Follow KVARTHA on Google news Follow Us!
ad

ടീം സെലക്ഷനില്‍ കോഹ്ലിയും രവി ശാസ്ത്രിയും ഏകപക്ഷീയ തീരുമാനം എടുക്കുന്നു; വിജയ് ശങ്കറും രാഹുലും ചഹലും ടീമിലിടം പിടിക്കുന്നത് ക്യാപ്റ്റന്റെ ഇഷ്ടക്കാരായി; കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും നേതൃത്വത്തില്‍ 2 ഗ്രൂപ്പുകളുമായി ടീം ഇന്ത്യ; ടീം അംഗം വഴി വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോരുന്നു

ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ പടലപ്പിണക്കങ്ങള്‍ ഉടലെടുക്കുന്നു. ഏകപക്ഷീയ തീരുമാനങ്ങളുമായി Mumbai, News, Sports, Virat Kohli, Rohit Sharma, Media, Indian Team, Cricket, Virat Kohli vs Rohit Sharma: Team India divided after World Cup exit .
മുംബൈ: (www.kvartha.com 14.07.2019) ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ പടലപ്പിണക്കങ്ങള്‍ ഉടലെടുക്കുന്നു. ഏകപക്ഷീയ തീരുമാനങ്ങളുമായി നായകന്‍ കോഹ്ലിയും പരിശീലകന്‍ രവി ശാസ്ത്രിയും മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ നീരസവുമായി ചില താരങ്ങള്‍ രംഗത്തെത്തിയത്. നായകന്‍ കോഹ്ലി ഒരു പക്ഷത്തും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മറുപക്ഷത്തുമായി ടീമില്‍ രണ്ടു ഗ്രൂപ്പുകള്‍ രൂപപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

കോഹ്ലിക്കും രവി ശാസ്ത്രിക്കും ഇഷ്ടപ്പെട്ടവരാണ് ടീമിലിടം പിടിക്കുന്നതെന്നാണ് പ്രധാന ആരോപണം. പേരുവെളിപ്പെടുത്താത്ത ടീമിലെ തന്നെ ഒരു താരത്തെ ഉദ്ധരിച്ച് ഒരു ഹിന്ദി ദിനപത്രമാണ് ഭിന്നതയുടെ വാര്‍ത്ത പുറത്തുവിട്ടത്. പരിശീലകന്‍ രവി ശാസ്ത്രിയുമായി ചേര്‍ന്നു ക്യാപ്റ്റന്‍ കോലി നടത്തുന്ന ഏകപക്ഷീയ നീക്കങ്ങളോടു ടീമംഗങ്ങളില്‍ ചിലര്‍ക്കു നീരസമുണ്ടായതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.


അമ്പാട്ടി റായുഡുവിനെ ടീമില്‍ എടുക്കാത്തതും ഒരു കാര്യവുമില്ലാത്ത വിജയ് ശങ്കര്‍ ടീമില്‍ ഇടം പിടിച്ചതും തര്‍ക്കത്തിന് കാരണമായിട്ടുണ്ടെന്നാണ് പറയുന്നത്. കോഹ്‌ലിയുടെ ഇഷ്ടം പിടിച്ചുവാങ്ങാന്‍ സാധിക്കാത്തതാണ് റായുഡുവിന് ലോകകപ്പില്‍ ഇടം ലഭിക്കാത്തതെന്നാണ് ഒരു വിഭാഗം പറയുന്നത്. കോഹ്ലിയുടെ ഗുഡ് ബുക്കില്‍ നിന്ന് പുറത്തായിയെന്ന് ഉറപ്പായതോടെയാണ് റായുഡു വിരമിച്ചതെന്നും സൂചനയുണ്ട്. ക്യാപ്റ്റനും പരിശീലകനും ചേര്‍ന്ന് ഏകപക്ഷീയമായി തങ്ങളുടെ ഇഷ്ടക്കാരെ വെച്ച് ടീം ഇലവനെ തെരഞ്ഞെടുക്കുന്നതിനെ താരങ്ങളില്‍ ചിലര്‍ എതിര്‍ത്തെങ്കിലും അതൊന്നും കാര്യമാക്കാതെ ഇരുവരും തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു.

