Follow KVARTHA on Google news Follow Us!
ad

മാധ്യമപ്രവര്‍ത്തകന്റെ മരണം: കേസിന്റെ ഗതി ഇനിയെന്താകും? ശ്രീറാമിന് ജാമ്യം ലഭിച്ചതോടെ കേസ് നിസാരവല്‍ക്കരിക്കപ്പെട്ടുമെന്ന് വിലയിരുത്തല്‍, വഫയുടെ തുറന്നുപറച്ചിലും ശ്രീറാമിന് അനുകൂലം

ഇക്കഴിഞ്ഞ ദിവസം സര്‍വെ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കട്ടരാമന്‍ അമിതവേഗതയില്‍ മദ്യപിച്ചോടിച്ച കാറിടിച്ച് തലസ്ഥാനത്തുണ്ടായ അപകടത്തില്‍ Trending, News, Thiruvananthapuram, Accident, Death, Case, KM Basheer's death: How to progress the case?
തിരുവനന്തപുരം: (www.kvartha.com 08.08.2019) ഇക്കഴിഞ്ഞ ദിവസം സര്‍വെ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കട്ടരാമന്‍ അമിതവേഗതയില്‍ മദ്യപിച്ചോടിച്ച കാറിടിച്ച് തലസ്ഥാനത്തുണ്ടായ അപകടത്തില്‍ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ മരിച്ച കേസിന്റെ ഗതി ഇനിയെന്താകുമെന്ന ചോദ്യം മാധ്യമപ്രവര്‍ത്തകരിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും സജീവ ചര്‍ച്ചാവിഷയമായി. ശ്രീറാം മദ്യപിച്ചുവെന്നതിന് യാതൊരു തെളിവും ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന്, ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തിട്ട് പോലും ശ്രീറാമിന് ഒരുദിവസം പോലും ജയിലില്‍ കിടക്കാതെ ജാമ്യം ലഭിച്ചിരിക്കുകയാണ്. പോലീസിന്റെ ഗുരുതരവീഴ്ച കൊണ്ടുമാത്രമാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന ശക്തമായ വികാരമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

ഒരു എസ്‌ഐക്കെതിരെയുള്ള നടപടിയില്‍ മാത്രമൊതുക്കി സംഭവത്തെ ലഘൂകരിക്കാന്‍ സര്‍ക്കാരും ശ്രമിക്കുകയാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. തെളിവ് നശിപ്പിക്കാന്‍ പോലീസ് ശ്രമിച്ചിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ അതിനെ തടഞ്ഞില്ലെന്നും രക്തപരിശോധന നടത്താന്‍ 10 മണിക്കൂര്‍ വൈകിപ്പിച്ചതെന്തിനെന്നും കോടതി ചോദിച്ചു. രൂക്ഷമായ ഭാഷയിലാണ് പോലീസിനെയും പ്രോസിക്യൂഷനെയും കോടതി വിമര്‍ശിച്ചത്. അതേസമയം ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് ശ്രീറാം വെങ്കട്ടരാമന് നോട്ടീസയച്ചിരിക്കുകയാണ്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന്റെ നീക്കം ബഷീറിന്റെ കുടുംബത്തിന് എത്രത്തോളം പ്രയോജനപ്പെടും എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.


ചൊവ്വാഴ്ചയാണ് ശ്രീറാമിന് കോടതി ജാമ്യം അനുവദിച്ചത്. ഉദ്യോഗസ്ഥനെതിരെ നടക്കുന്നത് മാധ്യമവിചാരണയാണെന്നും സര്‍ക്കാര്‍ പക വീട്ടുകയാണെന്നുമാണ് ശ്രീറാമിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. അപകടത്തെ വലുതാക്കിക്കാണിക്കുകയാണെന്നും താന്‍ തികച്ചും നിരപരാധിയാണെന്നും ശ്രീറാം ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. തെളിവുകളുടെ കൃത്യമായ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.



അതിനിടെ അപകടസമയത്ത് കൂടെയുണ്ടായിരുന്ന വഫ ഫിറോസിനെ കൂട്ടിച്ചേര്‍ത്ത് പല തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും കഴിഞ്ഞദിവസം എല്ലാം തുറന്നുപറഞ്ഞ് വഫ തന്നെ രംഗത്തെത്തിയതോടെ കേസില്‍ സാക്ഷിമൊഴികള്‍ പോലും അട്ടിമറിക്കപ്പെടുന്നുവെന്ന സംശയം ബലപ്പെടുകയാണ്. ചാനലിന് നല്‍കിയ വഫയുടെ അഭിമുഖം ശ്രീറാം വെങ്കട്ടരാമനെ രക്ഷിച്ചെടുക്കാനുള്ള തത്രപ്പാടാണെന്നും ആക്ഷേപമുണ്ട്. അതേസമയം കര്‍ശന ഉപാധികളോടെയാണ് ശ്രീറാമിന് ജാമ്യം ലഭിച്ചിരിക്കുന്നതെങ്കിലും ശ്രീറാം പുറത്തുനില്‍ക്കുന്നത് മറ്റു സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും വാദിഭാഗം ആശങ്കപ്പെടുന്നു.

