Follow KVARTHA on Google news Follow Us!
ad

ക്യാന്‍സര്‍ വരാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം..?

ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധചെലുത്തുന്നവരാണ് നമ്മള്‍ മലയാളികള്‍. ഇതിനു വേണ്ടി ഏറ്റവും കൂടുതല്‍ പണം Article, Health, Cancer, World, hospital, diseased, How to prevent Cancer, Vijin Gopal Bepu, Article about Cancer precautions
വിജിന്‍ ഗോപാല്‍ ബേപ്പ്

(www.kvartha.com 15.07.2019) ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധചെലുത്തുന്നവരാണ് നമ്മള്‍ മലയാളികള്‍. ഇതിനു വേണ്ടി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നവരും നമ്മള്‍ തന്നെ. മാധ്യമങ്ങളിലൂടെ നാം നിരന്തരം കേള്‍ക്കുന്ന ചര്‍ച്ചയാണ് ക്യാന്‍സറിനെ കുറിച്ചുള്ളത്. ക്യാന്‍സറെന്ന മഹാമാരിയും പുതിയകാലത്തെ ജീവിത ശൈലിയും തമ്മില്‍ എന്താണ് ബന്ധം? ആരോഗ്യകരമായ ഒരു ജീവിതരീതി സ്വീകരിക്കുകയാണെങ്കില്‍ ക്യാന്‍സര്‍ വരാതെ നോക്കാന്‍ സാധിക്കുമോ?

കേരളത്തില്‍ കാണുന്ന ക്യാന്‍സറുകളില്‍ പകുതിയിലധികവും ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റത്തിലൂടെയും ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തുന്നതിലൂടെയും തടയാനാകും എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ക്യാന്‍സറിനെ ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളുള്ളതില്‍ ഏറ്റവും പ്രധാനപ്പെട്ടതും ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ക്യാന്‍സറിനെ അകറ്റിനിര്‍ത്തുക എന്നതാണ്.


കോശങ്ങളുടെ അനിയന്ത്രിതവും അമിതവുമായ വളര്‍ച്ചയാണ് ക്യാന്‍സര്‍ അല്ലെങ്കില്‍ അര്‍ബുദം എന്നറിയപ്പെടുന്നത്. ഏതുതരം കോശത്തിലാണോ അനിയന്ത്രിതമായ വളര്‍ച്ച എന്നതിനെ ആശ്രയിച്ചാണ് ക്യാന്‍സര്‍റിന്റെ പേരിലെ വ്യത്യാസം. രോഗം ആരംഭിക്കുന്ന അവയവത്തില്‍ നിന്നും വളര്‍ന്ന് സമീപത്തുള്ള ഭാഗങ്ങളിലേക്കും വളരെ പെട്ടന്ന് പടര്‍ന്ന് പിടിക്കുന്നു. ആ അവയവത്തെ പ്രവര്‍ത്തനരഹിതമാക്കുന്നതിനെ പ്രൈമറി സൈക്ക് എന്നു പറയുന്നു.

രക്തത്തിലൂടെയും ലിംഫാറ്റിലൂടെയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പടരുകയും ചെയ്യുന്നതിനെ സെക്കന്‍ഡ്‌സ് എന്നു പറയുന്നു. അവിടെയും കോശങ്ങളുടെ അമിതവും അനിയന്ത്രിതവുമായ വളര്‍ച്ചയിലൂടെ ആ ഭാഗത്തെ പ്രവര്‍ത്തനരഹിതമാക്കുന്നു. അതുകൊണ്ട് തന്നെ ക്യാന്‍സര്‍ ആരംഭത്തില്‍ത്തന്നെ കണ്ടെത്തി ചികിത്സിക്കണം. നേരത്തെ കണ്ടുപിടിച്ചാല്‍ ക്യാന്‍സറുകള്‍ തടയാനാകും. അല്ലാത്ത പക്ഷം മരണം സുനിശ്ചിതമാണ്. പലയിടങ്ങളിലായി വായിച്ചതും കേട്ടതുമായ അറിവുകളും ഡോക്ടര്‍മാരുടെ അഭിപ്രായങ്ങളുമാണ് ഇവിടെ കുറിക്കുന്നത്.

