Follow KVARTHA on Google news Follow Us!
ad

ഇതാ, നന്മയുടെ ഭൂപടത്തിന്റെ പേര്

കരുണയുടെ ഭൂപടമെന്ന് കേരളത്തെ വിളിക്കുകയാണ് ലോകം. മഹാപ്രളയം ദുരിതത്തിലാക്കിയ Article, Flood, Natural Calamity, Students, Gift, Salary,
ഏഴിലംപാതകള്‍-1 /സതീഷ് ഗോപി

(www.kvartha.com 20/08/2019) കരുണയുടെ ഭൂപടമെന്ന് കേരളത്തെ വിളിക്കുകയാണ് ലോകം. മഹാപ്രളയം ദുരിതത്തിലാക്കിയ സഹജീവികള്‍ക്കായി ഇവിടെ വിരിയുന്നത് നന്മയുടെ പുലരികള്‍. സൈക്കിളും പുതുവസ്ത്രവും വാങ്ങാന്‍ സ്വരൂക്കൂട്ടിയ കുരുന്നുകളുടെ മണ്‍കുടുക്കകള്‍. പിറന്നാള്‍ സമ്മാനങ്ങള്‍, അവാര്‍ഡുതുകകള്‍ എന്നിവയെല്ലാം സമാശ്വാസനിധിയിലേക്ക് പ്രവഹിക്കുന്നു. പെന്‍ഷന്‍ തുക നല്‍കി റിട്ട. ജീവനക്കാര്‍, ശമ്പളത്തിന്റെ ഒരു പങ്ക് നല്‍കി ജീവനക്കാര്‍, സമ്പാദ്യങ്ങളും വരുമാനവും പകുത്ത് സാധാരണക്കാര്‍, അപകടമുനമ്പില്‍ മുന്നും പിന്നും നോക്കാതെ യുവാക്കളും വിദ്യാര്‍ഥികളും.


രക്ഷാവഞ്ചി തുഴഞ്ഞ് കേരളത്തിന്റെ സൈന്യമായ മത്സ്യത്തൊഴിലാളികള്‍. ഈ ഒരുമ ലോകത്തോട് വിളിച്ചുപറയുന്നത് കേരളം തോറ്റ ജനതയല്ല എന്നുതന്നെയാണ്. ഇവിടെ ഇത്തവണ ബലിപെരുന്നാളിന് ആര്‍ഭാടങ്ങളുണ്ടായിരുന്നില്ല. കഴിഞ്ഞ തവണത്തപ്പൊലെ ഓണക്കാലവും പൂവിളിയും പൂക്കളവുമില്ലാതെ കടന്നുപോകും. ഉറക്കത്തില്‍ മണ്ണിനടിയിലായിപ്പോയ, പെരുവെള്ളം കൊണ്ടുപോയ പ്രിയപ്പെട്ടവരെ ഓര്‍മിച്ച് വിതുമ്പുന്നവര്‍ക്കൊപ്പമാണ് ഈ നാടിന്റെ ഹൃദയം. അരിയും തുണിയും മരുന്നും അവശ്യസാധനങ്ങളും സ്വരൂപിച്ച് നാട്ടിടവഴികളിലൂടെ സഞ്ചരിക്കുന്നവരുടെ കാല്‍പ്പെരുമാറ്റം കേള്‍ക്കുന്നില്ലേ. ആ മുഖങ്ങളിലെ പരോപകാരപ്രവര്‍ത്തിയുടെ പ്രകാശം നമ്മുടെ ഉള്ളുണര്‍ത്തുന്നില്ലേ. ആരാധനാലയങ്ങളില്‍ മറ്റ് മതസ്ഥര്‍ക്കായി തുറന്നിട്ടവരുടെ മനുഷ്യസ്നേഹത്തിന്റെ പെരുമയാണ് മാതൃക.


ഒരു മുസ്ലീം പള്ളി പോസ്റ്റുമോര്‍ട്ടത്തിന് തുറന്നുകൊടുത്തതും ഓര്‍മിക്കണം. ഇവിടെ മതങ്ങളോ മറ്റ് തടസങ്ങളോ മുമ്പിലുണ്ടായിരുന്നില്ല. മനുഷ്യസ്നേഹമാണ് പ്രളയത്തിനെതിരെ മതിലുപോലെ ഉയര്‍ന്നത്. ഇതിനിടെയിലും സദ്പ്രവര്‍ത്തികളുടെ നന്മ കെടുത്തുന്ന ചില മുതലെടുപ്പുകാരുടെ ഓരിയിടലും നാം കേള്‍ക്കാതിരിക്കുന്നില്ല. അവരെയാണ് കൂടുതല്‍ കരുതേണ്ടത്.

കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്ഥമാക്കിയതില്‍ പശ്ചിമഘട്ട മലനിരകളുടെ സ്ഥാനം എന്തായിരുന്നുവെന്ന് നാം പുനരാലോചിക്കുകയാണ്. വയല്‍നികത്തിയും കുന്നിടിച്ചുമുള്ള നിര്‍മിതികളുടെ പേരിലാണ് കേരളം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ജനസംഖ്യ, ജീവിതനിലവാരം എന്നിവ നമ്മുടെ മനോഭാവത്തില്‍ മാറ്റമുണ്ടാക്കിയെന്നത് വസ്തുതയാണ്. എങ്കിലും വരും തലമുറയ്ക്കായി നാം ജാഗ്രത പാലിച്ചേ തീരു.

അസഹ്യയായ പ്രകൃതിയുടെ ആസന്ന മുന്നറിയിപ്പുകളാണ് ഇത്. പ്രളയമായും പേമാരിയായും ഉരുള്‍പൊട്ടലായും മുറിവേറ്റ പ്രകൃതി നിലവിളിക്കുകയാണ്. അത് നാം ചെവിക്കൊള്ളേണ്ടതുണ്ട്. മണ്ണുമാന്തിയന്ത്രങ്ങള്‍ തുരന്നെടുത്ത കുന്നുകളില്‍നിന്ന് ഇനി ഭൂകമ്പത്തിന്റെ മുഴക്കവും നാം ചെവിയോര്‍ക്കേണ്ടതുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Flood, Natural Calamity, Students, Gift, Salary,Article on satheesh gopi