തന്റേതെന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോ പോലും വ്യാജമാണെന്നാണ് വഫ പറയുന്നത്. താന്‍ 2013ല്‍ തന്നെ ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്തിരുന്നുവെന്നും എല്ലാവരും പറയുംപോലെ ഒരു മോഡല്‍ അല്ല താനെന്നും അവര്‍ വ്യക്തമാക്കുന്നു. ഒരു ചുരിദാറിന്റെ പരസ്യം താന്‍ ചെയ്തിട്ടുണ്ട്. ജീവിതത്തില്‍ രണ്ട് ഷോകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. അത് ഏഷ്യാനെറ്റിന് വേണ്ടി ചെയ്ത റംസാന്‍ നിലാവും കൈരളി ടിവിക്കായി ചെയ്ത ലൈലത്തുല്‍ ഖദ്ര്‍ എന്ന പരിപാടിയുമാണ്.

30 വര്‍ഷമായി ദമാമില്‍ പിതാവ് ഷോപ്പ് നടത്തുന്നുണ്ടെന്നല്ലാതെ മറ്റൊരു ബിസിനസും തനിക്കോ കുടുംബത്തിനോ ഇല്ല. ഈ കടയില്‍ നിന്നുള്ള സമ്പാദ്യം മാത്രമാണ് കയ്യിലുള്ളത്. ഭര്‍ത്താവ് മറൈന്‍ എഞ്ചിനിയറായി ജോലി ചെയ്യുകയാണ്. പ്ലസ്ടുവിന് പഠിക്കുന്ന മകളുണ്ടെന്നും വ്യാജകഥകള്‍ പ്രചരിപ്പിക്കുന്നവര്‍ അക്കാര്യമെങ്കിലും ഓര്‍ക്കണമെന്നും വഫ അപേക്ഷിക്കുന്നു.

ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ചതിനാല്‍ ആഗ്രഹിച്ച രീതിയില്‍ പഠിക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തിടെയാണ് പ്ലസ് ടു എഴുതിയെടുത്തത്. ഇപ്പോള്‍ പ്രൈവറ്റായി ബി എ ഇംഗ്ലീഷ് പഠിക്കുകയാണ്. പരീക്ഷയെഴുതാന്‍ വേണ്ടിയാണ് ഇപ്പോള്‍ നാട്ടിലെത്തിയത്. തനിക്ക് ഐഎഎസ് - ഐപിഎസ് ഉന്നത ബന്ധങ്ങളുണ്ടെന്ന പ്രചാരണവും വ്യാജമാണ്. മെറിന്‍ ജോസഫ് ഐപിഎസുമായി സൗഹൃദമുണ്ട്. ശ്രീറാമും സുഹൃത്താണ്. ഇവര്‍ രണ്ടുപേരും മാത്രമാണ് സെലിബ്രിറ്റി എന്ന് പറയാവുന്ന സൗഹൃദം. അതും അടുത്ത ബന്ധമൊന്നുമല്ല, കണ്ടാല്‍ സുഖമാണോ എന്ന് ചോദിക്കുന്നത്ര മാത്രം വലിപ്പമുള്ള സൗഹൃദം. അവരുടെ ഔദ്യോഗിക കാര്യങ്ങളൊന്നും ഷയര്‍ ചെയ്യുന്ന ബന്ധമൊന്നുമല്ല. വഫ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ഒരു വര്‍ഷം മുമ്പാണ് ശ്രീറാം വെങ്കിട്ടറാമിനെ പരിചയപ്പെട്ടതെന്നാണ് വഫ പറയുന്നത്. ഒരു ഷോ കണ്ട ശേഷം അഭിനന്ദിക്കാന്‍ വേണ്ടി ശ്രീറാമിനെ വിളിച്ചതായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കാണുകയും ചെയ്തു, അത് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് കാണുന്നതെന്നായിരുന്നു വഫ അഭിമുഖത്തില്‍ പറഞ്ഞത്.

താന്‍ വിവാഹമോചിതയാണെന്ന വാര്‍ത്തയും വഫ നിരസിച്ചു. ഭര്‍ത്താവിന്റെ വൃദ്ധരായ പിതാവും മാതാവുമാണ് എന്നെ ഇറക്കാന്‍ വേണ്ടി പോലീസ് സ്‌റ്റേഷനില്‍ വന്നതെന്നും രാവിലെ മുതല്‍ വൈകുന്നേരം വരെ അവരാണ് എനിക്ക് കൂട്ടിനുണ്ടായിരുന്നതെന്നും വഫ ഫിറോസ് വ്യക്തമാക്കുന്നു.

ശ്രീറാമിന്റെ ജാമ്യവും വഫ ഫിറോസിന്റെ വെളിപ്പെടുത്തലുകളുമെല്ലാം വിരല്‍ ചൂണ്ടുന്നത് കേസ് പൂര്‍ണമായും അട്ടിമറിക്കപ്പെട്ടുവെന്നതിലേക്കാണെന്നാണ് കേരളം വിലയിരുത്തുന്നത്.

Keywords: Trending, News, Thiruvananthapuram, Accident, Death, Case, KM Basheer's death: How to progress the case?