*ക്യാന്‍സര്‍ തൊഴില്‍ ഇടങ്ങളിലൂടെ

ചില മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രത്യേക ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും അര്‍ബുദം പിടിപെടാറുണ്ട്. എക്‌സ്-റേ/റേഡിയേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് അര്‍ബുദം ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള ജോലികളില്‍ ഏര്‍പ്പെട്ട് വര്‍ഷങ്ങള്‍ക്കുശേഷം ക്യാന്‍സര്‍ പിടിപ്പെട്ടവരും ഉണ്ട്. ഖനികളിലും പാറമടകളിലും ജോലി ചെയ്യുന്നവരില്‍ ശ്വാസസ്തരാര്‍ബുദവും ശ്വാസകോശാര്‍ബുദവും കൂടുതലായി കാണപ്പെടുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. 

അനിലിന്‍ ചായങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു മൂത്രാശയസംബന്ധിയായ അര്‍ബുദം ബാധിക്കാറുണ്ട്. കോള്‍ടാറില്‍ ജോലിചെയ്യുന്നവര്‍ക്കുണ്ടാകുന്ന ചര്‍മാര്‍ബുദങ്ങളും വാച്ചുകളില്‍ റേഡിയം തേയ്ക്കുന്നവര്‍ക്കുണ്ടാകുന്ന കീഴ്ത്താടിയെല്ലിന്റെ അര്‍ബുദവും മറ്റുദാഹരണങ്ങളാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സുരക്ഷയ്ക്കുള്ള വസ്ത്രങ്ങളോ പ്രതിരോധ മാര്‍ഗങ്ങളോ സ്വീകരിക്കുക എന്നത് മാത്രമാണ് ഒരു പോംവഴി.

*പ്രീ ക്യാന്‍സര്‍ രോഗങ്ങള്‍

ശരീരത്തിലെ ചില അസ്വാസ്ഥ്യങ്ങള്‍ അര്‍ബുദത്തിന്റെ കാരണമായി തീരാറുണ്ട്. ചില സാഹചര്യത്തില്‍ ഇവ അര്‍ബുദമായി മാറണമെന്നില്ല. പ്രീ കാന്‍സര്‍ രോഗങ്ങള്‍ എന്നാണ് ഇത്തരം അവസ്ഥകളെ വിളിക്കാറുള്ളത്. കവിളിലും നാവിലും കാണാറുള്ള വെളുത്ത നിറത്തിലുള്ള തടിപ്പും കല്ലിപ്പും വായിലെ അര്‍ബുദത്തിന്റെ ഒരു മുന്നോടിയാണ്. ഇത്തരത്തില്‍ കുടലില്‍ കാണുന്ന അവസ്ഥയും കാലക്രമേണ അര്‍ബുദമാകാറുണ്ട്. ത്വക്കിലെ കാലപ്പഴക്കമേറിയ പൊള്ളലുകളില്‍ നിന്ന് ചര്‍മ്മാര്‍ബുദം ഉണ്ടാകാറുണ്ട്. ഇവയെ കണ്ടെത്തി തുടക്കത്തിലെ ചികിത്സയാരംഭിക്കുന്ന പക്ഷം ഇത് പൂര്‍ണമായും സുഖപ്പെടുത്താനാകും.

