Follow KVARTHA on Google news Follow Us!
ad

കനത്തമഴ: കവളപ്പാറയില്‍ തിരച്ചില്‍ നിര്‍ത്തിവച്ചു; 1 മൃതദേഹം കൂടി കണ്ടെത്തി

കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ മലപ്പുറംMalappuram, News, Kozhikode, Pathanamthitta, Kerala,
മലപ്പുറം: (www.kvartha.com 14.08.2019) കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ തിരച്ചില്‍ നിര്‍ത്തിവച്ചു. മണ്ണിടിച്ചില്‍ സാധ്യത മുന്‍നിര്‍ത്തിയാണു തിരച്ചില്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. അതിനിടെ ബുധനാഴ്ച രാവിലെ നടത്തിയ തെരച്ചിലില്‍ കവളപ്പാറയില്‍നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. നിലവില്‍ കവളപ്പാറയില്‍നിന്ന് 26 മൃതദേഹങ്ങളാണു കണ്ടെത്തിയത്. ഇനി 33 പേരെ കൂടി കണ്ടെത്താനുണ്ട്.

അതേസമയം സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വീണ്ടും മഴ തുടങ്ങി. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്. പത്തനംതിട്ട റാന്നിയില്‍ ഒരു രാത്രികൊണ്ട് പമ്പയാറും കൈവഴിയായ വലിയ തോടും നിറഞ്ഞുകവിഞ്ഞു. കഴിഞ്ഞ തവണത്തെ പ്രളയത്തില്‍ പോലും വലിയ തോട് കരകവിഞ്ഞിരുന്നില്ല.

Heavy rain wreak havoc in Kerala, Malappuram, News, Kozhikode, Pathanamthitta, Kerala

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ തുടങ്ങിയ മഴയിലാണ് ജലനിരപ്പ് ഉയര്‍ന്നത്. പമ്പയാറിലും തോടുകളിലും കഴിഞ്ഞദിവസം കാല്‍ ഭാഗം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളു. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്കു വെള്ളം കയറിത്തുടങ്ങി. റാന്നിയില്‍ ഇപ്പോഴും മഴ തുടരുകയാണ്.

കഴിഞ്ഞ വര്‍ഷം ഈ സമയം തോടുകളിലും പുഴയിലും ഇതേ ജലനിരപ്പായിരുന്നു. കഴിഞ്ഞവര്‍ഷം ആഗസ്ത് 14നു രാത്രി 11 മണിയോടെയാണ് റാന്നി ടൗണ്‍ മുങ്ങിയത്. കക്കി ഡാമില്‍ ജലനിരപ്പ് 961.34 മീറ്ററായി. 981.46 മീറ്ററാണ് സംഭരണ ശേഷി. പമ്പാ ഡാമില്‍ സംഭരണ ശേഷിയുടെ 50.56% വെള്ളമുണ്ട്. മൂഴിയാറില്‍ 46.36% വെള്ളമുണ്ട്.

അതേസമയം, പാലയില്‍ മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട പാല റോഡില്‍ വെള്ളം കയറി. മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്. അതിനിടെ മലപ്പുറത്തും കോഴിക്കോടുമായി രണ്ടു ജില്ലകളില്‍ ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇടുക്കിയില്‍ രാത്രി ശക്തമായ മഴ തുടര്‍ന്നതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇടുക്കി അണക്കെട്ടില്‍ പൂര്‍ണ സംഭരണ ശേഷിയുടെ നാല്‍പത് ശതമാനം വെള്ളമാണുള്ളത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 130 അടി പിന്നിട്ടു. 142 അടിയാണ് അണക്കെട്ടിന്റെ പൂര്‍ണ സംഭരണ ശേഷി. ജില്ലയിലെ പ്രധാനപ്പെട്ട ചെറിയ ഡാമുകള്‍ തുറന്നിട്ടുണ്ട്. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും ന്യൂനമര്‍ദം നേരിയതോതില്‍ ശക്തി പ്രാപിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Heavy rain wreak havoc in Kerala, Malappuram, News, Kozhikode, Pathanamthitta, Kerala.