. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ തടസ്സങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന്, ഇക്കാര്യത്തില്‍ സഹായിക്കണമെന്നാവശ്യപ്പെട്ടു ഹിജാബ് ട്വിറ്ററിലൂടെ സുഷമയ്ക്കു സന്ദേശമയച്ചിരുന്നു.

2017 ജൂലൈയില്‍ നാലു മാസം പ്രായമുള്ള റൊഹാന്‍ എന്ന പാകിസ്ഥാനി ആണ്‍കുഞ്ഞിനു നോയിഡയിലെ ജെപി ആശുപത്രിയില്‍ വിജയകരമായ ഹൃദയ ശസ്ത്രക്രിയ നടന്നതിനു പിന്നിലും തെളിഞ്ഞതു സുഷമയുടെ കാരുണ്യമനസ്സാണ്.

ലോകത്തെ ഏറ്റവും ഭാരമുള്ള (500 കിലോ) വനിത ഈജിപ്തിലെ കയ്‌റോ സ്വദേശിയായ ഇമാന്‍ അഹമ്മദിന് (36) ചികിത്സയ്ക്കായി വിസ ലഭിക്കാനുള്ള തടസ്സങ്ങള്‍ നീക്കിയതും സുഷമയാണ്. 25 വര്‍ഷമായി കട്ടിലില്‍ കഴിഞ്ഞിരുന്ന ഇമാന്റെ ഭാരംകുറയ്ക്കാനുള്ള വെല്ലുവിളി മുംബൈയിലെ പ്രശസ്ത ബാരിയാട്രിക് സര്‍ജന്‍ ഡോ. മുഫാസല്‍ എ.ലക്ഡാവാല ഏറ്റെടുക്കുകയായിരുന്നു.

വിസയ്ക്കുള്ള തടസ്സങ്ങള്‍ അദ്ദേഹം ട്വീറ്റ് ചെയ്തതു ശ്രദ്ധയില്‍പ്പെട്ടാണു മന്ത്രി സംഭവത്തില്‍ ഇടപെട്ടത്. ഇന്ത്യയില്‍വച്ച് ഭാരം കുറഞ്ഞെങ്കിലും അബുദാബിയിലെ തുടര്‍ ചികില്‍സയ്ക്കിടെ പിന്നീട് ഇമാന്‍ അന്തരിച്ചു.

വിസ ഏജന്റുമാര്‍ മൂന്നുലക്ഷം രൂപയ്ക്കു സ്‌പോണ്‍സര്‍ക്കു വിറ്റ ഇന്ത്യന്‍ യുവതി മുപ്പത്തൊന്‍പതുകാരി സല്‍മ ബീഗത്തെ സ്‌പോണ്‍സറില്‍നിന്നു രക്ഷപ്പെടുത്തിയതിന്റെ ക്രെഡിറ്റും സുഷമയ്ക്കായിരുന്നു. ഹൈദരാബാദിലെ ബാബ നഗര്‍ സി ബ്ലോക്കില്‍ താമസിക്കുന്ന സല്‍മ ബീഗത്തെ വിസ ഏജന്റുമാര്‍ സൗദി സ്വദേശിക്കു വിറ്റുവെന്ന മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി.

തന്റെ സഹോദരന്‍ വിനയ് മഹാജനെ സെര്‍ബിയയില്‍ ആരോ തട്ടിക്കൊണ്ടുപോയെന്നും പണം കൊടുത്തില്ലെങ്കില്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നുവെന്നും 2017 മാര്‍ച്ചില്‍ ട്വിറ്ററിലൂടെ രാജീവ് ശര്‍മ എന്നയാള്‍ അറിയിച്ചു. ഉടനെ വിദേശകാര്യമന്ത്രി ഇടപെട്ടു വിനയിനെ രക്ഷിക്കുകയും ചെയ്തു.

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പാക്ക് പൗരന്‍ വിവാഹം ചെയ്തതിനെത്തുടര്‍ന്നു തടവിലായ ഇന്ത്യക്കാരി ഉസ്മ അഹമ്മദ് വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയില്‍ തിരിച്ചെത്തിയതിനു പിന്നിലും സുഷമയുടെ കരങ്ങളുണ്ടായിരുന്നു. സ്വരാജ്യത്തേക്കു മടങ്ങിയെത്തിയ ഉസ്മയെ 'ഇന്ത്യയുടെ മകള്‍' എന്നു വിളിച്ചാണു സുഷമ സ്വാഗതം ചെയ്തത്. ഭീകരരുടെ പിടിയില്‍നിന്നു മലയാളി ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കുന്നതിലും സുഷമ പലതവണ ഇടപെടലുകള്‍ നടത്തി.

എന്നാല്‍ ട്വിറ്ററില്‍ നല്ല അനുഭവം മാത്രമല്ല സുഷമയ്ക്കുണ്ടായിട്ടുള്ളത്. ലക്‌നൗവിലെ പാസ്‌പോര്‍ട്ട് ഓഫിസിലെ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിന്റെ പേരില്‍ രൂക്ഷവിമര്‍ശനവും പരിഹാസവുമുയര്‍ന്നിരുന്നു. അതെല്ലാം താന്‍ ആസ്വദിക്കുന്നതായും പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി കാണുന്നു എന്നുമായിരുന്നു ഇക്കാര്യത്തില്‍ സുഷമയുടെ പ്രതികരണം.