*പുകയിലയും മദ്യപാനവും ക്യാന്‍സറിന്റെ ഉറ്റ തോഴര്‍

ശ്വാസകോശാര്‍ബുദം, കഴുത്തിലെയും തൊണ്ടയിലെയും ക്യാന്‍സര്‍, ഗര്‍ഭാശയ ക്യാന്‍സര്‍ ഉദരഭാഗങ്ങളിലെ അര്‍ബുദം എന്നിവയുടെ പ്രധാന കാരണം പുകയിലയും മദ്യപാനവുമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ പുരുഷന്‍മാരിലെ ക്യാന്‍സറിന്റെ 50 ശതമാനവും പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്തില്‍ നിന്നും ഉണ്ടാകുന്നതാണ്. പുകവലിക്കുന്നതോടൊപ്പം മദ്യപാനവും കൂടി ഉണ്ടെങ്കില്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിക്കുന്നു. ആമാശയം, അന്നനാളം എന്നിവയിലുണ്ടാകുന്ന ക്യാന്‍സറുകള്‍ക്ക് പുകയില്ലാത്ത പുകയില ഉപയാഗം/ പാന്‍പരാഗ്, മുറുക്ക് പോലുള്ള പുകയില ഉത്പന്നങ്ങളുടെ ഉപയോഗമാണ് പ്രധാന കാരണം. ഇവ മനുഷ്യര്‍ക്ക് ഭീകരാവസ്ഥയാണ് സമ്മാനിക്കുന്നത്.

ഇത്തരം അര്‍ബുധങ്ങളില്‍ ഏറ്റവും അപകടകാരി ശ്വാസകോശാര്‍ബുദമാണ്. ചികിത്സയില്‍ വിജയസാധ്യത കുറവാണ്. ശ്വാസകോശാര്‍ബുദങ്ങളില്‍ 90 ശതമാനത്തിനും കാരണം പുകവലിയാണ് എന്ന് പറയാം. അതുകൊണ്ടുതന്നെ പുകവലി ഉപേക്ഷിച്ചാല്‍ ഈ ക്യാന്‍സറിനെ അകറ്റിനിര്‍ത്താം. എന്നാല്‍ 10 ശതമാനം ക്യാന്‍സറുകള്‍ക്കും കാരണം മറ്റുള്ളവരുടെ പുകവലിയാണ്.

*കൊഴുപ്പും കലോറിയും കൂടിയ ഭക്ഷണം ക്യാന്‍സറിന് കാരണമാകുമ്പോള്‍

കൊഴുപ്പും കലോറിയും കൂടിയ ഭക്ഷണം കൂടുതലായി കഴിക്കുന്നതും ക്യാന്‍സറിന് കാരണമാകാറുണ്ട്. കൊഴുപ്പുകൂടിയ ഭക്ഷണം കൂടുതലായി കഴിക്കുകയും നാരുള്ള ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്നത് കുടലിലെ ക്യാന്‍സറിനെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. പ്രത്യേകിച്ച് വന്‍കുടലിലെ ക്യാന്‍സറിനുള്ള കാരണമായി പറയുന്നു. പഴങ്ങളും പച്ചക്കറികളും കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരുപരിധിവരെ ഇതിനെ ചെറുക്കാം. ചീര, വെണ്ടക്ക, മുരിങ്ങ, കിഴങ്ങ്, ഇല ഭക്ഷണങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, പഴങ്ങള്‍ എന്നിവ കൂടുതല്‍ കഴിക്കുക. നാരുള്ള പച്ചക്കറികള്‍ കഴിക്കുന്നതും പ്രതിരോധ മാര്‍ഗമാണ്.

വിഷമയമല്ലാത്ത കീടനാശിനികളോ കാര്‍സിജനുകളോ കലരാത്ത പച്ചക്കറികളാണ് കഴിക്കേണ്ടത്. കീടനാശിനികള്‍ ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രതിരോധപ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കുകയും ക്യാന്‍സറിനു കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വിഷമില്ലാത്ത പച്ചക്കറി വീടുകളില്‍ത്തന്നെ ഉല്‍പ്പാദിപ്പിക്കുന്നതും ശീലമാക്കണം. ഇത് ജീവിതചര്യയുമായി ചേര്‍ത്തുവയ്‌ക്കേണ്ടതാണ്.