ഇതില്‍ പല തീരുമാനങ്ങളും പിന്നീട് പിഴച്ചു. വിജയ് ശങ്കര്‍ സ്ഥിരമായി കളത്തിലിറങ്ങിയെങ്കിലും ഫോം കണ്ടെത്താനാവാതെ പരുങ്ങിയിരുന്നെങ്കിലും പുറത്താക്കിയിരുന്നില്ല. പിന്നീട് പരിക്കിന്റെ പേരിലാണ് ശങ്കറിനെ പുറത്താക്കിയത്. തങ്ങളുടെ തീരുമാനം പാളിപ്പോയി എന്ന് വരാതിരിക്കാനാണ് ഇതെന്നാണ് പറയുന്നത്. എന്നാല്‍ ടീം വിജയം തുടര്‍ന്നതോടെ എതിര്‍ശബ്ദമുയര്‍ത്തിയവരെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നു. എതിര്‍ പക്ഷത്തുള്ള മിന്നുന്ന ഫോം തുടര്‍ന്ന വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസ് ബോളിങ്ങിലെ കുന്തമുന ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവരെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ഒരിക്കലും കോഹ്ലിക്കും പരിശീലകനും സാധിച്ചിരുന്നില്ല. എന്നാല്‍ രോഹിത് പക്ഷത്തോട് കൂറുപുലര്‍ത്തുന്ന മറ്റു താരങ്ങളെ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ഒറ്റപ്പെടുത്തുന്നുവെന്ന് ആരോപണമുണ്ട്.

സ്ഥിരത പുലര്‍ത്തുന്ന കാര്യത്തില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ലോകേഷ് രാഹുലും കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം ചഹലും ഇപ്പോഴും ടീമില്‍ തുടരുന്നത് ക്യാപ്റ്റന്റെ പിന്തുണ കൊണ്ടുമാത്രമാണെന്നും ഇന്ത്യന്‍ ടീമിലെ പേരു വെളിപ്പെടുത്താത്ത അംഗത്തെ ഉദ്ധരിച്ച് പത്രം വ്യക്തമാക്കുന്നു. സെമി ഫൈനലില്‍ ഉള്‍പ്പെടെ രണ്ട് കൈക്കുഴ സ്പിന്നര്‍മാരെ കളിപ്പിക്കേണ്ട എന്ന തീരുമാനമുണ്ടായിരുന്നു. ആ സാഹചര്യത്തില്‍ കുല്‍ദീപ് യാദവിനേക്കാള്‍ പ്രാധാന്യം യുസ്‌വേന്ദ്ര ചഹലിന് ലഭിച്ചതും കോഹ്ലിയുടെ ഗുഡ് ബുക്കില്‍ ഇടം പിടിച്ചതിനാലാണെന്നാണ് പറയുന്നത്.

മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി, ബോളിങ് പരിശീലകന്‍ ഭരത് അരുണ്‍ എന്നിവര്‍ പുറത്തു പോയാലേ ടീം ശരിയാവുകയുള്ളൂവെന്ന അഭിപ്രായമുള്ള ഒട്ടേറെ താരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സുപ്രീം കോടതി നിയോഗിച്ച ബിസിസിഐ ഭരണസമിതിയുടെ തലവന്‍ വിനോദ് റായിയുടെ ഉറച്ച പിന്തുണ കോലിക്കും രവി ശാസ്ത്രിക്കുമുള്ളതിനാല്‍, ഇരുവരെയും ചോദ്യം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണുള്ളതെന്നും പത്രം വ്യക്തമാക്കുന്നു. പടലപ്പിണക്കങ്ങളും അസ്വാരസ്യങ്ങളും ഉടലെടുത്തു തുടങ്ങിയെങ്കിലും ഇതുവരെ ടീമിന്റെ കെട്ടുറപ്പിനെ അത് ബാധിച്ചിട്ടില്ലെന്നും താരത്തെ ഉദ്ധരിച്ച് റിപോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്. ഏതായാലും വരും ദിവസങ്ങളില്‍ ടീമിനുള്ളിലെ സംഭവബഹുലമായ വാര്‍ത്തകള്‍ പുറത്തുവരുമെന്ന് തന്നെയാണ് താരം നല്‍കുന്ന സൂചന.

Keywords: Mumbai, News, Sports, Virat Kohli, Rohit Sharma, Media, Indian Team, Cricket, Virat Kohli vs Rohit Sharma: Team India divided after World Cup exit .