Follow KVARTHA on Google news Follow Us!
ad

യൂണിവേഴ്‌സിറ്റി കോളജിന് പഠിക്കുന്ന ബ്രണ്ണന്‍: ഇരട്ടച്ചങ്കന്‍ പഠിച്ചിറങ്ങിയ കലാലയത്തില്‍ എസ്എഫ്‌ഐയുടെ ഏകാധിപത്യം

മറ്റൊരു യൂണിവേഴ്‌സിറ്റി കോളജായി തലശേരി ബ്രണ്ണന്‍ കോളജ് ക്യാംപസ് മാറുന്നു. ക്യാംപസില്‍ എബിവിപി സ്ഥാപിച്ച കൊടിമരം പിഴുതെടുത്തു കളഞ്ഞതോടെ ബ്രണ്ണന്‍ കോളജും Kerala, News, University, Thalassery, SFI, Kannur, Trending, ABVP, Dictatorship of SFI in Government Brennen College, Thalassery.
ഭാമനാവത്ത്

തലശേരി: (www.kvartha.com 19.07.2019) മറ്റൊരു യൂണിവേഴ്‌സിറ്റി കോളജായി തലശേരി ബ്രണ്ണന്‍ കോളജ് ക്യാംപസ് മാറുന്നു. ക്യാംപസില്‍ എബിവിപി സ്ഥാപിച്ച കൊടിമരം പിഴുതെടുത്തു കളഞ്ഞതോടെ ബ്രണ്ണന്‍ കോളജും സംഘര്‍ഷഭരിതമായിരിക്കുകയാണ്. വിശാല്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായാണ് എബിവിപി ക്യാംപസില്‍ കൊടിമരം സ്ഥാപിച്ചത്. എസ്എഫ്‌ഐ കൊടിമരത്തിന് സമീപത്തായിരുന്നു എബിവിപി കൊടിമരവും സ്ഥാപിച്ചത്. ഇതില്‍ കലിപൂണ്ട എസ്എഫ്‌ഐ നേതാക്കള്‍ പ്രിന്‍സിപ്പാളിനോട് പരാതി പറയുകയും കൊടിമരം മാറ്റിയില്ലെങ്കില്‍ തങ്ങള്‍ പിഴുതുമാറ്റുമെന്ന് മുന്നറിയിപ്പു നല്‍കുകയുമായിരുന്നു.

ഇതോടെയാണ് പ്രിന്‍സിപ്പാള്‍ കെ ഫല്‍ഗുനന്‍ സടകുടഞ്ഞ് എഴുന്നേറ്റത്. കോളജിലെ തന്റെ ഓഫീസില്‍ നിന്നും ചാടിയിറങ്ങിയ പ്രിന്‍സിപ്പാള്‍ എബിവിപി കൊടിമരം പിഴുതെറിയുകയും സംഘര്‍ഷാവസ്ഥ ഒഴിവാക്കുകയുമായിരുന്നു. എന്നാല്‍ ഇതോടെ പ്രശ്‌നം വഷളാവുകയാണ് ചെയ്തത്. പ്രിന്‍സിപ്പാള്‍ കെ ഫല്‍ഗുനനെതിരെ എബിവിപി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുകയും ആര്‍എസ്എസ് നേതാക്കള്‍ അതിശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയതു. പ്രിന്‍സിപ്പാളിന്റെ വെള്ളാഴുക്കിലുള്ള വീട്ടിലേക്ക് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും നടത്തി. ഈ സംഭവത്തില്‍ അന്‍പതു പേര്‍ക്കെതിരെ കേസെടുത്തിട്ടണ്ട്.

എസ്എഫ്‌ഐക്ക് അപ്രമാദിത്വമുള്ള കോളജുകളിലൊന്നാണ് ഗവ. ബ്രണ്ണന്‍ കോളജ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പഠിച്ചിറങ്ങിയ കോളജ് 'ചുറ്റും ഊരി പിടിച്ച വാളുകള്‍ക്കിടയില്‍ ജീവനെ പേടിക്കാതെ താന്‍ തലയുയര്‍ത്തി നടന്ന ബ്രണ്ണന്‍ കാലത്തെ കുറിച്ച് മുഖ്യമന്ത്രി തന്നെ പല തവണ പ്രസംഗിച്ചിട്ടുണ്ട്. എഴുപതുകളുടെ മധ്യത്തില്‍ അഷ്‌റഫിന്റെ മരണത്തെ തുടര്‍ന്നാണ് ബ്രണ്ണന്‍ ചുവക്കുന്നത്.

കെഎസ്‌യുക്കാരുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന അഷ്‌റഫ് പിന്നീട് കോളജില്‍ ആഴ്ചകള്‍ക്കുശേഷം വന്നുവെങ്കിലും ഗുരുതരമായ മറ്റൊരു രോഗം ബാധിച്ച് മരിച്ചു. ഇതോടെ അഷ്‌റഫിന്റെ മരണം കൊലപാതകമായി ചിത്രീകരിക്കപ്പെട്ടു. ബ്രണ്ണനില്‍ അതിന്റെ രാഷ്ട്രീയ നേട്ടം മുഴുവന്‍ കൊയ്തത് എസ്എഫ്‌ഐയാണ്. കോണ്‍ഗ്രസ് നേതാവായ കെ സുധാകരന്‍, മമ്പറം ദിവാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നതായിരുന്നു അന്നത്തെ കെഎസ്‌യു.

മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധര്‍മടത്ത് സ്ഥിതി ചെയ്യുന്ന ബ്രണ്ണന്‍ കോളജ് ക്യാംപസിനകത്ത് എസ്എഫ്‌ഐക്ക് മൃഗീയ സ്വാധീനമാണെങ്കിലും ക്യാംപസിനു പുറത്ത് ആര്‍എസ്എസ് കേന്ദ്രങ്ങളുണ്ട്. വെള്ളെഴുക്ക്, കലാനിലയം, സ്വാമിമഠം തുടങ്ങിയ സ്ഥലങ്ങള്‍ ആര്‍എസ്എസ് കേന്ദ്രങ്ങളാണ്. അതുകൊണ്ടുതന്നെ ക്യാംപസില്‍ എബിവിപിക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് തിരിച്ചടി പുറത്തു നിന്നു നല്‍കുന്നതാണ് പതിവ്. പരിപൂര്‍ണമായി ഇടതു രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ക്യാംപസിലൊന്നാണ് ബ്രണ്ണന്‍. എസ്എഫ്‌ഐയുടെ സമഗ്രാധിപത്യമുള്ള അധ്യാപകരില്‍ പൂര്‍ണ്ണമായും  ഇടതു അനുകൂല സംഘടനയായ എകെപിസിടിഎയില്‍ അംഗങ്ങളാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, University, Thalassery, SFI, Kannur, Trending, ABVP, Dictatorship of SFI in Government Brennen College, Thalassery.