*മലിനീകരണം തടയണം, ആരോഗ്യകരമായ ജീവിതത്തിന് മാലിന്യ മുക്തമായ ഭൂമി

മലിനീകരണം എങ്ങനെയാണ് ക്യാന്‍സറിന് കാരണമാകുന്നത്. ഇവയിലെ കാര്‍സിനോജനുകളാണ് പ്രധാന കാരണം. ക്യാന്‍സറിന് കാരണമാകുന്ന വസ്തുക്കളെയോ ഘടകങ്ങളെയോ ആണ് കാര്‍സിനോജനുകള്‍ എന്ന് പറയുന്നത്. അതുകൊണ്ട് വായു, ജല മലിനീകരണവും വിവിധ ക്യാന്‍സറുകള്‍ക്ക് കാരണമാണ്. വാഹനങ്ങളില്‍നിന്നുള്ള പുക, പ്‌ളാസ്റ്റിക് കത്തിക്കുമ്പോഴുള്ള പുക, വ്യവസായമാലിന്യങ്ങളായ പുക എന്നിവയും വായുവിനെ മലിനമാക്കുന്നു. ഈ സാഹചര്യങ്ങളിലൊക്കെ കാര്‍സിനോജനുകള്‍ അന്തരീക്ഷത്തില്‍ കലരുന്നതും വെള്ളത്തില്‍ കാഡ്മിയംപോലുള്ള ലോഹങ്ങള്‍ കലരുന്നതും ക്യാന്‍സറിനു കാരണമാകുന്നു. മലിനീകരണം തടയുക എന്നത് മാത്രമാണ് ഇത്തരം ക്യാന്‍സര്‍ തടയാനുള്ള വഴി.

*സ്ത്രീകളിലെ ക്യാന്‍സറുകള്‍ ഗൗരവകരമായ വിഷയം

സ്ത്രീകളില്‍ അധികവും കണ്ടുവരുന്ന ക്യാന്‍സറുകളാണ് സ്തനാര്‍ബുദം, ഗര്‍ഭാശയഗള ക്യാന്‍സര്‍ എന്നിവ. പൊണ്ണത്തടിയും അതിന്റെ ഭാഗമായ ശരീരത്തിലെ കൊഴുപ്പുംമൂലം ഉണ്ടാകുന്ന ക്യാന്‍സറുകളാണ് സ്തനാര്‍ബുദവും ഗര്‍ഭാശയഗള ക്യാന്‍സറും. സ്ത്രീകളില്‍ നേരിട്ടുള്ള പുകവലി കുറവാണെങ്കിലും പുകവലിക്കുന്നവരുമായുള്ള സാമീപ്യവും സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനു കാരണമാകുന്നു എന്നാണ് കണ്ടെത്തല്‍. 

പ്‌ളാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന പുക ശ്വസിക്കുന്നതും സ്ത്രീകളിലെ ക്യാന്‍സറിനു കാരണമാണ്. ആദ്യ പ്രസവം 30 വയസ്സിനു മുമ്പാകാത്തതും കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടല്‍ നടത്താത്തതും മാസമുറ മാറ്റിവയ്ക്കാന്‍ ഹോര്‍മോണ്‍ ഗുളിക കഴിക്കുന്നതും സ്തനാര്‍ബുദത്തിനു കാരണമാകാറുണ്ട്. ഗര്‍ഭാശയഗള ക്യാന്‍സറിനാണെങ്കില്‍ പ്രായപൂര്‍ത്തിയാകുംമുമ്പുള്ള ലൈംഗികബന്ധവും ലൈംഗിക ശുചിത്വമില്ലായ്മയും കാരണമാകാറുണ്ട്. സ്ത്രീകളിലെ

*പ്രതിരോധത്തിനായി പച്ചക്കറികളും പഴങ്ങളും നാരുള്ള ഭക്ഷണവും ശീലമാക്കുക

ഭക്ഷണ ക്രമത്തിലെ ശ്രദ്ധ ഒരു പരിധിവരെ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നുണ്ട്. കുറെ ഭക്ഷണം കഴിക്കുക എന്നതല്ല,മറിച്ച് ആരോഗ്യം പ്രതിനിധാനം ചെയ്യുന്ന കുറച്ച് ഭക്ഷണം കഴിക്കുക എന്നതാണ് ശീലമാക്കേണ്ടത്. നാരുള്ള ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് പല ക്യാന്‍സറുകളുടെയും കാരണം. കൊഴുപ്പും കലോറിയും കൂടിയ ആഹാരവും ജങ്ക്ഫുഡും മൈദയും കൃത്രിമനിറങ്ങളും ചേര്‍ത്ത പലഹാരങ്ങളും ഫാസ്റ്റ് ഫുഡും, പൊണ്ണത്തടിക്കും കൊഴുപ്പിനും കാരണമാകുന്നു. ക്യാന്‍സര്‍ പ്രതിരോധത്തിനായി പച്ചക്കറികളും പഴങ്ങളും നാരുള്ള ഭക്ഷണവും ശീലമാക്കുക എന്നതാണ് ഭക്ഷണ ക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യം.

*മുന്‍വിധികള്‍ വേണ്ട, പ്രാരംഭദശയില്‍ കണ്ടെത്തിയാല്‍ ഭീഷണിയേയല്ല

മുന്‍വിധികള്‍ വേണ്ട, പ്രാരംഭദശയില്‍ കണ്ടെത്തിയാല്‍ ക്യാന്‍സര്‍ ഒരു ഭീഷണിയേയല്ല. പൂര്‍ണമായും ഭേദമാക്കാന്‍ കഴിയും. എന്നാല്‍ ക്യാന്‍സര്‍ പ്രാരംഭദശയില്‍ കണ്ടുപിടിക്കാന്‍ ആരും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. ശ്വാസകോശാര്‍ബുദവും കഴുത്തിലെയും തൊണ്ടയിലെയും ക്യാന്‍സറും സ്തനാര്‍ബുദവും ഗര്‍ഭാശയ ക്യാന്‍സറും ഇന്ന് പൊതുവേ കണ്ടു വരുന്ന ക്യാന്‍സര്‍ ആണ്. ഇതില്‍ ശ്വാസകോശ ക്യാന്‍സര്‍ ഒഴിച്ചുള്ള മൂന്നു ക്യാന്‍സറും പ്രാരംഭദശയില്‍ കണ്ടുപിടിക്കാന്‍ കഴിയും.

ശ്വാസകോശാര്‍ബുദം കണ്ടെത്തുക എളുപ്പമല്ലെങ്കിലും വായ്ക്കകത്തെ ക്യാന്‍സര്‍ലക്ഷണങ്ങള്‍ നിരീക്ഷിച്ച് കണ്ടെത്താം. വെളുത്ത പാടുകള്‍, മുറിവ് എന്നിവ സ്വയമോ ദന്തരോഗ വിദഗ്ധന്റെ പരിശോധനയിലൂടെയോ കണ്ടെത്താം. എല്ലാ ലക്ഷണങ്ങളും ക്യാന്‍സറിന്റേതാവണമെന്നില്ല. എന്നാല്‍ ചില ലക്ഷണങ്ങള്‍ ക്യാന്‍സറിന്റേതാകാം.

സ്തനാര്‍ബുദം കണ്ടെത്താന്‍ വിവിധ പരിശോധനകളുണ്ട്. ബിഎസ്ഇ (ബ്രസ്റ്റ് സെല്‍ഫ് എക്‌സാമിനേഷന്‍) സ്വന്തം സ്തനത്തെ അറിയുക എന്നതാണ്. 20 വയസ്സുമുതല്‍ മാസത്തിലൊരിക്കലെങ്കിലും സ്വന്തം സ്തനത്തിന്റെ വലുപ്പവ്യത്യാസം, നിറവ്യത്യാസം, പാടുകള്‍, മുഴ എന്നിവയുണ്ടോ എന്നും പരിശോധിക്കണം. സ്തനാര്‍ബുദം നേരത്തെ കണ്ടെത്തിയാല്‍ സ്തനം നീക്കംചെയ്യാതെത്തന്നെ ആ ഭാഗം മാത്രം നീക്കിയാല്‍ മതി.

ആര്‍ത്തവം കഴിഞ്ഞ് ഏഴുമുതല്‍ 10 ദിവസത്തിനുള്ളിലാണ് ഈ പരിശോധന നടത്തേണ്ടത്. 40 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മാമോഗ്രാം പരിശോധന നടത്തണം. ഇരുപതിനും 40നും ഇടയ്ക്ക് പ്രായമുള്ളവര്‍ സ്വയം സ്തനപരിശോധന നടത്തുന്നതോടൊപ്പം മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഡോക്ടറെ കണ്ട് സ്തനം അള്‍ട്രാസൌണ്ട് സ്‌കാനിങ് നടത്തണം. ഗര്‍ഭാശയഗള ക്യാന്‍സര്‍ ഉണ്ടോ എന്നറിയാന്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ പാപ്‌സ്മിയര്‍ പരിശോധന നടത്തുകയും സംശയമുണ്ടെങ്കില്‍ കൊളോസ്‌കോപി ടെസ്റ്റ് നടത്തേണ്ടതുമാണ്.

പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടോ എന്നറിയാന്‍ അമ്പതു വയസ്സിനു മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ പ്രോസ്റ്റേറ്റ്ഗ്രന്ഥി വികസിക്കുന്നുണ്ടോ എന്ന പരിശോധനയും പിഎസ്എ പരിശോധനയും നടത്തണം. വന്‍കുടല്‍ ക്യാന്‍സര്‍ ഉണ്ടോ എന്നറിയാന്‍ മലത്തില്‍ രക്തം കലര്‍ന്നിട്ടുണ്ടോ എന്ന് നിരീക്ഷിക്കുകയും പരിശോധന നടത്തുകയും മൂന്നുവര്‍ഷത്തിലൊരിക്കല്‍ കൊളോണോസ്‌കോപി പരിശോധന നടത്തുകയും വേണം.

*തിരിച്ചറിയുക, ക്യാന്‍സര്‍ ഒരു രോഗം മാത്രമാണ്, ശാപമല്ല

ക്യാന്‍സര്‍ ഒരു രോഗം മാത്രമാണ്, എന്നാല്‍ അതൊരു പകര്‍ച്ചവ്യാധിയോ പാരമ്പര്യ രോഗമോ അല്ല. നമ്മുടെ സമൂഹത്തില്‍ നല്ല വിദ്യാഭ്യാസമുള്ളവര്‍ പോലും ക്യാന്‍സര്‍ ഒരു പാരമ്പര്യ രോഗമായി കാണുന്നവരാണ്. എന്നാല്‍ പാരമ്പര്യ ഘടകം അഞ്ചുമുതല്‍ പത്തുശതമാനംവരെ മാത്രമാണ് എന്ന് പഠനങ്ങള്‍ പറയുന്നു. പരിസ്ഥിതിമലിനീകരണം, രാസവസ്തുക്കള്‍, വൈറസ്, ജീവിതശൈലി, പാരമ്പര്യം എന്നിവ ക്യാന്‍സറിന്റെ കാരണങ്ങളായി പറയാറുണ്ട്.

പുതിയ കാലത്ത് ക്യാന്‍സര്‍ എന്നാല്‍ മരണം എന്ന ധാരണ മാറിയിരിക്കുന്നു. രോഗിയും കുടുംബവും സമൂഹവും മാറേണ്ടിയിരിക്കുന്നു. രോഗത്തെ നേരിടാന്‍ പ്രാപ്തരാക്കുകയും സന്നദ്ധരാവുകയും വേണം. കൂടെയുണ്ട് എന്ന ബോധമാണ് കുടുംബാംഗങ്ങളും സമൂഹവും അവര്‍ക്കു നല്‍കേണ്ടത്. രോഗിക്ക് സഹതാപം ആവശ്യമില്ല. മറിച്ച് അവരുടെ വിഷമത്തില്‍ കൂടെ നില്‍ക്കുകയും സഹായിക്കുകയുമാണു വേണ്ടത്. ഇക്കാര്യത്തില്‍ കുടുംബത്തിനും സമൂഹത്തിനും വലിയ പങ്കാണു വഹിക്കാനുള്ളത്.

കടപ്പാട്: വിക്കിപീഡിയ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Health, Cancer, World, hospital, diseased, How to prevent Cancer, Vijin Gopal Bepu, Article about Cancer precautions