» » » » » » » » » » » » » മാധ്യമപ്രവര്‍ത്തകന്റെ അപകടമരണം കൊലപാതകമോ? വെറും ഒന്നേക്കാല്‍ കിലോ മീറ്റര്‍ ദൂരം 140 കിലോ മീറ്റര്‍ വേഗതയില്‍ പോകണമെങ്കില്‍ അതൊരു ചേസിംഗ് ആകാനാണ് സാധ്യത; ശ്രീറാം വെങ്കട്ടരാമന്റെ കാര്‍ പിന്നില്‍ നിന്നിടിച്ച് മരിച്ച കെ എം ബഷീറിന്റെ മൊബൈല്‍ ഫോണ്‍ എവിടെ? ആ മൊബൈല്‍ പലതും സംസാരിക്കും; അതീവഗുരുതര ആരോപണങ്ങളുമായി റിട്ട. എസ്പിയും മുന്‍ മ്യൂസിയം സിഐയുമായിരുന്ന ജോര്‍ജ് ജോസഫ്; പ്രതിക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ കേസില്‍ നിര്‍ണായക ട്വിസ്റ്റ്

തിരുവനന്തപുരം: (www.kvartha.com 08.08.2019) തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകന്റെ അപകടമരണം കൊലപാതകമോ? സര്‍വെ വകുപ്പ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കട്ടരാമന്‍ അമിതവേഗതയിലോടിച്ച കാര്‍ പിന്നില്‍ നിന്നിടിച്ച് ബൈക്ക് യാത്രക്കാരനും സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് മേധാവിയും ആയിരുന്ന കെ എം ബഷീര്‍ മരിച്ച സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന അതീവഗുരുതരമായ സംശയങ്ങള്‍ ഉന്നയിച്ച് റിട്ട. എസ്പിയും നേരത്തെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ സിഐ ആയും എസ്‌ഐ ആയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ജോര്‍ജ് ജോസഫ് രംഗത്തെത്തിയതോടെയാണ് അപകടമരണം കൊലപാതകമോ എന്ന സംശയത്തിലേക്ക് നയിക്കുന്നത്.

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും വെറും ഒന്നേക്കാല്‍ കിലോ മീറ്റര്‍ മാത്രം ദൂരം 140 കിലോ മീറ്റര്‍ വേഗതയില്‍ പോകണമെങ്കില്‍ അതൊരു ചേസിംഗ് ആകാനാണ് സാധ്യതയെന്നും സാധാരണ ഗതിയില്‍ ഇത്ര ചെറിയ ദൂരം ഇത്രയും വേഗതയില്‍ പോകാന്‍ സാധ്യതയില്ലെന്നും ജോര്‍ജ് ജോസഫ് ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. മരിച്ച കെ എം ബഷീറിന്റെ മൊബൈല്‍ ഫോണ്‍ എവിടെ പോയെന്നും ചെരിപ്പ് പോലും കണ്ടെടുത്തിട്ടും ഇതുവരെയായി മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവാത്തത് ആ നിലക്കുള്ള സംശയം ബലപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഇതുവരെ ആരും പറയാത്ത ചില കാര്യങ്ങളാണ് എനിക്ക് പറയാനുള്ളത്. കെ എം ബഷീറിന്റെ മൊബൈല്‍ ഫോണ്‍ എവിടെ? ആരുടെ കയ്യിലാണ് അതുള്ളത്? ചെരിപ്പ് പോലും കണ്ടെടുത്തിട്ടും മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായത് എന്ത് കൊണ്ട്? ആ മൊബൈല്‍ ഫോണ്‍ പലതും സംസാരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ആ മൊബൈല്‍ ഫോണ്‍ പരിശോധിക്കണം. അതില്‍ നിന്ന് പോയ കോളുകളും സന്ദേശങ്ങളും പരിശോധിക്കണം. അതുപോലെ ഇവര്‍ രണ്ട് പേരും തമ്മിലുള്ള മൊബൈല്‍ കോളുകളും പരിശോധിക്കണം. ഈ പറയുന്ന വെള്ളയമ്പലം മുതല്‍ അപകടം നടന്ന സ്ഥലത്തേക്ക് വെറും ഒന്നേകാല്‍ കിലോ മീറ്റര്‍ ദൂരമേയുള്ളൂ. ഞാന്‍ ആ മ്യൂസിയം പോലീസ് സ്റ്റേഷനിലെ സിഐ ആയും എസ്‌ഐ ആയും പ്രവര്‍ത്തിച്ചിരുന്ന ആളാണ്. ഒന്നേക്കാല്‍ കിലോ മീറ്റര്‍ മാത്രം ദൂരം 140 കിലോ മീറ്റര്‍ വേഗതയില്‍ പോകണമെങ്കില്‍ അതൊരു ചേസിംഗ് ആണെന്നാണ് എനിക്ക് തോന്നുന്നത്. മദ്യപിച്ചിട്ടില്ലെങ്കില്‍ ഉറപ്പായും അത് ചെയ്‌സ് തന്നെയാണ്''. റിട്ട. എസ് പി വ്യക്തമാക്കി.കേസ് അട്ടിമറിക്കാന്‍ പോലീസ് വകുപ്പിലെ ഉന്നതതലത്തില്‍ നിന്നുതന്നെ ശ്രമം നടന്നിട്ടുണ്ടെന്നും ഇപ്പോള്‍ എസ് ഐയില്‍ മാത്രം പഴിചാരി മറ്റുള്ളവര്‍ രക്ഷപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതി വിഐപിയാണ്. അതുകൊണ്ട് തന്നെ അപകടം നടന്ന ഉടനെ വിവരം സിഐയെയും അസിസ്റ്റന്റ് കമ്മീഷണറെയും എസ്‌ഐ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് കേസ് ഏറ്റെടുക്കാന്‍ സിഐ ബാധ്യസ്ഥനാണ്. സിഐ ഇല്ലെങ്കില്‍ അസിസ്റ്റന്റ് കമ്മീഷണറും ഇവര്‍ രണ്ട് പേരും സ്ഥലത്തില്ലെങ്കില്‍ കമ്മീഷണര്‍ അത് ഏറ്റെടുക്കാന്‍ ബാധ്യസ്ഥനാണ്. അത് സൂപ്പര്‍വൈസറി ഓഫീസര്‍മാരുടെ ചുമതലകളാണ്. പക്ഷേ വിഐപിയാണ് പ്രതി എന്നറിഞ്ഞപ്പോള്‍ എസ്‌ഐയുടെ തലയില്‍ ചാരി മേലുദ്യോഗസ്ഥരെല്ലാം കൈയ്യൊഴിഞ്ഞു. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തിയേ പറ്റൂ. അത് നടക്കട്ടെ, അതിലൂടെ സത്യം പുറത്തുവരട്ടെ, ജോര്‍ജ് ജോസഫ് കൂട്ടിച്ചേര്‍ത്തു. വഫ ഫിറോസുമായി സ്വകാര്യ ചാനല്‍ നടത്തിയ ഇന്റര്‍വ്യൂവിനെയും അദ്ദേഹം വിമര്‍ശിച്ചു.


