Follow KVARTHA on Google news Follow Us!
ad

കേസുകളില്‍ ഇഴയുന്നതിനാല്‍ കോടതിയോട് ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നു: മനുഷ്യാവകാശകമ്മിഷന്‍

കോടതിയോട് ജനങ്ങള്‍ക്കു വിശാസമാണെങ്കിലും കേസ് തീര്‍പ്പാക്കാന്‍ വൈകുന്നതിനാല്‍ വിശ്വാസം നഷ്ടമാവുകയാണെന്നു മനുഷ്യാവകാശ കമ്മിഷന്‍ അംഗം പി മോഹന്‍ദാസ്. കണ്ണൂരില്‍ നടന്നKerala, Kannur, News, Case, Human- rights, Human Rights Commission on Court
കണ്ണൂര്‍: (www.kvartha.com 19.08.2019) കോടതിയോട് ജനങ്ങള്‍ക്കു വിശാസമാണെങ്കിലും കേസ് തീര്‍പ്പാക്കാന്‍ വൈകുന്നതിനാല്‍ വിശ്വാസം നഷ്ടമാവുകയാണെന്നു മനുഷ്യാവകാശ കമ്മിഷന്‍ അംഗം പി മോഹന്‍ദാസ്. കണ്ണൂരില്‍ നടന്ന മനുഷ്യാവകാശ കമ്മിഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി എന്നത് ജീവവായു പോലെയാണ്. എന്നാല്‍ സാധാരണകാര്‍ക്കു പെട്ടെന്നു നീതി ലഭിക്കാനുള്ള സംവിധാനമുണ്ടാകണം. കോടതി തീര്‍പ്പാക്കേണ്ട പല കേസുകളും കമ്മിഷന് മുന്നിലേക്കു വരുന്നതായും അദ്ദേഹം പറഞ്ഞു.

ജില്ലകള്‍ തോറും മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണമെന്ന നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നെങ്കിലും അത് നടപ്പായിട്ടില്ല. ജനങ്ങള്‍ക്ക് സയമബന്ധിതമായി നീതി ലഭ്യമാക്കാനായി ആവശ്യമായ കോടതികള്‍ ജില്ലകളില്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പടമ്പ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി ലഭിച്ച വീടിന് അവസാന ഗഡു ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ലോട്ടറി തൊഴിലാളികളായ വൃദ്ധ ദമ്പതികള്‍ നല്‍കിയ പരാതിയില്‍ അടിയന്തര പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.

അന്ധനായ വിജയനും ഭാര്യ ശശികല വിജയനുമാണ് പരാതിക്കാര്‍. ലൈഫ് മിഷനില്‍ അനുവദിച്ച വീട് നിര്‍മിക്കുന്നതിനു പഞ്ചായത്ത് ഏര്‍പ്പാടാക്കി നല്‍കിയ കോണ്‍ട്രാക്ടര്‍ തന്റെ അന്ധത മുതലെടുത്തു വഞ്ചിച്ചുവെന്നും വീടു താമസയോഗ്യമായ രീതിയില്‍ നിര്‍മിച്ചില്ലെന്നുമാണു പരാതി. ഇതു പഞ്ചായത്ത് അവസാന ഗഡു നിഷേധിക്കുന്നതിന് കാരണമായിരുന്നു. വളപട്ടണംപുഴയുടെ പാലത്തിനു സമീപത്തായി വ്യാപകമായി മണല്‍ വാരുന്നതിനെതിരെ നല്‍കിയ പരാതിയിന്മേല്‍ അന്വേഷിച്ചു നടപടിയെടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു നിര്‍ദേശം നല്‍കി. ലൈസന്‍സ് ലഭിച്ചവരാണു മണല്‍ വാരുന്നതെങ്കിലും പാലത്തിന്റെ സമീപത്തായി മണലെടുക്കുന്നത് അപകടത്തിനു കാരണമായേക്കാമെന്നും ഇത് അനധികൃതമാണെന്നും പി മോഹന്‍ദാസ് പറഞ്ഞു.

പൊളിച്ചു നീക്കാനായി  കൊണ്ടു പോകുകയായിരുന്ന ചെറുകപ്പല്‍ കടലില്‍ നിന്നു മാറ്റാത്തതിനെ കുറിച്ചു അഴീക്കലിലെ സീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കേരളയുടെ (സില്‍ക്ക്) അധികൃതരോടും വകുപ്പ് സെക്രട്ടറിയോടും കമ്മിഷന്‍ വിശദീകരണം തേടി. കപ്പല്‍ കാരണം മത്സ്യതൊഴിലാളികള്‍ക്കു വ്യാപകമായി ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആകെ 57 പരാതികളാണ് മനുഷ്യാവകാശ കമ്മിഷന്‍ പരിഗണിച്ചത്. 16 കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതായി മാറ്റി. 26 കേസുകളില്‍ റിപ്പോര്‍ട്ട് തേടി. 15 കേസുകളില്‍ കമ്മിഷന്‍ നടപടികള്‍ അവസാനിപ്പിച്ചു.



Keywords: Kerala, Kannur, News, Case, Human- rights, Human Rights Commission on Court