പ്രവാസികളായ പുരുഷന്മാര്‍ വിവാഹം 30 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്നു വ്യവസ്ഥയുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചും സുഷമ സ്വരാജ് കയ്യടി നേടി. വിവാഹം രജിസ്റ്റര്‍ ചെയ്യാത്തവരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കാനും വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ സമന്‍സ് നല്‍കി കോടതി നടപടി സ്വീകരിക്കാനും വ്യവസ്ഥ ചെയ്യുന്നതാണു ബില്‍.

പ്രവാസി ഇന്ത്യക്കാരായ പുരുഷന്മാര്‍ ഇന്ത്യക്കാരിയെയോ പ്രവാസിയായ ഇന്ത്യക്കാരിയെയോ വിവാഹം ചെയ്താല്‍ ബില്ലിലെ വ്യവസ്ഥകള്‍ ബാധകമാവും. പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട വിവാഹത്തട്ടിപ്പുകള്‍ സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണു രജിസ്‌ട്രേഷന്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

സ്‌നേഹത്തോടൊപ്പം കണിശക്കാരിയുമായിരുന്നു സുഷമ. കാനഡയില്‍ ആമസോണ്‍ വില്‍ക്കുന്ന ഒരിനം ചവിട്ടുമെത്തയില്‍ ത്രിവര്‍ണ പതാക ചിത്രീകരിച്ചിട്ടുണ്ടെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന്, സാമൂഹിക മാധ്യമമായ ട്വിറ്ററിലൂടെ സുഷമ നടത്തിയ ആക്രമണം ഏറെ ചര്‍ച്ചയായിരുന്നു. ഉല്‍പന്നം പിന്‍വലിച്ച് ഉപാധികളില്ലാതെ മാപ്പ് പറഞ്ഞില്ലെങ്കില്‍ ആമസോണിന്റെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യ വിസ നല്‍കില്ലെന്നും ഇപ്പോഴുള്ള വിസകള്‍ റദ്ദാക്കുമെന്നും സുഷമ വിരട്ടി. തൊട്ടുപിന്നാലെ ആമസോണ്‍ വെബ്‌സൈറ്റില്‍നിന്ന് ഉല്‍പന്നം പിന്‍വലിച്ചു.

ലഭ്യമായ വേദികളിലും അവസരങ്ങളിലും തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ സുഷമ നിലപാടെടുത്തു. ഭീകരവാദം കയറ്റിവിടുന്ന സങ്കേതമായി രാജ്യം മാറിയതെന്തുകൊണ്ടെന്ന് പാക്ക് നേതാക്കള്‍ പരിശോധിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭാ സമ്മേളനത്തില്‍ സുഷമ ചോദിച്ചു. ഇന്ത്യ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നിര്‍മിച്ചു, എന്നാല്‍ ഭീകരവാദത്തിനപ്പുറം എന്താണു പാകിസ്ഥാന്‍ ലോകത്തിനു നല്‍കിയത്? ഇന്ത്യ ദാരിദ്ര്യത്തിനെതിരായി യുദ്ധം ചെയ്യുമ്പോള്‍ പാക്കിസ്ഥാനു താല്‍പര്യം ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ മാത്രമാണെന്നും ഹിന്ദിയില്‍ പ്രസംഗിച്ചു.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളോട് അതില്‍നിന്നു പിന്മാറാന്‍ ആവശ്യപ്പെടണമെന്ന് ഇസ്ലാമിക രാഷ്ട്ര സഹകരണ സംഘടന (ഒഐസി) സമ്മേളനത്തില്‍, പാകിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെ ആവശ്യപ്പെട്ടു. ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം ഏതെങ്കിലും മതത്തിനെതിരെയല്ലെന്നും വ്യക്തമാക്കി. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. പുല്‍വാമ, ബാലാക്കോട്ട് സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദമുഖങ്ങളുമായി പ്രതിരോധം തീര്‍ത്തു.

സുഷമ സ്വരാജായിരുന്നു 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഒന്നാം നമ്പര്‍ വനിതാതാരം. എന്നാല്‍, ആരോഗ്യകാരണങ്ങളാല്‍ മത്സരരംഗത്തുനിന്നു സുഷമ മാറിയതോടെ രണ്ടുപേരെയാണു പാര്‍ട്ടി ആ നിരയിലേക്ക് ഉയര്‍ത്തിക്കാട്ടിയത്  കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനെയും സ്മൃതി ഇറാനിയെയും. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയായതോടെയാണ് തിരഞ്ഞെടുപ്പു പോരാട്ടത്തിനില്ലെന്നു സുഷമ ഉറപ്പിച്ചത്.

ഏറ്റവുമൊടുവില്‍ ജമ്മു കശ്മീരില്‍ 370, 35 എ വകുപ്പുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡിയെയും അമിത് ഷായെയും അനുമോദിച്ചായിരുന്നു സുഷമയുടെ ട്വീറ്റ്. ജീവിതത്തില്‍ ഈ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും  ട്വീറ്റിലെ അവസാന വാക്കുകള്‍, അതു മരണത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പ്.

 ഹൃദയാഘാതത്തെ തുടര്‍ന്ന് 67-ം വയസില്‍ ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ച് ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Who is Sushma Swaraj,  Dead, Lawyers, Lifestyle & Fashion, Politics, News, New Delhi.