അപകടത്തിന് പിന്നാലെ വെങ്കട്ടരാമന്റെ രക്തപരിശോധനയുമായി ബന്ധപ്പെട്ടും ഗുരുതര വീഴ്ചയാണ് പോലീസിന്റെ ഉന്നതതലത്തില്‍ തന്നെയുണ്ടായിട്ടുള്ളത്. ആര്‍ട്ടിക്കിള്‍ 20 (3) പ്രകാരം പ്രതിയുടെ അനുവാദമില്ലാതെ രക്ത സാമ്പിള്‍ എടുക്കാന്‍ സാധിക്കില്ലെന്നാണ് തിരുവന്തപുരം ഡിഐജി സഞ്ജയ്കുമാര്‍ ഗുരുഡിന്‍ അപകടദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഒരാളെ പ്രതിക്കെതിരായി കോടതിയില്‍ സാക്ഷി പറയാന്‍ നിര്‍ബന്ധിക്കരുത് എന്ന കാര്യമാണ് ആര്‍ട്ടിക്കിള്‍ 20 (3) പറയുന്നതെന്നും ശുദ്ധ അസംബന്ധം പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ കബളിപ്പിച്ച് തടിയൂരുകയായിരുന്നു ഡിഐജി ചെയ്തതെന്നും അഡ്വ. ഹരീഷ് വാസുദേവന്‍ കുറ്റപ്പെടുത്തി.

സിവില്‍ സര്‍വീസ് മേഖലയിലുള്ളവര്‍ക്കും മന്ത്രിമാരുടെ വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി ഒരു നിയമവും സാധാരണക്കാര്‍ക്ക് വേണ്ടി മറ്റൊരു നിയമവും കേരളത്തില്‍ ഉണ്ടെന്ന കാര്യം പല കേസുകളില്‍ നിന്നും വ്യക്തമായിട്ടുള്ള കാര്യമാണ്. ഇന്ത്യയില്‍ രാഷ്ട്രപതിക്കും സാധാരണക്കാരനും ഒരു ക്രിമിനല്‍ കോഡ് ആണ് നിലവിലുള്ളത്. എന്നാല്‍ കേരളത്തില്‍ സിവില്‍ സര്‍വീസ് ലോബിക്ക് പ്രത്യേക ക്രിമിനല്‍ ചട്ടം നിലവിലുണ്ടെന്നും എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നല്‍കാന്‍ താന്‍ തയ്യാറാണെന്നും അഡ്വ. ഹരീഷ് വാസുദേവന്‍ ചര്‍ച്ചയില്‍ പറഞ്ഞു.

ശ്രീറാം വെങ്കട്ടരാമനുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും ഗുരുതരമായ രഹസ്യങ്ങള്‍ മരിച്ചുപോയ ബഷീറിന് അറിയാമായിരിക്കാമെന്നും ഇത് പുറത്തുവരാതിരിക്കാനായി നേരത്തെ പ്ലാന്‍ ചെയ്ത അപകടമാണിതെന്നുമാണ് റിട്ട. എസ്പിയുടെ സംശയങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് വിലയിരുത്തല്‍. ഏതായാലും പ്രതിക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ കേസില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന സംശയങ്ങളാണ് ജോര്‍ജ് ജോസഫ് ഉന്നയിച്ചിരിക്കുന്നത്.


Keywords: Kerala, Thiruvananthapuram, News, Murder, Accidental Death, IAS Officer, Media, Journalist, Police, Trending, KM Basheer's death: Is it murder? Allegation by Retired SP 
< !- START disable copy paste -->

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal