Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ ബസ് അപകടം; മരിച്ച 17 പേരുടെ ആശ്രിതര്‍ക്ക് 2,00,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ യു എ ഇ കോടതിയുടെ ഉത്തരവ്; അപകടത്തിന് കാരണക്കാരനായ ഡ്രൈവര്‍ക്ക് 7 വര്‍ഷം തടവ്; ശിക്ഷ അനുഭവിച്ചശേഷം നാടുകടത്താനും 50,000 ദിര്‍ഹം പിഴ അടയ്ക്കാനും കോടതി വിധി; ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്തു

ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് ദുബൈയില്‍ നടന്ന ബസ് അപകടത്തില്‍ Dubai, News, UAE, Gulf, World, Accidental Death, bus, Accident, Court Order,
ദുബൈ: (www.kvartha.com 11.07.2019) ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് ദുബൈയില്‍ നടന്ന ബസ് അപകടത്തില്‍ മരിച്ച 17 പേരുടെ ആശ്രിതര്‍ക്ക് 2,00,000 ദിര്‍ഹം (ഏകദേശം 37 ലക്ഷം) നഷ്ടപരിഹാരം നല്‍കാന്‍ യു.എ.ഇ കോടതിയുടെ ഉത്തരവ്. അപകടത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ നല്‍കാനും കോടതി ഉത്തരവിട്ടു. വിധി വന്നത് അപകടം നടന്ന് 35 ദിവസത്തിനുള്ളില്‍.

ശിക്ഷ അനുഭവിച്ച ശേഷം 53കാരനായ ഒമാനി പൗരനെ നാടുകടത്താനും 50,000 ദിര്‍ഹം പിഴയായി അടയ്ക്കാനും ഇതിനോടൊപ്പം ദുബൈ ട്രാഫിക് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്തിട്ടുണ്ട്.

Dubai bus crash: 7-year-jail for driver, Dh200,000 blood money for each victim, Dubai, News, UAE, Gulf, World, Accidental Death, bus, Accident, Court Order

കേസില്‍ ആദ്യം ഡ്രൈവര്‍ കുറ്റം സമ്മതിച്ചെങ്കിലും അല്‍ റാഷിദിയ്യ എക്‌സിറ്റിലെ ഉയരം ക്രമീകരിക്കുന്ന സ്റ്റീല്‍ തൂണ്‍ അനുചിതമായ സ്ഥലത്താണ് നിര്‍മിച്ചതെന്ന് ബസ് ഡ്രൈവറുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ജി.സി.സി നിയമാവലികളും നിലവാരവും ലംഘിച്ചാണ് ഇത് നിര്‍മിച്ചതെന്നും അടിസ്ഥാന സംവിധാനങ്ങള്‍ പോലും ഇവിടെയില്ലെന്നും അഭിഭാഷകന്‍ മുഹമ്മദ് സെയ്ഫ് അല്‍ തമിമി കോടതിയില്‍ വാദിച്ചു.

മാത്രമല്ല, റോഡിലെ വേഗ പരിധി 60 കിലോമീറ്ററാണെങ്കില്‍ ഇത്തരം തൂണുകള്‍ ഉണ്ടെന്ന് കാണിക്കുന്ന സൂചനാ ബോര്‍ഡ് 60 മീറ്റര്‍ അകലെ സ്ഥാപിച്ചിരിക്കണമെന്നാണ് ജി.സി.സി ചട്ടമെന്ന് അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ദുബൈയില്‍ അപകടം നടന്ന സ്ഥലത്തിന് 12 മീറ്റര്‍ മാത്രം അകലെയാണ് മുന്നറിയിപ്പ് ബോര്‍ഡുണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, റോഡില്‍ രണ്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. തൂണ്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് 342 മീറ്റര്‍ അകലെത്തന്നെ ആദ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. വാഹനങ്ങളുടെ ഉയരം സംബന്ധിച്ച നിര്‍ദേശങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ തൂണിന് തൊട്ടടുത്ത് മറ്റൊരു ബോര്‍ഡ് കൂടി സ്ഥാപിച്ചിട്ടുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് വാദങ്ങള്‍ പൂര്‍ത്തിയാക്കി കോടതി വ്യാഴാഴ്ച രാവിലെ വിധി പറയുകയായിരുന്നു.

ജൂണ്‍ ആറിനാണ് ഒമാനില്‍ നിന്ന് ദുബൈയിലേക്ക് വരികയായിരുന്ന മുവസലാത്ത് ബസ് വൈകിട്ട് 5.40 ന് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അപകടത്തില്‍പ്പെട്ടത്. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്ത് വലിയ ഉയരമുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ വച്ചിരുന്ന പോസ്റ്റിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.

ബസുകള്‍ പ്രവേശിക്കാന്‍ പാടില്ലാത്ത റാഷിദിയ്യ മെട്രോ സ്റ്റേഷനിലേക്കുള്ള റോഡിലേക്ക് പ്രവേശിച്ചതാണ് അപകടത്തിനിടയാക്കിയത്. ബസിന്റെ മുകള്‍ ഭാഗം ഇരുമ്പു കൊണ്ട് നിര്‍മിച്ച ട്രാഫിക് ബോര്‍ഡിലേക്ക് ഇടിക്കുകയായിരുന്നു. ഒരു ഭാഗത്ത് ഇരുന്ന യാത്രക്കാരാണ് മരിച്ചവരെല്ലാം.

പെരുന്നാള്‍ ആഘോഷിച്ച ശേഷം ഒമാനില്‍ നിന്ന് മടങ്ങിയെത്തിയവരായിരുന്നു ബസിലുണ്ടായിരുന്നതില്‍ ഭൂരിഭാഗം പേരും. എട്ട് മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരും രണ്ട് പാകിസ്താനികളും ഒരു ഫിലിപ്പീന്‍സ് സ്വദേശിയുമാണ് മരിച്ചത്. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തലശ്ശേരി കോടതിക്കുസമീപം ചേറ്റംകുന്നിലെ സറീനാസില്‍ സി.കെ ഉമ്മര്‍ (62), മകന്‍ നബീല്‍ ഉമ്മര്‍ (21), തൃശ്ശൂര്‍ സ്വദേശികളായ വിഷ്ണുദേവ് വാസുദേവന്‍, തളിക്കുളം അറക്കവീട്ടില്‍ ജമാലുദ്ദീന്‍ (48), ചെമ്പൂക്കാവ് വള്ളിത്തോട്ടത്തില്‍ കിരണ്‍ ജോണി (26), തിരുവനന്തപുരം വേളി ബോട്ട് ക്ലബ്ബിനുസമീപം മാധവപുരം ജയഭവനില്‍ ദീപകുമാര്‍ (40), കോട്ടയം പാമ്പാടി സ്വദേശി വിമല്‍കുമാര്‍ കാര്‍ത്തികേയന്‍ (35), കണ്ണൂര്‍ മൊറാഴ സ്വദേശി രാജന്‍ പുതിയപുരയില്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai bus crash: 7-year-jail for driver, Dh200,000 blood money for each victim, Dubai, News, UAE, Gulf, World, Accidental Death, bus, Accident, Court Order.